Wednesday, October 3, 2018

സാമ്രാജ്യത്വം..


സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ അന്തിമഘട്ടമാണെന്നാണ് ലെനിൻ പറഞ്ഞത്. എന്താണ് സാമ്രാജ്യത്വവും അതിന്റെ ഫലമായ കൊളോണിയലിസവും..?

മൂലധനം കുറച്ചു വ്യക്തികളുടെ കയ്യിൽ കുന്നുകൂടുകയും ഉത്പാദനം വർധിക്കുകയും ചെയ്യും. എന്നാൽ ഇവ വിറ്റുപോകണമെങ്കിൽ വലിയ മാർക്കറ്റുകൾ ആവശ്യമാണ് താനും. സ്വരാജ്യങ്ങളിൽ ലാഭം കുന്നുകൂടുന്നതോടെ മറ്റ് രാജ്യങ്ങളിലേക്കും ചരക്ക് കയറ്റിയയ്ക്കാൻ മുതലാളിത്തം ആർത്തി കാട്ടും.. എന്താണിതിന്റെ കാരണങ്ങൾ..?
1) പിന്നോക്ക രാജ്യങ്ങളിലെ കുറഞ്ഞ കൂലിനിരക്ക്.. കുറഞ്ഞ മൂലധനനിക്ഷേപം , തൊഴിലില്ലാത്തവരുടെ ലഭ്യത(കരുതൽസേന) എന്നിവ മറ്റ് രാജ്യങ്ങളിലും നിക്ഷേപവും ഉത്പാദനവും നടത്താൻ മുതലാളിത്തത്തെ പ്രേരിപ്പിക്കും..
2)ചുളുവിലയ്ക്ക് ഭൂമിയും മറ്റ് അസംസ്കൃതവസ്തുക്കളും കിട്ടുന്നതു മൂലം പിന്നോക്ക രാജ്യങ്ങളിലേക്ക് മുതലാളിത്തം ഒഴുകും. അവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് അസംസ്കൃതവസ്തുക്കൾ സ്വന്തമാക്കും. ഉത്പാദനം നടത്തിയുണ്ടാക്കുന്ന ചരക്കുകൾ കൂടിയ വിലയ്ക്ക് ഇവിടങ്ങളിൽ തന്നെ വിറ്റഴിക്കുകയും ചെയ്യാം.
3) തൊഴിലില്ലായ്മ വ്യാപകമായ പിന്നോക്ക രാജ്യങ്ങളിൽ മുതലാളിത്തം സുരക്ഷിതത്വവും സ്ഥിരതയും നേടും.. കുറഞ്ഞ കൂലിക്ക് പണിക്കാരെ നിയോഗിക്കാം. തൊഴിൽ നഷ്ടം ഭയന്ന് അവർ എന്ത് ചൂഷണവും സഹിക്കുകയും ചെയ്യും.
       
ചരക്കും മൂലധനവും രാജ്യാതിർത്തികൾ കടന്ന് ഒഴുകാൻ ആരംഭിച്ചു. യൂറോപ്യൻ ശക്തികൾ ഉദ്ഘാടനം ചെയ്ത ഈ കോളനിവത്കരണം ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ വൻകരകളിലും വ്യാപിച്ചു. അവിടങ്ങളിൽ തദ്ദേശീയ -ചെറുകിട ഉത്പാദനം മുഴുവൻ തകർന്നു. കോളനി രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളും തൊഴിലാളികളെയും ബൂർഷ്വാസി വൻതോതിൽ ചൂഷണം ചെയ്തു. അവരെ കൊള്ളയടിച്ചു. വില കൂടിയ ഉത്പന്നങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ചു.

  കഴിഞ്ഞില്ല.. കച്ചവടത്തിനു വന്നവർ രാഷ്ട്രീയത്തിലും ഇടപെടാൻ തുടങ്ങി. ഭരണം ബലാൽക്കാരമായും തന്ത്രപരമായും കയ്യടക്കി. സൈന്യത്തെ നിയോഗിച്ചു. ജനങ്ങളെ മുഴുവൻ അടക്കി ഭരിച്ചു. തങ്ങളുടെ മുതലാളിത്തചൂഷണം ഭംഗിയായി നടപ്പാക്കാനുള്ള ചട്ടുകമായി അവർ അധികാരത്തെ ഉപയോഗിച്ചു. സാമ്രാജ്യത്വവും കോളനിവത്കരണവും സർവവ്‌യാപിയായി മാറി..

വിപണി, ലാഭം, കുന്നുകൂടുന്ന മൂലധനം, വീണ്ടും വിപണി ഇതാണ് മുതലാളിത്തത്തിന്റെ മാർഗം.. ദേശങ്ങൾക്കതീതമായി വളർന്നുവ്യാപിക്കുകയും ഇതരസംസ്കാരങ്ങളെയും ജനങ്ങളെയും വിഴുങ്ങുകയും ചെയ്യുന്ന മുതലാളിത്തവ്യവസ്ഥയാണ് സാമ്രാജ്യത്വം.. അത് ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചതോടെ ഇല്ലാതായ ഒന്നല്ല, .. ഇന്നും അനായാസമായി തുടരുന്ന പ്രതിഭാസമാണ്.. മുതലാളിത്തത്തിന്റെ വാർദ്ധക്യരൂപമാണ് സാമ്രാജ്യത്വം.. സംശയമില്ല.. അത് കൊണ്ടുചെന്നെത്തിക്കുന്നത് വ്യവസ്ഥിതിയുടെ സർവനാശത്തിലേക്കായിരിക്കും..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...