ഇന്ത്യയിലെ രാഷ്ട്രീയഭൂമികയിൽ എന്നും മാവോയിസ്റ്റുകൾക്ക് ഒരു പങ്ക് വഹിക്കാനുണ്ടായിരുന്നു. എന്നാൽ മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെട്ടുകൊണ്ടോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചോ ആയിരുന്നില്ല മാവോയിസം രാഷ്ട്രീയത്തിൽ സ്ഥാനം കണ്ടെത്തിയത്, മറിച്ച് മുതലാളിത്തജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും പാടേ അവഗണിച്ചുകൊണ്ടുള്ള പ്രത്യക്ഷയുദ്ധമുറകളിലൂടെ ആയിരുന്നു. എന്താണ് മാവോയിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ സവിശേഷതകൾ എന്ന് പരിശോധിക്കാം..
മാവോയിസത്തിന്റെ ആചാര്യസ്ഥാനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ മാവോ സെദുങിന് തന്നെയാണ്. ചൈനയിൽ ഒരു ആന്റിറിവിഷനിസ്റ്റ് മാർക്സിസം ആയിട്ടാണ് മാവോയിസം വളർന്നുവന്നത്. അതായത് വിപ്ലവാഗ്നിയിൽ വെള്ളം ചേർത്തുകൊണ്ടുള്ള എല്ലാവിധ നിലപാടുകളെയും നിഷേധിക്കുന്ന ചിന്ത. ചൈന വിപ്ലവത്തിനുമുമ്പ് ഒരിക്കലും ഒരു വ്യവസായമുതലാളിത്ത ശക്തി ആയിരുന്നില്ല. കാർഷികപാരമ്പര്യവും വൻഭക്ഷ്യക്ഷാമങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വചൂഷണവും ഫ്യൂഡൽ പ്രഭുവാഴ്ചയും ദാരിദ്ര്യവും സാമ്പത്തികമുരടിപ്പും ഒക്കെ സാധാരണമായിരുന്ന ചൈനീസ് പശ്ചാത്തലത്തിൽ പഴയകാല യാഥാസ്ഥിതിക കൺഫ്യൂഷനിസ്റ്റ് മൂല്യങ്ങളുടെ തകർച്ചയും ഐക്കണോക്ലാസം പോലുള്ള ആശയമുന്നേറ്റങ്ങളും സാംസ്കാരികമായ പുരോഗമനചിന്തകളും ഒക്കെ ചൈനയിൽ മാർക്സിസ്റ്റ് ദർശനത്തിനും വൻജനകീയത ഉറപ്പുനൽകി.
എന്നാൽ യൂറോപ്പിലും പശ്ചിമരാഷ്ട്രങ്ങളിലും ഉള്ളതുപോലെ മുതലാളിത്ത-സാമ്പത്തിക വിമർശനം എന്ന നിലയിൽ മാത്രമല്ല, മാർക്സിസം മാവോയെ സ്വാധീനിച്ചത്. ഗ്രാമങ്ങളുടെ മുന്നേറ്റം, ഗ്രാമനഗരങ്ങൾ തമ്മിലെ അസമത്വം നിർമാർജനം ചെയ്യൽ, സാമ്രാജ്യത്വഇടപെടലുകളെ പിഴുതെറിയൽ, ഫ്യൂഡലിസ്റ്റ് നാടുവാഴിത്തത്തിനെതിരായി നടക്കേണ്ടുന്ന ദേശീയ-ജനകീയ- സാംസ്കാരികവിപ്ലവങ്ങൾ ഇതൊക്കെയാണ് മാവോയിസത്തിന്റെ ഉൾക്കാമ്പ് എന്നുപറയാം. നഗരങ്ങളിലെ വ്യവസായ- വ്യവസായേതര മേഖലകളിലെ തൊഴിലാളികളെ അവഗണിച്ചുകൊണ്ട് ഗ്രാമങ്ങളിലെ കർഷകദുരിതങ്ങളെയും ജന്മിത്വവാഴ്ചകളെയും മാവോയിസം വിമർശനത്തിനു വെക്കുകയും കടുത്ത ഫ്യൂഡൽ വിരുദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇതിനുകാരണം അക്കാലത്തെ ചൈനീസ് ആഭ്യന്തരസാഹചര്യങ്ങളുടെ പ്രത്യേകതകൾ ആയിരുന്നു. ഫ്യൂഡലിസ്റ്റ് വ്യവസ്ഥയുടെ തകർച്ചയിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കാമെന്ന മാവോയിസ്റ്റ് ധാരണയും ചൈനയിൽ ഫലം കാണുകയുണ്ടായില്ല.
