മനുഷ്യൻ ആത്യന്തികമായി ഒരു വ്യക്തിയാണ്, സാമൂഹ്യജീവിയാണ്.. സമൂഹത്തിന്റെ നാനാതരംമേഖലകളിൽ ഇടപെടാനും പ്രവർത്തിക്കാനും സ്വയം പരിഷ്കരിക്കുവാനും തന്റെ സഹജമായ വ്യക്തിത്വത്തെ പ്രകാശിപ്പിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം ജനാധിപത്യം നമുക്ക് ഉറപ്പുനൽകുന്നുമുണ്ട്.. ഒരു മനുഷ്യശരീരം വ്യക്തിയാവുന്നത് അതിന്റെ പ്രകൃതിസഹജമായ വ്യക്തിത്വഗുണങ്ങളെ പ്രകാശിപ്പിക്കുകയും അതിലൂടെ അയാൾ പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങളിലും കൊടുക്കൽ വാങ്ങലുകളിലും ഇടപെടുകയും ചെയ്യുമ്പോഴാണ്. ഇതിനു സാധിക്കാതെ വരികയും മനുഷ്യൻ തന്റെ സത്താപരമായ ഗുണങ്ങളെ വ്യവസ്ഥാപിതമായ സമ്മർദ്ദങ്ങളും ബന്ധനങ്ങളും ഭീഷണികളും മൂലം കൈവെടിയുകയും കേവലം യന്ത്രസമാനരായ വസ്തുക്കളായി മാറുകയും ചെയ്യുന്നതിനെ അന്യവത്കരണം (Alienation) എന്ന് വിളിക്കാം.
എന്താണ് മനുഷ്യസത്തയുടെ പ്രകാശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..? ഒരു വ്യക്തിയെ വ്യക്തിയായി സമൂഹം പരിഗണിക്കുമ്പോൾ, അയാൾക്ക് അയാളുടെ സർഗാത്മകമായ ശേഷികളെ പ്രയോഗവത്കരിക്കാൻ കഴിയുമ്പോൾ, താത്പര്യങ്ങളും അവകാശങ്ങളും സ്വയമേവ അനുഭവിക്കാൻ കഴിയുമ്പോൾ, വ്യക്തികളുടെയോ സമൂഹത്തിന്റെയോ മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയോ ബന്ധനങ്ങളില്ലാതെ തന്റേതായ സ്വപ്നങ്ങളുടെ പുറകേ യഥേഷ്ടം സഞ്ചരിക്കാനും പുതിയ അനുഭവങ്ങളും സ്വപ്നസാഫല്യങ്ങളും കരസ്ഥമാക്കാനും കഴിയുമ്പോൾ ഒക്കെയാണ് അയാളിലെ യഥാർത്ഥ മനുഷ്യൻ 'സത്താപരമായി' പൂർണത കൈവരിക്കുക.. അന്യവത്കരണം ഈ ആശയത്തിന് കടകവിരുദ്ധമാണ്. മുതലാളിത്ത ഉത്പാദനബന്ധങ്ങളും പലവിധങ്ങളിൽ അന്യവത്കരണത്തിലേക്ക് സമൂഹത്തെ വലിച്ചെറിയുന്നു.. (അതൊക്കെ മുമ്പ് വിശദീകരിച്ചിട്ടുണ്ട്).
