Monday, October 15, 2018

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-6


ഗോർബച്ചേവും പെരിസ്ട്രോയിക്കയും..

 ഗോർബച്ചേവിന്റെ ആഗമനത്തോടെ സോവിയറ്റ് യൂണിയൻ പൂർണമായും മുതലാളിത്തത്തിലേക്ക് നീങ്ങാനാരംഭിച്ചു. പുതിയ നയങ്ങൾ നടപ്പാക്കി. സമ്പദ് വ്യവസ്ഥ ഉദാരവത്കരിച്ചു. യുദ്ധങ്ങളും മറ്റും മൂലം ഉണ്ടായ രൂക്ഷമായ സാമ്പത്തികമാന്ദ്യമാണ് ഇതിന് പ്രേരിപ്പിച്ചത്. ഗ്ലാസ് നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നീ പേരുകളിൽ ഇത് അറിയപ്പെട്ടു. ഗവൺമെന്റിന് മാധ്യമങ്ങൾക്കു മേൽ ഉണ്ടായിരുന്ന കർശനമായ സെൻസർഷിപ്പ് നീക്കി. ജനങ്ങൾക്ക് ഗവൺമെന്റിനെതിരെ പ്രതികരിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. അധികാരകേന്ദ്രീകരണം പൂർണമായും ഇല്ലാതാക്കി. ഉത്പാദനമേഖലയിലെ സർക്കാർ പങ്കാളിത്തം കുറഞ്ഞു. എന്നാൽ കമ്പോളശക്തികൾക്ക് ഇത് വിട്ടുകൊടുത്തുമില്ല.ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. അഫ്ഗാൻ അധിനിവേശയുദ്ധം 9 വർഷങ്ങൾക്കു ശേഷം അവസാനിപ്പിച്ചു. 1988ൽ സൈന്യത്തെ പിൻവലിച്ചു.

അമേരിക്കൻ സാമ്രാജ്യത്വവും CIAയും സോവിയറ്റ് യൂണിയനെ തകർക്കാൻ വേണ്ടി ധാരാളം ഗൂഢതന്ത്രങ്ങൾ മെനഞ്ഞു. അമേരിക്ക സൗദിയെ ആഗോളഎണ്ണവില കുറയ്ക്കാൻ പ്രേരിപ്പിച്ചു. ഇതോടെ എണ്ണവിൽപന വഴി സോവിയറ്റ് യൂണിയൻ നേടിയിരുന്ന വരുമാനം ഇടിയുകയും അത് തകർച്ചയിലേക്ക് നീങ്ങുകയും ചെയ്തു. തങ്ങളുടെ സഖ്യരാജ്യങ്ങൾക്ക് USSR നൽകിവന്ന സൈനികസഹായവും അവസാനിപ്പിച്ചു.

സോവിയറ്റ് യൂണിയനിലെ ഘടകറിപ്പബ്ലിക്കുകൾക്കും അതൃപ്തി വർദ്ധിച്ചു. സ്വന്തമായി ഒരു രാജ്യം എന്ന ദേശീയതാവികാരം എല്ലായിടത്തും വ്യാപിച്ചു. 1989കളോടെ റിപ്പബ്ലിക്കുകൾ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് USSR വിട്ടുപോകാൻ തീരുമാനിച്ചു. ബർലിൻ മതിൽ തകർന്നു. കിഴക്കൻ ജർമനി USSRന് നഷ്ടപ്പെട്ടു. ഏകീകൃതജർമനി എന്ന രാജ്യം രൂപം കൊണ്ടു. സോവിയറ്റ് ഭരണഘടനയിലെ വകുപ്പുകൾ ഉപയോഗിച്ച് റിപ്പബ്ലിക്കുകൾ USSR വിട്ട് പ്രത്യേകരാജ്യമായി. USSRലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ റഷ്യ സ്വതന്ത്രരാജ്യമായി. തെരഞ്ഞെടുപ്പ് നടക്കുകയും ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് ആകുകയും ചെയ്തു.

1990ൽ ലിത്വാനിയയും സ്വതന്ത്രരാജ്യമായി. 1990ൽ ഗോർബച്ചേവ് ജനഹിതപരിശോധന നടത്തി. രാജ്യം വിഭജിച്ച് സ്വതന്ത്രരാജ്യങ്ങൾ രൂപീകരിക്കണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. 4 റിപ്പബ്ലിക്കുകൾ ഹിതപരിശോധന ബഹിഷ്കരിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി. USSRന്റെ മരണം ഉറപ്പാക്കിയ ഗോർബച്ചേവ് അവസാനശ്രമമെന്ന  നിലയിൽ 1991ൽ ഒരു ജനകീയ വോട്ടെടുപ്പ് കൂടി നടത്തി. സോവിയറ്റ് യൂണിയൻ നിലനിർത്തണോ വേണ്ടയോ എന്നതായാരുന്നു ജനങ്ങൾക്കുമുന്നിലേ ചോദ്യം.. ജനവിധി എന്താണെന്നറിയാൻ ലോകം മുഴുവൻ സോവിയറ്റ് യൂണിയനിലേക്ക് ആകാംക്ഷയോടെ നോക്കി..



                                                 
സോവിയറ്റ് യൂണിയൻ 
ലോകത്തോടു വിട പറയുന്നു..
ഒരു യുഗത്തിന്റെ അന്ത്യം..

