ആഗോളതാപനവും പരിസ്ഥിതിപ്രശ്നങ്ങളും ദേശവ്യത്യാസമില്ലാതെ മനുഷ്യരാശിയെ ഒന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാണുന്നത്. അന്താരാഷ്ട്രചർച്ചകളിൽ മാത്രം ഇടംപിടിച്ചിരുന്ന കാലാവസ്ഥാവ്യതിയാനം പോലുള്ള വിഷയങ്ങൾ ഇന്ന് നമ്മൾ മലയാളികളും അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനുശേഷം വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മരണങ്ങളും നാശനഷ്ടങ്ങളും ആവർത്തിക്കപ്പെടുന്നു. ഭൂമിയിലെ 20% ഓക്സിജനും പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺ കത്തിനശിക്കുന്നു. മനുഷ്യരാശിയുടെ ഭാവി നേരിടാൻപോകുന്നത് പ്രവചനാതീതമായ പ്രതിസന്ധികളെയാണ്..
എല്ലാ പരിസ്ഥിതിഭീഷണികളുടെയും മൂലകാരണം മനുഷ്യനാണെന്ന് പറയാനാവില്ല. കാരണം ഭൂകമ്പങ്ങളിലൂടെയും കാലാവസ്ഥാമാറ്റങ്ങളിലൂടെയും മറ്റ് ദുരന്തങ്ങളിലൂടെയും മുമ്പും ധാരാളം സ്പീഷീസുകൾ നശിക്കുകയോ നാമാവശേഷമാവുകയോ ചെയ്തിട്ടുണ്ട്. പ്രകൃത്യാലുള്ള പ്രതിഭാസങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളിലേക്ക് നയിക്കാറുണ്ട്. ഉദാ: അഗ്നിപർവ്വതസ്ഫോടനങ്ങൾ, ഭൂമികുലുക്കങ്ങൾ( ഭൂമിയിലെ പ്ലേറ്റോണിക് ചലനങ്ങൾ മൂലം), ഭൂമിയുടെ പരിക്രമണപാതയിലെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വ്യതിയാനങ്ങൾ( ഇത് ഒരു ലക്ഷം വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്നതാണ്). എന്നാൽ ഇത്തരം സ്വാഭാവികപ്രകൃതിദുരന്തങ്ങളുടെ തീവ്രതയെയും അവ മൂലമുള്ള നാശനഷ്ടങ്ങളെയും കുറയ്ക്കാൻ മനുഷ്യന് കഴിയും..
1800കളിലെ വ്യവസായവിപ്ലവാനന്തരം മനുഷ്യൻ നടത്തിയിട്ടുള്ള ഇടപെടലുകൾ പരിസ്ഥിതിമാറ്റങ്ങളെ കൂടുതൽ പ്രതികൂലമാക്കി തീർത്തു എന്നതാണ് സത്യം. ഒരു തിരിച്ചുപോക്കിന് ഇടനൽകാത്തവിധം കാർബൺ എമിഷനും ആഗോളതാപനവും ഭീഷണികളായി മാറുന്നു. ഹരിതഗൃഹപ്രഭാവം, വായു-ജലമലിനീകരണം, ഓസോൺ ശോഷണം, അമ്ലമഴ, വനനശീകരണം, മരുവൽകരണം ,ജൈവവൈവിധ്യനാശം, ജനസംഖ്യാപെരുപ്പം മൂലമുള്ള പ്രശ്നങ്ങൾ, ആണവമാലിന്യങ്ങൾ എന്നിങ്ങനെ ഭീഷണികൾ നിരവധിയാണ്. വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയവ പ്രകൃതിയാൽ സംഭവിക്കുന്നതാണെങ്കിൽ പോലും അശാസ്ത്രീയമായ മനുഷ്യഇടപെടൽ അതിന്റെ തീവ്രത വർധിപ്പിക്കും.
