ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ അറിയാത്തവരായി ആരുമില്ല. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ''മനുഷ്യസമൂഹത്തിന് ആത്യന്തികമായ പുരോഗതി പ്രാപ്തമാകുന്നതിന് ഒന്നേയുള്ളൂ മാര്‍ഗം. സുസംഘടിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും അതിന് ഉപോല്‍ബലകമായ വിദ്യാഭ്യാസസമ്പ്രദായവും.'' മുതലാളിത്തം മത്സരങ്ങളില്‍ അധിഷ്ഠിതമാണ്. അത് ഒരു സാമ്പത്തികവ്യവസ്ഥിതി എന്നതിലുപരി ബൗദ്ധികമായ ഒരു അടിച്ചേല്‍പിക്കല്‍ ആളുകളില്‍ നടത്താറുണ്ട്. അത്യാഗ്രഹം, മത്സരം, സ്വാര്‍ത്ഥത, ആസക്തി തുടങ്ങിയവയാണ് മുതലാളിത്തം നമ്മില്‍ ഓരോരുത്തരിലും ചെലുത്തുന്ന ബൗദ്ധികമൂല്യങ്ങള്‍. മനുഷ്യന്‍ പൊതുവേ സ്വാര്‍ത്ഥനും അത്യാഗ്രഹിയുമാണ്. അവന്‍ എപ്പോഴും മറ്റുള്ളവരുമായി മത്സരിക്കും. കൂടുതല്‍ ലാഭത്തിനുവേണ്ടി പരിശ്രമിക്കും. ലാഭം വീണ്ടും വര്‍ധിപ്പിക്കാന്‍ നോക്കും. സഹകരണവും സഹജീവീസ്നേഹവും മറ്റും അവന്‍ ഉപേക്ഷിക്കും. ഇതാണ് മുതലാളിത്തം. ഇങ്ങനെ ആകാനേ മുതലാളിത്തത്തിന് സാധിക്കൂ..
പക്ഷേ കമ്മ്യൂണിസം എന്താണ്.? ഓരോ വ്യക്തിയും അവന്റെ കഴിവിനൊത്ത് പരിശ്രമിക്കുന്നു. ആവശ്യത്തിനൊത്ത് പ്രതിഫലം നേടുന്നു. അവിടെ അത്യാഗ്രഹത്തിനും മത്സരത്തിനും സ്ഥാനമില്ല. സഹകരണവും സാമൂഹ്യനന്മയുമാണ് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ ഓരോ പൗരന്റെയും വ്യക്തിത്വത്തിനടിസ്ഥാനം.
ഇവിടെ ഒരു കാര്യം വ്യക്തമാണ്. സാമ്പത്തികരാഷ്ട്രീയങ്ങള്‍ മാത്രമല്ല, മുതലാളിത്തവും കമ്മ്യൂണിസവും മനുഷ്യരില്‍ ചെലുത്തുന്ന ബൗദ്ധികമൂല്യങ്ങള്‍ പോലും വ്യത്യസ്തമാണ്. ആദ്യത്തേത് ആര്‍ത്തിയും മത്സരവുമാണെങ്കില്‍ രണ്ടാമത്തേത് സഹകരണവും മനുഷ്യസ്നേഹവുമാണ്. വിപ്ലവം ആദ്യം സംഭവിക്കേണ്ടത് മനുഷ്യമനസുകളില്‍ ആകണം എന്നും പറയാം. കമ്മ്യൂണിസം നടപ്പാവണമെങ്കില്‍ ആര്‍ത്തിയില്‍ നിന്നും ആവശ്യത്തിലേക്കും സ്വാര്‍ത്ഥതയില്‍ നിന്നും സാമൂഹികതയിലേക്കും മനുഷ്യന്‍ മാറണം.
ഇത് അസാധ്യമാണെന്ന് ചില മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ പറയുന്നു. എന്നാലിത് സാധ്യമാണ്. മുതലാളിത്തമൂല്യങ്ങള്‍ മനുഷ്യനില്‍ അടിച്ചേല്‍പിക്കുന്ന കുറച്ച് ഘടകങ്ങള്‍(Ideological Supetstructure) സമൂഹത്തിലുണ്ട്. വിദ്യാഭ്യാസമാണ് അതിലൊന്ന്. ആ ഘടകങ്ങളെ പൊളിച്ചുമാറ്റിക്കൊണ്ടാവണം ബൗദ്ധികമായ വിപ്ലവം സാധ്യമാകേണ്ടത്. ഐന്‍സ്റ്റീന്‍ സോഷ്യലിസത്തോടൊപ്പം വിദ്യാഭ്യാസത്തിലെ മാറ്റത്തെ കൂടി പരാമര്‍ശിച്ചത് അതുകൊണ്ടാണ്.
ആശയങ്ങൾ മുതലാളിത്തത്തിന്റെ സംരക്ഷകരാകുമ്പോൾ..
വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മുതലാളിത്തം സോഷ്യലിസത്തിലേക്ക് വഴിമാറുക.. ഇത് സാമൂഹ്യമായ വിപ്ലവത്തിലൂടെയാണ് സംഭവിക്കുക. പക്ഷേ ഈ സാമൂഹ്യാടിത്തറയ്ക്കു മുകളിൽ ആശയങ്ങളുടെ ഒരു മേൽപുരയുണ്ട്. ഇത് മുതലാളിത്തവ്യവസ്ഥയെ സംരക്ഷിക്കുന്നു. ചൂഷകവർഗത്തിന്റെ സംസ്കാരത്തിന് ഇവ സമൂഹത്തിൽ പ്രാബല്യം നൽകുന്നു..
എന്തൊക്കെയാണ് ഈ മേൽപുരയിലെ ഘടകങ്ങൾ..
രാഷ്ട്രീയം, കല, മാധ്യമം, കുടുംബവ്യവസ്ഥ, സംസ്കാരം, മനോഭാവം, ശാസ്ത്രം, വിദ്യാഭ്യാസം, മതം എന്നിങ്ങനെ പോകുന്നു ഇതിന്റെ നിര.. ഇതിലെ ഓരോ ഘടകത്തിനും മാർക്സിസ്റ്റ് ആശയപഠനത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
വിപ്ലവം സാധ്യമാകണമെങ്കിൽ ജനങ്ങൾക്ക് തിരിച്ചറിവുണ്ടാകണം. അവരുടെ ബൗദ്ധികതലം വികസിക്കണം. പുരോഗമനപ്രസ്ഥാനങ്ങൾ ശക്തമാകണം. മാറ്റത്തിന്റെ അനിവാര്യതയും നിലവിലെ സാഹചര്യങ്ങളും ജനങ്ങൾക്ക് ബോധ്യമാകണം.
ഇതിന് തടസം നിൽക്കുകയും വിപ്ലവത്തിന്റെ ആഗമനത്തെ കൂടുതൽ നീട്ടിവെക്കുകയും മുതലാളിത്തവൈരുധ്യങ്ങളെ മയപ്പെടുത്തി അതിനെ സംരക്ഷിക്കുകയുമാണ് മേൽപറഞ്ഞ ആശയപരമായ മേൽപുരയുടെ ദൗത്യം..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...