Friday, September 13, 2019

കമ്മ്യൂണിസത്തിന്റെ_ആദിമരൂപങ്ങൾ



                 ഡാർവിന്റെ പരിണാമസിദ്ധാന്തം ഭൂമിയിലെ ജീവിവർഗങ്ങളുടെ ജീവശാസ്ത്രപരമായ ഉത്ഭവവും അവയിലുണ്ടാകുന്ന മാറ്റങ്ങളും ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം വിശദീകരിക്കുന്നത് മനുഷ്യസമൂഹത്തിന്റെ പരിണാമദശകളാണെന്ന് പറയാം. പ്രൈമേറ്റുകളിൽ നിന്നും പരിണമിച്ചുവന്ന മനുഷ്യസമൂഹം ആദിമകാലത്ത് മൃഗങ്ങളുടേതിനു സമാനമായ വന്യജീവിതം ആണ് നയിച്ചിരുന്നതെന്ന് നാം പഠിച്ചിട്ടുണ്ട്. തുടർന്ന് മറ്റ് മൃഗങ്ങളുടേതിൽ നിന്നും വ്യത്യസ്തമായി മനുഷ്യസമൂഹഘടനയിൽ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുകയും അത് ചരിത്രപരമായ വളർച്ച പ്രാപിക്കുകയും ചെയ്തു. പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീഘട്ടങ്ങളിലൂടെയാണ് സമൂഹം ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നതെന്നും മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങൾ അതിന്റെ പുരോഗതിക്കും നിലനിൽപിനും വിഘാതം സൃഷ്ടിക്കുമെന്നും സോഷ്യലിസം എന്ന പുതിയൊരു ഉത്പാദനക്രമവും സാമൂഹ്യവ്യവസ്ഥിതിയും ആവിർഭവിക്കുമെന്നും ഉത്പാദകശക്തികളുടെ വളർച്ചയ്ക്കനുസൃതമായി ഇത് വിദൂരഭാവിയിൽ കമ്മ്യൂണിസ്റ്റ് സമൂഹങ്ങളിലേക്ക് വഴിമാറും എന്നുമൊക്കെയുള്ള കാഴ്ചപ്പാടുകളാണ് ചരിത്രപരമായ ഭൗതികവാദത്തിന്റേത്.

               ഇതിനുപിന്നിലെ യുക്തി എന്താണെന്ന് ഈ ലേഖനം മുതൽ തുടർന്നുള്ള ലേഖനങ്ങളിലൂടെ വിശദീകരിക്കാം.. എന്താണ് പ്രാകൃതകമ്മ്യൂണിസം എന്നും അതിലെ ആന്തരികവൈരുധ്യങ്ങൾ എങ്ങനെയാണ് അതിനെ തകർത്ത് പുതിയ വർഗസമൂഹത്തിന് രൂപം നൽകിയതെന്നും പഠിക്കേണ്ടതുണ്ട്..
മനുഷ്യൻ കാർഷികവൃത്തിയും നാഗരികജീവിതവും ഒക്കെ ആരംഭിക്കുന്നതിന് മുമ്പ് നയിച്ചിരുന്നത് വേട്ടയാടിയും കൂട്ടംചേർന്നും അലഞ്ഞുതിരിഞ്ഞും ഒക്കെയുള്ള ഒരു ജീവിതമായിരുന്നു. പ്രാചീനശിലായുഗം, നവീനശിലായുഗം എന്നൊക്കെ നാം അതിനെ തരംതിരിക്കുന്നുണ്ട്.. എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ  എന്ന് നോക്കുക.

1) ഉത്പാദനം എന്ന പ്രക്രിയ വിരളമായിരുന്നു. പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങൾ നേരിട്ട് ശേഖരിക്കുകയോ, ഇരകളെ കൂട്ടം ചേർന്ന് വേട്ടയാടുകയോ ആയിരുന്നു പതിവ്. ഉത്പാദനോപാധികൾ സൃഷ്ടിക്കുന്ന സാമ്പത്തികാടിത്തറ ദുർബലമെന്നർത്ഥം.

