മതം എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ കുറിച്ചുള്ള മാർക്സിന്റെ പ്രസിദ്ധമായ വാചകമാണിത്.. ആശയങ്ങളുടെ മേൽപുര നിലവിലെ ചൂഷണവ്യവസ്ഥയെ നിലനിർത്തുകയും വിപ്ലവത്തിലേക്കുള്ള ദൂരം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ മേൽപുരയിൽ ഏറ്റവും പഴക്കമേറിയ ഘടകമാണ് മതം(Religion).. അതിനെങ്ങനെയാണ് മനുഷ്യനെ മയക്കാനും മുതലാളിത്തത്തെ സഹായിക്കാനും കഴിയുന്നത്..?!
അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീ മൂന്ന് ചൂഷണവ്യവസ്ഥകളും ഭൂരിഭാഗജനതയ്ക്കും സമ്മാനിക്കുന്നത് ദുഃഖങ്ങളും ദുരിതങ്ങളും പട്ടിണിയും ഒക്കെയാണ്.. ഏത് ജാതി- മതത്തിൽ പെട്ടവരായാലും ഇത് തന്നെ സ്ഥിതി. എന്നാൽ ഈ വേദനകളെ മറക്കാനും 'നല്ല നാളുകൾ വരും' എന്ന പ്രതീക്ഷ മനുഷ്യന് നൽകാനും മതത്തിന് കഴിയുന്നു..
കറുപ്പ് (opium) എന്നാൽ ഒരു തരം മയക്കുമരുന്നാണ്. ദുഃഖങ്ങൾ മറക്കാൻ മനുഷ്യൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നതുപോലെയാണ് മതവും. ദാരിദ്യ്രവും ചൂഷണങ്ങളുമെല്ലാം താത്കാലികമാണെന്നും ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്നും മതം നമ്മെ പഠിപ്പിക്കുന്നു. കയ്പുനിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾക്കെതിരെ പൊരുതാനല്ല, എല്ലാം സഹിച്ചും ക്ഷമിച്ചും ദൈവം എന്ന സങ്കൽപത്തിൽ അടിയുറച്ചുവിശ്വസിക്കാനാണ് മതം ആവശ്യപ്പെടുന്നത്.
ദൈവചിന്ത മനുഷ്യന് ആശ്വാസം പകരുന്നു. പ്രതീക്ഷകൾ നൽകുന്നു. തൊഴിലാളിവർഗത്തിന്റെ അവസാനത്തെ അത്താണിയാകുന്നു.. എന്നാൽ തങ്ങളുടെ ദുരിതങ്ങളുടെ യഥാർത്ഥ കാരണം ഈ മുതലാളിത്തവ്യവസ്ഥിതിയിൽ തന്നെയാണ് നിലകൊള്ളുന്നതെന്നും മതത്തിൽ അഭയം പ്രാപിച്ച് മാനസികമായ മുക്തിയും ആശ്വാസവും ലഭിച്ചാലും യഥാർത്ഥ പ്രശ്നം ഇല്ലാതാകുന്നില്ലെന്നും മാർക്സ് വ്യക്തമാക്കുന്നു. മതം എന്ന കറുപ്പ് ഉപയോഗിക്കുമ്പോൾ മനുഷ്യൻ അവന്റെ സങ്കടങ്ങൾ മറക്കുന്നു. പക്ഷേ ആ സങ്കടങ്ങളുടെ കാരണമായ മുഖ്യപ്രശ്നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നു..
ദൈവം, സ്വർഗനരകങ്ങൾ, പുനർജന്മം..
ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലേക്കുള്ള സമ്പത്തിന്റെ കേന്ദ്രീകരണം, ഭീമാകാരമായി പെരുകുന്ന ദാരിദ്യ്രം, തൊഴിലില്ലായ്മ, നാൾക്കുനാൾ പെരുകുന്ന സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം, പട്ടിണിമരണം, കുറ്റകൃത്യങ്ങൾ തുടങ്ങി ആഗോളസമൂഹത്തെ മുഴുവൻ വിഴുങ്ങുന്ന ഭീഷണികൾ ഭൂരിപക്ഷജനങ്ങളെയും അസംതൃപ്തരാക്കുമ്പോൾ അവരുടെ അസംതൃപ്തിയെ ശമിപ്പിക്കുകയാണ് മതം ചെയ്യുന്നത്.. ലോകം നേരിടുന്ന ഭയാനകമായ ഭീഷണികൾ ദൈവം എന്ന ഒരജ്ഞാതശക്തിയുടെ ചെയ്തികളാണ്.. പട്ടിണിപ്പാവങ്ങളെ അദ്ദേഹം പരീക്ഷിക്കുകയാണ്.. എന്നാൽ ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക.. അദ്ദേഹം നമ്മെ കാത്തോളുമെന്ന് മതം ആശ്വസിപ്പിക്കുന്നു.
