Friday, September 13, 2019

Marx was right..

                             

                    എന്താണ് സാമ്പത്തികമാന്ദ്യം എന്നുള്ളതിന് ഒറ്റവാചകത്തിലുള്ളതും ലളിതവുമായ മറുപടി ഇതാണ്. ''തൊഴിലാളി ഉത്പാദിപ്പിക്കുന്ന സാധനസേവനങ്ങൾ വാങ്ങുവാനുള്ള വാങ്ങൽശേഷി തൊഴിലാളിയുടെ തന്നെ വരുമാനം ഉറപ്പുനൽകാത്തതുമൂലം ചരക്കുകൾ കെട്ടിക്കിടക്കുകയും ഉത്പാദനവും വളർച്ചയും തൊഴിലവസരങ്ങളും മുരടിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ''. എന്നാൽ ഇത്തരമൊരു വീക്ഷണത്തിൽ മാത്രം ഒതുക്കിനിർത്തേണ്ടതല്ല സാമ്പത്തികമാന്ദ്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ.. ലോകസാമ്പത്തികമാന്ദ്യങ്ങൾ ഒരു പുതിയ കഥയല്ല.. രാജ്യത്താകട്ടെ സാമ്പത്തികമാന്ദ്യം ഇല്ലെന്നും ഉണ്ടെന്നും ഇനി ഗുരുതരമാകാൻ പോകുന്നതേ ഉള്ളൂ എന്നുമൊക്കെയുള്ള വാഗ്വാദങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. മുതലാളിത്തം ചൂഷണത്തിലും കൊള്ളക്കൊടുക്കലിലും ലാഭാസക്തിയിലും അധിഷ്ഠിതമായ ഒരു സാമ്പത്തികവ്യവസ്ഥിതിയാണ്.. അതിൽ തുടരെത്തുടരെയുള്ള സാമ്പത്തികമാന്ദ്യങ്ങൾ അനിവാര്യവുമാണ്. അത്തരമൊരു മാന്ദ്യത്തിന്റെ ആക്കം കൂട്ടാൻ ദുരന്താത്മകമായ തങ്ങളുടെ കഴിഞ്ഞ ഭരണത്തിലൂടെ സർക്കാരിന് കഴിഞ്ഞു. ഇപ്പോഴും അവർ അത് തുടരുന്നു.

                 വാഹനവിപണി മുതൽ വസ്ത്രവും അടിവസ്ത്രവും ബിസ്ക്കറ്റും വരെയുള്ള സാധനങ്ങൾ വരെ വിൽപനയിടിഞ്ഞ് ഉത്പാദനം നിർത്തിവെക്കേണ്ട സ്ഥിതിയിലാണ്. എന്താണ് കാരണമെന്ന് അന്വേഷിക്കാൻ തുടങ്ങിയാൽ ധനമന്ത്രി നടത്തുന്നതുപോലുള്ള ന്യായീകരണങ്ങളും കണ്ണടച്ച് ഇരുട്ടാക്കലുകളുമല്ലാതെ മറ്റൊന്നും നമുക്ക് ലഭിക്കില്ല. തൊഴിലില്ലായ്മ 45 വർഷത്തെ റെക്കോർഡിലാണ്. രൂപയുടെ മൂല്യം ചരിത്രപരമായ ഇടിവിലേക്ക് കൂപ്പുകുത്തുന്നു. ലക്ഷങ്ങൾ തൊഴിലില്ലാത്തവരായി രാജ്യത്ത് അവശേഷിക്കുന്നു. ഏതാണ്ട് ഒരു ദശകം മുമ്പാണ് സമാനമായ ഒരു പ്രതിസന്ധി അമേരിക്കയിൽ ഉരുവംകൊണ്ടത്. റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ പ്രതിസന്ധി പിന്നീട് ഓഹരിവിപണിയെയും ബാങ്കിങ്ങിനെയും പിടിച്ചുകുലുക്കുകയും കടപത്രകുമിളകൾ പൊട്ടുകയും ചെയ്തു. ജനലക്ഷങ്ങൾ ജപ്തി നേരിട്ട് വീടില്ലാത്തവരായി തെരുവിലിറങ്ങി.. ലക്ഷക്കണക്കിന് വീടുകൾ ആളില്ലാതെ പൂട്ടിയിടപ്പെട്ടു..
സെക്യൂരിറ്റികളുടെയും സ്വത്തുക്കളുടെയും വിലയിടിഞ്ഞു.. നഷ്ടത്തിലായ ബാങ്കുകളും നിക്ഷേപകരും (ലെമാൻ ബ്രദേഴ്സ് ഉൾപെടെയുള്ള കുത്തകഭീമൻമാർ വരെ) ഒന്നൊന്നായി പൂട്ടി. ധനികർ ഒറ്റരാത്രി കൊണ്ടുതന്നെ പാപ്പരായി.. നിക്ഷേപങ്ങളും വ്യാപാരവുമൊക്കെ ആഗോളവത്കരിക്കപ്പെട്ട ലോകത്ത് അമേരിക്കയിൽ ഉരുത്തിരിഞ്ഞ മാന്ദ്യം 2008-09 ഓടെ ലോകമെമ്പാടും വ്യാപിച്ചു. യൂറോപ്പിലും ഇതിന്റെ അനുരണനങ്ങൾ വളരെ വലുതായിരുന്നു..

