ബോൾഷെവിക്ക് രൂപീകരണം..
ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക- സൈനികശക്തികളിലൊന്നാണ് റഷ്യ. എന്നാൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഇതായിരുന്നില്ല സ്ഥിതി. അങ്ങേയറ്റം ദരിദ്രവത്കരിക്കപ്പെട്ട ഒരു രാഷ്ട്രം. കാർഷികവൃത്തി ചെയ്ത് ജീവിച്ചുപോരുന്ന ജനങ്ങൾ.. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ വ്യവസായവിപ്ലവത്തിന്റെ ഭാഗമായി സാമ്പത്തികവും രാഷ്ട്രീയവുമായി വമ്പിച്ച പുരോഗതി പ്രാപിക്കുകയും ലോകത്തെമ്പാടും കോളനികൾ സ്ഥാപിച്ച് അധിനിവേശം നടത്തുകയും ചെയ്യുമ്പോൾ റഷ്യയിൽ വ്യവസായമുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. സാമ്പത്തികമായ മുരടിപ്പും ഉണ്ടായിരുന്നു.
1825ലാണ് റഷ്യയിൽ വിപ്ലവമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 1861ൽ അടിമത്തസമ്പ്രദായം റഷ്യയിൽ നിന്നും പൂർണമായും ഇല്ലാതായി. എന്നാൽ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിൽ തന്നെയായിരുന്നു. സ്വാഭാവികമായും മാർക്സിസ്റ്റ് ആശയങ്ങൾ ഇവിടെയും ജനമനസുകളിൽ ഇടം നേടാൻ തുടങ്ങി. 1898ൽ റഷ്യൻ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ലേബർ പാർട്ടി രൂപം കൊണ്ടപ്പോൾ അതിലെ ഒരു നേതൃമുഖമായിരുന്നു വ്ലാഡിമർ ഇല്ലിച്ച് ഉല്യാനോവിന്റേത്. ചരിത്രം അദ്ദേഹത്തെ ലെനിൻ എന്ന് വിളിച്ചു. ലെനിന്റെ സഹപ്രവർത്തകനായിരുന്നു ജൂലിയസ് മാൾട്ടോവ്. എന്നാൽ 1903ൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഇരുവർക്കിടയിലും ഒരു തർക്കം ഉടലെടുക്കുകയുണ്ടായി..
നിലവിൽ റഷ്യയിലെ സാർ ചക്രവർത്തിഭരണം ഇല്ലാതാകണമെങ്കിൽ സമ്പൂർണമായ വിപ്ലവം നടക്കണം. ഇതിന് വളരെ വലിയ ഒരു പാർട്ടി വേണമെന്ന് മാൾട്ടോവ് വാദിച്ചു. എന്നാൽ ചെറിയ പാർട്ടിയും വലിയ അനുഭാവിവൃന്ദവും മതിയെന്ന് ലെനിനും. കർമോത്സുകരും നല്ല മാർക്സിസ്റ്റുകളുമായവർ മാത്രം മതിയെന്ന് ലെനിൻ വ്യക്തമാക്കി. ഇത് മാൾട്ടോവ് അംഗീകരിച്ചില്ല. പാർട്ടി രണ്ട് തട്ടിലായി. ചർച്ചയിൽ വിജയം മാൾട്ടോവ് പക്ഷത്തായിരുന്നു. എന്നാൽ ലെനിൻ വിട്ടുകൊടുത്തില്ല. തീവ്രവാദസ്വഭാവമുള്ളവരായ ലെനിന്റെ പക്ഷം ബോൾഷെവിക്ക് എന്നും മിതവാദികളായ മാൾട്ടോവ് പക്ഷം മെൻഷെവിക്ക് എന്നും അറിയപ്പെട്ടു. 1905ലെ സമ്മേളനത്തോടെ ഇവർ പരസ്പരം പിരിഞ്ഞു. RSDLP രണ്ടായി പിളർന്നു. ബോൾഷെവിക്കുകൾ എന്ന വിപ്ലവകാരികളുടെ ഗ്രൂപ്പ് രൂപം കൊണ്ടു.
സാർഭരണത്തിന്റെ അന്ത്യവും ഫെബ്രുവരി വിപ്ലവവും..