എന്നാൽ ഭൂരിഭാഗം വരുന്ന ജനതയും ദുരിതത്തിലാണ്ടുപോകുകയും ഒരു ശതമാനം പോലും വരാത്തവർ പട്ടുമെത്തയിൽ സുഖിക്കുകയും ചെയ്യുമ്പോൾ ദൈവം ആരുടെ പക്ഷത്താണെന്ന് ചോദ്യമുയരാം.
മതങ്ങൾ അതിന് കണ്ടെത്തുന്ന ന്യായീകരണം സ്വർഗനരകചിന്തകളും പുനർജന്മവുമൊക്കെയാണ്.
നീ അനുഭവിക്കുന്ന കൊടിയ ചൂഷണങ്ങൾ സഹനശക്തിയാൽ നേരിടുക.. മരണശേഷം നിനക്ക് ദൈവം സ്വർഗത്തിൽ സുന്ദരസുരഭിലമായ ജീവിതം കരുതിവെച്ചിട്ടുണ്ടാകും. ദൈവത്തിൽ വിശ്വസിക്കുക. നിന്റെ പാത നല്ലതാണെങ്കിൽ അടുത്ത ജന്മത്തിൽ ഒരു ഉന്നതസ്ഥാനത്ത് തന്നെ നീ പിറന്ന് വീഴും.. എന്നൊക്കെ പറഞ്ഞ് മതദർശനങ്ങൾ ചൂഷിതരെ ആശ്വസിപ്പിക്കുന്നു.. ഭൂമിയിൽ ലഭിച്ചില്ലെങ്കിൽ മരിച്ചതിനുശേഷമെങ്കിലും നല്ല ജീവിതം ദൈവം തന്നോളുമെന്ന ചിന്തകൾ പോലും ഭൂമിയിൽ തൊഴിലാളിവർഗം നടത്തേണ്ട വിപ്ലവങ്ങളെയും പോരാട്ടങ്ങളെയും തടസപ്പെടുത്തുകയാണ് ചെയ്യുന്നത്..
മാനസികാശ്വാസവും ഭക്തിയിൽ നിന്നുണ്ടാകുന്ന ആത്മസംതൃപ്തിയുമല്ലാതെ മതം ചൂഷണാത്മകമായ വ്യവസ്ഥിതിക്ക് പരിഹാരമല്ല.. ഭൂമിയിലെ ദുരിതങ്ങൾ നേരിടുക.. മരണശേഷം സ്വർഗം തരാമെന്ന് മതം മനുഷ്യനെ പറഞ്ഞ് മയക്കുമ്പോൾ അവനോട് ഉണരാനും സംഘടിക്കാനും സ്വർഗം ഭൂമിയിൽ തന്നെ കെട്ടിപ്പടുക്കാനും ആഹ്വാനംചെയ്യുന്ന ദർശനമാണ് മാർക്സിസം..
മതങ്ങളെയും വൈരുധ്യാത്മഭൗതികവാദത്തിന്റെ വെളിച്ചത്തിലാണ് നാം കാണേണ്ടത്.. നിലവിലുള്ള മതങ്ങളെല്ലാം തന്നെ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ളവയാണ്. ഓരോ മതവും ഉണ്ടായ കാലഘട്ടത്തിലെ പല അവശേഷിപ്പുകളും മതങ്ങളിലും കാണാനാവും.. അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ഉൾപെടെ പല അഴുക്കുകളും കുറഞ്ഞോ കൂടിയോ എല്ലാ മതത്തിലും അടിഞ്ഞുകൂടിയിട്ടുണ്ട്.. അവ പരിഷ്കരിച്ചുകൊണ്ടേ എല്ലാ മതങ്ങൾക്കും മുന്നോട്ടു പോകാനാവൂ.. ഉദാഃ സതി, ചാതുർവർണ്യം തുടങ്ങിയ മാലിന്യങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ അതെല്ലാം കഴുകിക്കളഞ്ഞാണ് ആ മതം പുരോഗമിച്ചതെന്ന് പറയാം.. ഇന്നും ചിലതൊക്കെ ബാക്കിയുമുണ്ട്..
എല്ലാ ദർശനങ്ങളും( മാർക്സിസം അടക്കം) ഇതുപോലെ തന്നെയാണ്.. കാലാനുസൃതമായി പരിഷ്കരണങ്ങൾക്ക് വിധേയമാകണം.
ഒാരോ കാലഘട്ടത്തിന്റെയും ധാർമികമൂല്യങ്ങൾ, ആ കാലഘട്ടത്തിൽ നിലനിൽക്കുന്ന മതമൂല്യങ്ങൾ ഇവ പരസ്പരം പൊരുത്തപ്പെടാതാകാറുണ്ട്.. ഉദാ:- നിലവിലെ സ്ത്രീപുരുഷസമത്വം എന്ന പുരോഗമനചിന്തയും ഇസ്ലാമികസമൂഹത്തിലെ മുത്തലാഖ് വ്യവസ്ഥയും തമ്മിലെ വൈരുധ്യമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.. മതങ്ങൾ കാലഘട്ടവുമായി ഇത്തരം വൈരുധ്യങ്ങളിൽ ഏർപെടുമ്പോൾ വിപ്ലവകരമായ പരിഷ്കരണങ്ങൾ മതങ്ങൾക്ക് സംഭവിക്കുന്നു..