2) സ്വകാര്യസ്വത്തിന്റെ അഭാവം-  വ്യക്തികൾ ശേഖരിക്കുന്നതെല്ലാം ഗോത്രങ്ങൾ പങ്കിടുന്നതായിരുന്നു രീതി. ഉത്പാദനം ഇല്ലാത്തതുകൊണ്ടു തന്നെ വലിയ അളവിൽ മിച്ചമായി സൂക്ഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ദീർഘകാലം നിലനിൽക്കുന്ന ആയുധങ്ങളും വസ്ത്രവും മറ്റ് സാമഗ്രികളും ഒഴിച്ചുനിർത്തിയാൽ കിട്ടുന്നതെല്ലാം അന്നുതന്നെ എല്ലാവർക്കുമായി നൽകപ്പെടുകയും എല്ലാവരും ഭക്ഷിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഒരുദിവസം കൂടി വിഭവങ്ങൾ സൂക്ഷിച്ചേക്കാം എന്നതിനപ്പുറം സ്വത്ത് സമ്പാദനവും വ്യക്തികൾ സമ്പത്തും ഉത്പന്നങ്ങളും സ്വന്തമാക്കി കുന്നുകൂട്ടലും അന്ന് അസാധ്യമായിരുന്നു.

3) സമത്വം, സഹകരണം, പങ്കാളിത്തം - മിച്ചോത്പാദനവും സ്വത്ത് സമ്പാദനവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ ഒരുതരം 'പ്രാകൃതസമത്വം' നിലനിന്നു. ഗോത്രങ്ങൾ  തമ്മിലെ അധിനിവേശയുദ്ധങ്ങളും ലഹളകളും ഒഴിച്ചുനിർത്തിയാൽ മനുഷ്യർക്കിടയിൽ നിലനിന്ന സഹകരണമനോഭാവം വലുതായിരുന്നു. 'പ്രാകൃതകമ്മ്യൂണിസം' എന്ന് ഇതിനെ വിളിക്കാൻ കാരണം ഇതാണ്. പ്രകൃതിദുരന്തങ്ങളോടും വന്യമൃഗങ്ങളോടും പൊരുതാനും വലിയ മൃഗങ്ങളെ വേട്ടയാടാനും മനുഷ്യന് ഈ കൂട്ടായ്മയും സഹകരണവും ആവശ്യമായിരുന്നു. മനുഷ്യർക്കിടയിൽ ചൂഷണലക്ഷ്യങ്ങൾ നിലനിന്നിരുന്നില്ല. അടിസ്ഥാനവിഭവങ്ങൾക്കുമേൽ കൂട്ടായ അവകാശം ഉണ്ടായിരുന്നു.

4) ഉപകരണങ്ങളും താമസവും- സ്ഥിരമായ വാസസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. വാസയോഗ്യമായ ഇടങ്ങളും ദീർഘകാലം നിലനിൽക്കുന്ന ആയുധങ്ങളുമൊക്കെ പൊതുസ്വത്ത് ആയിരുന്നു. ശിലകളും അസ്ഥികളുമായിരുന്നു ആദ്യകാല ഉപകരണങ്ങൾക്കടിസ്ഥാനം. ഉരുളൻ കല്ലുകൾ കാലക്രമേണ മൂർച്ചയേറിയ ശിലായുധങ്ങളിലേക്കും കുന്തം, അമ്പും വില്ലും, കത്തി തുടങ്ങിയവയിലേക്കും വഴിമാറി. തീയുടെ കണ്ടുപിടുത്തം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തടിയുപകരണങ്ങളും നിർമ്മിക്കപ്പെട്ടു, ഉരുളൻ തടികൾ ആദ്യകാലചക്രങ്ങളായി മാറി.

5) ഭരണകൂടങ്ങൾ ഉണ്ടായിരുന്നില്ല. സ്വകാരസ്വത്തും അവയ്ക്കുവേണ്ടിയുള്ള സംഘർഷങ്ങളും ഇല്ലാത്തതുകൊണ്ടുതന്നെ അവയ്ക്കുവേണ്ടിയുള്ള സ്റ്റേറ്റ് സംരക്ഷണമോ നിയമവ്യവസ്ഥിതിയോ ആവശ്യമില്ലായിരുന്നു.

