Monday, October 15, 2018

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-2


യുദ്ധകാലകമ്മ്യൂണിസം- USSRൽ..

ലോകം ഇന്നേ

വരെ കണ്ടിട്ടില്ലാത്ത ഒരു മഹാപരീക്ഷണമായിരുന്നു സോവിയറ്റ് യൂണിയൻ.. 1918ൽ ബോൾഷെവിക്കുകൾ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് സ്വയം നാമകരണം ചെയ്തു.1917 ഡിസംബറിൽ ഒന്നാം ലോകയുദ്ധത്തിൽ ലെനിൻ ജർമ്മനിയുമായി സന്ധിചെയ്യുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. സർ ചക്രവർത്തിയെയും കുടുംബത്തെയും വധശിക്ഷയ്ക്ക് വിധേയരാക്കി. 1921ൽ പോളണ്ടുമായി നടന്ന യുദ്ധം കൂടി ഒത്തുതീർപ്പിലെത്തുകയും ഉക്രൈൻ പ്രദേശം കൂടി സോവിയറ്റ് റിപ്പബ്ലിക്കാക്കുകയും ചെയ്തു. അങ്ങനെ 1922ലാണ് 15 റിപ്പബ്ലിക്കുകൾ ചേർന്ന് USSR( Union of Soviet Socialist Republic) രൂപം കൊണ്ടത്. ലെനിനെ ചെയർമാനായി തെരഞ്ഞെടുത്തു.

എന്നാൽ തുടക്കത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത ആഭ്യന്തരയുദ്ധം നേരിട്ടു. 'യുക്തിവാദി'കളായ സർക്കാരിനെതിരെ റഷ്യൻ ഓർത്തഡോക്സ് സഭയും ധനികപ്രഭുക്കന്മാരും ഭൂവുടമകളും പട്ടാളവും ഒക്കെ ചേർന്ന ധവളസേന( White Army) ഗവൺമെന്റിനെതിരെ കലാപം നടത്തി. സാമ്പത്തികമായി തകർച്ചയിലായിരുന്ന രാജ്യത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. എന്നാൽ ഇതിനെയെല്ലാം ട്രോട്സ്കിയുടെ ചെമ്പട ചെറുത്തുതോൽപിച്ചു. ശക്തമായ സംഘടനാരൂപവും അധികാരകേന്ദ്രവും ഇതിന് പാർട്ടിയെ സഹായിച്ചു. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സഹായം ലഭിച്ചിരുന്ന ഈ പ്രതിവിപ്ലവകാരികളായ ശത്രുക്കളെ ഗവ: തുരത്തിയോടിച്ചു. ഭരണനിർവഹണത്തിൽ പാർട്ടിയുടെ സ്വാധീനം വളരെ വലുതായിരുന്നു.

 ആഭ്യന്തരയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സ്വീകരിച്ച തീവ്രസോഷ്യലിസ്റ്റ് നടപടികളെ യുദ്ധകാലകമ്മ്യൂണിസം (War Communism) എന്ന് വിളിച്ചു. ലെനിന്റെ കാലത്ത് ഇതിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ അരങ്ങേറി. ഭൂവുടമകളുടെ കുത്തകഭൂമിയെല്ലാം സർക്കാർ പിടിച്ചെടുത്തു. കർഷകർക്ക് വ്യാപകമായി ഭൂമി നൽകി(ഭൂപരിഷ്കരണം). ഭക്ഷ്യക്ഷാമവും ദാരിദ്യ്രവും പരിഹരിക്കാൻ തുടങ്ങി. തൊഴിലില്ലായ്മ ഇല്ലാതാക്കി. ഗ്രാമീണജനങ്ങൾ വ്യാപകമായി നഗരങ്ങളിലേക്കെത്തി. മുതലാളിത്തത്തിന്റെ ചെറുകണികകൾ പോലും നീക്കം ചെയ്തു. തൊഴിലാളിവർഗതാത്പര്യം പാർട്ടി പിന്തുടർന്നു. വമ്പിച്ച തോതിൽ വൈദ്യുതീകരണം നടന്നു. പവർസ്റ്റേഷനുകൾ ധാരാളം സ്ഥാപിച്ചു. ജനജീവിതനിലവാരം ഇതോടെ വർധിച്ചു. വ്യവസായവും പുരോഗമിച്ചു. ലിംഗസമത്വം, സാക്ഷരത, സൗജന്യചികിത്സ തുടങ്ങിയ നേട്ടങ്ങളെല്ലാം USSR കൈവരിച്ചു. പുതിയ പാർട്ടികൾ നിരോധിച്ചു. ഫാക്ടറികൾ തൊഴിലാളികളുടെ നിയന്ത്രണത്തിലായി. സ്വകാര്യസ്വത്തവകാശം ഇല്ലാതാക്കി. ഇങ്ങനെ ധാരാളം നേട്ടങ്ങൾ കൈവരിച്ചെങ്കിലും യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ലെനിന്റെ പുത്തൻ സാമ്പത്തികനയം..