ഇവിടെ മാറേണ്ടത് പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനമാണോ എന്നൊരു ചോദ്യമുണ്ട്.. അത് മാറുക സാധ്യമല്ല, കാരണം നിലനിൽക്കുന്ന മുതലാളിത്തസമ്പദ്ഘടന അതിന് അനുവദിക്കുന്നില്ല എന്നത് തന്നെ. ദീർഘകാലത്തെ സുസ്ഥിരതയല്ല, കുറഞ്ഞ സമയം കൊണ്ടുള്ള ലാഭക്ഷമതയാണ് മുതലാളിത്തഉത്പാദന വ്യവസ്ഥയുടെ അടിസ്ഥാനം. ലാഭമാണ് അതിന്റെ പ്രചോദനം. ലാഭവർധനയിൽ മാത്രം അധിഷ്ഠിതമായ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം മനുഷ്യാധ്വാനവും പ്രകൃതിയും സമ്പത്ത് ചുരത്തുന്ന കേവലസ്രോതസുകൾ മാത്രമാണ്. ഈ തിരിച്ചറിവിലാണ് മുതലാളിത്തവിരുദ്ധതയും പരിസ്ഥിതിസംരക്ഷണവും ഒന്നായിമാറുന്നതും എക്കോസോഷ്യലിസം പോലുള്ള ആശയങ്ങൾ പ്രതീക്ഷ നൽകുന്നതും.
IPCC (Intergovernmental Panel on Climate Change) 2008ലെ റിപ്പോർട്ടിലെ കൗതുകകരമായ ഒരു വസ്തുതയുണ്ട്. ലോകത്തെ കാർബൺ പുറന്തള്ളലിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കയും ചൈനയും ഇന്ത്യയുമൊക്കെ ഉൾപെടെയുള്ള വികസിത- വികസ്വരരാജ്യങ്ങളെ പോലെ മറ്റ് അവികസിതരാജ്യങ്ങളും വികാസം പ്രാപിച്ചിരുന്നെങ്കിൽ ഭൂമിയിൽ ഇന്ന് ജീവൻ അവശേഷിക്കുമായിരുന്ധില്ല. മൂന്നാം ലോകദരിദ്രരാജ്യങ്ങളുടെ പിന്നോക്കാവസ്ഥയാണ് ആഗോളപരിസ്ഥിതിയുടെ സംന്തുലനാവസ്ഥയെ ബാക്കിനിർത്തുന്നത് എന്ന് സാരം. ലോകമെമ്പാടും ഒരാളുടെ പ്രതിശീർഷകാർബൺ പുറന്തള്ളൽ 2 ടൺ ആയിരിക്കുമ്പോൾ, അമേരിക്കയിൽ ഇത് 2.7 ടൺ ആണ്. ചൈനയാണ് ഇന്ന് ഒന്നാംസ്ഥാനത്ത്. ലോകവിപണികൾ കീഴടക്കാനുള്ള മത്സരപ്പോരാട്ടത്തിൽ മുതലാളിത്തരാജ്യങ്ങൾ വരുത്തിവെക്കുന്ന ഇത്തരം ഭീമമായ പരിസ്ഥിതിയാഘാതങ്ങൾ ഒരുപക്ഷേ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക ഭൂരിപക്ഷംവരുന്ന ദരിദ്രരാഷ്ട്രങ്ങളെയും ജനങ്ങളെയുമായിരിക്കും.