രൂക്ഷമായ ദാരിദ്‌യ്രം, തൊഴിലില്ലായ്മ ,ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടിയ റഷ്യൻ ജനത
20ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സാറിസ്റ്റ് ഏകാധിപത്യഭരണത്തിൽ അസംതൃപ്തരായി തുടങ്ങി. 1905ൽ നടന്ന ഒരു വിപ്ലവാനന്തരം ഡ്യൂമ പാർലമെന്റ് നിലവിൽ വന്നെങ്കിലും ചക്രവർത്തിഭരണത്തിന്റെ ജനദ്രോഹത്തിന് ഒരു കുറവും വന്നില്ല. ഇതിനിടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടനും ഫ്രാൻസും ഉൾപെട്ട ത്രികക്ഷിസഖ്യത്തിൽ റഷ്യയും പങ്കാളിയായി. ജർമ്മനിക്കെതിരായി നടന്ന യുദ്ധം റഷ്യയെ കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലാക്കി. യുദ്ധം നിർബാധം തുടർന്ന് ജനദുരിതം വർധിപ്പിക്കാൻ സാർ ഭരണകൂടം തീരുമാനിച്ചു. ഇതെല്ലാം ജനങ്ങളെ രോഷാകുലരാക്കി.
ഒരു വിപ്ലവം ഉണ്ടാകാൻ വേണ്ട സാഹചര്യം റഷ്യയിലുണ്ടായി. വിപ്ലവാശയങ്ങൾ കാട്ടുതീ പോലെ പടർന്നു. എന്നാൽ വിപ്ലവകാരികളിൽ തന്നെ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും തമ്മിലെ തർക്കം രൂക്ഷമായി. റഷ്യൻ മാർക്സിസത്തിന്റെ സ്ഥാപകനായ ജോർജി പ്ലെഖാനോവും ലെനിന്റെ ബോൾഷെവിക്കിൽ ചേർന്നു. പിന്നീട് ലിയോൺ ട്രോട്സ്കിയും. തൊഴിലാളിവർഗപാർട്ടിയുടെ തലപ്പത്തേക്ക് ബോൾഷെവിക്കുകൾ ഉയർന്നുവന്നു. ജനകീയജനാധിപത്യമായിരുന്നു അവരുടെ അടിത്തറ.
കടുത്ത ജനദ്രോഹനടപടികൾ മൂലം 1917ഫെബ്രുവരിയിൽ കലാപം നടക്കുകയും സാർഭരണം അവസാനിപ്പിക്കുകയും ചെയ്തു. പുതിയ ഗവഃ രൂപം കൊണ്ടു. ഇതാണ് ഫെബ്രുവരി_വിപ്ലവം.. സാർ നിക്കോളാസ് ll കിരീടം ഉപേക്ഷിച്ചു. സാർ പതനത്തോടെ അദ്ദേഹത്തിന്റെ സഹോദരനായ ജോർജിലോവിന്റെ നേതൃത്വത്തിൽ താത്കാലികഗവൺമെന്റ് ഉണ്ടായി. ഇവർക്ക് മെൻഷെവിക്കുകളുടെ പിന്തുണയും ഉണ്ടായിരുന്നു. ജോർജിലോവിനു ശേഷം അലക്സാണ്ടർ കെറൻസ്കി എന്നയാൾ ഭരണം ഏറ്റെടുത്തു. എന്നാൽ ബോൾഷെവിക്കുകൾ ഇതിനെയൊന്നും അംഗീകരിച്ചില്ല. യഥാർത്ഥ വിപ്ലവത്തിനുള്ള സമയം അടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..
ലോകത്തെ വിറപ്പിച്ച ഒക്ടോബർ വിപ്ലവം..
ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. സാർ ഭരണത്തെ അട്ടിമറിച്ച് വന്ന സർക്കാരാകട്ടെ യുദ്ധത്തിൽ റഷ്യയും പങ്കെടുക്കണമെന്ന വാദക്കാരായിരും. ഇത് റഷ്യയെ കൂടുതൽ ദുരിതത്തിലാഴ്ത്തി. എന്നാൽ ഈ യുദ്ധം സാമ്രാജ്യത്വശക്തികൾ തമ്മിലെ യുദ്ധമാണെന്നും അതിൽ പങ്കെടുക്കുന്നതുകൊണ്ട് ദോഷമേ ഉണ്ടാകൂ എന്നും ലെനിൻ പറഞ്ഞു. തൊഴിലാളിവർഗം യുദ്ധത്തെ എതിർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബോൾഷെവിക്കുകൾ ആവശ്യപ്പെട്ട ഭൂപരിഷ്കരണപരിപാടികളെല്ലാം ഗവ: അവഗണിച്ചു. യുദ്ധവും തുടർന്നു. സാർ ഭരണം തിരിച്ചുവരാനുള്ള സാധ്യതയുമുണ്ടായി. ദാരിദ്യ്രവും മാന്ദ്യവും രൂക്ഷമായി.