              എന്നാൽ പഴയ ഇന്ദിരാഗാന്ധി സർക്കാരുകളുടെ കാലത്തുതന്നെ ദേശസാത്കരിക്കപ്പെട്ട ബാങ്കിങ് വ്യവസ്ഥയും സർക്കാരിന്റെ ഇടപെടലുകളും കർശനമായ വായ്പാവ്യവസ്ഥകളും ഒക്കെ ഉണ്ടായിരുന്നതുമൂലം ഇന്ത്യയെ ആ മാന്ദ്യം വലിയ തോതിൽ ബാധിച്ചില്ല. മൻമോഹൻസിങ്ങിന്റെ ധനകാര്യപാടവം കൊണ്ടുമാത്രമാണ് ഇന്ത്യ മാന്ദ്യത്തിലകപ്പെടാതെ വളർച്ച നിലനിർത്തിയത് എന്ന തരത്തിലുള്ള ഇന്നും ഷെയർ ചെയ്യപ്പെടുന്ന വീരവാദങ്ങൾ തെറ്റാണ്. പൊതുമേഖലയ്ക്ക് ഗണ്യമായ സ്വാധീനമുള്ളതും ഉദാരവത്കരണത്തിലേക്ക് അത്രകണ്ട് വഴിമാറിയിട്ടില്ലാത്തതുമായ ബാങ്കിങ് മേഖലയും സാമ്പത്തികമേഖലയിലെ സർക്കാർ ഇടപെടലുകളും ഇന്ത്യയെ മാന്ദ്യങ്ങളിൽ നിന്നും ഒരുപരിധി വരെ രക്ഷപ്പെടുന്നതിൽ സഹായിച്ചു.. ഏത് സാമ്പത്തികനയപരിപാടികളാണോ മുതലാളിത്തമാന്ദ്യങ്ങൾക്കും ആവർത്തിച്ചുള്ള പ്രതിസന്ധികൾക്കും വഴി തെളിക്കുന്നത് അതേ സാമ്പത്തികപരിപാടികളെ പിൻപറ്റുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്.

                      ജനക്ഷേമപദ്ധതികൾക്കായുള്ള വിഹിതം വെട്ടിക്കുറയ്ക്കുക, പൊതു ഓഹരിവിൽപന, സ്വകാര്യവത്കരണം, കോർപ്പറേറ്റ് വായ്പകളും ലൈസൻസുകളും ഉദാരമാക്കുക, എഴുതിത്തള്ളുക, ഇന്ധനങ്ങളുടെ വിലനിർണയാധികാരത്തിൽ നിന്നും സർക്കാർ പിൻവാങ്ങിക്കൊണ്ട് സർവതും കുത്തകകളുടെ ഇംഗിതത്തിന് വിട്ടുകൊടുക്കുക, ഇറക്കുമതിത്തീരുവകൾ വെട്ടിച്ചുരുക്കുക, വ്യാപാരക്കരാറുകൾ ബഹുരാഷ്ട്രകുത്തകകൾക്കനുകൂലമായി ഏർപെടുത്തുക, അതിലൂടെ കാർഷിക -ചെറുകിടഉത്പാദകരുടെ വയറ്റത്തടിക്കുക ഇങ്ങനെ നവലിബറലിസത്തിന്റെ സാധ്യമായ എല്ലാവഴികളിലേക്കും ഇന്ത്യയെ നയിക്കുന്നതിൽ യുപിഎ സർക്കാർ നല്ല പ്രയത്നം നടത്തിയെങ്കിൽ മോഡിസർക്കാർ അത്തരം നയങ്ങൾ കൂടുതൽ തീവ്രമായ തോതിൽ ആവർത്തിക്കുകയാണ് ചെയ്തത്. നോട്ടുനിരോധനവും ജിഎസ്ടിയും പോലുള്ള മാരകമായ പ്രഹരങ്ങൾ മാന്ദ്യത്തിന്റെ ആഘാതം വർധിപ്പിച്ചു..

