മുതലാളിത്തത്തിന്റെ ഒരു ഉട്ടോപ്യൻ മാതൃകയാണ് സ്വതന്ത്രമത്സരക്കമ്പോളവ്യവസ്ഥ. എന്താണിതെന്ന് നോക്കാം..
ചരക്ക് നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന മുതലാളിവർഗം, ചരക്ക് വാങ്ങുന്ന ഉപഭോക്താക്കൾ എന്നിവർ ചേർന്നതിനെ കമ്പോളം എന്ന് പറയുന്നു. ലക്ഷക്കണക്കിന് ഉത്പാദകരും ലക്ഷക്കണക്കിന് ഉപഭോക്താക്കളും അടങ്ങുന്ന ഒരു ഉട്ടോപ്യൻ മുതലാളിത്തമാതൃകയാണ് സ്വതന്ത്രമത്സരമുതലാളിത്തം. ഇത്തരം കമ്പോളത്തെ പൂർണമത്സരക്കമ്പോളം എന്ന് പറയാം. ഈ മാർക്കറ്റിൽ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാം.. ആർക്ക് വേണമെങ്കിലും തിരിച്ചുപോകാം.. പ്രവേശിക്കുന്നത് ഉത്പാദകനായോ ഉപഭോക്താവായോ ആകാം.
ഏതെങ്കിലും ഒരു മുതലാളി തന്റെ ചരക്കിന് വില കൂട്ടി എന്ന് സങ്കൽപിക്കുക.. എന്നാൽ സമാനമായ ഉത്പന്നം കുറഞ്ഞ വിലയ്ക്ക് കമ്പോളത്തിലെ മറ്റ് ഉത്പാദകർ സപ്ലൈ ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ അങ്ങോട്ടേക്ക് നീങ്ങാൻ തുടങ്ങും. അതോടെ വില കൂട്ടിയ ഉത്പാദകൻ വില കുറയ്ക്കാൻ നിർബന്ധിതനാകും. ഏതെങ്കിലും ഒരു ഉത്പാദകൻ വില കുറച്ചാലും ഇത് തന്നെ അവസ്ഥ.. അതായത് കമ്പോളത്തിലെ കുറച്ചുപേർ വിലയിൽ കൃത്രിമമായി മാറ്റം വരുത്തിയാലും കമ്പോളത്തെ അത് മൊത്തത്തിൽ യാതൊരു ഇഫക്ടും ഉണ്ടാക്കുന്നില്ല. കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത വിലകൾ തനിയെ പഴയപടി ആയിക്കൊള്ളും. എണ്ണമറ്റ ഉത്പാദകർ കമ്പോളത്തിൽ ഉള്ളതിനാൽ ചിലർ ബിസിനസ് നിർത്തിവെച്ചാലും കമ്പോളത്തിലും സാധനവിലയിലും യാതൊരു മാറ്റവും ഉണ്ടാകില്ല.
ഒട്ടനേകം ഉത്പാദകർ, ഒട്ടനേകം ഉപഭോക്താക്കൾ.. ഇതാണ് സ്വതന്ത്രമത്സരക്കമ്പോളം.. ഇതിനെ കുറിച്ച് ഇത്രയും പറയാൻ ഒരു കാരണമുണ്ട്.. സ്വതന്ത്രമത്സര മുതലാളിത്തം ലോകത്ത് അസാധ്യമാണ്. ഇന്ന് നിലനിൽക്കുന്നതാവട്ടെ കുത്തകമുതലാളിത്തവും.. മുതലാളിത്തത്തെ നാശത്തിലേക്കടുപ്പിക്കുന്ന ഈ കുത്തകവത്കരണപ്രക്രിയ മനസിലാക്കണമെങ്കിൽ അതിന്റെ നേർവിപരീതമായ സ്വതന്ത്രമത്സര കമ്പോളം എന്തെന്ന് അറിഞ്ഞേ മതിയാവൂ..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...