Friday, September 13, 2019

അടിമത്തവ്യവസ്ഥിതിയെക്കുറിച്ച്


      സഹകരണാധിഷ്ഠിതവും ഉത്പാദനശക്തികൾ അതീവദുർബലാവസ്ഥയിലും ആയിരുന്ന വർഗരഹിതമായ ഒരു പ്രാകൃതകമ്മ്യൂണിസ്റ്റ് മാനവസമൂഹം നിലനിന്നതും തകർന്നടിഞ്ഞതും എങ്ങനെയെന്ന് മുൻലേഖനത്തിൽ വിശദമാക്കിയിരുന്നു. വ്യക്തികളുടെയോ ആൾക്കൂട്ടങ്ങളുടെയോ കേവലആഗ്രഹങ്ങളോ ചിന്തകളോ ബോധപൂർവ്വമായ പ്രവർത്തനമോ ആയിരുന്നില്ല ഈ സാമൂഹ്യവിപ്ലവത്തിലേക്ക് നയിച്ചത്, മറിച്ച് അങ്ങേയറ്റം അപരിഷ്കൃതമായ ഉത്പാദനോപാധികളുടെ വികാസവും പുതിയ ഉത്പാദനമേഖലകളുടെ കണ്ടെത്തലും ആയിരുന്നു. ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭൗതികശക്തികൾക്കെന്ന പോലെ ആശയങ്ങൾക്കും സാധിക്കും. എന്നാൽ ഈ ആശയങ്ങളുടെ ഉത്ഭവം അതാതുസമയങ്ങളിൽ സംഭവിക്കുന്നത് എവിടെനിന്ന് എന്നതിന്റെ ഉത്തരമാണ് മാർക്സ് ചരിത്രപരമായ ഭൗതികവാദത്തിലൂടെ മുന്നോട്ടുവെച്ചത്.

              പ്രകൃതിവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയും അലഞ്ഞുതിരിഞ്ഞും കൂട്ടം ചേർന്ന് വിഭവങ്ങൾ പങ്കുവെച്ചും നിലനിന്നുപോന്ന ഒരു ഭൗതികസമൂഹത്തിൽ വർഗസമരങ്ങൾക്കോ ചൂഷണങ്ങൾക്കോ വിവേചനയുക്തികൾക്കോ സ്ഥാനമില്ലായിരുന്നു. എന്നാൽ കൃഷിയുടെയും അനുബന്ധതൊഴിലുകളുടെയും കണ്ടെത്തൽ സമൂഹത്തിൽ സമ്പത്ത് കയ്യടക്കുന്ന ഒരു ന്യൂനപക്ഷത്തെയും ചൂഷണവിധേയരായ ഒരു ഭൂരിപക്ഷത്തെയും സൃഷ്ടിച്ചു. പ്രാകൃതകമ്മ്യൂണിസം അതിന്റെ തന്നെ  ആന്തരികവൈരുധ്യങ്ങളാൽ നാശോന്മുഖമാവുകയും അടിമത്തത്തിൽ അധിഷ്ഠിതമായ പുതിയൊരു സാമൂഹ്യഘടന രൂപംകൊള്ളുകയും ചെയ്തു.  എന്തായിരുന്നു ഇതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ അനന്തരഫലങ്ങൾ..?

