Monday, October 15, 2018

തകർന്നടിഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങൾ.. തകരാത്ത മാർക്സിസം..


1990കളോടെ ലോകഭൂപടത്തിന്റെ സിംഹഭാഗവും ചുവപ്പിച്ച സോവിയറ്റ് യൂണിയൻ എന്ന വലിയരാഷ്ട്രം തകർന്നുതരിപ്പണമായതോടെ ലോകം വിധിയെഴുതി.. ''മാർക്സിസം തകർന്നു..!'' ഒരുപാടുപേരുടെ ചോരയിൽ കെട്ടിപ്പടുത്ത സോഷ്യലിസ്റ്റ് രാജ്യം ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായി.. മാവോയിസ്റ്റ് വിപ്ലവങ്ങളിലൂടെ ഉയർന്നുവന്ന ചൈന മുതലാളിത്തം സ്വീകരിച്ചു.. ക്യൂബയും വിയറ്റ്നാമും ഒക്കെ സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ അയവിറക്കാൻ മാത്രം വിധിക്കപ്പെട്ടു. പോളണ്ടിനെപ്പറ്റി  മിണ്ടിപ്പോകരുത് എന്ന സിനിമാഡയലോഗ് തന്നെ സൂചിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ആഗോളതലത്തിലുള്ള നിസഹായാവസ്ഥയെയും ദൗർബല്യത്തെയുമാണ്.

എന്നാൽ സോവിയറ്റ് സോഷ്യലിസത്തെയും മറ്റും ചൂണ്ടിക്കാട്ടി കമ്മ്യൂണിസം തകർന്നുവെന്ന് പറയുന്നവരിൽ മാർക്സിസത്തെ പറ്റിയോ അതിന്റെ സാധ്യതകളെ കുറിച്ചോ അടിസ്ഥാനജ്ഞാനമെങ്കിലുമുള്ള എത്ര പേരുണ്ട്.. വിരളമെന്നേ പറയാനാവൂ.. ഇക്കൂട്ടർ ആദ്യം മനസിലാക്കേണ്ട ഒരു വസ്തുത ഇതാണ്.. കമ്മ്യൂണിസം എന്നത് ലോകത്ത് ഒരിടത്തും നിലവിൽ വരാത്ത ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയാണ്. അത് ഇനിയും നിറവേറേണ്ട ഒരു ലക്ഷ്യമാണ്. സോവിയറ്റ് യൂണിയനും ചൈനയും ക്യൂബയുമൊക്കെ ആ ലക്ഷ്യം തേടി സഞ്ചരിച്ച കപ്പലുകൾ മാത്രം.. കപ്പൽ വഴിയിൽ വെച്ച് മുങ്ങി എന്നു പറഞ്ഞാൽ ലക്ഷ്യം ഇല്ലാതായി എന്നാണോ അർത്ഥം..? അല്ല..!

വലിയ പ്രതീക്ഷകളോടെ കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ തങ്ങളുടെ യാത്രയ്ക്കിടയിൽ തളർന്നുവീണു എന്നു കണ്ടാൽ കുഴപ്പം ലക്ഷ്യത്തിനല്ല, മാർഗത്തിനാണ് എന്നു വേണം മനസിലാക്കാൻ.. മാർക്സ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പോലും എതിർക്കുമായിരുന്ന ഒട്ടനേകം പിഴവുകൾ 20ാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ടായിരുന്നു. വ്യക്തികൾക്കും പാർട്ടികൾക്കും അവർ സ്വീകരിച്ച മാർഗങ്ങൾക്കും കുഴപ്പങ്ങളുണ്ടായിരുന്നു. മാർക്സിസത്തെ മനസിലാക്കിയ ഒരാൾക്ക് ഉറപ്പായും ഇത്തരം പിഴവുകൾ തിരിച്ചറിയാനാവും..

 ഒരു പുരുഷായുസ് മുഴുവൻ മാർക്സിസം ലോകത്ത് തലയുയർത്തി നിന്നു.. ആ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കമ്മ്യൂണിസം തകർന്നുവെന്നല്ല, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്ങനെയൊക്കെ ആകാൻ പാടില്ലെന്നാണ്. കമ്മ്യൂണിസം തകർന്നുവെന്ന് വിധിയെഴുതിയ വർത്തമാനകാല മുതലാളിത്തം ലോകത്തെ സർവനാശത്തിലേക്ക് നയിക്കുമ്പോൾ, മനുഷ്യരാശി തളർന്നവശരാകുമ്പോൾ നാം പഠിക്കേണ്ടത് മാർക്സിസത്തിന്റെ പുതിയ സാധ്യതകളെ കുറിച്ചും...

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...