ആഗോളമുതലാളിത്തത്തെ പ്രീതിപ്പെടുത്തുന്ന കോർപ്പറേറ്റ് അനുകൂല രാഷ്ട്രീയമാണ് ഒട്ടുമിക്ക ഗവൺമെന്റുകളും പിന്തുടരുന്നത്.. ഭരണകൂടങ്ങളും ഭരണകക്ഷിപാർട്ടികളുമായി മുതലാളിത്തം കൈകോർക്കുന്നു.. ആഗോളസ്വഭാവമുള്ള മുതലാളിത്തത്തെ എതിർത്തുനിൽക്കാൻ ദേശീയതലത്തിൽ ഒതുങ്ങിനിൽക്കുന്ന ഭരണകൂടങ്ങൾക്ക് പരിമിതിയുമുണ്ട്. അവയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ രാജ്യാന്തരപ്രവാഹത്തെ തടയാനാകില്ല..
സ്വാശ്രയവികസനം, സ്വയംപര്യാപ്തത, പൊതുജനക്ഷേമം, സാമ്പത്തികദേശീയത എന്നിവയെല്ലാം ഭരണകൂടം വിസ്മരിക്കും. ഇടതുപക്ഷനയങ്ങൾ പരസ്യമായി എഴുതിതള്ളപ്പെടും. ഗവൺമെന്റുകൾ അവരുടെ ചെലവുകൾ(സബ്സിഡികൾ, ക്ഷേമഫണ്ടുകൾ, പെൻഷനുകൾ, തുടങ്ങിയവ ) വെട്ടിക്കുറയ്ക്കും
സാമ്പത്തികമേഖലയിൽ നിന്നും ഗവൺമെന്റ് പരമാവധി ഒഴിഞ്ഞുമാറും. ഉപ്പുമുതൽ കർപൂരം വരെ ജനങ്ങൾക്കെത്തിക്കേണ്ടത് സ്വകാര്യമുതലാളിമാരാണെന്ന സ്ഥിതിയുണ്ടാകും. രാജ്യത്തിലെ വിപുലമായ മാർക്കറ്റ് പൂർണമായും കുത്തകകൾക്ക് വിട്ടുകൊടുക്കും.
കോർപറേറ്റ് നികുതികൾ കുറയും. കുത്തകമുതലാളിമാരുടെ നികുതികുടിശ്ശികകളും കിട്ടാക്കടങ്ങളും എഴുതിത്തള്ളും..
സ്വകാര്യനിക്ഷേപത്തിനും സ്വതന്ത്രവ്യാപാരത്തിനുമുള്ള സകല നിയന്ത്രണങ്ങളും ഇല്ലാതാക്കും. പൊതുനിക്ഷേപം വെട്ടിച്ചുരുക്കുകയും പൊതുഓഹരികൾ വിറ്റഴിച്ച് സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയും ചെയ്യും. ഭരണകൂടങ്ങൾ പൂർണമായും കുത്തകകളുടെ പാദസേവകരായി മാറുന്ന സ്ഥിതിയിലേക്ക് ലോകം നീങ്ങും..
സാമ്പത്തികവളർച്ച എന്ന ഭരണകൂടത്തിന്റെ പൊള്ളത്തരം..
ഇന്ന് മിക്ക രാഷ്ട്രീയക്കാരും പൊതുവേ പറയാറുള്ള വാക്കാണ് സാമ്പത്തികവളർച്ച. വികസിതരാജ്യങ്ങൾ തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടുന്ന സൂചകവും സാമ്പത്തികവളർച്ച തന്നെ.. ഇന്ത്യയും ഇക്കാര്യത്തിൽ മുൻനിരയിലാണ്. പക്ഷേ എന്താണ് സാമ്പത്തികവളർച്ച? ഒരു രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനമാണിത്.. GDP (Gross Domestic Product) എന്നും നമ്മൾ ഇതിനെ വിളിക്കുന്നു.
