ചൂഷണാധിഷ്ഠിതമായ മുതലാളിത്തം കരയും കടലും കടന്ന് ലോകമാകെ വ്യാപിക്കും.. ദേശാതിർത്തികളെ പോലും അപ്രസക്തമാക്കി കൊണ്ട് അതൊരു ആഗോളഗ്രാമം തന്നെ സൃഷ്ടിക്കും.. ഇത് 1848ൽ മാർക്സ് നടത്തിയ പ്രവചനാത്മകമായ വീക്ഷണമാണ്.. അത് അക്ഷരാർത്ഥത്തിൽ ഇന്ന് സത്യമായിരിക്കുന്നു..
1990കൾ മുതൽ (സോവിയറ്റ് യൂണിയൻ പതനത്തിനു ശേഷം) ലോകം അമേരിക്കൻ ചേരി എന്ന ഒരൊറ്റ കുടക്കീഴിലായി അഭയം തേടി.. മുതലാളിത്തമാണ് ശരിയെന്ന് പ്രഖ്യാപിക്കപ്പെട്ടു.. മൂലധനശക്തികൾ ലോകം മുഴുവൻ വ്യാപിച്ചു. കാടും മലയും പുഴയും കടലുമെല്ലാം കോർപറേറ്റുകളുടെ കീശ നിറയ്ക്കാനുള്ള ഉപകരണങ്ങളായി.. വ്യാപാരം എന്നത് സാർവദേശീയമായി മാറി.. ഇന്ത്യ ഉൾപെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ തങ്ങളുടെ സോഷ്യലിസ്റ്റ് നയങ്ങൾ പൊളിച്ചെഴുതി.. തങ്ങളുടെ ആഭ്യന്തരകമ്പോളം വിദേശബൂർഷ്വാസികൾക്കായി തുറന്നിട്ടു..
സമ്പത്ത് മാത്രമല്ല സംസ്കാരം, കല, അഭിരുചി, ഭക്ഷണം, വിനോദം, സംഗീതം, പരിസ്ഥിതി നാശം, ഭീകരത, ക്രിമിനലിസം എല്ലാം തന്നെ ദേശാതിർത്തികൾ കടന്നു.. ഹോളിവുഡ് എന്നത് ലോകസിനിമയായി മാറി.. ഇംഗ്ലീഷ് സംഗീതം ലോകസംഗീതമായി മാറി. ഓരോ രാഷ്ട്രത്തിലെയും തദ്ദേശീയ വിപണി വിദേശബ്രാന്റുകൾ കൊണ്ടുനിറഞ്ഞു.. പണമൂലധനവും ചരക്കുകളും ഇഷ്ടം പോലെ രാജ്യങ്ങൾ കടന്ന് സഞ്ചരിച്ചു.. ഗവൺമെന്റുകൾ നോക്കുകുത്തികളായി. അല്ലെങ്കിൽ കോർപറേറ്റുകളുടെ സ്തുതിപാഠകരായി. സർക്കാർ ചെലവുകളും സബ്സിഡികളും കുറച്ചു.
ചുരുക്കത്തിൽ ഭരണകൂടങ്ങൾ സ്വദേശത്ത് ഒതുങ്ങി നിൽക്കുകയും മുതലാളിത്തം ആഗോളതലത്തിൽ പടർന്നുപിടിക്കുകയും മനുഷ്യരാശി ഒരു വലിയ ടേണിങ് പോയിന്റിൽ എത്തുകയും ചെയ്തു.. സർവവും ആഗോളസ്വഭാവം പ്രാപിച്ചു.. ഇതാണ് ആഗോളവത്കരണം.. മാർക്സ് ഒന്നരനൂറ്റാണ്ടുകൾക്ക് മുമ്പ് മുൻകൂട്ടിക്കണ്ടത് ഇന്ന് സത്യമാകുന്നു..! സ്വഭാവികമായും മറ്റേതൊരു കാലഘട്ടത്തേക്കാളും ഈ ആഗോളവത്കരണയുഗത്തിൽ മാർക്സിസത്തിന് തിളക്കമേറുന്നു..
സംസ്കാരികവൈവിധ്യവും ആഗോളവത്കരണവും..
ആഗോളവത്കരണം എന്നാൽ കേവലം സാമ്പത്തികമായ ആഗോളീകരണം മാത്രമല്ല, സാംസ്കാരികമായ ആഗോളവത്കരണം കൂടിയാണ്. അമേരിക്കൻവത്കരണം എന്നുപറയുന്നതാവും കൂടുതൽ ശരി.. തദ്ദേശീയമായ സാംസ്കാരികമൂല്യങ്ങൾ, വേഷവിധാനങ്ങൾ ,നമ്മുടെ അഭിരുചികൾ, ഭക്ഷണരീതികൾ, ഭാഷ, പെരുമാറ്റം ,വിനോദം, കല തുടങ്ങിയവയെല്ലാം ദുർബലമാകുകയും പാശ്ചാത്യസംസ്കാരം എല്ലായിടത്തും പടർന്നുപിടിക്കുകയും ചെയ്യുന്നു.. സാംസ്കാരികമായ അധഃപതനം സംഭവിക്കുന്നു.
ഇംഗ്ലീഷ് മറ്റു ഭാഷകൾക്കുമേൽ കടന്നുകയറ്റം നടത്തുന്നു. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും വരെ ആധുനികപാശ്ചാത്യബോധം വ്യാപിക്കുന്നു.. ഹോളിവുഡ് സിനിമയും ബർഗറും പിസയും വെസ്റ്റേൺ മ്യൂസിക്കും എല്ലാം ജനപ്രിയമാകുന്നു. തദ്ദേശീയമായ സാംസ്കാരികമൂല്യങ്ങൾ, മാതൃഭാഷ, വേഷവിധാനങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയെല്ലാം ദുർബലമാകുന്നതും ആഗോളവത്കരണത്തിന്റെ ഫലം തന്നെയാണ്.
ഇതുമാത്രമല്ല.. കുറ്റകൃത്യങ്ങൾ പോലും ആഗോളവത്കരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്.. മയക്കുമരുന്ന് മാഫിയയും പെൺവാണിഭവും ഭീകരതയും ആയുധക്കച്ചവടവും സൈബർകൊള്ളയും ഒക്കെ രാജ്യാതിർത്തികൾക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിനു മുഴുവൻ ഭീഷണിയാകും.. പാശ്ചാത്യമുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ മാത്രമല്ല, അതിലൂടെ അവർ പിന്തുടരുന്ന സംസ്കാരം കൂടിയാണ് ലോകമാകെ പടർന്നുപിടിക്കുന്നത്. ഭൗതികതലത്തിലും ബൗദ്ധികതലത്തിലും ആഗോളവത്കരണം സംഭവിക്കുന്നു എന്നർത്ഥം.. ബൂർഷ്വാസി അയാളെ തന്നെ പ്രതിഫലിപ്പിക്കുന്ന ഒരു ആഗോളഗ്രാമം സൃഷ്ടിക്കുമെന്ന് മാർക്സ് മുൻകൂട്ടിക്കണ്ടത് ഇതുകൊണ്ടാണ്...
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...