1)#ഉത്പാദനശക്തികളുടെ_വികാസം -->

        നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷികോത്പാദനത്തിന് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ മനുഷ്യർ കൂട്ടംകൂട്ടമായി നദീതടങ്ങളിൽ ചേക്കേറുകയും കൃഷിപരിപാലനവും അനുബന്ധതൊഴിലുകളും ചെയ്ത് ജീവിക്കുകയും തത്ഫലമായി പുതിയ നദീതടനാഗരികസംസ്കൃതികൾ രൂപംകൊള്ളുകയും ചെയ്തു. കാർഷികോത്പാദനവർധനവിനായുള്ള അന്വേഷണങ്ങൾ, വിതയും കൊയ്ത്തുമൊക്കെ സമയക്രമമായി ചെയ്യാനാരംഭിച്ചത് ,കാലഗണനാസമ്പ്രദായങ്ങൾക്ക് തുടക്കമിട്ടത്, തത്ഫലമായി ആർജ്ജിച്ച  ജ്യോതിശാസ്ത്രപരമായ അറിവുകൾ (സൂര്യൻ ,ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയവയുടെ ചലനവും സമയവും ദിനങ്ങളും ഇടവേളകളും കാലാവസ്ഥയുമൊക്കെ പുലർത്തുന്ന പരസ്പരബന്ധങ്ങൾ മനസിലാക്കാൻ ഇടയായി), വെങ്കലത്തിന്റെയും മറ്റ് ചില ലോഹങ്ങളുടെയും ലോഹസങ്കരങ്ങളുടെയും കണ്ടുപിടുത്തം, മൺപാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ, കരകൗശലവസ്തുക്കൾ, ചക്രം ഉപയോഗിച്ച് നിർമിച്ച കാളവണ്ടി പോലുള്ള ചെറിയ വാഹനങ്ങൾ, മൃഗപരിപാലനം, ആഭരണങ്ങൾ, ലോഹനിർമിതമായ ആയുധങ്ങൾ തുടങ്ങി മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള പുരോഗതിക്കാവശ്യമായ ശാസ്ത്രസാങ്കേതികവികാസം സമസ്തമേഖലകളിലും വ്യാപിച്ചു.

              കനാലുകൾ ,ജലസേചനം, പിരമിഡ് പോലുള്ള നിർമിതികൾ, അയിരുകളുടെ ഖനനം, തടിമില്ലുകൾ, കപ്പൽനിർമാണം, ഭാഷകൾ, വാണിജ്യം, നഗരാസൂത്രണം തുടങ്ങിയ അത്ഭുതാവഹമായ പുരോഗതികൾ സാധ്യമായി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കാർഷിക- വ്യവസായിക മേഖലകളിലായി അധ്വാനം വേർതിരിക്കപ്പെട്ടു. ഉത്പാദനോപാധികൾ കൂടുതൽ പരിഷ്കരിക്കപ്പെട്ടു. ഉത്പാദനക്ഷമത കൂടുതൽ വർധിച്ചു.. ഇത് സാമൂഹ്യ- സാംസ്കാരികമണ്ഡലങ്ങളിലും വലിയ അനുരണനങ്ങൾ സൃഷ്ടിച്ചു.

2)#ചൂഷണത്തിൽ_അധിഷ്ഠിതമായ_വർഗസമൂഹങ്ങൾ -->
   
         ഉത്പാദനവും ഉത്പാദനക്ഷമതയും വർധിച്ചത് സാമ്പത്തികവളർച്ചയിലേക്കും സമ്പത്ത് കുന്നുകൂടുന്നതിലേക്കും നയിച്ചു. ഒരു വ്യക്തിയുടെ അധ്വാനത്തിലൂടെ അയാൾക്ക് ആവശ്യമായതിനേക്കാൾ എത്രയോ മടങ്ങ് ചരക്ക് ഉത്പാദിക്കാൻ കഴിയുമെന്ന പുതിയ സ്ഥിതിവിശേഷം സമ്പത്തിനെ മാത്രമല്ല, അവയെ ഉത്പാദിപ്പിക്കുന്ന മനുഷ്യാധ്വാനത്തെയും ഒരു ന്യൂനപക്ഷം കീഴടക്കാൻ കാരണമായി. ഗോത്രയുദ്ധങ്ങളിലും അധിനിവേശങ്ങളിലും പരാജയപ്പെടുന്നവരെ വിജയികൾ കീഴടക്കുകയും അവരെ നിർബന്ധിതാധ്വാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇത് അടിമ, ഉടമ എന്നീ രണ്ടുവർഗങ്ങളെ സമൂഹത്തിൽ സൃഷ്ടിച്ചു. ഉത്പാദനവർധനവ് ചരക്കുകളുടെ കൈമാറ്റത്തിനും ബാർട്ടർ സമ്പ്രദായത്തിനും പിൽക്കാലത്ത് നാണയവ്യവസ്ഥയ്ക്കും നാന്ദികുറിച്ചു. നാണയവ്യവസ്ഥയുടെ ഉദയം വലിയതോതിൽ വ്യാപാരമിച്ചം ഉറപ്പാക്കുകയും സമ്പത്ത് ഉടമകളായ ന്യൂനപക്ഷം അനായാസം കയ്യടക്കാൻ ഇടയാവുകയും ചെയ്തു.