സാധാരണക്കാരന് പ്രളയവും വരൾച്ചയും സമ്മാനിക്കുക മരണമോ നരകതുല്യമായ ജീവിതമോ തന്നെയാണ്. പ്രകൃതിദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ വീണ്ടും ജനങ്ങൾ താമസത്തിനായ് ചേക്കേറാൻ കാരണവും അവരുടെ ജീവിതസമ്മർദ്ദങ്ങളും സാമ്പത്തികഭാരങ്ങളും തന്നെയാണ്. മുതലാളിത്തത്തിലെ കച്ചവടമൂല്യത്തിൽ പാരിസ്ഥിതിക മൂല്യം എന്നൊന്ന് അസംഭവ്യമാണ്. കാരണം പരിസ്ഥിതിയുടെ നിലനിൽപും ഭൂസംരക്ഷണവും ആവാസവ്യവസ്ഥയുമൊന്നും ഒരു കോർപറേറ്റ് മുതലാളിയുടെ നയചർച്ചകളിൽ ഇടം നേടേണ്ട ആവശ്യമില്ല, അത്തരം പ്രവർത്തനങ്ങൾ അയാൾക്ക് യാതൊരു ലാഭവും പ്രദാനം ചെയ്യുന്നുമില്ല. വികസിതമുതലാളിത്ത രാജ്യങ്ങളിലെ ഉത്പാദനം മൂന്നാംലോകരാജ്യങ്ങളിലേക്ക് കയറ്റിയയക്കുകവഴി മലിനീകരണവും വിഭവചൂഷണവും കൂടി ആഗോളവത്കരിക്കപ്പെടുകയാണ് ചെയ്യുക. ഇങ്ങനെ കുന്നുകൂടുന്ന ലാഭവരുമാനം ഉപയോഗിച്ച് സമ്പന്നരാഷ്ട്രങ്ങൾ സ്വയം മോടിപിടിപ്പിക്കുകയും ദരിദ്രർക്ക് ചേരികളിലെ ദുർഗന്ധവും പകർച്ചാവ്യാധികളും ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു.
എന്നാൽ ആഗോളതാപനം പോലുള്ള ഭീഷണികളിൽ നിന്നും സമ്പന്നരാഷ്ട്രങ്ങളും മുക്തമല്ല. മുതലാളിത്തത്തിന്റെ വിജയനിർവചനം പോലും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം എന്നതാണ്, ദീർഘകാലത്തെ സുസ്ഥിരതയും എല്ലാവിഭാഗങ്ങളുടെയും ക്ഷേമവുമല്ല. ഉപയോഗമൂല്യം ഇല്ലാത്ത ചരക്കുകൾക്ക് പോലും കൃത്രിമമായി മൂല്യം സൃഷ്ടിക്കാൻ മുതലാളിത്തത്തിനാവും. ഗണ്യമായ തോതിലുള്ള ഉത്പാദനം പരിസ്ഥിതിയെ ചൂഷണം ചെയ്തും മാലിന്യഭീഷണിയുണ്ടാക്കിയും മാത്രമേ സാധ്യമാവൂ. ഉത്പാദനം എന്നാൽ മനുഷ്യരാശിക്ക് അനിവാര്യമായ ഉത്പാദനമല്ല. ആയുധ- യുദ്ധോപകരണനിർമാണത്തിനും വാങ്ങിക്കൂട്ടലിനുമായി ലോകത്ത് എല്ലാരാഷ്ട്രങ്ങളും മത്സരാത്മകമായി ശ്രമിക്കുന്നുണ്ട്. യുദ്ധോത്സുകതയോടൊപ്പം വമ്പിച്ച മലിനീകരണവും ആണവമാലിന്യം പോലുള്ള ഭീഷണികളും ചൂഷണവും വർധിക്കുന്നു. ജനങ്ങൾക്കായ് പ്രത്യേകിച്ച് ഉപയോഗമൂല്യമോ ക്ഷേമമൂല്യമോ ഇവ ഉൾക്കൊള്ളുന്നില്ല, മറിച്ചുള്ളതോ നശീകരണം മാത്രമാണ്. ലാഭാധിഷ്ഠിതവും സങ്കുചിതവുമായ ഈ സാമ്പത്തിക- സാമൂഹ്യവ്യവസ്ഥയിൽ നിന്നുകൊണ്ടുള്ള പരിസ്ഥിതി വിമോചനചർച്ചകൾ പലപ്പോഴും പ്രഹസനം മാത്രമാകുന്നതാണ് കുറേകാലങ്ങളായി കാണാൻ കഴിയുന്നത്..
