ചെമ്പട ചരിത്രം കുറിച്ച രണ്ടാം ലോകമഹായുദ്ധം...
1930കൾക്കു ശേഷം സോവിയറ്റ് യൂണിയൻ വമ്പിച്ച വ്യവസായവത്കരണത്തിലൂടെ കടന്നുപോയി. സാമ്പത്തികവളർച്ച അതിന്റെ പാരമ്യത്തിലെത്തി. വ്യവസായമേഖലയിലെ ഈ കുതിപ്പിനുള്ള പ്രധാന പ്രചോദനം പാശ്ചാത്യലോകത്തോടുള്ള USSRന്റെ വിശ്വാസമില്ലായ്മയും ഒരു രണ്ടാംലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആയിരുന്നു. 1940 ആയതോടെ USSR പൂർണമായും സ്വയംപര്യാപ്ത രാഷ്ട്രമായി മാറി.
1930കളോടെ അമേരിക്ക ഉൾപെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി സോവിയറ്റ് യൂണിയൻ അടുക്കാൻ തുടങ്ങി. US പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് സോവിയറ്റ് യൂണിയനെ അംഗീകരിച്ചു. അന്താരാഷ്ട്രസംഘടനയായ ലീഗ് ഒഫ് നേഷൻസിലും സോവിയറ്റ് യൂണിയൻ അംഗമായി. ഇതിനിടെ സ്പെയിനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. റിപ്പബ്ലിക്കൻസും സ്പെയിനിലെ തീവ്രദേശീയവാദികളും തമ്മിലെ രൂക്ഷമായ യുദ്ധത്തിൽ USSRഉം അമേരിക്കയും ഉൾപെടെയുള്ള സഖ്യകക്ഷികൾ റിപ്പബ്ലിക്കൻസിനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ നാസി ജർമനിയാകട്ടെ ദേശീയവാദികളോടൊപ്പവും.
സമാധാനശ്രമങ്ങളുടെ ഭാഗമായി ജോസഫ് സ്റ്റാലിൻ നാസി ജർമനിയുമായി പ്രീണനകരാർ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണമായിരുന്നു ലക്ഷ്യം.. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഹിറ്റ്ലറെ പോലുള്ള ഫാസിസ്റ്റിനെ അംഗീകരിക്കുന്നതിനെ ട്രോട്സ്കി എതിർത്തിരുന്നു. പ്രീണനസന്ധി റദ്ദാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ സ്റ്റാലിന് ട്രോട്സ്കിയോടുള്ള വിരോധം വർധിപ്പിച്ചതേയുള്ളൂ. USSRഉം ജർമ്മനിയും കൈകോർക്കുകയും 1939ൽ പോളണ്ടിനെ ആക്രമിച്ച് കീഴ്പെടുത്തുകയും ചെയ്തു. പക്ഷേ ഹിറ്റ്ലർ പതിയെ സോവിയറ്റ് യൂണിയനെതിരെ തിരിയാൻ തുടങ്ങി. USSRന്റെ ഭാഗങ്ങളും ഹിറ്റ്ലർ ആക്രമിച്ചു. ഇതോടെ പ്രീണനസന്ധി ഇല്ലാതാകുകയും ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിലേക്ക് , രണ്ടാംലോക മഹായുദ്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സഖ്യകക്ഷികളും USSRഉം ഒറ്റക്കെട്ടായി ജർമനി- ഇറ്റലി-ജപ്പാൻ ഫാസിസ്റ്റ് കേന്ദ്രശക്തികളെ ആക്രമിച്ചു. സ്റ്റാലിൻഗ്രാഡിലും മറ്റും നടന്ന യുദ്ധങ്ങൾ അക്ഷരാർത്ഥത്തിൽ ചോരപ്പുഴയൊഴുക്കി.. തങ്ങളോടൊപ്പമുള്ള മറ്റ് സഖ്യകക്ഷികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടിവന്നത് സോവിയറ്റ് യൂണിയനായിരുന്നു. ഏതാണ്ട് രണ്ടരക്കോടിയിലേറെ മനുഷ്യർ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ രക്തസാക്ഷികളായി. ബ്രിട്ടനും ഫ്രാൻസും പരാജയത്തിന്റെ വക്കിലെത്തി. എന്നാൽ ഇത്തരം വെല്ലുവിളികളെല്ലാം അതിജീവിച്ചുകൊണ്ട് USSRന്റെ ചെമ്പട(Red Army) 1945ൽ ബർലിൻ കീഴടക്കി. അമേരിക്ക ജപ്പാനിലെ ഹിരോഷിമ-നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് ലോകമനസാക്ഷിയെ ഞെട്ടിച്ചു. ചെമ്പട ഹിറ്റ്ലറുടെ കൊട്ടാരം വളഞ്ഞതോടെ ഗത്യന്തരമില്ലാതെ ഹിറ്റ്ലറും സഹധർമിണിയും ആത്മഹത്യ ചെയ്തു. യുദ്ധം അവസാനിച്ചു.
കീഴടക്കിയ പ്രദേശങ്ങളെല്ലാം USSR തങ്ങളുടെ ഭാഗമാക്കി. ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. കിഴക്കൻ ജർമനി സോവിയറ്റ് യൂണിയൻ സ്വന്തമാക്കി. യുദ്ധം തീർന്നുവെങ്കിലും അത് പുതിയൊരു ആഗോളരാഷ്ട്രീയത്തിന് തിരി കൊളുത്തി. അതുവരെ സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും USSRഉം തമ്മിൽ അകന്നു. ഇവർക്കിടയിലെ അകൽച്ചയും ശത്രുതയും മത്സരവുമൊക്കെ ശീതയുദ്ധത്തിലേക്ക് നയിച്ചു. 1949ൽ അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യശക്തികൾ ചേർന്ന് NATO രൂപീകരിച്ചു. ഇതോടെ ലോകം രണ്ട് ചേരിയായി തിരിഞ്ഞു. USന്റെ സാമ്രാജ്യത്വചേരിയും USSRന്റെ സോഷ്യലിസ്റ്റ് ചേരിയും. പുതിയ വഴിത്തിരിവിലേക്ക് ആഗോളരാഷ്ട്‌രീയം നീങ്ങി



No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...