           സ്വകാര്യസ്വത്തിന്റെ ഉത്ഭവവും വളർച്ചയും സമൂഹത്തിൽ അസമത്വവും വ്യാപിപിച്ചു. കൂടുതൽ സമ്പത്തും അധികാരവും കൈക്കലാക്കുവാൻ അടിമകളുടെ മേലുള്ള ചൂഷണവും അടിമകളുടെ എണ്ണവും നാൾക്കുനാൾ പെരുകിവന്നു. സ്വന്തമായ അവകാശങ്ങളോ തീരുമാനസ്വാതന്ത്ര്യമോ ഇല്ലാതിരുന്ന അടിമകൾ ക്രൂരമായ ശിക്ഷകൾക്ക് വിധേയമാവുകയോ മരണപ്പെടുകയോ ചരക്കിനു സമാനമായി വിപണനം ചെയ്യപ്പെടുകയോ ചെയ്തു.

3) #കുടുംബവ്യവസ്ഥിതിയും_സ്ത്രീസമൂഹവും  -->

            സ്വകാര്യസ്വത്ത് ഇല്ലാതിരുന്ന പഴയകാലസമൂഹങ്ങളിൽ സ്ത്രീകൾ സമൂഹത്തിൽ പുരുഷനോടൊപ്പം തന്നെ സ്വാതന്ത്ര്യവും അവകാശങ്ങളും അധികാരങ്ങളും അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ. കുടുംബം, പിതാവ് തുടങ്ങിയ സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് അന്ന് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ സ്വകാര്യസ്വത്തിന്റെയും അധികാരരൂപങ്ങളുടെയും ഉത്ഭവം പുരുഷന് സ്ത്രീക്കുമുകളിൽ കുടുംബനാഥൻ എന്ന പദവി കൽപിച്ചുനൽകി. തന്റെ പരമാധികാരവും സമ്പത്തും അന്യംനിന്നുപോകാതെ കാലങ്ങളോളം നിലനിൽക്കണമെങ്കിൽ തന്റെ സന്താനങ്ങൾക്ക് അവ കൈമാറണമെന്നും അതിന് സന്താനങ്ങളെ കുറിച്ചുള്ള ബോധമുണ്ടാകേണ്ടതും സന്താനങ്ങളെ ഒപ്പം നിർത്തി പരിപാലിക്കേണ്ടതും അനിവാര്യമാണെന്ന തിരിച്ചറിവ് ആയിരുന്നു ഇതിന്റെ അടിസ്ഥാനം.

          പുരുഷൻ ലൈംഗികവേഴ്ച നടത്തിയശേഷം സ്വന്തം കാര്യമന്വേഷിച്ച് പോവുകയും മക്കൾ മാതാവിന്റെ കീഴിൽ പരിപാലിക്കപ്പെടുകയും പിന്നീട് സമൂഹത്തിന്റെ ഭാഗമായി തീരുകയും ചെയ്യുന്ന  പ്രാകൃതകമ്മ്യൂണിസ്റ്റ് ഘടനയിൽ കുടുംബം എന്നൊരു സ്ഥാപനം അദൃശ്യമായിരുന്നു. എന്നാൽ സ്വകാര്യസ്വത്തിന്റെയും അധികാരത്തിന്റെയും അപ്രമാദിത്വം നിലനിൽക്കണമെങ്കിൽ ഏകഭർത്തൃത്വത്തിൽ അധിഷ്ഠിതമായ Patrilocal & Patrilineal കുടുംബങ്ങൾ രൂപം കൊള്ളേണ്ടത് അനിവാര്യമായി മാറി. അടിമത്തചൂഷണങ്ങളിലൂടെ കുന്നുകൂടിയ സമ്പത്ത് പുരുഷൻ മരിച്ചാലും തലമുറകളോളം നിലനിൽക്കാൻ കുടുംബവ്യവസ്ഥിതി സഹായകമായി. സ്ത്രീയാകട്ടെ ശിശുപരിപാലനവും വീട്ടുജോലിയും പുരുഷന്റെ കിടപ്പറയിലെ സഹധർമിണിയും മാത്രമായി പാർശ്വവത്കരിക്കപ്പെട്ടു. തന്റെ സ്വത്തും അധികാരങ്ങളും കാത്തുസൂക്ഷിക്കേണ്ട ഭാവിസന്താനങ്ങളെ ഉത്പാദിപ്പിക്കാനുള്ള യന്ത്രങ്ങൾ മാത്രമായി സ്ത്രീ അധഃപതിച്ചു.