ഇതോടെ ഇനി വെറുതെയിരിക്കാനാവില്ലെന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന് തിരികൊളുത്താൻ സമയമായെന്നും ബോൾഷെവിക്കുകൾ തീരുമാനിച്ചു. നഗരങ്ങളിലെ തൊഴിലാളികളും യുദ്ധമുഖത്തെ സൈനികരും ഒത്തുകൂടി. ഭരണകൂടത്തെ പിന്തുണച്ച മെൻഷെവിക്കുകൾ അത് രാജ്യത്ത് ജനാധിപത്യം സൃഷ്ടിക്കുമെന്നും തൊഴിലാളിവർഗവിപ്ലവം ഭാവിയിൽ നടക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും വാദിച്ചു. April Thesisലൂടെ ലെനിൻ ഇതിനെ എതിർത്തു. 1917 ജൂലൈയിൽ ഗവ: ബോൾഷെവിക്കുകളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാൻ തുടങ്ങി. ലെനിനെയും അറസ്റ്റ് ചെയ്യാൻ കെറൻസ്കി ഉത്തരവിട്ടു. എന്നാൽ അതിസാഹസികമായി ലെനിൻ രക്ഷപ്പെട്ടു. ഫിൻലന്റിലേക്ക് ഒളിവിൽ പോയി.
ബോൾഷെവിക്കുകൾ കൂടുതൽ ജനപിന്തുണ നേടി. ലിയോൺ ട്രോട്സ്കിയുടെ നേതൃത്വത്തിൽ ശക്തമായ ചെമ്പട(Red Army) രൂപീകരിച്ചു. കടുത്ത പോരാട്ടത്തിലൂടെ പെട്രോ ഗ്രാഡും മറ്റ് സർക്കാർ സംവിധാനങ്ങളും ചെമ്പട പിടിച്ചെടുത്തു. സർക്കാരിനു തുല്യമായ ഒരു അധികാരകേന്ദ്രം പെട്രോഗ്രാഡിലുണ്ടായി. മാക്സിം ഗോർക്കിയെ പോലുള്ള കലാസാഹിത്യകാരന്മാരുടെ ശക്തമായ പിന്തുണയും ബോൾഷെവിക്കിന് ഉണ്ടായിരുന്നു.. കെറൻസ്കി സർക്കാർ വിപ്ലവത്തെ അടിച്ചമർത്താൻ തുടങ്ങി. അതിനിടയിൽ ലെനിൻ അപ്രതീക്ഷിതമായി തിരിച്ചുവന്ന് ഒരു മഠത്തിൽ രഹസ്യമായി താമസിച്ച് വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങി.
കെറൻസ്കി വിവരം മണത്തറിഞ്ഞു. ലെനിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ അപ്പോഴേക്കും രാജ്യത്തെ വാർത്താവിനിമയ- ഗതാഗതസൗകര്യങ്ങളെല്ലാം ചെമ്പട പിടിച്ചെടുത്തിരുന്നു. 1917 ഒക്ടോബർ 26ന് ''All Power to Soviets'' എന്ന മുദ്രാവാക്യവുമായി കെറൻസ്കിയുടെ വിന്റർ പാലസ് ചെമ്പടയും ബോൾഷെവിക്കുകളും വളഞ്ഞു. ഭയന്നുവിറച്ച കെറൻസ്കി കാറിൽ കയറി രക്ഷപ്പെടുകയും വിപ്ലവകാരികൾ പാലസിൽ ചെങ്കൊടി സ്ഥാപിക്കുകയും ചെയ്തു.. ഇതാണ് ചരിത്രപ്രസിദ്ധമായ ഒക്ടോബർ വിപ്ലവം. ടെലഗ്രാം വഴി ലെനിന്റെ പ്രസംഗം റഷ്യമുഴുവൻ അലയടിച്ചു. അതിസാഹസികമായ പോരാട്ടത്തിലൂടെ കെറൻസ്കി ഭരണകൂടത്തെ പുറത്താക്കിയെന്ന് ലെനിൻ പ്രഖ്യാപിച്ചു. ലോകത്തെ വിറപ്പിച്ച 10 നാളുകൾക്കൊടുവിൽ ഭൂമുഖത്തെ അതിശക്തമായ ഒരു രാഷ്ട്രം ഉദയം കൊണ്ടു..
(തുടരും...)



No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...