Monday, October 15, 2018

അനിവാര്യതയും യാദൃശ്ചികതയും..


മാർക്സിസത്തെ വിമർശിക്കാറുള്ള ഒരുപാടുപേർ പറയാറുള്ള ഒരു പോയിന്റാണ് അതിന്റെ നിശ്ചിതത്വസ്വഭാവം. മാർക്സിസം ഉന്നയിക്കുന്ന പ്രവചനങ്ങൾ മതങ്ങളിലെ കെട്ടുകഥകളെ ഓർമിപ്പിക്കുന്നവിധമാണ്. മുതലാളിത്തം തകർന്ന് സോഷ്യലിസം ഉണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റുകാർ പറയുന്നു. വെറും പറച്ചിൽ മാത്രമാണത്. വിശ്വാസം മാത്രം. ചരിത്രം യാദൃശ്ചികമാണെന്നും ഏതെങ്കിലും നിയമങ്ങളെ അനുസരിച്ച് നീങ്ങുന്ന യന്ത്രങ്ങളല്ലെന്നും അതിനാൽ മനുഷ്യരാശിക്ക് ഇനിയെന്തെല്ലാം മാറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ ആർക്കും കഴിയില്ലെന്നും മാർക്സിസ്റ്റ് വിരുദ്ധർ പറയുന്നു. സോഷ്യലിസം ഉണ്ടാകും എന്നത് അത്തരം യാതൊരു ഉറപ്പുമില്ലാത്ത പ്രവചനം മാത്രമാണത്രേ..

അനിശ്ചിതത്വം, അനിവാര്യത ഇവ രണ്ടും മനുഷ്യസമൂഹത്തിന്റെ മാത്രമല്ല സർവതിന്റെയും ഗുണങ്ങളാണെന്നതാണ് ഇത്തരക്കാർ മനസിലാക്കേണ്ടത്. വൈരുധ്യങ്ങളാണിവ. ചരിത്രം ഒരിക്കലും നിയമങ്ങൾക്കനുസൃതമല്ല, അവ പ്രവചനീയവുമല്ല.. ഇതാണ് അതിന്റെ യാദൃശ്ചികത (അനിശ്ചിതത്വം) എന്ന സ്വഭാവം. അതേസമയം ചരിത്രം ചില നിയമങ്ങളെ അനുസരിക്കുന്നുണ്ട്. പലകാര്യങ്ങളും നമുക്ക് മുൻകൂട്ടിക്കാണാനും കഴിയും. ഇതാണ് അതിന്റെ അനിവാര്യത എന്ന ഗുണം. രണ്ടും ചരിത്രത്തിന്റെ ഗുണമാണ്. രണ്ടും പരസ്പരവിരുദ്ധവുമാണ്..

യാദൃശ്ചികത ചെറിയ കാലയളവിലും അനിവാര്യത വലിയ കാലയളവിലുമാണ് പ്രകടമാകുന്നത്.
ഉദാ:- നാളെ എന്ത് നടക്കും എന്ന് ഇന്നിനെ അടിസ്ഥാനപ്പെടുത്തി പ്രവചിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ ഈ നൂറ്റാണ്ടുവരെയുള്ള മനുഷ്യരാശിയുടെ ചലനങ്ങളെ നിദാനമാക്കി വരാൻ പോകുന്ന നൂറ്റാണ്ടുകളുടെ ഏകദേശസ്വഭാവം നമുക്ക് നിർണയിക്കാനാവും.

അതായത് അടുത്തടുത്ത രണ്ട് ദിവസങ്ങളുടെ കാര്യത്തിൽ സംഭവങ്ങൾ പൂർണമായും യാദൃശ്ചികമായിരിക്കുമ്പോൾ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും കാര്യത്തിൽ ചില പ്രത്യേക പാറ്റേണുകൾ (ക്രമങ്ങൾ അല്ലെങ്കിൽ നിയമങ്ങൾ ) നമുക്ക് കാണാനാവുന്നു. ഇത് തന്നെയാണ് ചരിത്രത്തിന്റെ അനിവാര്യസ്വഭാവം..

അനിവാര്യതയും യാദൃശ്ചികതയും..