'ലോകസ്ത്രീസമൂഹത്തിന്റെ ചരിത്രപരമായ പരാജയം - The World Historic defeat of female sex' എന്നാണ് എംഗൽസ് ഇതിനെ വിശേഷിപ്പിച്ചത്. ലിംഗവിവേചനത്തിന്റെ പിന്നിൽ അരങ്ങേറിയ വർഗാധിഷ്ഠിതമായ ചരിത്രബന്ധങ്ങളെ ഫലപ്രദമായി വിശദീകരിക്കാൻ മാർക്സിസ്റ്റ് സ്ത്രീവാദങ്ങൾക്ക് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം..

4) #ഭരണകൂടം_സൈന്യം_മതം -->

               ഉത്പാദനവളർച്ചയും സാമൂഹ്യവികാസവും ജനസാന്ദ്രമായ നാഗരികസമൂഹങ്ങൾ സൃഷ്ടിച്ചു. ജനസംഖ്യയും ഗണ്യമായി വർധിച്ചു. സമ്പത്തിന്റെ കേന്ദ്രീകരണം അവയുടെ സുരക്ഷയും അനിവാര്യമാക്കി. സ്വകാര്യസ്വത്തിന്റെയും തത്ഫലമായി ആവിർഭവിച്ച അധികാരരൂപങ്ങളുടെയും സംരക്ഷണത്തിനായി ഭരണകൂടങ്ങളും അവയുടെ സൈന്യസംവിധാനങ്ങളും രൂപംകൊള്ളുകയുണ്ടായി. മറ്റ് ദേശങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും അടിമകളുടെയും സാധാരണക്കാരുടെയും നേതൃത്വത്തിലുള്ള ആഭ്യന്തരകലാപങ്ങളിൽ നിന്നും സമൂഹത്തിലെ ഉടമവർഗത്തിന്റെ സ്വത്തിനും പരമാധികാരത്തിനും സംരക്ഷണം നൽകേണ്ട ചരിത്രപരമായ  ആവശ്യകതയാണ് ഭരണകൂടങ്ങളുടെയും രാജവംശങ്ങളുടെയുമൊക്കെ കടന്നുവരവിന് ആധാരം.

          സാധാരണക്കാർക്കുമേൽ മർദ്ദകശക്തിയെന്നോണം ഭരണകൂടങ്ങൾ മാത്രമല്ല , സംഘടിതമതങ്ങളും ചരിത്രത്തിൽ നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. രാജാവ് /ഭരണാധികാരി ദൈവമായോ ,ദൈവത്തിന് പ്രിയപ്പെട്ടവനായോ അവതരിപ്പിക്കപ്പെട്ടു. ഇത് ഭരണാധികാരത്തിനെതിരെ വിപ്ലവങ്ങൾ നയിക്കുന്നതിൽ നിന്നും ജനത്തെ പിന്തിരിപ്പിച്ചു. തങ്ങളുടെ ദുരവസ്ഥകളെ ദൈവനിശ്ചയമായി കണ്ട് സ്വയം സമാധാനിക്കാമെന്നല്ലാതെ അടിമകൾക്കും മറ്റ് കീഴാളവിഭാഗങ്ങൾക്കും മറ്റ് വിമോചനമാർഗങ്ങൾ ഉണ്ടായിരുന്നില്ല. മാത്രമല്ല , തങ്ങളെ നിർദയം പീഢിപ്പിച്ചും അടിച്ചമർത്തിയും ചൂഷണം ചെയ്തും തിന്നുകൊഴുക്കുന്ന ഉടമവർഗത്തിനും ഭരണകൂടത്തിനും മതപൗരോഹിത്യത്തിനും എതിരായ സമരയുദ്ധങ്ങൾ ദൈവകോപം ക്ഷണിച്ചുവരുത്തുമെന്ന ഭയവും ചൂഷിതരെ അടിമകളായി തന്നെ നിലനിർത്തി. മതം എക്കാലവും ചൂഷകശക്തികൾക്ക് ഗുണകരമായിരുന്നു. അടിമത്തത്തിന്റെ ചൂഷണയുക്തികളെ പ്രതിഫലിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ മതസംസ്കാരങ്ങൾ സമാനമാണ്. കാരണം അടിമത്തം തന്നെ നീതീകരിക്കപ്പെട്ട, അസമത്വവും ചൂഷണവും അനിവാര്യമാണെന്ന് കരുതപ്പെട്ട ഒരു ഭൗതികസമൂഹത്തിൽനിന്നും രൂപംകൊണ്ട മതവും മതശാസനകളും ഭരണകൂടങ്ങളും അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയേ സാധ്യമായിരുന്നുള്ളൂ.

