Monday, October 15, 2018

കുടുംബം- മാർക്സിസ്റ്റ് വീക്ഷണത്തിൽ..

കുടുംബവ്യവസ്ഥിതി, മുതലാളിത്തം..

കൂടുമ്പോൾ ഇമ്പമുള്ളതിനെയാണ് കുടുംബം എന്ന് പറയുക. അത് മനുഷ്യന് സനാഥത്വബോധവും സുരക്ഷിതത്വവും നൽകുന്നതിനൊപ്പം വ്യക്തിത്വവികസനത്തെയും ഗണ്യമായി സ്വാധീനിക്കുന്നു. മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെയും സ്വാധീനിക്കുന്നു. അതുപോലെ തന്നെ മറ്റുപല സാമൂഹ്യസ്ഥാപനങ്ങളെയും പോലെ നിലവിലുള്ള വർഗവ്യവസ്ഥിതി( മുതലാളിത്തം) യെ സംരക്ഷിക്കുന്ന ഒരു സാമൂഹ്യസ്ഥാപനമാണ് കുടുംബം.

 കുടുംബവ്യവസ്ഥിതി പൊതുവേ മുതലാളിത്തവ്യവസ്ഥയെ രണ്ട് രീതിയിൽ പരിപോഷിപ്പിക്കാം. ആശയപരമായും ഭൗതികപരമായും.. കുടുംബം മാത്രമല്ല മുതലാളിത്തത്തിന്റെ നിലനിൽപിനും അതിലൂടെ അതിന്റെ ചൂഷണങ്ങൾക്കും സാധുത നൽകുന്ന അനേകം ഘടകങ്ങൾ സമൂഹത്തിലുണ്ട്..  നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം, കല, വിനോദം, മാധ്യമം, രാഷ്ട്രീയം എന്നിങ്ങനെ ധാരാളം ഘടകങ്ങൾ.. ഇത്തരം സാമൂഹ്യസ്ഥാപനങ്ങളെ പൂർണമായും തള്ളിപ്പറയുകയല്ല മാർക്സിസം ചെയ്യുന്നത്.( കുടുംബത്തെ മുതലാളിത്തത്തിന്റെ സഹായിയായി കാണുന്നു എന്നതിനർത്ഥം സോഷ്യലിസ്റ്റുകാർക്ക് സ്വന്തമായി കുടുംബം പാടില്ല എന്നല്ല..!!!) ഓരോ ഘടകങ്ങളും വ്യവസ്ഥയുമായി എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പ്രകൃതിവിഭവങ്ങൾ കൂട്ടായ ഉടമസ്ഥതയിലുണ്ടായിരുന്ന, സമത്വപൂർണമായ, അപരിഷ്കൃതമായ പ്രാകൃതകമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പ്രാകൃതകമ്മ്യൂണിസത്തിൽ ഇന്നത്തേതു പോലെ കുടുംബങ്ങൾ തന്നെ ഉണ്ടായിരുന്നില്ല. ഏകഭാര്യത്വം, ഏകഭർതൃത്വം എന്നിവ ഇല്ലായിരുന്നു. ലൈംഗികബന്ധങ്ങൾ പോലും സ്വതന്ത്രമായിരുന്നു. ആർക്കും ആരോടൊപ്പവും ജീവിക്കാം. ഉണ്ടാകുന്ന കുട്ടികൾക്കുമേലും കർശനമായ നിയന്ത്രണങ്ങളില്ല. അവർ സമൂഹത്തിന്റെ തന്നെ സന്താനങ്ങളായി മാറുന്നു. സമൂഹം തന്നെ ഒരു കുടുംബം എന്ന അവസ്ഥ.

 എന്നാൽ സ്വകാര്യസ്വത്തിന്റെ ആവിർഭാവവും വർഗസമൂഹത്തിന്റെ ഉദയവും മനുഷ്യനെ കുടുംബങ്ങളിലേക്ക് നയിച്ചു. കുടുംബങ്ങളുടെ ആവശ്യകത വർധിച്ചു. സ്വത്തുക്കൾ തലമുറകളിലൂടെ കൈമാറണമെങ്കിൽ ഇത് ആവശ്യമായിരുന്നു. അതിനാണെങ്കിൽ ഒരു ഏകപതിത്വവ്യവസ്ഥ ആവശ്യമാണ് താനും. ഗൃഹനാഥനാണല്ലോ സ്വത്തുടമസ്ഥൻ.. സ്വത്ത് കൈമാറേണ്ട മക്കളെക്കുറിച്ച് വ്യക്തമായ ബോധവും അവരുടെ മേൽ നിയന്ത്രണവും അച്ഛനമ്മമാർക്ക് ആവശ്യമായി വന്നു. ഇതോടെ സമൂഹം ഒറ്റയൊറ്റയായ കുടുംബങ്ങളായി മാറി. ലൈംഗികബന്ധങ്ങൾ സ്വകാര്യവും നിയന്ത്രിതവുമായി മാറി.