എന്നാൽ ഇത് ആ രാജ്യത്തിന്റെ ജനജീവിത യാഥാർത്ഥ്യം പുറത്തുകാണിക്കുന്നുണ്ടോ..? ഇല്ല തന്നെ.. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും (ഇന്ത്യ പ്രത്യേകിച്ചും) നടക്കുന്നത് തൊഴിൽരഹിത സാമ്പത്തികവളർച്ചയാണ്. അതായത് ഉത്പാദനം നടക്കുന്നുണ്ട്. പക്ഷേ തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. തൊഴിൽശക്തി അവഗണിക്കപ്പെടുന്നു.
സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുന്നുണ്ട്. പക്ഷേ ജനങ്ങൾ വ്യാപകമായി ദാരിദ്യ്രത്തിലേക്ക് നീങ്ങുന്നു.
ഡിജിറ്റൽവത്കരണവും ഉത്പാദനവും കോർപറേറ്റുകളുടെ ലാഭവും കുത്തനെ ഉയരുന്നു. പക്ഷേ തൊഴിലില്ലായ്മ ഒരു പ്രശ്നമായി നിലനിൽക്കുന്നു. ദരിദ്രനും സമ്പന്നനും തമ്മിലെ അന്തരം വർധിക്കുന്നു..
സ്വദേശവിദേശനിക്ഷേപങ്ങൾ വർധിക്കുന്നു.. അതേസമയം ഭൂരിപക്ഷം ജനങ്ങളും അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ വലയുന്നു. പരിസ്ഥിതിയും ആവാസവ്യവസ്ഥയും മരണത്തിലേക്ക് നീങ്ങുന്നു..
വികസനം എന്ന് നാഴികയ്ക്ക് നാൽപത് വട്ടം രാഷ്ട്രീയകക്ഷികൾ പുലമ്പിക്കൊണ്ടിരിക്കുമ്പോൾ അത് ആരുടെ വികസനം എന്ന് പ്രത്യേകം ഓർക്കണം.. മുതലാളിത്തത്തിന്റെ ആഗോളവത്കരണയുഗത്തിൽ വികസനം എന്നത് കോർപറേറ്റുകളുടെയും അവരുടെ ആജ്ഞാനുവർത്തികളായ ഭരണകർത്താക്കളുടെയും പോക്കറ്റിന്റെ വികസനമാണ്.. ജനജീവിതം ദുരിതമയം തന്നെ.. വികസനം ആരംഭിക്കേണ്ടത് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ കുടിലിൽ നിന്നാവണമെന്ന തത്വം വിസ്മരിക്കപ്പെടുകയാണ്..
അടിസ്ഥാനസൗകര്യവികസനവും നിക്ഷേപങ്ങളും..
പൊതുവേ നമ്മുടെ വലതുരാഷ്ട്രീയപ്പാർട്ടികൾ ധരിച്ചുവെച്ചിരിക്കുന്ന ഒരു ധാരണയുണ്ട്. സ്വകാര്യമൂലധനശക്തികളുടെ സഹായമില്ലാതെ വികസനം അസാധ്യമാണ്. പൊതുഉടമസ്ഥതയിൽ നടപ്പാക്കുന്നത് പഴഞ്ചൻഏർപ്പാടും ദേശസാൽക്കരണം, സോഷ്യലിസം തുടങ്ങിയ നയപരിപാടികൾ ഉട്ടോപ്യനുമാണ്. സർവതിനും വിദേശനിക്ഷേപം കൂടിയേ തീരൂ.. രാഷ്ട്രീയക്കാരും ജനങ്ങളും ഒരുപോലെ ഇത് വിശ്വസിക്കുന്നു.
വിദേശനിക്ഷേപം ആകർഷിക്കുന്നതിനു പിന്നിൽ ചില നല്ല ലക്ഷ്യങ്ങളുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഉത്പാദനം വർധിപ്പിക്കുക, വളർച്ച നേടുക, ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാധനസേവനങ്ങൾ , നികുതിവരുമാനം.. തുടങ്ങിയവയാണവ. വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ മുന്നോടിയായി നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കണം. അടിസ്ഥാനസൗകര്യവികസനമെന്നാൽ വൻഅഴിമതികൾക്കുള്ള വിളനിലങ്ങൾ കൂടിയാണ്..