******#ആഗോളതാപനവും_കാലാവസ്ഥാപ്രതിസന്ധിയും_ചില_യാഥാർത്ഥ്യങ്ങൾ ********
ഉത്പാദനശാലകൾ വഴിയും വാഹനങ്ങളിലൂടെയും മറ്റും അന്തരീക്ഷത്തിലെത്തുന്ന കാർബൺ അളവ് വളരെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ. മനുഷ്യൻ നാഗരികതയിലേക്ക് കടക്കുമ്പോൾ അന്തരീക്ഷത്തിൽ കാർബൺ ഗാഢത 200ppm ആയിരുന്നത് 1900ൽ 390 ppm ആയി ഉയർന്നു. ഇന്നത് 400നു മുകളിലാണ്. അപകടകരമായ സ്ഥിതിവിശേഷമാണത്. സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന ഇൻഫ്രാറെഡ് രശ്മികൾ ഭൗമോപരിതലത്തിൽ തട്ടി പ്രതിഫലിക്കുകയും അന്തരീക്ഷത്തിലൂടെ തിരിച്ച് ബഹിരാകാശത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ഇൗ താപരശ്മികളെ ഒരു പരിധിവരെ പിടിച്ചുനിർത്താനും അന്തരീക്ഷതാപനില വർധിപ്പിക്കാനും CO2, നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾക്ക് കഴിയും. ഹരിതഗൃഹവാതകങ്ങൾ ദോഷകരമല്ല, മറിച്ച് ഭൂമിയിൽ ജീവനാവശ്യമായ താപനില നിലനിർത്താൻ ഇത് അനിവാര്യമാണ്. എന്നാൽ ഇവയുടെ അളവ് വർധിക്കുന്തോറും താപനിലയും ഉയരാൻ കാരണമാകുന്നു.
കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ തുലോം കുറവാണ്. ഇവയുടെ അളവ് 1% ആയാൽ പോലും ഭൂമിയിലെ ശരാശരി താപനില 100 ഡിഗ്രി സെൽഷ്യസിന് മുകളിലാകും. കാർബൺ എമിഷനും താപനിലവർധനയും ധ്രുവങ്ങളിലെ മഞ്ഞുരുകാനും സമുദ്രനിരപ്പുയരാനും താപതരംഗങ്ങൾ, മരുവത്കരണം തുടങ്ങിയ പ്രതിഭാസങ്ങൾക്കും കാരണമാകും. സമുദ്രനിരപ്പിന് താഴെയുള്ള ദ്വീപ് രാഷ്ട്രങ്ങൾ, തീരദേശങ്ങൾ തുടങ്ങിയവയുടെ നിലനിൽപ് പരുങ്ങലിലാവുന്നു. കൃഷിയിടങ്ങളെ ഗണ്യമായ തോതിൽ കാലാവസ്ഥാവ്യതിയാനം നശിപ്പിക്കും. പല ജീവിവർഗങ്ങളും വംശനാശത്തിലൂടെ അപ്രത്യക്ഷമാവുകയാണെന്നും ഇത് തുടരുമെന്നുമാണ് IPCC അടക്കമുള്ളവയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഹരിതഗൃഹവാതങ്ങളുടെ ഉത്സർജനം തടഞ്ഞാൽ പോലും കാലാവസ്ഥാവ്യതിയാനം തുടരുന്ന സ്ഥിതിയാണ്. അപകടകരമായ വസ്തുതയെന്തെന്നാൽ പരിധികൾ ലംഘിച്ചുകഴിഞ്ഞൊൽ പിന്നീട് ഒരു തിരിച്ചുപോക്ക് ഇല്ലാത്തവണ്ണം ആഗോളതാപനം നിത്യയാഥാർത്ഥ്യമാവുമെന്നതാണ്.