6) കുടുംബം, ലൈംഗികത - സ്വകാര്യകുടുംബങ്ങൾ നിലനിന്നിരുന്നില്ല. ലൈംഗികബന്ധങ്ങൾ പോലും സ്വതന്ത്രമായിരുന്നു. ഏകഭാര്യാ, ഏകഭർത്തൃസമ്പ്രദായങ്ങൾ ഉണ്ടായിരുന്നില്ല. ഗോത്രങ്ങൾ കുടുംബങ്ങളായി നിലനിന്നു. കുടുംബവ്യവസ്ഥിതിയുടെ അഭാവം മൂലം പ്രസവിക്കുന്ന കുട്ടികൾക്ക് അച്ഛനാരാണെന്നോ പുരുഷന് തന്റെ സന്തതി ഏതാണെന്നോ ഉള്ള ബോധം പോലും അന്യമായിരുന്നു. കുഞ്ഞുങ്ങൾ മാതാവിന്റെ കീഴിലെ ഹ്രസ്വകാലസംരക്ഷണത്തിനു ശേഷം സമൂഹത്തിന്റെ ഭാഗമായിത്തീർന്നു. സ്ത്രീകൾ ഭക്ഷ്യശേഖരണത്തോടൊപ്പം പ്രത്യുത്പാദനത്തിലും ശിശുപരിപാലനത്തിലും ഏർപ്പെട്ടു.

7) ലിംഗസമത്വം- സ്ത്രീകളും സമൂഹത്തിൽ പുരുഷനോടൊപ്പം തുല്യാധികാരങ്ങളും സാമൂഹ്യപദവികളും പങ്കിട്ടു. പ്രജനനകാലങ്ങളിൽ പുരുഷന്മാർ കൂടുതൽ ക്ലേശകരമായ ജോലികൾ ചെയ്യുകയും വേട്ടയാടുകയും ഒപ്പം ഗോത്രങ്ങളെ സംരക്ഷിക്കുകയും ചെയ്തു. പ്രാകൃതസമൂഹങ്ങളിൽ സ്ത്രീകളും സവിശേഷാധികാരങ്ങൾ കൈക്കൊണ്ടിരുന്നതിന് തെളിവുകൾ ഉണ്ട്. പുരാതനഭാരതത്തിൽ സ്ത്രീകൾ തലപ്പാവ് ധരിച്ചിരുന്നതും അവർക്കിടയിൽ തന്നെ പണ്ഡിതരും കവയിത്രികളും ഒക്കെ ഉണ്ടായിരുന്നതും ഒക്കെ ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പ്രാചീനകാലത്ത് മാതൃദായ- താവഴി (mother right) സമ്പ്രദായങ്ങളായിരുന്നു നിലനിന്നിരുന്നത്. കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതുൾപ്പെടെ എല്ലാ മേഖലയിലും സ്ത്രീകൾക്കും തുല്ല്യപ്രാധാന്യവും അവസരങ്ങളും ഉണ്ടായിരുന്നു. മരുമക്കത്തായം പോലുള്ള സമ്പ്രദായങ്ങൾ നമ്മുടെ നാട്ടിലും നിലനിന്നിരുന്നു എന്നോർക്കുക.

         നാഗരികസാംസ്കാരികജീവിതം ആരംഭിക്കുന്നതിനും മുമ്പേ ഇത്തരത്തിൽ പ്രാചീനകാലങ്ങളിൽ ജീവിച്ചുപോന്ന ആദിമമാനവ-സമൂഹങ്ങളെ പ്രാകൃതകമ്മ്യൂണിസം എന്നാണ് വിശേഷിപ്പിക്കാറ്. മനുഷ്യൻ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജീവിയാണല്ലോ.. ഉത്പാദനോപാധികളും അവയ്ക്കനുരൂപമായ ഉത്പാദകബന്ധങ്ങളും ഇല്ലാതെ മനുഷ്യസമൂഹത്തിന് നിലനിൽപ് സാധ്യമല്ല. ഈ സവിശേഷതയാണ് മറ്റ് ജീവിവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യസമൂഹത്തിന്റെ ചരിത്രപരമായ പുരോഗതിക്ക് അടിത്തറ പാകിയത്.. ഉത്പാദനോപാധികൾ അനുസ്യൂതം വളർച്ച പ്രാപിക്കുകയും അത് ഉത്പാദകബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുകയും പുതിയ ഗുണങ്ങളോടുകൂടിയ സമൂഹങ്ങളെയും സാമൂഹ്യസ്ഥാപനങ്ങളെയും സൃഷ്ടിക്കുകയും ചെയ്യും എന്നതാണ് മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ കാതൽ. പ്രാകൃതകമ്മ്യൂണിസത്തിൽ ഇതെങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് നോക്കാം..