 പ്രാകൃതകമ്മ്യൂണിസത്തിൽ 'സമൂഹം ഒരു കുടുംബം' എന്ന രീതി പിന്നീട് കൂട്ടുകുടുംബങ്ങളിലേക്കും അണുകുടുംബങ്ങളിലേക്കും ചുരുങ്ങി. കുന്നുകൂടുന്ന സ്വത്തുക്കൾ തലമുറകളോളം കൈമാറ്റം ചെയ്തു. അവ സ്വകാര്യമായി തന്നെ തുടർന്നു. ചൂഷണവും അസമത്വവും തലമുറകളോളം തുടർന്നു. അണുകുടുംബമാകട്ടെ സ്വത്തുക്കളുടെ വലിയ തോതിലുള്ള വിഭജനത്തെ ചെറുക്കുകയും അതിന്റെ കേന്ദ്രീകരണം കാലങ്ങളോളം തുടരുകയും ചെയ്തു. മരുമക്കത്തായവും മക്കത്തായവും മറ്റും ആവിർഭവിച്ചതും ഇതിന് ആക്കം കൂട്ടി. ധനികന്റെ മകൻ ധനികനും ഭിക്ഷാടകന്റെ മകൻ ഭിക്ഷാടകനും ആകുന്നതോടെ അസമത്വവും നിർബാധം തുടർന്നുപോന്നു..   

കുടുംബം- ആശയപരമായ മുതലാളിത്തോപാധി

മുതലാളിത്തം ഉൾപെടെയുള്ള വർഗസമൂഹങ്ങളിൽ കുടുംബം ഈ വ്യവസ്ഥിതിക്ക് ആശയപരമായ സാധുത നൽകുന്നതായും മാർക്സ് വ്യക്തമാക്കുന്നു.. സമൂഹം ചൂഷണാത്മകമാണെന്നും ആരുടെയെങ്കിലും മുന്നിൽ എന്നും വിധേയത്വം പ്രാപിച്ചേ പറ്റൂ എന്നും ഒക്കെ മനുഷ്യൻ കുട്ടിക്കാലം മുതൽ മനസിലാക്കുന്നു. വിധേയത്വം എന്ന അവസ്ഥ എന്നും അനിവാര്യമാണെന്ന ചിന്ത മനുഷ്യനിൽ ഊട്ടിയുറപ്പിക്കുന്നത് കുടുംബത്തിനുള്ളിൽ തന്നെ കുട്ടി അനുഭവിക്കുന്ന വിധേയത്വവും അനുസരണാശീലവുമാണ്. വ്യക്തിപരമായ സർഗാത്മകത, സ്വതന്ത്രചിന്ത, പ്രതികരണമനോഭാവം ഇതൊക്കെ കുട്ടികളിൽ ഉണ്ടാക്കുന്നതിന് കുടുംബങ്ങൾ എത്രത്തോളം പങ്കുവഹിക്കും എന്നത് ചർച്ചാവിഷയമാണ്.

''നീ നിന്റെ കാര്യം നോക്ക്'' എന്നതാണ് മിക്ക കുടുംബങ്ങളും പകർന്നുനൽകുന്ന പാഠം. മനുഷ്യരിൽ തന്നെ മേലാളവർഗവും കീഴാളരും ഉയർന്നതും താഴ്ന്നതും ഒക്കെ സ്വാഭാവികമാണെന്ന ബോധം അവരറിയാതെ തന്നെ അവരിൽ കുടുംബം സൃഷ്ടിക്കുന്നു. കുടുംബത്തിൽ നിന്നും അവർ പഠിക്കുന്ന വിധേയത്വ-അനുസരണാശീലങ്ങൾ, സഹനമനോഭാവം, ഇതെല്ലാം മുതലാളിത്തചൂഷണങ്ങൾ അച്ചടക്കത്തോടെ സഹിക്കുന്ന തൊഴിലാളിവർഗത്തെ തന്നെയാണ് ഭാവിയിൽ സൃഷ്ടിക്കുന്നത്..