ആഗോളതാപനഫലമായി ഉയരുന്ന ചൂടിന്റെ 80% സമുദ്രങ്ങളാണ് ആഗിരണം ചെയ്യുക. സമുദ്രങ്ങളുടെ 3000 m ആഴപ്രദേശങ്ങൾ വരെ ചൂടുപിടിക്കാനും വൻകരകളുടെ കാലാവസ്ഥകൾ നിർണയിക്കുന്ന സമുദ്രജലപ്രവാഹങ്ങളെയും അന്താരാഷ്ട്ര -പ്രാദേശികവാതങ്ങളെയും സ്വാധീനിക്കാനും ഇതിന് കഴിയും. കേരളത്തിൽ നടന്ന പ്രളയദുരന്തത്തിന്റെ മുഖ്യകാരണം പോലും കുറഞ്ഞ സമയം കൊണ്ട് അമിതമായ തോതിൽ പെയ്ത മഴയാണ്. ഇത് മൺപാളികൾക്ക് താങ്ങാതെ വരുന്നതിന്റെ അനന്തരഫലമാണ് ഉരുൾപൊട്ടലും മറ്റും.
ലോകത്തെ എല്ലാ ഉത്പാദനപ്രവർത്തനങ്ങളും നിർത്തിവെച്ചാൽ പോലും അന്തരീക്ഷശരാശരി താപനില 0.1 ഡിഗ്രി ഉയരുമെന്നതാണ് അടുത്തകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുക അതിന്റെ കാരണക്കാരായ സമ്പന്നരെയോ മധ്യവർഗത്തെയോ അല്ല, ദരിദ്രരിൽ ദരിദ്രരെ ആയിരിക്കും എന്ന് IPCC പറയുന്നു. 1961 മുതൽ പ്രതിവർഷം 1.8mm വരെ സമുദ്രജലനിരപ്പുയരുന്നു. ഒരേ സമയം വരൾച്ചയും വെള്ളപ്പൊക്കവും സാധാരണമാകുന്നു. ഹിമാനികൾ ഉരുകുകയും ട്രോപ്പിക്കൽ സൈക്ലോണുകളുടെ തീവ്രത വർധിക്കുകയും ചെയ്യുന്നു.
കാർബൺ എമിഷന്റെ അനന്തരഫലങ്ങൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാവും പ്രകടമാവുക. നമ്മളുടെ പിഴവുകൾക്ക് വില നൽകേണ്ടിവരിക ഭാവിതലമുറയാവുമെന്ന് സാരം. താപനിലവർധനയും അമ്ലമഴയും പോലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറിയ തോതിലും വർധിക്കുന്നത് CO2, N2O എന്നിവയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം കാർബൺ ഡയോക്സൈഡ് ഉത്സർജനത്തെ വർധിപ്പിക്കുമ്പോൾ മീഥെയ്ൻ ഉത്പാദനത്തിന് പ്രധാനകാരണമായി പറയുന്നത് പാലിനും മാംസത്തിനും വേണ്ടിയുള്ള മൃഗപരിപാലനം ആണ്. 2014 WHO പഠനറിപ്പോർട്ട് പ്രകാരം 2012ൽ 70 മില്ല്യൻ ആളുകളുടെ മരണത്തിന് കാരണമായി വായുമലിനീകരണത്തെ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാവ്യതിയാനത്തിന് പരിഹാരമാർഗങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും കോർപ്പറേറ്റ് സംഘടനകളും അവരുടെ താത്പര്യസംരക്ഷകരായ ഗവൺമെന്റുകളുമൊക്കെ അതിന് വലിയ പ്രാധാന്യം നൽകാറില്ല. 1997ലെ ജപ്പാനിൽ വെച്ച് ഒപ്പിട്ട ക്യോട്ടോ ഉടമ്പടിയെ അമേരിക്കയും കാനഡയും ഉൾപെടെയുള്ള രാജ്യങ്ങൾ എതിർക്കുകയും അതിൽ നിന്ന് പിൻമാറുകയും ചെയ്തു. കാർബൺ എമിഷൻ വർധന