 അസംതൃപ്തരായ റിപ്പബ്ലിക്കുകൾ ഓരോന്നായി കൊഴിഞ്ഞുപോകാൻ തുടങ്ങി. 1991ലെ ഹിതപരിശോധനയിൽ ഭൂരിപക്ഷം പേരും സോവിയറ്റ് യൂണിയൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടത് ഗോർബച്ചേവിന് ആശ്വാസം പകർന്നു. റിപ്പബ്ലിക്കുകൾ സ്വയം പിരിഞ്ഞുപോയതോടെ ബാക്കിയുള്ള 8 റിപ്പബ്ലിക്കുകളെ ചേർത്ത് ദുർബലമായ ഒരു രാഷ്ട്രം രൂപീകരിക്കാൻ ഗോർബച്ചേവ് ശ്രമവും തുടങ്ങി.

 എന്നാൽ ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും KGBയിലെയും തീവ്രഇടതുപക്ഷക്കാരായ ഒരു വിഭാഗം കലാപവുമായി മുന്നോട്ടുവന്നു. ഗോർബച്ചേവ് തന്റെ മുതലാളിത്തനയങ്ങളെ പൊളിച്ചെഴുതണമെന്നും എല്ലാ റിപ്പബ്ലിക്കുകളെയും ചേർത്ത് പഴയതുപോലെ സുശക്തമായ സോവിയറ്റ് യൂണിയനെ നിർമിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോറിസ് യെൽസിന്റെ റഷ്യൻ സർക്കാരിനെ അട്ടിമറിക്കാനും ഈ ഇടതുപക്ഷവിഭാഗം ഇറങ്ങിത്തിരിച്ചു. എന്നാൽ ബോറിസ് യെൽസിൻ ഇതെല്ലാം അടിച്ചമർത്തി. ഇനിയൊരു തിരിച്ചുവരവ് സോവിയറ്റ് യൂണിയന് ഉണ്ടാകില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ യെൽസിൻ നിരോധിച്ചു.
USSR വിഘടിക്കപ്പെടുകയും ലാത്വിയ, എസ്റ്റോണിയ തുടങ്ങി ആകെയുള്ള 15 റിപ്പബ്ലിക്കുകളും വേർപിരിഞ്ഞ് പുതിയ രാജ്യങ്ങളായി മാറി. പുതിയ സർക്കാരുകളും ഉണ്ടായി. സോവിയറ്റ് സൈന്യത്തെ ഈ രാജ്യങ്ങൾ പങ്കിട്ട് സ്വന്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ടു.

*********************************************
1991 ഡിസംബർ 25 അർദ്ധരാത്രി.. ഗോർബച്ചേവ് സോവിയറ്റ് ജനറൽ സെക്രട്ടറി പദവി രാജി വെച്ചു. മോസ്കോയിൽ സോവിയറ്റ് യൂണിയന്റെ പതാകയായ അരിവാൾചുറ്റിക നക്ഷത്രചിഹ്നം പതിച്ച ചെങ്കൊടി താഴ്ത്തിക്കെട്ടുകയും പകരം റഷ്യയുടെ ത്രിവർണപതാക ഉയർത്തുകയും ചെയ്തു.. എഴുപത് സംവത്സരങ്ങൾ നീണ്ടുനിന്ന ഇതിഹാസത്തിന് തിരശീല വീണു.. ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഞെട്ടൽ വിട്ടുമാറാതെ നിശബ്ദരായി. മാർക്സിസം മരിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങളും പാശ്ചാത്യബുദ്ധിജീവികളും വിധിയെഴുതി. 'ചരിത്രത്തിന്റെ അന്ത്യം' പോലുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. അമേരിക്കയുടെ കീഴിലുള്ള ഏകധ്രുവലോകം രൂപം കൊണ്ടു. രാജ്യങ്ങളെമ്പാടും ഇടതുപക്ഷ-സോഷ്യലിസ്റ്റ് നയങ്ങൾ പൊളിച്ചെഴുതപ്പെട്ടു. മാർക്സിന്റെയും ലെനിന്റെയും പ്രതിമകൾ തച്ചുടയ്ക്കപ്പെടുന്ന സംഭവങ്ങളുമുണ്ടായി..

 ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സോഷ്യലിസം ഉപേക്ഷിച്ച് നവലിബറലിസത്തിലേക്ക് നീങ്ങി. ആഗോളവത്കരണവും നവഉദാരവത്കരണവും വ്യാപിച്ചു. തത്വശാസ്ത്രങ്ങളുടെ ചവറ്റുകൊട്ടയിലേക്ക് ബൂർഷ്വാസി കമ്മ്യൂണിസത്തെ ചുരുട്ടിയെറിഞ്ഞു. ഇന്നും മാർക്സിസം തകർന്നുവെന്ന് വലതുപക്ഷവാദികൾ വാദിക്കുന്നു. സോവിയറ്റ് സോഷ്യലിസത്തെ അവർ ഉദാഹരണമായി എടുത്തുകാട്ടുന്നു. എന്നാൽ ഇതിലെത്ര മാത്രം സത്യമുണ്ട്..?? സോവിയറ്റ് യൂണിയന്റെ പതനം എന്നത് മാർക്സിസത്തിന്റെ മരണമാണോ..? മുതലാളിത്തം മരണമില്ലാത്ത വ്യവസ്ഥിതിയാണോ..? എന്തുകൊണ്ട് USSR തകർന്നു..? ഇത്തരം കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ഇതിനെല്ലാം തുടക്കമിട്ട ഒരു മനുഷ്യനിലേക്ക് തന്നെ നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു.. കാൾ മാർക്സ്..



                                    (അവസാനിച്ചു..)

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...