ഉത്പാദനശക്തികളുടെ വികാസത്തെയോ, മുതലാളിത്ത സാമ്പത്തികക്കുഴപ്പങ്ങളെയോ ഒന്നും പരിഗണിക്കാതെ കേവലം യുദ്ധമുറകളിലൂടെ സോഷ്യലിസം മുകളിൽ നിന്ന് കെട്ടിയിറക്കാമെന്ന യാഥാസ്ഥിതികചിന്ത തന്നെയാണ് മാവോയിസത്തിന്റെ കാതൽ. ജനങ്ങളുടെ ശക്തിയിൽ മാവോ അത്യധികം വിശ്വസിച്ചിരുന്നു. വർഗസമരത്തെ ജനകീയമായ യുദ്ധമുറകളുമായി കൂട്ടിയിണക്കാൻ മാവോയ്ക്ക് കഴിഞ്ഞു. ഗറില്ലായുദ്ധതന്ത്രങ്ങൾ, നഗരങ്ങളെ ആക്രമിക്കൽ തുടങ്ങിയ സൈനികനീക്കങ്ങൾ മാവോയിസം പ്രായോഗികമാർഗമായി അവതരിപ്പിച്ചു. ഒന്നാംലോകമുതലാളിത്തത്തിലെ തൊഴിലാളികൾ സാമ്രാജ്യത്വത്തെ സ്നേഹിക്കുന്നവരാണെന്നും വിദ്യാഭ്യാസം കൊണ്ടൊന്നും അവിടുത്തെ കാപ്പിറ്റലിസ്റ്റുകളുടെയോ സാധാരണക്കാരുടെയോ മനോഭാവം മാറില്ലെന്നും വിമർശിച്ച മാവോ മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനകീയ- ജനാധിപത്യ ഫ്യൂഡൽ വിപ്ലവബദലുകൾ മാത്രമാണ് ഏകപരിഹാരമെന്ന് കണ്ടു.
ജനങ്ങളിൽ വേരുറപ്പിച്ച പിന്തിരിപ്പൻ ഫ്യൂഡൽമൂല്യങ്ങളെ ഇല്ലാതാക്കാൻ 'സാംസ്കാരികവിപ്ലവം' എന്ന ആശയത്തെ മാവോയിസം മുന്നോട്ടുവെച്ചു. മൂന്നാം ലോകരാജ്യങ്ങളിലെ കർഷകരുടെയും സാധാരണക്കാരുടെയും വിപ്ലവങ്ങൾ ഭരണാധികാരികളെ താഴെയിറക്കുകയും സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യും. രാഷ്ട്രീയവിപ്ലവത്തിലൂടെ സമൂഹത്തിന്റെ സാംസ്കാരികമായ കുതിപ്പ് എന്ന വ്യാജധാരണയെയും മാവോയിസ്റ്റുകൾ പിന്തുടർന്നു. ഭൂമി കർഷകർക്കും ചൂഷിതർക്കും നൽകുക, വിദേശകുത്തകസംരംഭങ്ങൾ കണ്ടുകെട്ടുക, സ്വകാര്യമൂലധനം പരിമിതപ്പെടുത്തുക തുടങ്ങിയ കമ്മ്യൂണിസ്റ്റ് പരിപാടികൾ മാവോയും അനുയായികളും മുന്നോട്ടുവെക്കുന്നു.
ജനങ്ങളിൽ നിന്നകന്നുകൊണ്ടുള്ള എല്ലാ പാർട്ടിനയസമീപനങ്ങളെയും മാവോ എതിർത്തു. 'പാർട്ടിക്ക് തോക്ക് ഉപയോഗിക്കാം, എന്നാൽ തോക്ക് പാർട്ടിയെ ഉപയോഗിക്കരുത്' , ജനങ്ങളിൽ നിന്ന് പഠിച്ചശേഷം ജനങ്ങളെ പഠിപ്പിക്കാൻ മുന്നോട്ടിറങ്ങുക തുടങ്ങിയ മാവോയുടെ ഉദ്ദരണികൾ പ്രസിദ്ധമാണ്. മാർക്സിൽ നിന്ന് വിഭിന്നമായി വിപ്ലവം നടക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളിലാണെന്ന് വാദിച്ച മാവോ സോഷ്യലിസം ഒന്നാം ലോകമുതലാളിത്ത രാജ്യങ്ങളിലേക്കും കാലക്രമേണ വളർന്നുകൊള്ളും എന്ന് സ്വപ്നം കണ്ടു. സോവിയറ്റ് യൂണിയന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള പിന്നോട്ടുപോക്കിനെ (റിവിഷനിസം) മാവോ എതിർത്തു. വിപ്ലവത്തിനുശേഷം സോഷ്യലിസത്തിലും വർഗസമരപ്രവണതകളും ബൂർഷ്വാസിയുടെ പ്രതിവിപ്ലവങ്ങളും ഉണ്ടാകുമെന്നും അവയെ അടിച്ചമർത്തണമെന്നും മാവോ വാദിച്ചു. സമൂഹത്തിന്റെ നന്മയ്ക്കായി അധ്വാനിക്കുക എന്ന ധാർമികപ്രചോദനമാർഗത്തിലൂടെ തൊഴിലാളികളെ ഉദ്ദീപിപ്പിക്കാനും മാവോ ശ്രമിച്ചു.