മുതലാളിത്തം നിലനിന്നുപോകുന്നതിൽ ഭൗതികശക്തികൾക്കു മാത്രമല്ല, ആശയപരവും സാംസ്കാരികവും ജനങ്ങളുടെ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങൾക്കും പങ്കുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചതാണ്. ഇത്തരം സംസ്കാരങ്ങളും വ്യക്തിത്വവും കാഴ്ചപ്പാടുകളും തൊഴിലാളിവർഗത്തിന്റെ മനസിൽ പോലും സ്വാധീനം ഉണ്ടാക്കുന്നതിൽ കുടുംബത്തിനും ഒരു പങ്കുണ്ടെന്ന് മാർക്സും എംഗൽസും വിശദീകരിക്കുന്നുണ്ട്..

കുടുംബസങ്കൽപം- മുതലാളിത്തത്തിലും  സോഷ്യലിസത്തിലും..

മുതലാളിത്തത്തിൽ കുടുംബം ഒരു ഉപഭോക്തൃയൂണിറ്റ് ആണെന്ന് ഓർക്കണം. ഉപഭോഗതൃഷ്ണ വളർത്താനായി മുതലാളിത്തം സ്വീകരിക്കുന്ന മനശാസ്ത്രപരമായ തന്ത്രങ്ങൾ പോലും കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. (പരസ്യങ്ങൾ ഉൾപെടെ). കുടുംബം സസന്തോഷം നിലനിൽക്കണമെങ്കിൽ ഉപഭോഗവും വർധിക്കണം. പണമൊക്കെ ധൂർത്തടിച്ച് മാക്സിമം അടിച്ചുപൊളിക്കണമെന്ന് അർത്ഥം...!!! ഇത്തരം പൊതുബോധങ്ങൾ മുതലാളിത്തം സൃഷ്ടിക്കുന്നുണ്ട്.

 മുതലാളിത്തചൂഷണങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും മറക്കാൻ മതം പോലെ മനുഷ്യന് സഹായകമായ മരുന്നുകൂടിയാണ് കുടുംബം.. അത് മനുഷ്യന് ആശ്വാസം നൽകും. കുടുംബം നൽകുന്ന സനാഥത്വവും സ്വർഗീയാനുഭൂതിയും മനുഷ്യനെ ഉന്മാദനാക്കും. ചൂഷണങ്ങളും വർഗവൈരുധ്യങ്ങളും അവൻ മറക്കുകയും ചെയ്യും..

കുടുംബവ്യവസ്ഥ മുതലാളിത്തത്തിന് എങ്ങനെ സഹായകരമാകുന്നു എന്നാണ് വിശദീകരിച്ചത്. സോഷ്യലിസത്തിലും മനുഷ്യന് അവന്റേതായ കുടുംബം ഉണ്ടാകാം.  പക്ഷേ കുടുംബസങ്കൽപങ്ങൾ സോഷ്യലിസത്തിൽ തീർത്തും വ്യത്യസ്തമായിരിക്കും. പുരുഷാധിപത്യവും സ്ത്രീ താഴെത്തട്ടിലുമെന്ന സ്ഥിതി ഇല്ലാതാകും. ലിംഗസമത്വം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നർത്ഥം..സ്വകാര്യസ്വത്ത് ഇല്ലാതാകുകയും ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലും ആകുന്നതിനാൽ അവയുടെ തലമുറകളിലൂടെയുള്ള കൈമാറ്റം ഇല്ലാതാകുന്നു. ലൈംഗികതയും സദാചാരനിയമങ്ങളും സംബന്ധിച്ച ബോധം പോലും മാറിമറിയാം.. സ്നേഹവും ഐക്യവും കുടുംബത്തിന്റെ കവചങ്ങളായി മാറും. അത് ഓരോ മനുഷ്യനിലും സോഷ്യലിസ്റ്റ് സംസ്കാരം വളർത്തിയെടുക്കാനും വിശ്വമാനവകാഴ്ചപ്പാട് വളർത്താനും സഹായിക്കും..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...