Monday, October 15, 2018

കമ്മ്യൂണിസം ഒരു യൂറോപ്യൻ ചരക്കല്ല..


കാൾ മാർക്സ് എന്ന മനുഷ്യൻ ഒരു യൂറോപ്യൻ വംശജനും അദ്ദേഹം 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളും ആയത് ഒരു പരിമിതിയായി പലരും കാണുന്നുണ്ട്.. മാർക്സിസം തന്നെ ഒരു യൂറോപ്യൻ ദർശനമാണെന്നും അതിന് മറ്റ് ദേശങ്ങളിൽ പ്രസക്തിയില്ലെന്നും ഇവർ വാദിക്കുന്നു.
 വിദേശപ്രത്യയശാസ്ത്രമായ മാർക്സിസം ഭാരതത്തിന് വേണ്ടെന്നും നമ്മുടെ ആർഷഭാരതതത്വചിന്ത മതിയെന്നും ഇവിടെയുള്ള സംഘപരിവാറുകാർ പറയുന്നതും ഇക്കാരണത്താലാണ്. ഗുരുത്വാകർഷണസിദ്ധാന്തം കണ്ടുപിടിച്ച ന്യൂട്ടൻ ഇംഗ്ലണ്ടുകാരനായതുകൊണ്ട് ഗുരുത്വാകർഷണം ഇന്ത്യയിൽ ഫലവത്താകില്ല എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും..??!

മാർക്സിസത്തിന്റെ അടിത്തറയായ ഡയലക്ടിക്കൽ മെറ്റീരിയലിസം തന്നെ ഒരു പ്രപഞ്ചനിയമമാണ്.. സർവചരാചരങ്ങളിലും സംഭവിക്കുന്ന 'മാറ്റം' എന്ന സാർവികഗുണത്തിന്റെ വിശദീകരണമാണ്. അതിന് യൂറോപ്പെന്നോ ആഫ്രിക്കയെന്നോ എന്തിന്, ഭൂമിയെന്നോ സൂര്യനെന്നോ, മറ്റു ഗാലക്സികളെന്നോ ഉള്ള വ്യത്യാസം പോലുമില്ല.

 മാർക്സിസത്തിന്റെ ചരിത്രപരമായ ഭൗതികവാദം എന്ന സിദ്ധാന്തം തന്നെ മനുഷ്യരാശിയുടെ മുഴുവൻ പരിണാമത്തെയാണ് വ്യക്തമാക്കുന്നത്. പ്രാകൃതകമ്മ്യൂണിസത്തിൽ തുടങ്ങി മുതലാളിത്തം വരെയുള്ള മനുഷ്യസമൂഹത്തിന്റെ യാത്ര യൂറോപ്പിൽ മാത്രമല്ല എല്ലാ ദേശങ്ങളുടെ ചരിത്രത്തിലും പ്രസക്തമാണ്.

മതം, ജാതി, വർണം, തീവ്രവാദപ്രവണതകൾ, ലിംഗവിവേചനം, പരിസ്ഥിതി തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് എല്ലാമുപരിയായി, അടിസ്ഥാനമായി വർത്തിക്കുന്നത് മുതലാളിത്തചൂഷണമാണ്. ഇന്ത്യയായാലും സൊമാലിയയായാലും ചൈനയായാലും  അമേരിക്കയായാലും മനുഷ്യൻ നേരിടുന്ന ചൂഷണങ്ങൾക്കും അതിലധിഷ്ഠിതമായ ലോകത്തിന്റെ ചലനങ്ങൾക്കും ഒരു പൊതുസ്വഭാവം ഉണ്ടെന്നർത്ഥം. അതിനെയാണ് മാർക്സിസം പുറത്തുകൊണ്ടുവരുന്നത്‌. മാർക്സിസം ഒരു യൂറോപ്യൻ ആശയമല്ല. അത് ഒരു സാർവദേശീയമായ രീതിശാസ്ത്രമാണ് എന്നാണ് ആദ്യം വിമർശകർ മനസിലാക്കേണ്ടത്..

മാർക്സിസത്തിന്റെ കാലികപ്രസക്തി..

മാർക്സിസം മുതലാളിത്തവിമർശനമാണ്. എന്നാൽ മാർക്സ് ജീവിച്ചിരുന്ന കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. മുതലാളിത്തോത്പാദനവും മറ്റും പച്ച പിടിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നർത്ഥം. അങ്ങനെയൊരു കാലത്തിരുന്നുകൊണ്ടാണ് മാർക്സ് മുതലാളിത്തത്തെ വിമർശിച്ചുകൊണ്ട് പുസ്തകങ്ങളിറക്കിയത്..