              മുതലാളിത്തത്തിൽ അനിവാര്യമായും ആവർത്തിക്കപ്പെടുന്ന പ്രതിസന്ധികളെപ്പറ്റിയും അത് മുതലാളിത്തവ്യവസ്ഥിതിയെ എങ്ങനെ അസ്ഥിരമാക്കുന്നുവെന്നും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ മാർക്സിനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. മാർക്സിസം തകർന്നുവെന്ന് ആവർത്തിച്ച് വിലപിക്കുമ്പോഴും ഓരോ മുതലാളിത്തമാന്ദ്യങ്ങളും അതിന്റെ 'ഏറ്റവും വലിയ വിമർശകനെ' വീണ്ടും വായിക്കാൻ ബൂർഷ്വാപണ്ഡിതരെ പോലും പ്രേരിപ്പിക്കുകയാണ്.. മിച്ചമൂല്യത്തിന്റെ ഉത്ഭവം, മുതലാളിത്തം അടിസ്ഥാനപരമായി എങ്ങനെ ചൂഷണാധിഷ്ഠിതമാകുന്നു, തൊഴിലില്ലാവളർച്ച (jobless growth), വർധിച്ചുവരുന്ന അസമത്വം, അന്യവത്കരണം, ലാഭനിരക്ക് ഇടിയുന്ന പ്രവണത, വരുമാനഇടിവ്, ഡിമാന്റ് ശോഷണം, ചാക്രികപ്രതിസന്ധികൾ ,മാന്ദ്യം തുടങ്ങിയ അനവധി വിഷയങ്ങളെ മൂർത്തമായി കൈകാര്യം ചെയ്യാനും വലതുപക്ഷദാർശനികരും ധനശാസ്ത്രജ്ഞരും വാദിക്കുന്നതുപോലെ മുതലാളിത്തം സ്വയം നിലനിന്നുപോകുന്ന അനശ്വരമായ സാമ്പത്തികവ്യവസ്ഥയല്ലെന്ന് സ്ഥാപിക്കാനും മാർക്സിന് കഴിഞ്ഞു.

                       'ദാസ് ക്യാപിറ്റൽ' ഇന്നും വർധിതമായ തോതിൽ വായിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും അതിനാലാണ്. മൂലധനാധിപത്യം സ്ഥാപനവത്കരിച്ച സാമ്പത്തിക- സാമൂഹ്യവ്യവസ്ഥിതിക്കെതിരായ ഏറ്റവും ഫലപ്രദമായ ,ബൃഹത്തായ ഈ വിമർശനഗ്രന്ഥം ഇനിയും വായനക്കാരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയവും ശക്തവുമായ വിമർശനായുധമായിട്ടും ദാസ് ക്യാപിറ്റലോ മാർക്സോ ഒരു എക്കണോമിക്സ് പാഠപുസ്തകത്തിലും അക്കാദമികസിലബസുകളിലും സ്ഥാനം നേടാറില്ലെന്നതും അതിന് മുതലാളിത്തത്തിനു നേരെ ഉയർത്താൻകഴിയുന്ന വിമർശനങ്ങളുടെ മൂർച്ചയെയും നിലവിലെ ലോകക്രമങ്ങൾക്കെതിരെ അത് സൃഷ്ടിക്കുന്ന ഭീഷണിയെയും ആണ് വരച്ചുകാട്ടുന്നത്. 'മൂലധന'വും മുതലാളിത്തസാമ്പത്തികപഠനവും വായനക്കാരിലേക്ക് എത്തിക്കാൻ അടുത്ത ലേഖനങ്ങൾ മുതൽ ശ്രമിക്കാം.. ഏവരും പിന്തുണയ്ക്കുക, ഷെയർ ചെയ്യുക..
                         

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...