Wednesday, October 3, 2018

മതനിരപേക്ഷത വാക്കിലൊതുങ്ങുമ്പോൾ...


ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.. ഒരാൾ നല്ല സസ്യഭുക്കാണ്. മറ്റേയാൾ തികഞ്ഞ മാംസപ്രിയനും.. രണ്ടുപേരും ഒരിക്കൽ അവരവരുടെ ഭക്ഷണരീതിയെ ചൊല്ലി തർക്കമായി. ഒരാൾ സസ്യാഹാരത്തെ അനുകൂലിച്ചും മറ്റേയാൾ എതിർത്തും തർക്കം മുറുകി. അവസാനം രണ്ടും രണ്ട് വഴിക്കായി.
നമ്മുടെ സസ്യഭുക്ക് നേരെ ചെന്ന് അയാളെ പോലെ കുറച്ചുപേരെ സംഘടിപ്പിച്ച് ഒരു പാർട്ടി ഉണ്ടാക്കി.. സസ്യാഹാരികളുടെ പാർട്ടി. മറ്റേ സുഹൃത്ത് പകരമായി മാംസഭുക്കുകളുടെ പാർട്ടിയും. രണ്ടുപേരും പരസ്പരം തർക്കിച്ചു.. പ്രസംഗിച്ചു. സസ്യാഹാരികൾ ഒന്നിച്ചുനിൽക്കണമെന്ന് ആദ്യത്തേ പാർട്ടി ആഹ്വാനം ചെയ്തു. മാംസഭുക്കുകളും അതുപോലെ തന്നെ. അവസാനം രണ്ടുപേരും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. സസ്യഭുക്ക് പ്രസ്ഥാനം ജയിച്ചു. അധികാരത്തിൽ വന്നു.
പ്രശ്നം തുടങ്ങുന്നതേയുള്ളൂ. രാജ്യം മുഴുവൻ സർക്കാർ മാംസാഹാരം നിരോധിച്ചു. മാംസം കഴിക്കുന്നവരെ ജയിലിലടച്ചു.. പ്രതിഷേധങ്ങളും കലാപങ്ങളും നടന്നു. വെട്ട്.. കുത്ത്.. ബോംബേറ്.. ആയിരങ്ങൾ മരിച്ചുവീണു.. രാജ്യം തകർന്നുതരിപ്പണമായി. കലിയടങ്ങാതെ കലാപങ്ങൾ ആളിക്കത്തി. രാജ്യം ചാമ്പലായി..അതും മനുഷ്യന്റെ വിശപ്പടക്കാനുള്ള സാധനത്തിന്റെ പേരിൽ..

ഇത് തന്നെയാണ് ഇന്നത്തെ അവസ്ഥ.. ആഹാരം സസ്യമായാലും മാംസമായാലും ജീവൻ നിലനിർത്താനാണ്. മതം ഓരോരുത്തരുടെയും ആത്മസുഖത്തിനും സംതൃപ്തിക്കും വേണ്ടിയാണ് താനും. ആഹാരത്തെ പോലെ തന്നെ മതവിശ്വാസവും നമ്മുടെ  സ്വകാര്യവിഷയങ്ങളാകേണ്ടതാണ്. എന്നാൽ ഇന്നോ ..? സസ്യാഹാരം, മാംസാഹാരം എന്നതിനുപകരം ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വ്യത്യാസമേയുള്ളൂ. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നു. തമ്മിൽ തല്ലുന്നു. ചാകുന്നു. ഇതാണോ അഭികാമ്യം..!??
മതം മുതലാളിത്തത്തെ നിലനിർത്തുന്നത് അത് ഇത്തരത്തിൽ മനസുകളിൽ ഭ്രാന്തമായി അള്ളിപ്പിടിക്കുമ്പോഴാണ്. മതങ്ങളോടുള്ള അമിതാഭിനിവേശവും അന്യമതവിദ്വേഷവും തൊഴിലാളിവർഗത്തെ അവന്റെ യഥാർത്ഥ പ്രശ്നങ്ങൾ കാണുന്നതിൽ നിന്നും മറച്ചുപിടിക്കുന്നു എന്നർത്ഥം..

മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ആവശ്യകത..

തൊഴിലാളിവർഗപാർട്ടിയിലുള്ളവർ എല്ലാവരും നിരീശ്വരവാദികളാകണമെന്ന് പലരും വാശി പിടിക്കാറുണ്ട്. തീർച്ചയായും കമ്മ്യൂണിസ്റ്റ് ദർശനം മതത്തിന് വിരുദ്ധമാണ്. എന്നാൽ മതത്തെ ഉപേക്ഷിച്ചവരെ മാത്രമേ കമ്മ്യൂണിസ്റ്പാർട്ടിയിൽ ഉൾപെടുത്താവൂ എന്ന വാദം തെറ്റാണ്. ദൈവമുണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് മനുഷ്യന്റെ പട്ടിണിയും ദാരിദ്യ്രവുമാണ് നമ്മുടെ അടിസ്ഥാനപ്രശ്നം..  മതങ്ങൾ വിപ്ലവത്തെ തടയുകയും മനുഷ്യനെ തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയെയാണ് മാർക്സിസം എതിർക്കുന്നത്.. മതം ചൂഷണോപാധിയായാൽ അതിനെ എതിർക്കുക തന്നെ വേണം.. സ്വർഗം മുകളിൽ വെച്ച് ദൈവം തരേണ്ടതല്ല, ഭൂമിയിൽ നാം കെട്ടിപ്പടുക്കേണ്ടതാണ്.

 ദുഃഖങ്ങളും ദുരിതങ്ങളും പ്രകൃതിയെക്കുറിച്ച് മനുഷ്യനുള്ള അറിവില്ലായ്മയും അവനെ മതവിശ്വാസിയാകാൻ പ്രേരിപ്പിക്കും. വിശപ്പും ചൂഷണവുമാണ് യഥാർത്ഥ പ്രശ്നമെന്നും അത് മാറാൻ പ്രാർത്ഥനയല്ല പ്രവർത്തനമാണ് ആവശ്യമെന്നും ബഹുജനങ്ങളെ ബോധവത്കരിക്കണം.മതം സ്വകാര്യവിഷയമായി ഒതുങ്ങണം. അത് രാഷ്ട്രീയത്തിൽ നിന്നും പൂർണമായി മാറിനിൽക്കണം.

 ജാതിമതരാഷ്ട്രീയത്തിൽ നിന്നും തൊഴിലാളിവർഗരാഷ്ട്രീയത്തിലേക്ക് ജനങ്ങളെ നയിക്കണം.. വിശ്വാസിയെന്നോ യുക്തിവാദിയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ ബഹുജനങ്ങളും ഒന്നിക്കണം. മതങ്ങളിൽ പുഴുക്കുത്തുകളുണ്ടെങ്കിൽ അത് തുടച്ചുമാറ്റി ജനങ്ങളെ ശുദ്ധീകരിക്കണം. വർഗീയതയ്ക്കും ജാതീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സമരം ചെയ്യണം. സാമ്പത്തികമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. ബ്രാഹ്മണനായാലും ദളിതനായാലും ജാതിയല്ല, വിശപ്പാണ് മുഖ്യമെന്ന് അവരെ പഠിപ്പിക്കണം..

 ഇത്തരത്തിലുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവശ്യം. മതപ്രീണനവും മതചിഹ്നങ്ങളും മറ്റും രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ലെന്ന് തിരിച്ചറിയാതെ അവർക്ക് രക്ഷയില്ല.. മതം ഉപയോഗിച്ചുള്ള രാഷ്ട്രീയം ബൂർഷ്വാസിയുടെ ആയുധമാണ്.. ജനങ്ങളെ അത് അന്ധരാക്കുകയേ ഉള്ളൂ..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...