ഈ പരിസരത്തിലാണ് ബുർഖയുടെയും മറ്റും സ്ത്രീവിരുദ്ധത ചർച്ചാവിഷയമാവുന്നത്. മനുഷ്യനെ വ്യക്തിയായി നാം പരിഗണിക്കുന്നതിന് പകരം അയാളെ അയാളുടെ ലൈംഗികസ്വത്വത്തിലേക്ക് ചുരുക്കുന്നതാണ് സ്ത്രീവിരുദ്ധതയുടെ അടിസ്ഥാനപ്രമാണം. സ്ത്രീ സ്ത്രീയായതുകൊണ്ടുമാത്രം ചില പ്രത്യേക നിബന്ധനകൾ സ്ഥാപിക്കപ്പെടുന്നു, സ്ത്രീയെ വ്യക്തി എന്നതിലുപരി ഒരു ലൈംഗികവസ്തു മാത്രമായി ചുരുക്കുന്നു. അന്യപുരുഷന് ആസ്വദിക്കാനുള്ള ലൈംഗികവസ്തു, പുരുഷന്റെ സ്വകാര്യപരിധിയിലുള്ള ഉപഭോഗച്ചരക്ക്, വിഗ്രഹങ്ങളെപോലും അശുദ്ധമാക്കാൻ ശേഷിയുള്ള ആർത്തവരക്തം ചുരത്തുന്ന ജീവി, അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവൾ, അടുക്കളപ്പണിയും മുലയൂട്ടലും മാത്രം ജീവിതലക്ഷ്യമാക്കേണ്ടവർ, പുരുഷന്റെ കൃഷിയിടം, ആണിനുമുന്നിൽ പലപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യാൻ ബാധ്യതപ്പെട്ടവർ, ഭർത്താവിന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടമാക്കി നിജപ്പെടുത്തേണ്ടവർ ഇങ്ങനെ പോകുന്നു സ്ത്രീയെക്കുറിച്ചുള്ള പാട്രിയാർക്കിയൽ നിർവചനങ്ങൾ..
അഴിക്കുന്നത് മാത്രമല്ല, ബുർക്ക ധരിക്കുന്നതും ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമല്ലേ എന്നൊരു ചോദ്യമുണ്ട്.. നമ്മുടെ ജനാധിപത്യബോധം എത്രമാത്രം ദുർബലമാകുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ പോലും ഉണ്ടാവുക..! മുഖം മറയ്ക്കുന്ന മൂടുപടത്തിന്റെ പിന്നിലെ ന്യായീകരണം കടുത്ത സ്ത്രീവിരുദ്ധതയാണ് എന്നും ഈ പാട്രിയാർക്കിയെ സ്വന്തം അവകാശമെന്നൊക്കെ പറയുന്നത് കൂട്ടിലെ തത്ത കൂട് സ്വന്തമാണെന്ന് പറയുംപോലെയേ ഉള്ളൂ എന്നും എന്നാണ് ഇക്കൂട്ടർ തിരിച്ചറിയുക..?
നല്ലൊരുവിഭാഗം സ്ത്രീകളും മതപ്രകാരമുള്ള ഡ്രസ് ചോയിസ് ആയി തെരഞ്ഞെടുക്കുന്നവരല്ല, (അങ്ങനെയുള്ളവരും ഉണ്ടാവാം) അവർക്ക് മറ്റ് ചോയിസുകൾ കുടുംബവും സമുദായവും പൗരോഹിത്യവും അനുവദിക്കുന്നില്ല എന്നതാണ് സത്യം. കൊച്ചുകുഞ്ഞിനെ പോലും ലൈംഗികചോദനയുടെ ന്യായം പറഞ്ഞ് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നത് മനോവൈകൃതം ആണ്. കുഞ്ഞുനാളിലേ മാതാപിതാക്കളും സഹോദരങ്ങളും പിൽക്കാലത്ത് ഭർത്താവും മതസമുദായവും ഒക്കെ തലോടിയും തല്ലിയും ഒക്കെ ചാർത്തിക്കൊടുത്ത വേഷങ്ങൾക്ക് പിന്നിലുള്ളത് 90 ശതമാനവും വ്യക്തിതാത്പര്യമല്ല മതസമുദായതാത്പര്യം തന്നെയാണ്. മുഖവും ഉടലും കണ്ടാൽ അന്യപുരുഷന് പീഢനോത്സുകത ഉണ്ടാവും എന്ന തരംതാണ ന്യായവാദം പുരുഷന്മാരെ ഒന്നടങ്കം തരംതാഴ്ത്തുകയാണെന്നുള്ളത് മറ്റൊരു വൈരുധ്യം..