ഇപ്പോൾ ചർച്ചാവിഷയമായ മുത്തലാഖ് നിർത്തലാക്കൽ മുതൽ പണ്ട് നടന്ന പല നവോത്ഥാനങ്ങളും ഇത്തരം ശുദ്ധീകരണമാണ്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രാജാറാം മോഹൻ റായിയും വിവേകാനന്ദനും ഉൾപെടെയുള്ള മഹാൻമാർ ഹിന്ദുസമൂഹത്തിലെ അഴുക്കുകളെ ശുദ്ധീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തവരാണ്.. അത്തരത്തിലുള്ള തുടർച്ചയായ തിരുത്തലുകളിലൂടെ ആകണം എല്ലാ മതങ്ങളും മുന്നോട്ടുടോകേണ്ടത്..
മതം ബൂർഷ്വാസിയുടെ ഉപകരണമാകുമ്പോൾ..
മാർക്സ് മതത്തെ വിശേഷിപ്പിക്കുന്നത് നോക്കുക.. ''ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം''. വിശപ്പും കണ്ണീരുമായി ജീവിതം തള്ളിനീക്കുന്നവരെ കാണാനുള്ള ഹൃദയം മുതലാളിത്തത്തിനില്ല. അതിന്റെ ലക്ഷ്യം ലാഭം മാത്രമാണ്. എന്നാൽ ഹൃദയമില്ലാത്ത ഈ ലോകത്ത് അടിച്ചമർത്തപ്പെട്ടവർക്ക് ആശ്വാസം പകരുന്ന ഒരു ഹൃദയമായി മതം മാറുന്നു എന്നാണ് മാർക്സ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
മുതലാളിത്തം വരുത്തിവെക്കുന്ന ദുരിതപൂർണമായ ലോകസാഹചര്യങ്ങൾ കണ്ട് പൊറുതിമുട്ടുന്ന തൊഴിലാളിവർഗത്തിനുമുന്നിലെ ഒരേയൊരു പരിഹാരം വിപ്ലവമാണ്.. പുതിയൊരു ലോകത്തിലേക്കുള്ള കുതിപ്പാണ്.. എന്നാൽ വിപ്ലവത്തിനും വിമോചനത്തിനും പകരം ദൈവപ്രീതി, സ്വർഗപ്രാപ്തി തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ കൊണ്ട് അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടവീര്യത്തെ മതം കെടുത്തുന്നു.. ചൂഷണങ്ങളില്ലാത്ത ലോകത്തെ കെട്ടിപ്പടുക്കേണ്ടതിനു പകരം അവർ സാങ്കൽപികകഥകളിൽ വിശ്വസിച്ച് സംതൃപ്തിയടയുന്നു. ചൂഷിതരെ ഇത്തരത്തിൽ അടക്കിനിർത്തുന്ന മതം ബൂർഷ്വാസിക്ക് ഒരു തരത്തിൽ അനുഗ്രഹം തന്നെയായി മാറുന്നു.
മാത്രമല്ല തൊഴിലാളിവർഗം എന്ന വർഗബോധത്തിനുപകരം ജാതിമതത്തിലധിഷ്ഠിതമായ വേർതിരിവുകളും ഉണ്ടാകുന്നത് വിപ്ലവങ്ങൾക്ക് തടസമാകുന്നു. മതമല്ല, വിശപ്പാണ് മുഖ്യമെന്ന് തൊഴിലാളിവർഗത്തിന് തിരിച്ചറിവുണ്ടാകാത്തിടത്തോളം കാലം അവർ മതങ്ങളുടെ പേരുപറഞ്ഞ് പല ചേരികളിലായി ഒതുങ്ങും.
വർഗീയകലാപങ്ങൾ പോലും ബൂർഷ്വാസിക്ക് അനുഗ്രഹമാണ്.. കാരണം ജാതിമതങ്ങളുടെ പേരിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങൾ ഭിന്നിക്കുമ്പോൾ ,മുതലാളിത്തചൂഷണങ്ങളും അടിസ്ഥാനപ്രശ്നങ്ങളും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.. ജാതിയും മതവും സമുദായവുമല്ല, ജീവിതസാഹചര്യങ്ങളാകണം തൊഴിലാളികളെ ഒരുമിപ്പിച്ച് നിർത്തേണ്ടത്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും യുക്തിവാദിയായാലും മനുഷ്യന്റെ അടിസ്ഥാനപ്രശ്നം ചൂഷണമാണ്.. നാം ചൂണ്ടുവിരലുയർത്തേണ്ടതും അതിനെതിരെയാണ്..
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാർക്സ് പറഞ്ഞതാണോ
ReplyDelete