പ്രപഞ്ചത്തിന്റെ അടിസ്ഥാനം അന്വേഷിക്കുന്ന ഒരുപാട് ചിന്താമണ്ഡലങ്ങളുണ്ട്. മതപ്രത്യയശാസ്ത്രങ്ങൾ മുതൽ നമ്മുടെ ആധുനികഭൗതികശാസ്ത്രം( ക്വാണ്ടം ഭൗതികം) വരെ.. ഇവയെല്ലാം തന്നെപ്രധാനമായും രണ്ട് ദിശയിലേക്ക് പക്ഷം ചേർന്നിരിക്കുന്നുവെന്ന് പറയാം. അവയാണ് അനിവാര്യതയും യാദൃശ്ചികതയും. മാർക്സിസത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

എന്താണ് പ്രപഞ്ചത്തിന്റെ അനിവാര്യസ്വഭാവം..? പ്രപഞ്ചനിയമങ്ങളാണവ. ഏതെങ്കിലുമൊക്കെ സവിശേഷതകൾ ചില നിയമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായി മനസിലാക്കാനാവുന്ന അവസ്ഥ. 10m/s വേഗതയിൽ സഞ്ചരിക്കുന്ന പക്ഷി 2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും..? കാർമേഘങ്ങൾ നിശ്ചിതവേഗത്തിൽ അടുത്തുകൊണ്ടിരിക്കുന്നു.. എങ്കിൽ നാളെ മഴ പെയ്യുമോ..? അതോ കാറ്റ് മേഘത്തെ അകറ്റിനിർത്തുമോ..? അണക്കെട്ടിന് നിലവിലെ ജലനിരപ്പ് താങ്ങാനുള്ള ശേഷിയുണ്ടോ..? ഇല്ലെങ്കിൽ അതിനെത്ര നാൾ കൂടി ആയുസുണ്ടാകും..? തുടങ്ങിയ പല ചോദ്യങ്ങളുടെയും ഉത്തരം കണ്ടെത്താൻ ഭൗതികനിയമങ്ങൾ നമ്മെ സഹായിക്കും.

പ്രപഞ്ചം വസ്തുനിഷ്ഠവും ചില നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയുമാണ്. എല്ലാ കാര്യങ്ങൾക്കും കാരണമുണ്ട്. കാര്യങ്ങളെല്ലാം മറ്റെന്തെങ്കിലും പുതിയ കാര്യങ്ങളുടെ കാരണങ്ങളുമാകാം. കാര്യകാരണബന്ധങ്ങൾ നാം മനസിലാക്കുന്നത് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മാത്രമാണ്. ഉദാ- കാട്ടുതീയുണ്ടാകുന്നതിന്റെ കാരണം മരങ്ങളും പാറകളും ഒക്കെ തമ്മിലുരസുന്നതാണെന്ന് മനുഷ്യൻ കണ്ടെത്തിയത് നിരീക്ഷണത്തിലൂടെയാണ്.
അതേസമയം പ്രകൃതിയുടെ മറ്റൊരു ഗുണമാണ് യാദൃശ്ചികത. ചില കാര്യങ്ങൾ നമുക്ക് നിയമങ്ങളുടെ സഹായത്താൽ കണ്ടുപിടിക്കാനാവാത്ത അവസ്ഥ. ഉദാ- ക്വാണ്ടം ഭൗതികമനുസരിച്ച് സൂക്ഷ്മകണങ്ങളുടെ സ്ഥാനവും പ്രവേഗവും കൃത്യമായി മനുഷ്യന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുപോലെ സർവതിനും കണസ്വഭാവം (particle nature) എന്നതുപോലെ തരംഗസ്വഭാവവുമുണ്ട്( wave nature). ഇതാണ് wave-particle duality എന്നറിയപ്പെടുന്നത്. പദാർത്ഥത്തിന്റെ തരംഗസ്വഭാവം അതിന്റെ യാദൃശ്ചികതയെയും കണസ്വഭാവം അതിന്റെ അനിവാര്യതയെയും സൂചിപ്പിക്കുന്നു..

നിശ്ചിതത്വബോധത്തിൽ നിന്നും ദൈവത്തിലേക്ക്..

ഇന്ന് ഭൗതികപ്രപഞ്ചത്തിന്റെ അടിത്തറ രൂപീകരിക്കുന്നത് ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തമാണ്. പ്രപഞ്ചങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഒരു അനിവാര്യത. അത് യഥാർത്ഥ പ്രപഞ്ചത്തെ നമുക്ക് ബോധ്യമാക്കുന്നു. പ്രപഞ്ചം യഥാർത്ഥമാണെന്നും അത് മായയും മന്ത്രവും ആരുടെയെങ്കിലും തോന്നലും ഒന്നുമല്ലെന്നും നമുക്ക് ബോധ്യമാകുന്നത് പ്രപഞ്ചത്തെ ആകമാനം ഭരിക്കുന്ന ഇത്തരം അനിവാര്യതാ നിയമങ്ങളെ മനസിലാക്കുമ്പോഴാണ്.