വ്യക്തിയുടെ ഐഡിന്റിറ്റി പുറത്തുകാണിക്കാൻ മതം അനുവദിക്കാതിരിക്കുമ്പോൾ പെണ്ണിന് ഇല്ലാതാകുന്ന ഒരുപാട് സോഷ്യൽസ്പേസുകൾ ഉണ്ട്. തന്റെ സ്വപ്നങ്ങളെ പോലും അവൾക്ക് ത്യജിക്കേണ്ടി വന്നേക്കാം. സ്വയം തിരിച്ചറിയപ്പെടാതിരിക്കുക എന്നത് ഒരു ബാങ്കിലോ സ്കൂളിലോ അധ്യാപനമേഖലയിലോ വ്യവസായശാലയിലോ കോടതിയിലോ സർക്കാർ ഓഫീസിലോ, അതീവസുരക്ഷാപ്രാധാന്യമുള്ള ഇടങ്ങളിലോ ഒക്കെ തീർച്ചയായും അവളുടെ പ്രവേശനസാധ്യതകൾ (തൊഴിൽ സാധ്യതകൾ ഉൾപെടെ) കൊട്ടിയടക്കപ്പെടും.. മതത്തെ എത്രമാത്രം തേച്ചുമിനുക്കി നിലനിർത്താൻ ശ്രമിച്ചാലും ആധുനികതയുടെ ജനാധിപത്യസ്വരം അവയുമായി കൂട്ടിയുരസുകയും മതത്തിന് ഭീഷണിയാവുകയും ചെയ്യും (ശബരിമല വിധിയും തുടർസംഭവങ്ങളുമൊക്കെ ഉദാഹരണം)..
കെട്ടിയോൾ പണിക്ക് പോയിട്ട് വേണ്ട കുടുംബം പുലരാൻ എന്ന് പറയാൻ മാത്രം ഗോത്രീയസംസ്കാരബോധം ഉള്ളവരെ ഇന്നും ധാരാളമായി കാണാം. തട്ടമിട്ട് ഡാൻസ് കളിച്ചാലോ ബുർക്ക നിരോധിച്ചാലോ അമ്പലത്തിൽ ഋതുമതി കയറിയാലോ തിളയ്ക്കുന്ന രക്തം മദ്രസകളിലും കുമ്പസാരക്കൂട്ടിലും ആശ്രമങ്ങളിലും പെണ്ണ് പീഢിപ്പിക്കപ്പെടുമ്പോൾ ശാന്തമാവുന്നു.. ഇത്രമാത്രം ഇരട്ടത്താപ്പ് നിറഞ്ഞ ധാർമികതാണ് മതപൗരോഹിത്യത്തിന്റേത് എന്ന് തിരിച്ചറിയുക.. കിടപ്പറയിലെ കെട്ടിയോന്റെ സ്വകാരസ്വത്തവകാശത്തിനപ്പുറം, ജനാധിപത്യസമൂഹത്തിലെ വ്യക്തിയെന്ന നിലയിലുള്ള ഉന്നതമായ അംഗീകാരം സ്ത്രീക്ക് ലഭിക്കാൻ ഇനിയും നാം കാതമേറെ സഞ്ചരിക്കേണ്ടതുണ്ട്.
നാളിതുവരെയുള്ള വർഗസമരചരിത്രം ചൂഷകനും ചൂഷിതനും തമ്മിലെ സാമൂഹ്യബന്ധങ്ങളുടെ ചരിത്രം മാത്രമല്ല, സ്ത്രീയെ ലൈംഗികവസ്തുവായി വസ്തുവത്കരിക്കാനുള്ള പാട്രിയാർക്കിയൽ ചോദനകളുടെ ചരിത്രം കൂടി ഉൾച്ചേർന്നതാണ്. സ്വന്തം സത്തയെതന്നെ അന്യവത്കരിച്ചുകൊണ്ട് വീട്ടുമൂലയിൽ യന്ത്രസമാനരായി ഒതുങ്ങിക്കൂടുന്ന കാഴ്ച ഈ നൂറ്റാണ്ടിലെ ഏറ്റവും അപമാനകരമായ ദൃശ്യമാണ്. മാറ്റങ്ങളുടെയും നവോത്ഥാനമൂല്യങ്ങളുടെയും പുതിയ വെളിച്ചങ്ങൾ ജാതിമതഭേദമന്യേ നിരന്തരം തലമുറകൾക്കുമേൽ പതിയേണ്ടതുണ്ട്.

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...