5) #കല_സംസ്കാരം_ശാസ്ത്രസാങ്കേതികത -->

         ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും രുചിയറിഞ്ഞ നമുക്ക് പഴയകാല അടിമത്തവ്യവസ്ഥിതി മാനവികവിരുദ്ധമായി അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ ബഹുഭൂരിപക്ഷത്തെ നിർദയം ചൂഷണം ചെയ്യുമ്പോഴും മനുഷ്യരാശിയുടെ വിവിധമേഖലകളിലെ പുരോഗതിക്ക് വലിയ സംഭാവനകൾ ആ കാലഘട്ടം നൽകിയിട്ടുണ്ട്.
സമൂഹത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കുമാവശ്യമായ ചരക്കുസേവനങ്ങളും ഉത്പാദനോപാധികളും നിർമിക്കാനാവശ്യമായ സാമൂഹ്യാധ്വാനം നിർവഹിച്ചിരുന്നത് അടിയാളവർഗമായിരുന്നു.  ഈ അധ്വാനത്തിന്റെ ഫലം പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചിരുന്ന ഗുണഭോക്താക്കളായ ന്യൂനപക്ഷം സ്വാഭാവികമായും മറ്റ് സർഗാത്മകപ്രവർത്തനങ്ങളിൽ ഏർപെട്ടു.

            എല്ലുമുറിയെ പണിയെടുക്കേണ്ട ബാധ്യതയിൽനിന്നും മുക്തരായതുമൂലം ലഭിച്ച ധാരാളം ഒഴിവുസമയം ഇത്തരത്തിൽ കലാസാംസ്കാരികരംഗത്തെ പുരോഗതിക്കും ശാസ്ത്രഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും സാഹിത്യാവിഷ്കാരങ്ങൾക്കും ഒക്കെ ജന്മം നൽകാൻ ഉപയോഗിക്കപ്പെട്ടു.  പണ്ഡിതരും കലാകാരന്മാരും തത്വചിന്തകരും ശാസ്ത്രാന്വേഷികളുമൊക്കെ ഉയർന്നുവന്നു. ബൗദ്ധികവികാസവും സാങ്കേതികപുരോഗതിയും ഉത്പാദനോപാധികളുടെയും സാമ്പത്തികാടിത്തറയുടെയും വളർച്ചയെ ത്വരിതപ്പെടുത്തി.
ഗ്രീക്ക് കലയും ഭാഷാസാഹിത്യവും ഗണിതശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതിയും ചിന്തകന്മാരും അടിമത്തത്തിൽ അധിഷ്ഠിതമായി വളർന്നുവന്ന ഒരു സാമൂഹ്യഘടനയുടെ സൃഷ്ടികളാണ് എന്നത് കൗതുകമായി തോന്നാം.

             കീഴാളജനതയ്ക്കുമേലുള്ള നഗ്നമായ ചൂഷണത്തിന്റെ ഫലമായി സമൂഹം കൈവരിച്ച വമ്പിച്ച പുരോഗതിയാണ് പിൽക്കാലത്ത് ആധുനികയൂറോപ്പിന്റെ ജന്മത്തിനുതന്നെ കാരണമായതെന്നും അടിമത്തസമൂഹങ്ങൾ പൗരാണികകാലത്ത് ഇല്ലായിരുന്നെങ്കിൽ ഈ പുരോഗതികൾ ഒരുപക്ഷേ അസാധ്യമാകുമായിരുന്നെന്നും വിലയിരുത്താനാവും. ഭാരതത്തിൽ വർണവ്യവസ്ഥയുടെ രൂപത്തിലാണ് പ്രധാനമായും അടിമത്തം നിലനിന്നത്. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമടങ്ങുന്ന ഉപരിവർഗം ദ്വിജർ എന്നും സാമൂഹ്യമായി ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭഗം ശൂദ്രർ എന്നും അറിയപ്പെട്ട ചരിത്രം നമുക്ക് പരിചിതമാണ്.

              വർഗരഹിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തസമൂഹങ്ങളിലേക്കുള്ള സമൂഹത്തിന്റെ ഘടനാപരമായ ചുവടുമാറ്റം ലോകചരിത്രത്തിൽ എല്ലായിടത്തും പല രൂപങ്ങളിൽ, പല കാലഘട്ടങ്ങളിലായി സംഭവിച്ചതാണ്. പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനമുരടിപ്പും മൃഗസമാനമായ ജീവിതവും അവസാനിക്കുകയും  സാമ്പത്തികോത്പാദനത്തിലേക്കും മാനവരാശിയുടെ പുരോഗതിയിലേക്കും സമ്പത്‌സമൃദ്ധിയിലേക്കും അടിമത്തം നയിക്കുകയും ചെയ്തു. അതേസമയം അത് അങ്ങേയറ്റം ചൂഷണാധിഷ്ഠിതമായിരുന്നു. ഭൂരിപക്ഷത്തിനുമേൽ പതിച്ച മനുഷ്യാവകാശധ്വംസനത്തിന്റെ നീതിശാസ്ത്രമായിരുന്നു.

         അടിമത്തസമൂഹം എന്നാൽ അടിമകളും അവരെക്കൊണ്ട് ക്രൂരമായി ജോലി ചെയ്യിക്കുന്ന ഉടമവർഗവും മാത്രമാണെന്ന് കരുതരുത്. വർഗസമൂഹം എന്നാൽ കൃത്യം രണ്ട് വർഗങ്ങളായി സമൂഹം വേർതിരിഞ്ഞിരിക്കുന്നു എന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടല്ല. അടിമകളും ഉടമകളും കൂടാതെ കൂലിവേല ചെയ്തിരുന്ന പണിക്കാരും കർഷകത്തൊഴിലാളികളും വ്യാപാരികളും രാജാക്കന്മാരും സൈന്യവും മതപുരോഹിതരും കലാസാംസ്കാരികപ്രമുഖരും ചിന്തകന്മാരും തുടങ്ങിയ അനേകം വർഗങ്ങളെ അക്കാലങ്ങളിൽ കാണാനാവും. എന്നാൽ സമൂഹത്തിന്റെ പുരോഗതിക്കും അതിന്റെ ആന്തരികവൈരുധ്യങ്ങൾക്കും വിപ്ലവകരമായ മാറ്റങ്ങൾക്കും മൂലകാരണമായി അടിമ- ഉടമ വർഗങ്ങൾ തമ്മിലെ വർഗസമരം മാറി എന്നതാണ് യാഥാർത്ഥ്യം.
              അക്കാലത്തെ വർഗസമരമെന്നാൽ അടിമയും ഉടമയും തമ്മിലെ യുദ്ധം മാത്രമായിരുന്നില്ല, മറിച്ച് അടിമത്തവ്യവസ്ഥിതിയുടെ ഗുണം അനുഭവിച്ചിരുന്ന വർഗങ്ങളും അതിന്റെ ദോഷഫലങ്ങളും നഷ്ടങ്ങളും സഹിച്ച വിഭാഗങ്ങളും തമ്മിലെ സമരമാണെന്ന് കാണാം.  ഈ വർഗസമരം ശാശ്വതവിജയം നേടാനും മാനവരാശിയുടെ സിംഹഭാഗത്തെയും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളിലേക്ക് നയിക്കാനും ഇടയായ ചരിത്രസംഭവങ്ങൾ ധാരാളമുണ്ട്. ഇതിനുപിന്നിലെ ചരിത്രബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. അടിമത്തവ്യവസ്ഥിതിയിൽ ഉത്പാദനോപാധികൾ  വളർന്നുവികസിക്കുകയും  അതിന്റെ സാമ്പത്തികഘടനയിൽ തന്നെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചൂഷണാധിഷ്ഠിതമായ ഉത്പാദകബന്ധങ്ങളുമായുള്ള  വൈരുധ്യങ്ങൾ മൂർച്ഛിക്കുകയും ചെയ്തു. സ്വാഭാവികമായും ഭൗതികമായ പ്രതിസന്ധികൾ ഉടലെടുക്കുകയും സാമ്പത്തികാടിത്തറയ്ക്ക് അഥവാ ഉത്പാദനോപാധികളുടെ പുരോഗതിക്ക് തന്നെയും അവ വിഘാതം സൃഷ്ടിക്കുകയും ചെയ്തു. ഈ ചരിത്രപ്രതിസന്ധിയെയും അനന്തരഫലങ്ങളെയും കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണ്. Read & share...

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...