Monday, October 15, 2018

മതങ്ങളും മാർക്സിസവും..


'മതം' എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ പ്രധാനമായും 4 തരത്തിൽ നിർവചിക്കാം..

1) ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതം നയിക്കുന്ന മനുഷ്യന്  ആശ്വാസം പ്രദാനം ചെയ്യുകയും എല്ലാം സഹിച്ച് മുന്നോട്ടുപോകുവാനുള്ള കരുത്തും പ്രതീക്ഷകളും നൽകുകയും ചെയ്യുന്ന വിശ്വാസം..

2) ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന മർദ്ദിതവർഗം വിപ്ലവത്തിന് തുനിയുന്നത് തടയുകയും അവരെ  തണുപ്പിച്ചുനിർത്തുകയും ചെയ്യുന്ന, അല്ലെങ്കിൽ അവരെ ഭിന്നിപ്പിക്കുന്ന  ചൂഷകവർഗത്തിന്റെ ഉപകരണം..

3) മരണാനന്തര സ്വർഗം, ദൈവപ്രീതി എന്നീ വാഗ്ദാനങ്ങളിലൂടെ മനുഷ്യരെ ധർമപാതയിൽ നയിക്കാനും പാപം ചെയ്യുന്നതിൽ നിന്ന്  നരകജീവിതം ,ദൈവകോപം തുടങ്ങിയ ഭീഷണികളിലൂടെ  അവരെ  തടയാനും സമൂഹം തന്നെ സൃഷ്ടിച്ച ദാർശനികോപാധി.

4) തനിക്ക് തിരിച്ചറിയാനും മനസിലാക്കാനും കഴിയാത്ത പ്രപഞ്ചസത്യങ്ങളെ  എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി മനുഷ്യൻ സ്ഥിരമായി ഉപയോഗിക്കുന്ന മാർഗം..

എന്തായാലും മതങ്ങളുടെ ആവിർഭാവത്തിന്റെ ഉദ്ദ്യേശങ്ങൾ  മനുഷ്യന് സാന്ത്വനം നൽകുക, ലോകത്തെ ധർമത്തിലേക്ക് നയിക്കുക, സമാധാനം നിലനിർത്തുക, ദുഃഖങ്ങളിൽ നിന്നും മുക്തി നൽകുക എന്നതൊക്കെയാണ്. എന്നാൽ സഹസ്‌രാബ്ദങ്ങൾ കഴിഞ്ഞു.. ഇന്നും മനുഷ്യൻ ചങ്ങലകളിൽ തന്നെയാണ്.. അധർമ്മവും ചൂഷണങ്ങളും കൊടികുത്തിവാഴുന്നു.. മതങ്ങളുടെ
പേരിൽ തന്നെ ചോരപ്പുഴയൊഴുകുന്നു. പട്ടിണിയ്ക്കും ദാരിദ്യ്രത്തിനുംജാതി -മത-വർണ്ണ-ദേശ വ്യത്യാസങ്ങൾ ഇല്ലാതാകുന്നു. നന്മയുടെ തുരുത്തുകൾ അപൂർവ്വമാകുന്നു.. മതങ്ങളും പരാജയപ്പെടുന്നു എന്നർത്ഥം.

പരാജയം സമ്മതിക്കാത്ത മതങ്ങൾ ഭൂമിയിൽ തത്കാലം ചൂഷണങ്ങൾ നേരിടേണ്ടിവരുമെന്നും മരണശേഷം സ്വർഗത്തിലെത്തിയാൽ എല്ലാം ശരിയാവുമെന്നും ന്യായീകരിക്കുന്നു. ദുരിതങ്ങൾ അനുഭവിക്കുന്നുവെങ്കിൽ അതെല്ലാം മുജ്ജന്മപാപഫലമാണ് എന്നും അതിനാൽ വിധി സ്‌വീകരിക്കാൻ നീ ബാധ്യസ്തനാണെന്നും മതം പറഞ്ഞുവെക്കുന്നു. അതിനാൽ ഇന്നും മതവിശ്വാസങ്ങൾ യഥേഷ്ടം എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനം ഉണ്ടാക്കുന്നു.

മതങ്ങളെ അന്ധമായി പിന്തുടർന്ന മനുഷ്യന് തീർത്തും വ്യത്യസ്തമായ ,മോചനത്തിന്റെ പുതിയൊരു മാർഗത്തിലേക്ക് വെളിച്ചം വീശുന്നതിൽ മാർക്സിസത്തോളം കരുത്തുറ്റ മറ്റൊരു ദർശനമില്ല. മനുഷ്യന്റെ യഥാർത്ഥ പ്രശ്നങ്ങളുടെ കാരണം മുജ്ജന്മപാപവും 'തലവരയും' ഒന്നുമല്ല.. മറിച്ച് അത് ഈ വ്യവസ്ഥിതി തന്നെയാണ്.. മനുഷ്യൻ സ്വർഗം പ്രാപ്തമാക്കേണ്ടത് മരണശേഷമല്ല.. അത് ഈ ഭൂമിയിൽ തന്നെയാണ്.. സമത്വസുന്ദരമായ ദുരിതങ്ങളില്ലാത്ത ലോകം ഉണ്ടാകേണ്ടത് ദൈവം കനിഞ്ഞരുളിയല്ല, അത് നാം തന്നെ സ്ഥാപിക്കേണ്ടതാണ്.. ഇതാണ് മാർക്സിസം ലോകത്തിന് പകർന്നുതന്ന ദർശനം. മതങ്ങൾ ആയിരക്കണക്ക് വർഷങ്ങൾ കൊണ്ട് ഭൂമിയിലെ പല ഭൂഖണ്ഡങ്ങളും സ്വാധീനവലയത്തിലാക്കി പങ്കിട്ടപ്പോൾ ഏതാനും ദശകങ്ങൾ കൊണ്ടുതന്നെ മാർക്സിസം ഭൂമുഖത്തെമ്പാടുമുള്ള  അധ്വാനവർഗത്തെയാകെ ഒരുമിപ്പിച്ചതും അതിന്റെ കരുത്തുകൊണ്ടു തന്നെ. സംശയമില്ല.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...