മാർക്സ് ജീവിച്ചിരുന്ന ലോകത്ത് മുതലാളിത്തം പിച്ച വെച്ചുതുടങ്ങുന്ന ശിശു മാത്രമായിരുന്നു.. ആർക്കും മൂലധനം നിക്ഷേപിക്കാനും വ്യാപാരം നടത്താനും സാധിക്കുമായിരുന്നു.. മത്സരം വളരെ സ്വതന്ത്രമായിരുന്നു. ഉത്പാദനം അത്യധികം വികസിച്ച അവസ്ഥയിലും ആയിരുന്നില്ല.. ഒരു സ്വതന്ത്രമത്സരക്കമ്പോളമായിരുന്നു മുതലാളിത്തത്തിന്റെ ആദ്യരൂപം..കുത്തകകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല.
എന്നാൽ ലാഭത്തിനുവേണ്ടിയുള്ള കടുത്ത മത്സരം ചിലയിടത്ത് മൂലധനം കുന്നുകൂടാൻ ഇടയായി.. മറ്റ് വ്യവസായസംരംഭകരെ ഈ മൂലധനഭീമന്മാർ വിഴുങ്ങി.. കടുത്ത മത്സരം കമ്പോളത്തെ ചില വ്യക്തികളുടെ ആധിപത്യത്തിനു കീഴിലാക്കി.. സ്വതന്തമുതലാളിത്തം കാലക്രമേണ ബൃഹത്തായ കേന്ദ്രീകരണത്തിലേക്ക് വഴിമാറി.
ഒാരോ ചരക്കിന്റെയും ഉത്പാദനം മുഴുവൻ 1% പോലും വരാത്തവർ കയ്യടക്കി. ബാക്കിയുള്ളവർ മത്സരത്തിൽ പരാജയപ്പെട്ട് പിന്മാറുകയോ തങ്ങളുടെ സംരംഭങ്ങൾ വിൽക്കുകയോ ചെയ്തു. ഉത്പാദനം വികേന്ദ്രീകൃത- അവസ്ഥയിൽ നിന്നും കേന്ദ്രീകൃത ഉത്പാദനമായി മാറി. നൂറുകണക്കിന് എന്നതിനു പകരം വിരലിലെണ്ണാവുന്ന എണ്ണം കമ്പനികൾ കമ്പോളം കീഴടക്കി. മൈക്രോസോഫ്റ്റുകളും വാൾമാർട്ടുകളും അംബാനിമാരും ജന്മം കൊണ്ടു..
കുത്തകമുതലാളിത്തം-ചില സവിശേഷതകൾ...
1) മത്സരം ഇല്ലാതാകുന്നു. ഉത്പാദനം ചില കുത്തകകൾ കയ്യടക്കുന്നതോടെ അവരോട് പിടിച്ചുനിൽക്കാൻ ചെറിയ കമ്പനികൾക്ക് കഴിയാതെ വരുന്നു. കമ്പോളം മുഴുവൻ തന്റെ കൈപ്പിടിയിലാക്കുന്നതോടെ ശക്തമായ മത്സരമൊന്നും കുത്തകമുതലാളിക്ക് നേരിടേണ്ടി വരുന്നില്ല.
2) ജനങ്ങളെ അടിമകളാക്കും. ശക്തരായ മറ്റ് ഉത്പാദകർ ഇല്ലാതാകുന്നതോടെ ജനം കുത്തകകളുടെ ഉത്പന്നം വാങ്ങാൻ നിർബന്ധിതരാകും. അവരുടെ മുന്നിൽ മറ്റ് ഓപ്ഷൻസ് ഇല്ലാതാകും എന്നർത്ഥം.
3)കുത്തകഉത്പന്നങ്ങളുടെ വില കൂടും. ഒരു പ്രത്യേക ഉത്പാദനമേഖല മുഴുവൻ കൈപ്പിടിയിലാക്കിയതിനാൽ തോന്നിയതുപോലെ വില കൂട്ടാൻ മുതലാളിക്ക് കഴിയും. സാധനസപ്ലൈ കുറച്ചുകൊണ്ടാണിത്. മറ്റ് മുതലാളിമാർ പിന്തള്ളപ്പെടും. കമ്പോളം മുഴുവൻ കയ്യടക്കിയ കുത്തകകൾ അവരുടെ സപ്ലൈ കുറയ്ക്കുമ്പോൾ സാധനവില ഭീമമാകും. ജനം ഇത് വാങ്ങാൻ നിർബന്ധിതരാകും.