വാസ്തവത്തിൽ ഇതൊന്നും തന്നെ യഥാർത്ഥ സോഷ്യലിസത്തിലേക്കല്ല, ഉത്പാദനമുരടിപ്പിലേക്കും ദരിദ്രനാരായണൻമാരുടെ സോഷ്യലിസത്തിലേക്കുമാണ് ചൈനയെ നയിച്ചത് എന്നതാണ് വാസ്തവം. ഉത്പാദനരംഗത്തെ ആധുനികവത്കരിക്കുന്നതിൽ മാവോ പരാജയപ്പെട്ടു. കാർഷികമേഖലയുടെ നവീകരണത്തിനോ വർധിതമായ ഉത്പാദനക്ഷമതയ്ക്കോ ഒന്നും മുൻതൂക്കം നൽകാതെ പോയതിന്റെ ഫലമായി ചൈന വ്യവസായികമായ മുരടിപ്പും സാമ്പത്തികതകർച്ചയും നേരിട്ടു. മാവോ 'മുതലാളിത്ത പാതക്കാരൻ' എന്ന് വിശേഷിപ്പിച്ച പാർട്ടിയിലെ തന്റെ പിൻഗാമി ദെങ് സിയാപിങ് ഉത്പാദനവളർച്ച ലക്ഷ്യമിട്ട് മാർക്കറ്റ് സോഷ്യലിസം എന്ന പേരിൽ മുതലാളിത്തത്തെ ചൈനയിലേക്ക് ക്ഷണിച്ചതും മാവോയിസത്തിന്റെ ദാർശനികപരാജയമായി വേണം കാണാൻ..
മുതലാളിത്ത ജനാധിപത്യം ഉപരിവർഗത്തിനു മാത്രം ഗുണം ചെയ്യുന്നതാണെങ്കിലും പൗരസമൂഹത്തിനു മുഴുവൻ നിർണായകസ്വാധീനങ്ങൾ ചെലുത്താനുള്ള സ്പേസുകൾ പാർലമെന്ററി ഡമോക്രസി മുന്നോട്ടുവെക്കുന്നുണ്ട്. സോഷ്യലിസത്തിന് അനുഗുണമായി വർത്തിക്കേണ്ട ഒരു ജനാധിപത്യസംവിധാനമോ സംസ്കാരമോ മാവോയിസത്തിന് മുന്നോട്ടുവെക്കാൻ കഴിഞ്ഞില്ല. ആധുനികയൂറോപ്പിൽ പാർലമെന്ററി ജനാധിപത്യത്തിലൂടെ സോഷ്യലിസ്റ്റ് നയങ്ങൾ സ്ഥാപിക്കാനുള്ള മാർക്സിന്റെ തന്നെ അന്വേഷണങ്ങൾ പ്രസക്തമാണ്. അധഃസ്ഥിതരോടും ചൂഷിതരോടുമുള്ള ആഭിമുഖ്യത്തിന്റെ കാര്യത്തിലും രാഷ്ട്രീയമൂല്യബോധത്തിന്റെ കാര്യത്തിലും ഇന്ത്യൻ മാവോയിസ്റ്റുകൾ മറ്റുള്ള പ്രസ്ഥാനങ്ങൾക്ക് ഒരു മാതൃക തന്നെയാണ്. എന്നാൽ ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിനിന്നുകൊണ്ടുള്ള തോക്ക് രാഷ്ട്രീയത്തിലൂടെയുള്ള സ്ഥിതിസമത്വം ഫലം ചെയ്യില്ലെന്ന് മാത്രമല്ല, അത് മാർക്സിസ്റ്റ്, ജനാധിപത്യ വിരുദ്ധവും ജനങ്ങളിൽ നിന്നുള്ള അകൽച്ചയിലേക്ക് നയിക്കുന്നതും മാത്രമാണ്.
ജനാധിപത്യത്തിലെ ലഭ്യമായ ഇടങ്ങളിൽ ഇടപെട്ട് ജനങ്ങളെ സംഘടിപ്പിക്കുകയും ശക്തമായ ജനകീയ ഇടപെടലുകൾ നടത്തുകയുമാണ് പ്രായോഗികവും ഫലപ്രദവുമായ മാർഗം എന്ന് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയപരമായ ആവേശത്തിനോ അക്രമങ്ങൾക്കോ വ്യവസ്ഥിതിയെ മാറ്റിമറിക്കാനാവില്ലെന്നും ഭൗതികസാഹചര്യങ്ങളുടെ ഗതിവിഗതികളാണ് അതിനാധാരമെന്നുമുള്ള അടിസ്ഥാനപരമായ മാർക്സിസ്റ്റ് ചരിത്രനിയമം മനസിലാക്കേണ്ടതും അനിവാര്യമാണ്..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...