Monday, October 15, 2018

തൊഴിലാളിവർഗവും തൊഴിലുടമകളും..

വർഗങ്ങളുടെ രൂപീകരണം..

തൊഴിലാളിയും തൊഴിലുടമയും തമ്മിലെ വ്യത്യാസം എന്തെന്ന് മുൻപോസ്റ്റിൽ ലളിതമായി വിശദമാക്കിയിട്ടുണ്ട്..  ലോകത്തെല്ലായിടത്തും ജനങ്ങളെ തൊഴിലാളികൾ എന്നും തൊഴിലുടമകൾ എന്നും വേർതിരിക്കാമെങ്കിലും ഇത് പൂർണമായും സാധിക്കില്ല. ഒരേ സമയം തൊഴിലാളിയായും തൊഴിലുടമയായും വർത്തിക്കുന്നവർ സമൂഹത്തിലുണ്ട് എന്നതുതന്നെ കാരണം. അതായത് ഒരേസമയം ഒരാൾ സ്വന്തം അധ്വാനത്തിലൂടെ വരുമാനം നേടുകയും അതേസമയം മറ്റൊരിടത്ത് അയാൾ തന്റെ കൈവശമുള്ള ആസ്തി ഉപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യും.
നാട്ടിൽ സ്വന്തം ഭൂമി പാട്ടത്തിനു കൊടുത്ത ഒരു അധ്യാപകൻ, ഷെയർമാർക്കറ്റിൽ ചൂതാട്ടം നടത്തുന്ന ഒരു ടാക്സി ഡ്രൈവർ, സർക്കാരുദ്യോഗം വഹിക്കുന്ന ഒരു പണമിടപാട് മുതലാളി തുടങ്ങിയവ തന്നെ ഉദാഹരണം..

എന്നാൽ കാലാനുസൃതമായി ജനങ്ങൾ തൊഴിലാളി എന്നും തൊഴിലുടമ എന്നും കൂടുതൽ വേർതിരിയുന്നുണ്ട്. വളരെ ചെറിയൊരു ന്യൂനപക്ഷം തൊഴിലുടമകൾ സമ്പന്നരാകുന്നു. ഇടത്തരക്കാരിൽ നല്ലൊരു വിഭാഗവും ദാരിദ്യ്രത്തിലേക്ക് നീങ്ങുന്നു. സാമ്പത്തികമായ ധ്രുവീകരണം അതായത് പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർധിക്കുന്നു.. മുതലാളിവർഗം തന്നെ പരസ്പരം മത്സരിക്കുമ്പോൾ നല്ലൊരു ശതമാനവും പരാജയപ്പെടുകയും തങ്ങളുടെ ബിസിനസുകളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. ഇവരിലും ഭൂരിപക്ഷവും മറ്റാരുടെയെങ്കിലും തൊഴിലാളികളായി മാറുന്നു. കാലം കഴിയുന്തോറും തൊഴിലാളിവർഗം കൂടുതൽ അസംതൃപ്തിയിലേക്ക് നീങ്ങുകയും സമൂഹത്തിലെ രണ്ട് വർഗങ്ങൾ തമ്മിലെ അന്തരം വർധിക്കുകയും ചെയ്യുന്നു. വർഗസമരം രൂപപ്പെടുന്നു..

ഒരു മനുഷ്യൻ തന്റെ ശാരീരികമോ ,മാനസികമോ ആയ  അധ്വാനം നിർവഹിച്ചുകൊണ്ട് പ്രതിഫലമായി തനിക്കാവശ്യമായ ജീവനോപാധികൾ നേടുന്നെങ്കിൽ അവരെ തൊഴിലാളിവർഗം എന്നുവിളിക്കാം. എന്നാൽ മറ്റൊരുവിഭാഗമുണ്ട്.. ഇവരും പ്രതിഫലമായി ജീവനോപാധികൾ നേടുന്നുണ്ടെങ്കിലും അത് അധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് തനിക്ക് പൈതൃകമായോ അല്ലാതെയോ ലഭിച്ച സ്വത്തുക്കളുടെ മേലുള്ള ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിലാവാം അത്. ഉദാ:- ഭൂമിക്ക് പാട്ടമായും വീടിനും മറ്റ് ഉപാധികൾക്കും വാടകയായും മൂലധനത്തിന് ലാഭമായും വായ്പയ്ക്ക് പലിശയായും ഒക്കെ പ്രതിഫലം സ്വന്തമാക്കുന്നവർ.

ഈ വർഗത്തിന്റെ കൈയിലുള്ള ഉത്പാദനോപാധികളിൽ നിന്ന് അവർ നേട്ടം കൊയ്യുന്നു.. ഇവരെ തൊഴിലുടമകൾ എന്നുവിളിക്കാം. അതേസമയം തൊഴിലാളിവർഗത്തിന് പ്രതിഫലം നേടാനാകുന്നത് ഇത്തരം സ്വത്തുക്കൾ ഉപയോഗിച്ചല്ല. സ്വന്തമായി ഉത്പാദനോപാധികളില്ലാത്ത ഇവർ അധ്വാനം വിറ്റുകൊണ്ടാണ് പ്രതിഫലം നേടുന്നത്. ഇതാണ് തൊഴിലാളിവർഗവും തൊഴിലുടമകളും തമ്മിലെ വ്യത്യാസം. തൊഴിലാളിവർഗത്തിന് അധ്വാനം ചെലുത്തി ശമ്പളം നേടണമെങ്കിൽ ഉത്പാദനോപാധികൾ വേണം. കൃഷിഭൂമിയോ ഫാക്ടറിയോ അസംസ്കൃതവസ്തുക്കളോ മറ്റോ ഇല്ലാതെ അധ്വാനം മാത്രം കൊണ്ട് കാര്യമില്ലല്ലോ.

അതായത് അധ്വാനിക്കാനാവശ്യമായ ഉത്പാദനോപാധികളും തൊഴിലാളികൾക്ക് ആവശ്യമായി വരും. ഇതാകട്ടെ തൊഴിലുടമകളുടെ കൈവശമാണ്. അതിനാൽ തൊഴിലാളിക്ക് ജോലി ചെയ്യാൻ തൊഴിലുടമകൾ കൂടി കനിയണം. തൊഴിൽ ചെയ്യുന്നത് തൊഴിലാളി ആണെങ്കിലും തൊഴിൽ സൃഷ്ടിക്കുന്നത് തൊഴിലുടമയാണ്. അവരുടെ കൈവശമുള്ള സ്വത്തുക്കളാണ് അവരെ ഇതിന് പ്രാപ്തരാക്കുന്നത്.


No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...