ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ചൂഷകമുതലാളിത്തവ്യവസ്ഥിതിയിൽ മനുഷ്യനും പ്രകൃതിയും സർവജീവജാലങ്ങളും കടുത്ത ആഘാതം നേരിടുമെന്ന് ഒരു പക്ഷേ ലോകത്താദ്യമായി എഴുതിയത് ഫ്രെഡറിക് എംഗൽസ് ആയിരിക്കും.. വെള്ളത്തിനും വായുവിനും വരെ പ്രൈസ് ടാഗിടുന്ന സാമ്രാജ്യത്വ- വങ്കത്തരത്തിന് പ്ലാച്ചിമടയിൽ ദാ തിരിച്ചടി ലഭിച്ചിരിക്കുന്നു. പൂട്ടിയ കമ്പനി ഇനി തുറക്കില്ലെന്ന് സുപ്‌രീംകോടതിക്ക് ഉറപ്പ് നൽകിയീരിക്കുന്നു.
1886ൽ പ്രവർത്തനം തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കൊക്കൊക്കോള എന്ന യുഎസ് കമ്പനി 2000ലാണ് പ്ലാച്ചിമടയിൽ പ്രവർത്തനം ആരംഭിച്ചത്. ഭൂഗർഭജലം എന്ന പൊതുസ്വത്ത് തോന്നിയതു പോലെ ഊറ്റിയെടുക്കുകയായിരുന്നു അവർ. 3ലിറ്റർ വെള്ളത്തിൽ നിന്ന് 1ലിറ്റർ കോള നിർമിച്ച് ബാക്കി മലിനജലം പുറത്തേക്കൊഴുക്കുകയുമാണ് കമ്പനി ചെയ്യുന്നത്. Cococola, Sprite ,Fanta ,Limka ,Mazza തുടങ്ങിയ പാനീയങ്ങൾ 12ലക്ഷം കുപ്പികളുത്പാദിപ്പിക്കാനായിരുന്നു പ്രവർത്തനം. പഞ്ചായത്താകട്ടെ ഒരു മോട്ടോർ മാത്രം സ്ഥാപിക്കാനുള്ള അനുമതി നൽകി.
എന്നാൽ ആറും ഏഴും പമ്പുകൾ സ്ഥാപിച്ച് ഒരു ദിവസം 15 ലക്ഷം ലിറ്റർ ജലം ആ കമ്പനി ഊറ്റിയെടുത്തു. 6മാസം കഴിഞ്ഞതോടെ കിണറ്റിലെ ജലനിരപ്പ് താണു. വെള്ളത്തിന് രുചിവ്യത്യാസമുണ്ടായി.. കുടിച്ചവർക്ക് രോഗബാധ.. കുളിച്ചാൽ ദേഹം ചൊറിയുന്നുവെന്ന പരാതി. കോള കമ്പനി വെള്ളമൂറ്റി കോടികൾ സമ്പാദിച്ചപ്പോൾ പാവപ്പെട്ട ജനങ്ങൾ വെള്ളമില്ലാതെ വലഞ്ഞു. 2002ലാണ് ജലചൂഷണത്തെ കുറിച്ചറിഞ്ഞ ജനം പ്രക്ഷോഭം തുടങ്ങിയത്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും നശിപ്പിച്ച കൊക്കൊക്കോളയെ പുറത്താക്കാനും വിചാരണ ചെയ്യാനുമായിരുന്നു ഇത്.
പണവും സ്വാധീനവുമുണ്ടെങ്കിൽ എന്ത് ക്രൂരതകളും കാണിക്കാമെന്ന് കരുതിയ കൊക്കൊക്കോള എന്ന ഭീമൻ കമ്പനിയുടെ ചെകിട്ടത്ത് കിട്ടിയ അടിയായിരുന്നു അത്. വിഎസ് അച്യുതാനന്ദൻ, വന്ദന ശിവ, എംപി വീരേന്ദ്രകുമാർ, സ്വാതന്ത്യ്രസമരസേനാനി സിദ്ധരാജദദ്ധ, സുകുമാർ അഴീക്കോട് തുടങ്ങിയവരുടെ പിന്തുണയും ഇതിന് ശക്തി പകർന്നു. സമരത്തെ നേരിടാൻ കമ്പനി പുറത്തെടുത്തത് പ്രലോഭനങ്ങളും ഭീഷണിയും പണവും ഒക്കെ ആയിരുന്നു. എന്നാൽ ലോകം മുഴുവൻ കീഴടക്കിയ കുത്തകമുതലാളിവർഗം ആ കൊച്ചുഗ്രാമത്തിനു മുന്നിൽ തോറ്റു പിന്മാറി. മയിലമ്മയുടെ നേതൃത്വത്തിൽ നടന്ന ആദിവാസിസമരവും കമ്പനിയെ വിറപ്പിച്ചു.
2004ൽ പൂട്ടിയ കമ്പനി ഇനി തുറക്കില്ലെന്നും കഴിഞ്ഞയാഴ്ച അവർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകി.. പുരോഗമന-ഇടതുപക്ഷ- പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കു മുന്നിൽ കമ്പനി കീഴടങ്ങി. ലോകം മുഴുവൻ കോളയ്ക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് ശക്തി പകരാൻ പ്ലാച്ചിമടയ്ക്ക് കഴിഞ്ഞു. 2004ൽ നടന്ന ലോകജലസമ്മേളനം പ്ലാച്ചിമടയുടെ ധീരതയെ ഉയർത്തിക്കാട്ടി. ലോകം മുഴുവൻ കമ്പനിയുടെ അന്യായങ്ങൾക്കെതിരെ രംഗത്തു വന്നു. അമേരിക്കൻ ടിവി ചാനലുകളിൽ വരെ പ്ലാച്ചിമട കത്തിനിന്നു.. യൂറോപ്യൻ പാർലമെന്റംഗങ്ങൾ സമരത്തിന് പിന്തുണ നൽകി.
ജലത്തിന്റെ കുത്തകവത്കരണത്തിനെതിരെ ലോകത്തെമ്പാടും സമരങ്ങൾ വ്യാപിക്കുന്നുണ്ട്. ബൊളീവിയയിൽ കൊച്ചബാംബ പ്രക്ഷോഭം തന്നെ നല്ല ഉദാഹരണം. എന്തായാലും ഇനി ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും കമ്പനിക്ക് ബാധ്യതയുണ്ട്.. ലാഭം പ്രകൃതിയെയും മനുഷ്യനെയും പിഴിഞ്ഞെടുത്തല്ല സൃഷ്ടിക്കേണ്ടതെന്ന മുതലാളിത്തത്തിനുള്ള താക്കീത് കൂടിയാണ് ഈ ഐതിഹാസികവിജയം.. ധീരമായ പോരാട്ടം കാഴ്ച വെച്ച കുടിവെള്ള സമരനായകർക്ക് വിപ്ലവാഭിവാദ്യങ്ങൾ...
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...