      ശിലായുധങ്ങൾ ഉൾപെടെയുള്ള പ്രാകൃതമായ ഉപകരണങ്ങളും ചക്രവും തീയുമൊക്കെ മനുഷ്യസമൂഹത്തിന്റെ നിലനിൽപിനെ കൂടുതൽ സാധ്യമാക്കി. പ്രാകൃതകമ്മ്യൂണിസ്റ്റ് ഘട്ടത്തിലും ധാരാളം അന്ധവിശ്വാസങ്ങളും ശാസ്ത്ര-അജ്ഞതയും നിലനിന്നിരുന്നു. മനുഷ്യന് ആവശ്യത്തിനനുസരിച്ചുള്ള അധ്വാനസമയം തുലോം കുറവായിരുന്നു. വേട്ടയാടലും തീറ്റയും ഉറക്കവും കഴിഞ്ഞാൽ ധാരാളം ഒഴിവുസമയം ലഭിച്ചു. ഇതുമൂലം  അവനുചുറ്റുമുള്ള പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിക്കാനും കൂടുതൽ അഗാധമായ വിചിന്തനം നടത്താനും പുതിയ ഉപകരണങ്ങൾ കണ്ടെത്താനും പരിഷ്കരിക്കാനും ചിത്രരചന പോലുള്ള കലാസാഹിത്യപരമായ ആവിഷ്കാരങ്ങൾ നടത്താനും പുതിയ ധാരണകൾ കെട്ടിപ്പൊക്കാനും ഒക്കെ ആദിമമനുഷ്യന് കഴിഞ്ഞു.  ഭക്ഷ്യശേഖരണവും ഉത്പാദനവും വർധിക്കുകയും ചെയ്തു.

         ജനസംഖ്യാവർധനവാകട്ടെ ഭക്ഷ്യലഭ്യത വർധിക്കേണ്ടതിന്റെ ആവശ്യകത സൃഷ്ടിച്ചു. ഇത് കൃഷിയുടെ കണ്ടുപിടുത്തത്തിലേക്കും നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണിലെ കൂട്ടായ അധ്വാനത്തിലേക്കും നയിച്ചു. ഇതിനായി കൂടുതൽ ഗുണമേന്മയുള്ള ഉപകരണങ്ങൾക്കും ഉത്പാദനോപാധികൾക്കും വേണ്ടിയുള്ള അന്വേഷണം തുടർന്നു. വെങ്കലം പോലുള്ള ലോഹങ്ങളുടെ ഉപയോഗവും അവയെ സംസ്കരിക്കാനും ആയുധനിർമ്മാണത്തിനും വേണ്ടിയുള്ള ശാലകളും വ്യാപിച്ചു. കലനിർമാണം, കരകൗശലവസ്തു നിർമാണം ,മൃഗപരിപാലനം തുടങ്ങിയ അനുബന്ധ തൊഴിൽമേഖലകൾ ഉണ്ടായി. സമൂഹത്തിൽ തൊഴിൽവിഭജനം വ്യാപകമായി. കാർഷികവൃത്തി മനുഷ്യന്റെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം അവസാനിപ്പിക്കുകയും സ്ഥിരതാമസവും കൃഷിപാലനവും സാധ്യമാക്കുകയും ചെയ്തു. 'നിയോലിത്തിക് വിപ്ലവങ്ങൾ' എന്ന് ഇതറിയപ്പെടുന്നു.