4)ജനങ്ങളുടെ അഭിരുചികൾ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവയെ സ്വാധീനിക്കാൻ കുത്തകകൾക്ക് കഴിയും. മുഴുവൻ ഉത്പാദനവും കൈപ്പിടിയിലാകുന്നതോടെ ജനം എന്ത് തിന്നണം ,ഉടുക്കണം എന്നൊക്കെ കമ്പനി തീരുമാനിക്കും..
5)കുത്തകകൾ പരസ്പരം കൂട്ടുകൂടും. മത്സരത്തിൽ തോറ്റുപോവാതിരിക്കാൻ കുത്തകകമ്പനികൾ തമ്മിൽ ലയിക്കും. മൂലധനം കേന്ദ്രീകരിച്ച് ഭീമമാകും..
6)തൊഴിലില്ലായ്മ വർധിക്കും. വികേന്ദ്രീകൃത- ചെറുകിട ഉത്പാദനങ്ങൾ തകരുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാകും. കുത്തകഭീമന്മാർ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാൾ വളരെ കൂടുതലാണിത്.
7)ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രവത്കരണവും വർധിക്കും. ഉത്പാദനക്ഷമത കൂടും.
കുത്തകമുതലാളിത്തം മുതലാളിത്തത്തിന്റെ ജീർണിച്ച രൂപമാണ്. അത് വളരെ വിശദമായി പഠിക്കേണ്ടതുമാണ്..
കുത്തകമുതലാളിത്തവും തൊഴിൽനഷ്ടവും..
കുത്തകമുതലാളിത്തം അരങ്ങുവാഴുന്നതുമൂലം വമ്പിച്ച തോതിൽ ചെറുകിട ഉത്പാദനം തകർന്നുപോകുന്നുണ്ട്.. ഉദാഹരണത്തിന്, ആയിരക്കണക്കിന് ചെറുകിടതൊഴിൽശാലകൾ പ്രവർത്തിക്കുന്ന ഒരു മേഖല സങ്കൽപിക്കാം. ഇത്തരം ഉത്പാദനത്തെ വികേന്ദ്രീകൃത ഉത്പാദനം എന്ന് പറയുന്നു. ഒരു മൂലധനഭീമന്റെ കീഴിലല്ല, മറിച്ച് അനവധി ചെറിയ ഉത്പാദനയൂണിറ്റുകളായി വിഭജിക്കപ്പെട്ടാണ് ഇവ പ്രവർത്തിക്കുന്നത്. ഇവിടെയിലെല്ലാം കൂടി ലക്ഷക്കണക്കിന് തൊഴിലാളികളും പണിയെടുക്കുന്നു..
ഈ വികേന്ദ്രീകൃതമേഖലയിൽ ഒരു വൻകിട ഫാക്ടറി സ്ഥാപിക്കപ്പെട്ടെന്ന് കരുതുക.. വമ്പിച്ച മൂലധനം, അത്യധികം നൂതനസാങ്കേതികവിദ്യകൾ, വ്യാപകമായ യന്ത്രവത്കരണം, ആരെയും കടത്തിവെട്ടുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ ഇവയെല്ലാം സ്വന്തമായുള്ള ഒരു ഭീമൻ ഉത്പാദനകേന്ദ്രം ഒരിടത്ത് സ്ഥാനം പിടിക്കുമ്പോൾ ചുറ്റുമുള്ള ചെറുകിട തൊഴിൽശാലകൾ വ്യാപകമായി പ്രതിസന്ധി നേരിടും. കൂടിയ ഗുണനിലവാരവും കുറഞ്ഞ വിലയുമുള്ള ഉത്പന്നങ്ങൾ ഈ വൻകിട-യന്ത്രവത്കൃത ഫാക്ടറി നിർമിക്കുന്നതോടെ തങ്ങളുടെ ഉത്പന്നങ്ങളുടെയും വില കുറയ്ക്കാൻ ചെറുകിടവ്യവസായങ്ങൾ നിർബന്ധിതമാകും.
എന്നാൽ മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ ആയിരക്കണക്കിന് വികേന്ദ്രീകൃത ഉത്പാദകർ സംരംഭം ഉപേക്ഷിക്കും. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമാവും. കുത്തകയായി മാറുന്ന വൻകിട ഫാക്ടറി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാൾ വളരെ കൂടുതലാണ് ഇങ്ങനെ നഷ്ടമാകുന്ന തൊഴിലവസരങ്ങൾ.. തൊഴിലില്ലായ്മ പെരുകുന്നത് കരുതൽസേന വർധിപ്പിക്കും. കുത്തകമുതലാളിത്തത്തിന് അതും ഗുണകരമാകും..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...