സോഷ്യലിസ്റ്റ് രാഷ്ട്രരൂപീകരണത്തിനു ശേഷം ലെനിൻ നേരിട്ട വലിയൊരു വെല്ലുവിളി രാജ്യത്തെ സാമ്പത്തികമുരടിപ്പ് ആയിരുന്നു. ജനക്ഷേമനടപടികൾ മാത്രം കൊണ്ട് കാര്യമില്ല.. ഉത്പാദനം വളരെ കുറവാണ്. പോരാത്തതിന് ക്ഷാമവും. സോഷ്യലിസത്തിന്റെ ഉയർന്ന സമ്പദ്വ്യവസ്ഥയിൽ ഉത്പാദനോപാധികൾ അല്ലെങ്കിൽ ഉത്പാദകശക്തികൾ വളരെ വികാസം പ്രാപിച്ചതായിരിക്കും. അത്തരത്തിൽ ഉത്പാദകശക്തികളുടെ വികാസമാണ് ആദ്യം വേണ്ടതെന്ന് ലെനിൻ മനസിലാക്കി. ഇതിന് നിലവിലെ യുദ്ധകാലകമ്മ്യൂണിസ്റ്റ് നയം ശരിയാവില്ല. അതോടെ പുതിയൊരു നയം ലെനിൻ 1921ൽ 10ാം പാർട്ടി കോൺഗ്രസിൽ പാസാക്കി. ഇതാണ് പുത്തൻ സാമ്പത്തികനയം( New Economic Policy). ഒരു തരം മുതലാളിത്തവത്കരണം തന്നെയായിരുന്നു ഇത്. ഉത്പാദനവും തൊഴിലവസരങ്ങളും ജനങ്ങളുടെ വാങ്ങൽശേഷിയും വളർത്താനായിരുന്നു ഇത്.

ചെറിയ ചെറിയ സ്വകാര്യസംരംഭങ്ങൾ അനുവദിക്കപ്പെട്ടു. ഒരു കമ്പോളവും രൂപം കൊണ്ടു. ഉത്പാദനശക്തികളെ വളർത്താൻ വേണ്ടിവന്നാൽ വിദേശബൂർഷ്വാസിയുടെ സഹായം പോലും തേടാമെന്ന് ലെനിൻ പറഞ്ഞു. മുതലാളിത്തത്തിന്റെ ചെറിയ കണികകൾ USSRൽ രൂപം കൊണ്ടു. ഗവ:തന്നെ കർഷകരുടെ വിളകൾ നേരിട്ട് ശേഖരിക്കുന്നതിന് പകരം മാർക്കറ്റിൽ വിൽക്കാൻ അനുവദിച്ചു. കച്ചവടം ഭീമമായി വർധിച്ചു. ജീവിതനിലവാരം വർധിച്ചു. പൂർണമായും കേന്ദ്രാസൂത്രിത സോഷ്യലിസത്തിനു പകരം സ്വകാര്‌യഉത്പാദകരും മാർക്കറ്റും സമ്പദ് വ്യവസ്ഥയെ ചെറിയ അളവിലെങ്കിലും നിയന്ത്രിച്ചു. പുത്തൻ സാമ്പത്തികനയവും ഭൂപരിഷ്കരണവും കാർഷികമേഖലയെ വളർത്തി. ധാന്യഉത്പാദനവും വളർച്ചാനിരക്കും കുത്തനെ ഉയർന്നു.

 എന്നാൽ വ്യവസായരംഗം അത്രമാത്രം വികസിച്ചില്ല. ട്രസ്റ്റുകളായും സിൻഡിക്കേറ്റുകളായും വ്യവസായശാലകളെ വിഭജിച്ചിരുന്നു. ഉത്പാദനഇടിവുമൂലം ചരക്കുകൾ വിലകൂട്ടി വിൽക്കാൻ തുടങ്ങി. വ്യവസായട്രസ്റ്റുകളും കുത്തകകളെ പോലെ പെരുമാറി. പതിയെ വ്യവസായം കരകയറിയെങ്കിലും കാർഷികമേഖല പരുങ്ങലിലായി. ഉയർന്ന ഉത്പാദനം മൂലം വിളകളുടെ വിലയിടിഞ്ഞു. ഇത് കർഷകരെ ബാധിച്ചു. വ്യവസായഉത്പന്നങ്ങൾ വാങ്ങാൻ അവർക്ക് കഴിവില്ലാതായി. വിളകൾ പൂഴ്ത്തിവെച്ചും മറ്റും കർഷകരും വില ഉയർത്താൻ ശ്രമിച്ചു. ഇത് നഗരവാസികളെ ദോഷകരമായി ബാധിച്ചു. പുത്തൻ നയത്തിന്റെ ഫലമായി രൂപം കൊണ്ട കമ്പോളവ്യവസ്ഥ ഇത്തരം പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പാർട്ടി നേരിട്ട് ഇടപെട്ട് ഇതെല്ലാം പരിഹരിച്ചു.

 കൽക്കരി ,ഇരുമ്പ് ,തുടങ്ങിയ വൻകിടവ്യവസായങ്ങൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തി.പുത്തൻനയം ലെനിൻ കൊണ്ടുവന്നത് വാസ്തവത്തിൽ നിവൃത്തിയില്ലായ്മ കാരണമായിരുന്നു എന്ന് വേണം പറയാൻ.. വിപ്ലവകാലത്ത് ധാരാളം ശത്രുക്കളെ ലെനിൻ സമ്പാദിച്ചിരുന്നു. അതിനാൽ രണ്ട് വധശ്രമങ്ങളും ലെനിന് നേരെ നടന്നു. 1918ൽ പെട്രോഗ്രാഡിൽ വെച്ച് ഒരു അജ്ഞാതൻ ലെനിന്റെ കാറിനുനേരെ വെടിയുതിർത്തെങ്കിലും ലെനിൻ രക്ഷപ്പെട്ടു. എന്നാൽ രണ്ടാം തവണ വെടിയേറ്റു. ചികിത്സ നൽകി ജീവൻ രക്ഷപ്പെടുത്തിയെങ്കിലും ലെനിന്റെആരോഗ്യസ്ഥിതി എന്നെന്നേക്കുമായി താറുമാറായി. സംസാരശേഷിയും നഷ്ടമായി..
                                                              (തുടരും..)     

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...