        ഇത് വിശാലവും ജനസാന്ദ്രവുമായ നദീതടസംസ്കാരങ്ങൾക്ക് രൂപം നൽകി. വെങ്കലയുഗം എന്ന് ഇത് അറിയപ്പെടുന്നു. തെക്കൻ മെസോപ്പൊട്ടേമിയയിലെ സുമേറിയൻ സംസ്കൃതിയാണ് ഇതിൽ ആദ്യത്തേതായി നാം കണക്കാക്കുന്നത്..  പ്രാകൃതകമ്മ്യൂണിസത്തിലെ ഭക്ഷ്യോത്പാദനം/ ശേഖരണം അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രമായിരുന്നെങ്കിൽ പിന്നീട് കൃഷിയും അനുബന്ധതൊഴിൽ മേഖലകളും കൂടുതൽ മിച്ചോത്പാദനം ഉറപ്പാക്കി. സമ്പത്ത് വർധിച്ചു. മിച്ചം വരുന്ന ഉത്പന്നങ്ങൾ വ്യാപാരത്തിന്റെയും ബാർട്ടർ സമ്പ്രദായത്തിന്റെയും പിൽക്കാലത്ത് കറൻസിയുടെയും ആവിർഭാവത്തിലേക്ക് നയിച്ചു. ഗോത്രങ്ങൾ തമ്മിലെ യുദ്ധങ്ങൾ മുൻകാലങ്ങളിൽ വളരെ ചുരുക്കവും താത്കാലികവും മാത്രമായിരുന്നല്ലോ. പരാജയപ്പെടുന്നവർ പലായനം ചെയ്യുകയോ മറ്റോ ആയിരുന്നു പതിവ്. എന്നാൽ ഒരു മനുഷ്യന്റെ അധ്വാനത്തിലൂടെ ഒരുപാട് പേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നവിധം ഉത്പാദനോപാധികൾ വികാസം പ്രാപിച്ചതും സ്വത്തുത്പാദനം വർധിച്ചതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

           മുൻകാലത്തിൽ നിന്നുവ്യത്യസ്തമായി സാങ്കേതികവികാസത്തിന്റെ പിൻബലത്തിൽ മനുഷ്യാധ്വാനത്തിന്റെ അപാരമായ ശക്തി അവൻ തിരിച്ചറിഞ്ഞു. സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കയ്യിൽ കുന്നുകൂടി. സ്വത്തിനും ഭൂമിക്കും വേണ്ടിയുള്ള യുദ്ധങ്ങളും അധിനിവേശങ്ങളും വർധിച്ചു.  പരാജയപ്പെടുന്നവർ തടങ്കലിലാക്കപ്പെടുകയും നിർബന്ധിതമായി അവരെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തു. കാലക്രമേണ അടിമകളും ഉടമകളും അടങ്ങുന്ന ഒരു വർഗസമൂഹം രൂപംകൊണ്ടു. പഴയകാല സോഷ്യലിസ്റ്റ് സംസ്കാരങ്ങൾ അസ്തമിക്കുകയും ചെയ്തു. പുതിയ സാമൂഹ്യഘടനയ്ക്ക് ഉപോൽബലകമായ മറ്റ് സ്ഥാപനങ്ങളും (സംഘടിതമതങ്ങൾ ഉൾപെടെ) ഉയർന്നുവന്നു.

 ഇതിൽ നിന്നും എന്ത് മനസിലാക്കാം..?  പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനോപാധികൾ ആർജ്ജിച്ച വമ്പിച്ച പുരോഗതി അതുവരെ നിലനിന്ന സഹകരണത്തിലും സമത്വത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ ഉത്പാദകബന്ധങ്ങളുമായി ഒത്തുപോകുന്നതല്ലായിരുന്നു. സമ്പത്തിന്റെ കേന്ദ്രീകരണവും ഉത്പാദനോപാധികളുടെ വളർച്ചയും പഴയകാലസമൂഹത്തെ തകർക്കുകയും ചൂഷണത്തിലധിഷ്ഠിതമായ പുതിയതൊന്നിന്റെ ഉത്ഭവത്തിന് നാന്ദി കുറിക്കുകയും ചെയ്തു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ വിപ്ലവമായി ഇൗ പ്രക്രിയയെ വിശേഷിപ്പിക്കാവുന്നതാണ്. ചരിത്രപരമായ ഈ വൈരുധ്യാത്മകപ്രക്രിയയിലൂടെ രൂപം കൊണ്ട അടിമത്തസമൂഹങ്ങൾ വീണ്ടും അതേ പ്രക്രിയകളിലൂടെ തന്നെ നാമാവശേഷമാവുകയും പുതിയ സാമൂഹ്യഘടനകളും വ്യവസ്ഥിതികളും ആവിർഭവിക്കുകയും ചെയ്തു. തുടർവിശകലനങ്ങൾ വരുംലേഖനങ്ങളിൽ എഴുതാൻ ശ്രമിക്കാം..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...