Wednesday, October 3, 2018

ശാസ്ത്രസാങ്കേതികവിദ്യ, യന്ത്രവത്കരണം..


മൂലധനം കുന്നുകൂടുന്നതിനൊപ്പം കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്.. സ്ഥിരമൂലധനത്തിന്റെ വർധനവ്. തൊഴിലാളികൾക്ക് കൂലിയിനത്തിൽ മുടക്കുന്ന അസ്ഥിരമൂലധനം,  മറ്റ് സ്ഥാവരജംഗമ വസ്തുക്കൾക്കും മറ്റും മുടക്കുന്ന  സ്ഥിരമൂലധനം എന്നിങ്ങനെ മൂലധനത്തെ രണ്ടായി തിരിക്കാമെന്ന് കണ്ടു. അസ്ഥിരമൂലധനത്തെ അപേക്ഷിച്ച് സ്ഥിരമൂലധനം വളരുന്നതിന്റെ ഒരു ഉദാഹരണമാണ് യന്ത്രവത്കരണവും സാങ്കേതികപരിഷ്കാരങ്ങളുമൊക്കെ.. ശമ്പളത്തിനായി മുടക്കുന്നതിനെ അപേക്ഷിച്ച് സ്ഥാവരജംഗമ മൂലധനനിക്ഷേപം മുതലാളി കൂട്ടുന്നു.. യന്ത്രങ്ങളും ഉത്പാദനമാർഗങ്ങളും പരിഷ്കരിക്കുന്നു.

ഇതോടെ തൊഴിലാളിയുടെ ഉത്പാദനക്ഷമത വർധിക്കുന്നു. അതായത് കൈ കൊണ്ട് ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ ചരക്ക് നിർമ്മിക്കാൻ യന്ത്രം ഉപയോഗിച്ച് സാധിക്കും. ഒരു കൈത്തറി ഫാക്ടറിയിൽ ഒരു മണിക്കൂർ കൊണ്ട് നിർമിക്കുന്ന തുണിയുടെ പതിന്മടങ്ങ് യന്ത്രത്തറിയിലെ തൊഴിലാളിക്ക് ഒരു മണിക്കൂറിൽ നിർമിക്കാനാവും. ഉത്പാദനക്ഷമത കൂടുന്നതോടെ യൂണിറ്റ് ചരക്കിന്റെ മൂല്യവും കുറയും. വില കുറയുമെന്നർത്ഥം. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണവും കുറയും. തൊഴിലവസരങ്ങൾ ഇടിയും.

ഒരു മീറ്റർ തുണി നിർമിക്കാൻ നേരിട്ടും അല്ലാതെയും നൂറുകണക്കിന് തൊഴിലാളികൾ വേണ്ടിവരുന്നുണ്ട്.. നൂല് നൂത്തവരും നെയ്തവരും തറി പണിതവരും മുതൽ പരുത്തി കൃഷി ചെയ്തവന്റെ വരെ അധ്വാനം ആ തുണിയിലുണ്ട്. ഇതെല്ലാം ചേർന്നതാണ് മൊത്തം സാമൂഹ്യാധ്വാനം. അധ്വാനം യന്ത്രങ്ങൾ ഏറ്റെടുക്കുന്നതോടെ ഈ മൊത്തം സാമൂഹ്യാധ്വാനം കുത്തനെ ഇടിയും. തത്ഫലമായി ചരക്കിന്റെ മൂല്യവും ഇടിയാറുണ്ട്..

യന്ത്രവത്കരണം..

യന്ത്‌രങ്ങൾ വരുമ്പോഴും  പരിഷ്കരിക്കുമ്പോഴും  തൊഴിലവസരങ്ങൾ വ്യാപകമായി കുറയും. എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ഉണ്ടാകുമ്പോൾ പുതിയ തൊഴിലവസരങ്ങളും ഉണ്ടാകില്ലേ എന്നൊരു പ്രസക്തമായ ചോദ്യമുണ്ട്.. എന്നാൽ ഇല്ലാതാകുന്ന തൊഴിലവസരങ്ങളെ അപേക്ഷിച്ച് പുതുതായി ഉണ്ടാകുന്ന തൊഴിലവസരങ്ങൾ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.. പത്ത് തൊഴിലാളികൾ ചേർന്ന് നിർമിക്കുന്ന ഒരു യന്ത്രം നൂറുപേരുടെ പണി കളയും എന്നതു പോലെയാണത്. എന്നാൽ പുതിയ ശാസ്ത്രസാങ്കേതികപരിഷ്കരണങ്ങളെയും മറ്റും കണ്ണടച്ച് എതിർക്കുന്ന പിന്തിരിപ്പൻ പ്രത്യയശാസ്ത്രമല്ല മാർക്സിസം..

 ശാസ്ത്രവും ഗവേഷണവും യന്ത്രവത്കരണവും ഒക്കെ തൊഴിലാളിവർഗ ബഹുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നാണ് മാർക്സ് പറഞ്ഞത്.. യന്ത്രപരിഷ്കരണങ്ങൾ ഉത്പാദനം വർധിപ്പിക്കുകയും അതിലൂടെ വളർച്ച ഉറപ്പാക്കുകയും ചെയ്യും.

എന്നാൽ അവ തൊഴിലാളികൾക്ക് വിരുദ്ധമായി മാറാൻ കാരണം നിലവിലെ വ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല. കുത്തകമുതലാളിത്തത്തെ സഹായിക്കുകയും അവരുടെ ലാഭം കുത്തനെ ഉയർത്തുകയും ചെയ്യുന്ന  ഘടകങ്ങളായല്ല, സമൂഹത്തിന്റെ മുഴുവൻ അഭിവൃദ്ധിക്കായി ശാസ്ത്രസാങ്കേതികവിദ്‌യകളെ ഉപയോഗപ്പെടുത്തുകയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം...

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...