ആദ്യം ന്യൂട്ടോണിയൻ മെക്കാനിക്സ് ആണ് ഈ നിശ്ചിതത്വബോധം നമ്മിലുണ്ടാക്കിയതെങ്കിൽ ഇന്ന് അതിന്റെ കുറച്ചുകൂടി വികസിതരൂപമാണ് ആപേക്ഷികതാസിദ്ധാന്തം എന്നുമാത്രം..
പ്രപഞ്ചം മുഴുവൻ ഒരു കൃത്യമായ നിയമാവലിയ്ക്കനുസൃതമായി സഞ്ചരിക്കുന്നുവെന്ന ഈ  നിശ്ചിതത്വസങ്കൽപം പക്ഷേ മനുഷ്യനെ എത്തിച്ചത്  ദൈവചിന്തയിലേക്കാണ്‌. പ്രപഞ്ചത്തിലേ സർവചരാചരങ്ങളും തോന്നിയതുപോലെയല്ല, മറിച്ച് ഇത്തരം അനിവാര്യസ്വഭാവങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ നിയമങ്ങളെല്ലാം മനുഷ്യൻ കണ്ടെത്തി ഉപയോഗിക്കുന്നു എന്നുമാത്രം.

 അതായത് പ്രപഞ്ചത്തെ വരച്ച വരയിൽ നിർത്തുന്ന ഒരു ശക്തിയുണ്ടെന്ന് മനുഷ്യൻ കരുതുകയും അതിനെ ദൈവമെന്ന് വിളിക്കുകയും ചെയ്തു. വാസ്തവത്തിൽ അത് ദൈവമല്ല, ശാസ്ത്രമാണ്. ബുദ്ധമതക്കാർ ഉപയോഗിക്കുന്നൊരു പദമുണ്ട്. നിയതി.. പ്രപഞ്ചത്തിന്റെ അടിസ്ഥാനമാകുന്ന നിയമാവലികളെയോ അത് നടപ്പാക്കുന്ന സാങ്കൽപികശക്തിയെയോ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഓരോ മതവും അവരവരുടെ രീതിയിൽ ഇതിനെ ദൈവമായി കാണുന്നു. പല പേരിട്ട് വിളിക്കുന്നു.

വിശ്വാസികൾ വിളിച്ചാലോ പ്രാർത്ഥിച്ചാലോ അത് മനസിലാക്കാൻ കഴിവുള്ള 'ബോധമുള്ള' ഒന്നല്ല ഈ ശക്തിയെന്നും അത് ശാസ്ത്രം തന്നെയാണെന്നും അത് പൂജിക്കപ്പെടേണ്ടതല്ല, കൂടുതൽ അന്വേഷിക്കപ്പെടേണ്ടതാണെന്നും അത് അനന്തമാണെന്നും  മനസിലാക്കുമ്പോഴാണ് ഒരാൾ മതത്തിൽ നിന്നും ശാസ്ത്രചിന്തയിലേക്ക് ഉയരുന്നത്.. മതവും ദൈവവുമൊക്കെ മനുഷ്യൻ സ്വയം സമാധാനിക്കാൻ സൃഷ്ടിച്ച സങ്കൽപങ്ങളാണെന്ന് വ്യക്തമാക്കിയത് മാർക്സ് തന്നെയാണല്ലോ..

മനുഷ്യചരിത്രത്തിന്റെ നിശ്ചിതത്വനിയമങ്ങൾ..

മാർക്സിയൻ ചരിത്രപരമായ ഭൗതികവാദം ഒന്നുകൂടി ഇവിടെ ചുരുക്കിപ്പറയാം.. മനുഷ്യസമൂഹത്തിന്റെ വികാസം എന്നത് അവനുപയോഗിക്കുന്ന ഉത്പാദനശക്തികളുടെ (ഉത്പാദനോപകരണങ്ങൾ, അറിവുകൾ, ടെക്നോളജി etc.) വികാസമാണ്. എന്നാൽ ഉത്പാദനബന്ധങ്ങളാണ് (ഉത്പാദനത്തിന് കാരണമായ ബന്ധം. അടിമയും ഉടമയും തമ്മിലെ ബന്ധം, മുതലാളി-തൊഴിലാളി ബന്ധം etc.) മനുഷ്യസമൂഹഘടനയുടെ അടിസ്ഥാനം. ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും വൈരുധ്യങ്ങളാണ്. ഉത്പാദനശക്തികൾ വളർന്നുവികസിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധം ആ വളർച്ചയ്ക്ക് തടസമാകും. ഇതോടെ ഇൗ രണ്ട് വൈരുധ്യങ്ങളും തമ്മിൽ കൂട്ടിയുരസുകയും (സംഘട്ടനം) സമൂഹഘടന(അതായത് ഉത്പാദനബന്ധം)  തന്നെ മറ്റൊന്നായി മാറുകയും ചെയ്യും. ഇങ്ങനെയാണ് വിപ്ലവങ്ങൾ ജനിക്കുന്നത്. ഇത് ചരിത്രത്തിന്റെ  ഒരു നിശ്ചിതത്വനിയമമാണ്.