മാർക്സിന്റെ അന്ത്യത്തിനുശേഷവും മുതലാളിത്തം വളർന്നു. അത് സാമ്രാജ്യത്വമായും കുത്തകമുതലാളിത്തമായും നവലിബറൽ ആഗോളവത്കരണമായും പടർന്നുപിടിച്ചു. ഇന്ന് ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഈ വ്യവസ്ഥിതി മാർക്സിന്റെ കാലത്തെ മുതലാളിത്തത്തെ അപേക്ഷിച്ച് നല്ല വ്യത്യാസമുണ്ട്. അപ്പോൾ പിന്നെ മാർക്സിസത്തിന് 19ാം നൂറ്റാണ്ടിനു മാത്രമല്ലേ പ്രസ്ക്തിയുള്ളൂ.. ഇന്ന് അതിന് എന്ത് പ്രാധാന്യം.. എന്നു ചോദിക്കുന്നവർ നിരവധിയാണ്..

കമ്മ്യൂണിസം എന്നത് ഒരു ചലനാത്മകമായ ആശയം ആണ് എന്നതാണ് ഈ സംശയത്തിനുള്ള ഉത്തരം. അത് സാഹചര്യങ്ങളുടെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം മാറാൻ ശേഷിയുള്ള ഒരു ദർശനമാണ്. അതിന്റെ വീക്ഷണാടിത്തറ ഒന്നുതന്നെയാണ് താനും. സാമൂഹ്യ- സാമ്പത്തിക- സാംസ്കാരിക തലങ്ങളിൽ മനുഷ്യരാശിക്കുണ്ടാകുന്ന മാറ്റങ്ങളെ ( സാവധാനമാറ്റങ്ങളും  വിപ്ലവാത്മകമായ മാറ്റങ്ങളും) ആണ് മാർക്സിസം കൈകാര്യം ചെയ്യുന്നത്. അതിനാൽ കാലം 'മാറി' എന്നതുകൊണ്ട്  'മാറ്റ'ത്തിന്റെ ശാസ്ത്രമായ മാർക്സിസം അപ്രസക്തമാകുക സാധ്യമല്ല. മുതലാളിത്തം അടക്കം എല്ലാം മാറ്റങ്ങൾക്ക് വിധേയമാകും എന്ന് തന്നെയാണ് മാർക്സ് പറഞ്ഞത്..

ഇന്ന് നാം അനുഭവിക്കുന്ന ആഗോളവത്കരണം എന്ന പ്രസ്ഥാനം ജനിച്ചിട്ട് മുപ്പത് വർഷങ്ങൾ പോലുമാകില്ല. എന്നാൽ നൂറ്റിയൻപത് വർഷങ്ങൾക്കുമുമ്പേ മാർക്സ് ഈ പ്രതിഭാസത്തെക്കുറിച്ച് ലേഖനമെഴുതി. 2008ൽ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തെ സംബന്ധിച്ച് ഒന്നര നൂറ്റാണ്ടുമുമ്പേ സിദ്ധാന്തം നിർവചിക്കാൻ മാർക്സിന് കഴിഞ്ഞു. ജയിച്ചുവെന്ന് അഹങ്കരിച്ച മുതലാളിത്തം ഇന്ന് നാലുപാടും ഭീഷണികളുമായി ചക്രശ്വാസം വലിക്കുമ്പോൾ മാർക്സിന് അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കാൾ പതിന്മടങ്ങ് പ്രസക്തി ഇന്നുണ്ട് എന്നതാണ് സത്യം. വർധിക്കുന്ന ദാരിദ്യ്രം, അഭയാർത്ഥിപ്രവാഹം, യുദ്ധഭീഷണി, സാമ്പത്തികാസമത്വം, അരക്ഷിതാവസ്ഥ, ഭീകരത, പാരിസ്ഥിതികഭീഷണികൾ തുടങ്ങിയ മുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ മനുഷ്യരാശിയുടെ ശ്വാസം മുട്ടിക്കുമ്പോൾ മാർക്സിസത്തിന്റെ കാലികമായ ആവശ്യകത തന്നെയാണ് ഉയർത്തപ്പെടുന്നത്.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...