Monday, October 15, 2018

സാംസ്കാരികമായ ആധിപത്യം.. (Cultural Hegemony)


വിപ്ലവം എന്ന പ്രക്രിയയിൽ 'സംസ്കാരം' എന്ന ഘടകത്തിന് എന്ത് കാര്യം..?! പൊതുവേ പല മാർക്സിസ്റ്റുകൾക്കും ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. സഃലെനിൻ പറഞ്ഞു. -''സംസ്കാരം എന്നത് വിപ്ലവത്തിന്റെ ഒരു അനുബന്ധഘടകമാണ്.''. അതായത് സമൂഹത്തിന്റെ അടിത്തറ എന്നത് ഉത്പാദനബന്ധങ്ങളാണ്. സംസ്കാരവും സാമ്പത്തികവ്യവസ്ഥയും എല്ലാം ഈ അടിത്തറയ്ക്കുമുകളിലാണ്. അടിത്തറയെ  മാറ്റിമറിക്കുന്നതിലൂടെ മേൽപുരയും പൊളിഞ്ഞുവീഴും. ചുരുക്കത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിന്റെ ഉത്പാദനബന്ധങ്ങൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് ഉത്പാദനവ്യവസ്ഥ ഏർപെടുത്തിയാൽ മനുഷ്യമനസിലെ സാംസ്കാരികമൂല്യങ്ങളും ചിന്താഗതികൾ പോലും മാറിമറിയും.

 ലെനിന്റെ ഈയൊരു കാഴ്ചപ്പാട് തെറ്റാണെന്ന് മനസിലാക്കാൻ വലിയ വിഷമമൊന്നും ഇല്ല. സാംസ്കാരികഘടകങ്ങളെ മറന്നുകൊണ്ട് സോഷ്യലിസം സൃഷ്ടിക്കാനിറങ്ങിയ സോവിയറ്റ് യൂണിയന് സംഭവിച്ചതെന്താണെന്നും കണ്ടു..!

 ഈ സാഹചര്യത്തിൽ നാം മറ്റൊരു കമ്മ്യൂണിസ്റ്റുകാരനെ പരിചയപ്പെടണം. സഃഅന്റോണിയോ ഗ്രാംഷി എന്ന ഇറ്റലിക്കാരനായ ചിന്തകൻ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യ-സാമ്പത്തികഘടകങ്ങളെ പോലെ തന്നെ മനുഷ്യന്റെ സംസ്കാരത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. സംസ്കാരം വിപ്ലവത്തിന്റെ അവിഭാജ്യഘടകം എന്നാണ് ഗ്രാംഷി പറഞ്ഞത്. അദ്ദേഹത്തിന്റെ ചിന്തകൾ കൾച്ചറൽ ഹെജിമണി എന്ന പേരിൽ പ്രസിദ്ധമായി.. എന്താണ് മുതലാളിത്തത്തിലും സോഷ്യലിസത്തിലുമുള്ള മനുഷ്യന്റെ സാംസ്കാരികമൂല്യങ്ങൾ..? അതിനെപ്പറ്റി അടുത്ത ലേഖനത്തിൽ വിശദീകരിക്കാം..

സാംസ്കാരികപുരോഗമനം- മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക്..

ഗ്രാംഷിയുടെ Cultural Hegemony എന്താണെന്ന് വിശദീകരിക്കാം.. ഓരോ സമൂഹത്തിലും പൊതുവായി ജനങ്ങളെ സ്വാധീനിക്കുന്ന ചില സാംസ്കാരിക-ബൗദ്ധികമൂല്യങ്ങൾ ഉണ്ടാകും. ഈ സംസ്കാരമാകട്ടെ, സമൂഹത്തിലെ ഉപരിവർഗം/ ചൂഷകവർഗം പിന്തുടരുന്ന സംസ്കാരമായിരിക്കും.. ഉദാ- ജാതീയത രൂക്ഷമായ സമൂഹങ്ങളിൽ സവർണവർഗത്തിന്റെ ചൂഷണങ്ങളും ആധിപത്യവും സഹിച്ചാണ് കീഴ്ജാതിക്കാർ ജീവിക്കുന്നത്. പക്ഷേ ഉപരിവർഗമായ ബ്രാഹ്മണർ ആരാധിക്കുന്ന ദൈവങ്ങളെ തന്നെ ദളിതനും പ്രാർത്ഥിക്കുന്നു. ബ്രാഹ്മണൻ പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ ദളിതനും ആദരിക്കുന്നു. അടുത്ത ജന്മത്തിൽ തനിക്കും ബ്രാഹ്മണജീവിതം നയിക്കാനാവുമെന്ന് അവർണൻ ആശിക്കുന്നു.. സതി പോലുള്ള ആചാരങ്ങളെ അതിന്റെ ഉപജ്ഞാതാക്കളും വക്താക്കളും ഇരകളും ഒരുപോലെ അംഗീകരിക്കുന്നു. ഇത് തന്നെയാണ് സാംസ്കാരികാധിപത്യം എന്നുപറയുന്നത്.

      ആർത്തിയും സ്വാർത്ഥതയും മത്സരവുമാണ് മുതലാളിത്തത്തിന്റെ സാംസ്കാരികാടിത്തറ. എന്നാൽ ഇത് മുതലാളിവർഗത്തിൽ മാത്രമല്ല തൊഴിലാളിവർഗത്തിലും സ്വാധീനം ചെലുത്താം. അംബാനിയെപ്പോലെ ധൂർത്തടിച്ച് ഉല്ലാസജീവിതം നയിക്കാൻ അഷ്ടിക്കുവകയില്ലാത്ത ദരിദ്രബാലനും മോഹിക്കാം. അഴിമതിയും സ്വാർത്ഥചിന്തകളും തൊഴിലാളിവർഗത്തിലും ഉണ്ടാകാം.. മുതലാളിത്തത്തിന്റെ ഇത്തരം സാംസ്കാരികമൂല്യങ്ങൾ സമൂഹത്തെ മുഴുവനായി സ്വാധീനിക്കുന്നു എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഈ സംസ്കാരത്തെയാണ് കഴുകിക്കളയേണ്ടത്. മതവും വിനോദവും മറ്റനേകം ഘടകങ്ങളും ഇത്തരം സംസ്കാരങ്ങളെ നിലനിർത്താൻ ശ്രമിക്കുന്നു. അത് മാറണം. മുതലാളിത്തത്തിന്റെ സംസ്കാരത്തിൽ നിന്നും സോഷ്യലിസ്റ്റ് സംസ്കാരത്തിലേക്കുള്ള സമൂഹത്തിന്റെ പരിവർത്തനവും വിപ്ലവത്തിന്റെ ലക്ഷ്യമാകണം..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...