ഇല്ലാതാക്കുക എന്ന ക്യോട്ടോ ഉടമ്പടി ലക്ഷ്യം എങ്ങുമെത്തിയില്ല. 2015ലെ പാരീസ് ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ചേർന്നെടുത്ത കൂട്ടായ തീരുമാനം 2030 മുതൽ 2050 വരെയുള്ള കാലയളവിൽ അന്തരീക്ഷതാപനില വർധന 1.5%ൽ കവിയരുത് എന്നാണ്. ഇതിൽ പിന്നീട് വികസിതരാജ്യങ്ങളുടെ സമ്മർദ്ദം മൂലം വിട്ടുവീഴ്ച നടത്തുകയും 2%നുതാഴെ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവിച്ചതോ, ട്രംപ് അധികാരത്തിലേറിയ ശേഷം കരാറിൽ നിന്നും ഏകപക്ഷീയമായി യുഎസ് പിൻമാറി. മറ്റ് രാജ്യങ്ങളും ഇന്നിത് കാര്യമായിട്ടെടുത്തിട്ടില്ല. 1.5% മാത്രമായി താപനിലാവർധന ഒതുക്കണമെങ്കിൽ CO2 ഉത്സർജനം ഇപ്പോഴുള്ളതിന്റെ 45% ആയികുറയ്ക്കണം. വർത്തമാനകാല സാമ്പത്തികലാഭങ്ങൾ മാത്രം ലക്ഷ്യമിടുന്ന നേതാക്കൾക്കും മുതലാളിമാർക്കും ഇത് അസ്വീകാര്യം തന്നെയാണ്.
പരിസ്ഥിതി- കാലാവസ്ഥ സുസ്ഥിരതയ്ക്കും സുരക്ഷിതമായ ഭാവിക്കും വേണ്ടിയുള്ള ഏതൊരു ഉദ്യമവും നവലിബറൽ തത്വങ്ങളും തീവ്രവലതുപക്ഷശക്തികളും മേൽക്കോയ്മ നേടുന്ന ലോകത്ത് നിരർത്ഥകമായി മാറുന്നു. ഇതിന്റെ അടുത്തകാല തെളിവാണ് ആമസോണിലെ തീപിടുത്തം. തീയണയ്ക്കാനും പഴയസ്ഥിതി വീണ്ടെടുക്കാനുമുള്ള G7 രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ അഭ്യർത്ഥനകളെയും നിരസിക്കുകയാണ് ബ്രസീലിലെ തീവ്രവലതുഭരണാധികാരിയായ ജയർ ബോർസൊണാരോ. വനങ്ങൾ വെട്ടിത്തെളിച്ച് കൃഷി വ്യാപിപ്പിക്കാനും പ്രകൃതിസമ്പത്ത് മുഴുവനായി വിനിയോഗിക്കാനുമുള്ള നിലപാടുകളുള്ള സർക്കാരാണത്. അമസോൺ ചെറുവനങ്ങളിൽ സർക്കാർ അനുവാദത്തോടെ തീയിടുന്നതാണ് പ്രധാനമായും കാട്ടുതീ വ്യാപിക്കാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു.
കോർപ്പറേറ്റുകളുടെ സാമ്പത്തികനേട്ടങ്ങൾക്കും വിഭവങ്ങളെ കരുതലോ സംരക്ഷണമോ കൂടാതെ നിർബാധം ചൂഷണം ചെയ്യുന്നതിനും ഉത്പാദനവളർച്ചയ്ക്കും മാത്രം പ്രാധാന്യം നൽകുന്ന ആഗോളമുതലാളിത്തം നിലവിലെ പരിസ്ഥിതി- കാലാവസ്ഥാഭീഷണികളെ ചെറുക്കുന്നതിൽ പരാജയമാണെന്നതിന്റെ തെളിവാണത്. പരിസ്ഥിതിയെയും മനുഷ്യാധ്വാനത്തെയും ഒരുപോലെ ചൂഷണമുതലാക്കുന്ന വ്യവസ്ഥിതി ഇല്ലാതാക്കാനും സുസ്ഥിരവും നീതിപൂർവ്വവുമായ വികസനം സാധ്യമാക്കാനും കഴിയുന്ന നവസോഷ്യലിസ്റ്റ് സമീപനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...