ചരിത്രത്തിൽ ഇതുപോലെ ധാരാളം നിശ്ചിതത്വനിയമങ്ങൾ കാണാനാവും. ചിലത് താഴെ കൊടുക്കുന്നു..

1) എവിടെയെല്ലാം സാമ്പത്തികമായ അപചയം രൂക്ഷമാകുന്നുവോ, എവിടെയെല്ലാം ജനാധിപത്യം കീഴ്മേൽ മറിയുന്നുവോ അവിടങ്ങളിലെല്ലാം ഏകാധിപതികളും തീവ്ര-സങ്കുചിതവാദികളും ഉണ്ടാകും.(ഉദാ- അന്ന് മാന്ദ്യം രൂക്ഷമായ ജർമ്മനിയിൽ ഹിറ്റ്ലർ ഉയർന്നുവന്നു. ഇന്ന് തൊഴിലില്ലായ്മയും മാന്ദ്യവും കൊടുമ്പിരി കൊണ്ട അമേരിക്കയിൽ ട്രംപ് അധികാരത്തിലേറി.)

2)എവിടെയെല്ലാം ഫാസിസവും ഏകാധിപത്യവും അഴിഞ്ഞാടുന്നുവോ അവിടെയെല്ലാം ജനകീയജനാധിപത്യ പ്രക്ഷോഭങ്ങൾ ശക്തമാകും. വിപ്ലവശ്രമങ്ങളും വിപ്ലവങ്ങളും ഉണ്ടാകും.. (റഷ്യൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, തുടങ്ങിയവ മുതൽ പശ്ചിമേഷ്യൻ മുല്ലപ്പൂ വിപ്ലവങ്ങൾ വരെ നൂറുനൂറ് ഉദാഹരണങ്ങൾ)

3)അധർമവും അരാജകത്വവും വാഴുന്നിടങ്ങളിൽ ദാർശനികന്മാരും പുതുലോകത്തെ പ്രതിനിധീകരിക്കുന്ന  ബുദ്ധിജീവികളും ഉണ്ടാകും. (ഉദാ- യൂറോപ്യൻ ഫ്യൂഡലിസ്റ്റ് സമൂഹത്തിൽ റൂസോ, ദക്കാർത്തെ, ഭാരതത്തിൽ ജാതീയത അതിരുവിട്ട കാലത്ത് രാജാറാം മോഹൻ റായ് മുതൽ ശ്രീനാരായണഗുരുവും വിവേകാന്ദനും വരെ.. ചൈനയിൽ കർഷകദുരിതങ്ങൾ അരങ്ങുവാണപ്പോൾ മാവോ സെദുങ്ങ്.. തുടങ്ങി അനേകം ഉദാഹരണങ്ങൾ)

4)കേന്ദ്രീകൃതഅടിച്ചമർത്തലുകൾക്കെതിരെ വികേന്ദ്രീകൃതമായ പ്രത്യാക്രമണങ്ങൾ..( ഉദാ- 20ാം നൂറ്റാണ്ടിൽ ബ്രിട്ടന്റെ കേന്ദ്രീകൃതമായ ആധിപത്യത്തിനെതിരെ ലോകമെമ്പാടും വികേന്ദ്രീകൃതമായ സ്വാതന്ത്യ്രസമരപ്രസ്ഥാനങ്ങൾ, ഇന്ന് അമേരിക്കയുടെ കേന്ദ്രീകൃത സാമ്രാജ്യത്വാധിപത്യത്തിനെതിരെ ലോകമെമ്പാടും വികേന്ദ്രീകൃതമായ പ്രതിരോധങ്ങൾ)

5)സാമ്പത്തികനിയമങ്ങൾ പോലും ചരിത്രത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. നാം കണ്ട ചരിത്രപുരുഷന്മാരെല്ലാം തന്നെ യാദൃശ്ചികമായി ഒരിടത്ത് പൊട്ടിമുളച്ചവരല്ല, അവരെല്ലാം ഓരോ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടികളാണ്. (ദക്ഷിണാഫ്രിക്കയിൽ കൊളോണിയൽ വ്യവസ്ഥിതി രൂക്ഷമല്ലായിരുന്നെങ്കിൽ ഗാന്ധിയെപ്പോലെ ഒരു നേതാവ് അവിടെ ഉദയം കൊള്ളുമായിരുന്നില്ലല്ലോ..)

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...