വിദേശ- അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയെടുത്തും പശ്ചാത്തലവികസനം നടത്താൻ മൂന്നാം ലോകരാജ്യങ്ങൾ മത്സരിക്കുന്നു.. എന്നാൽ തുടർന്ന് കടക്കെണിയിലാകുന്ന രാജ്യങ്ങളെ അതിന്റെ പേരിൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിക്കാൻ ഇത്തരം ബൂർഷ്വാസ്ഥാപനങ്ങൾ ശ്രമിക്കുന്നു. തങ്ങളുടെ നയങ്ങൾ അവർ ഈ രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുന്നു.. കടം വാങ്ങിയ രാജ്യങ്ങൾ നിലനിൽപിനായി തങ്ങളുടെ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതി നവഉദാരവത്കരണത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് സംഭവിച്ചത് ഇതാണ്.
വിദേശനിക്ഷേപം എന്ന വ്യാമോഹം..
അടിസ്ഥാനസൗകര്യവികസനത്തിലൂടെ വമ്പിച്ച തോതിൽ വിദേശനിക്ഷേപം ഒഴുകുമെന്നാണ് എല്ലാ രാജ്യങ്ങളുടെയും ധാരണ. എന്നാൽ ഇത് വെറും വ്യാമോഹം മാത്രമാണ്. ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര മുതലാളിത്തസ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് രാജ്യങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു. ഈ വികസനത്തിലൂടെ വിദേശനിക്ഷേപം ഒഴുകുമെന്നും അതിലൂടെ രാജ്യങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാമെന്നും അവർ സ്വപ്നം കാണുന്നു.
രാഷ്ട്രീയപ്പാർട്ടികളും ഇത്തരം തെറ്റിദ്ദാരണ പരത്തുന്നു. അവരുടെ ഉദ്ദേശ്യം വികസനം എന്നതിനപ്പുറം അതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയനേട്ടവും അഴിമതിപ്പണവും ആണെന്നത് മറ്റൊരു കാര്യം. എന്നാൽ ഇവിടെ പലരും മനസിലാക്കാത്ത ഒരു എക്കണോമിക്സുണ്ട്. നിക്ഷേപം ഒരു പരിധി കഴിഞ്ഞാൽ ലാഭനിരക്കും ഉത്പാദനനിരക്കും കുറയും. മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥിരമൂലധനം കുത്തനെ പെരുകുമ്പോൾ മിച്ചമൂല്‌യം കൂടുമെങ്കിലും അതിന്റെ നിരക്ക് (മിച്ചമൂല്യം/മൂലധനം) കുറയും. മൂലധനം കുന്നുകൂടുന്നതു കൊണ്ടാണിത്. അതിനാൽ വമ്പിച്ച തോതിൽ എല്ലായിടത്തൂം നിക്ഷേപങ്ങൾ നടത്താൻ കമ്പനികൾ ശ്രമിക്കാറില്ല.
വിദേശനിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ ഭൂരിപക്ഷം രാജ്യങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. കടം വാങ്ങി വികസനം നടത്തിയ രാജ്യങ്ങൾ സമ്മർദ്ദത്തിലാകും. വികസിതരാജ്യങ്ങളുടെയും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെയും കമ്പോളതാത്പര്യങ്ങൾക്ക് വിധേയമായി ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങൾ നീങ്ങേണ്ടി വരും. വായ്പ നൽകിയ ബാങ്ക് ഓഹരി ഉടമകളായ മുതലാളിമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് യന്തോപകരണങ്ങളും സേവനങ്ങളും നൽകി കച്ചവടലാഭം നേടാനും മുതലാളിവർഗത്തിന് കഴിയും. കരാറുകൾ ഏറ്റെടുക്കുന്നതിലൂടെ ഭരണകക്ഷിയുമായി ചങ്ങാത്തത്തിലാകാനും സ്വാധീനത്തിലൂടെ കാര്യങ്ങൾ സാധിക്കാനും അഴിമതി നടത്താനും ഇവർക്ക് കഴിയുന്നു..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...