Monday, October 15, 2018

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-5


സ്റ്റാലിൻ യുഗത്തിന്റെ അന്ത്യം..
ക്രൂഷ് ചേവിന്റെ ആഗമനം..

1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് സോവിയറ്റ് യൂണിയൻ എന്ന് ഔദ്യോഗികമായി പാർട്ടി നാമകരണം ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം സ്റ്റാലിൻ അന്തരിച്ചതോടെ നികിത ക്രൂഷ്ചേവ് സോവിയറ്റ് പ്രീമിയറായി അധികാരത്തിലെത്തി. വ്യവസായം, ശാസ്ത്‌രസാങ്കേതികവിദ്യ, സാമ്പത്തികം , ആയുധം തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കയുമായി കടുത്ത മത്സരം നടത്തുകയായിരുന്നു USSR. ശീതസമരവും വർധിച്ചു. രാജ്യം ദ്‌രുതഗതിയിൽ വികസിച്ചു. ഗ്രാമീണർ വ്യാപകമായി നഗരങ്ങളിലേക്ക് കുടിയേറി.

 ബഹിരാകാശരംഗത്തും സോവിയറ്റ് യൂണിയൻ അനേകം നേട്ടങ്ങൾ കൈവരിച്ചു. ഉദാ:- ആദ്യ ബഹിരാകാശസഞ്ചാരി- യൂറി ഗഗാറിൻ, ആദ്യ വനിതാബഹിരാകാശസഞ്ചാരി- വാലന്റീന തെരഷ്കോവ, ആദ്യ ബഹിരാകാശ ഉപഗ്രഹം- സ്പുട്നിക്, ആദ്യമായി ബഹിരാകാശത്ത് നടന്നയാൾ- അലക്സിലിയനോവ്, ആദ്യമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത വാഹനം- ലൂണ 9, ആദ്യത്തെ ചന്ദ്രനിലെത്തിയ റോവർ- ലൂണോക്ഹോഡ്- 1&2, ബഹിരാകാശത്തെ ആദ്യ മൃഗം- ലെയ്ക എന്ന നായ etc..

മറ്റ് രാജ്യങ്ങളുമായും റഷ്യ ബന്ധം സ്ഥാപിച്ചു. ജീവിതനിലവാരം ഉയർത്താൻ നടപടികളെടുത്തു. സാമ്പത്തികവളർച്ച ഉയർന്നു. എന്നാൽ കാർഷികമേഖല ഇടിവ് നേരിട്ടു. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ മുഴുവൻ സോവിയറ്റ് റിപ്പബ്ലിക്കുകളായി. 1956 ലെ ഹംഗറി-പോളണ്ട് സ്റ്റാലിൻ വിരുദ്ധ സമരങ്ങളെ ഗവ: അമർച്ച ചെയ്തു. ഇന്ത്യ ഉൾപെടെയുള്ള 3ാം ലോകരാജ്യങ്ങളെയും USSR സഹായിച്ചു. വാഴ്സ കരാറിലൂടെ കിഴക്കൻസഖ്യരാഷ്ട്രങ്ങളുമായി വ്യാപാരബന്ധം വളർന്നു. എങ്കിലും സോവിയറ്റ് മാർക്കറ്റിൽ കുത്തക സ്റ്റേറ്റിനു തന്നെയായിരുന്നു.

ക്രൂഷ്ചേവിന്റെ കാലത്തെ എടുത്തുപറയേണ്ട ഒരു സംഭവമായിരുന്നു ഡീസ്റ്റാലിനൈസേഷൻ. പാർട്ടിക്കും ഭരണത്തിനും മേൽ സ്റ്റാലിൻ ഏർപെടുത്തിയ കർശനനിയന്ത്രണങ്ങളെ നീക്കം ചെയ്യുന്ന നടപടിയായിരുന്നു ഇത്. ക്രൂഷ്ചേവിന്റെ നയങ്ങളോടും പടിഞ്ഞാറിനോടുള്ള ഉദാരസമീപനവും ചൈനയ്ക്ക് അതൃപ്തി സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമെന്നാണ് (Revisionism) മാവോ ഇതിനെ വിളിച്ചത്. ചൈന- സോവിയറ്റ് വിഭാഗീയത രൂക്ഷമായി. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചൈന-സോവിയറ്റ് ചേരികളായി പിളർന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ(CPI) ചൈനാ അനുകൂലികളായ വിഭാഗം വേർപെട്ട് പ്രത്യേക പാർട്ടി ഉണ്ടാക്കി. ഇതാണ് CPIM. അൽബേനിയ ,കമ്പോഡിയ, കമ്മ്യൂണിസ്റ്റ് സർക്കാരുകളും ചൈനയോടൊപ്പം ചേർന്നു..




ക്യൂബൻ മിസൈൽ പ്രതിസന്ധി- ക്രൂഷ്ചേവിന്റെ പതനം..

അന്താരാഷ്ട്രതലത്തിൽ USSRന്റെയും ക്രൂഷ്ചേവിന്റെയും അന്തസിന് കളങ്കം വരുത്തിയ ഒരു സംഭവമായിരുന്നു ക്യൂബൻ മിസൈൽ പ്രതിസന്ധി. ഫിഡൽകാസ്ട്രോയുടെ ഭരണകാലത്ത് 1962ൽ ക്യൂബ USSRൽ നിന്നും അത്യാധുനികന്യൂക്ലിയർ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചു. അമേരിക്കയുടെ കടുത്ത ഭീഷണിയെ തുടർന്നാണ് ക്യൂബ USSRനെ ആശ്രയിച്ചത്. സോവിയറ്റ് മിസൈലുകൾ സമുദ്രമാർഗത്തിൽ ക്യൂബയിലേക്കടുത്തു. ഇത് അമേരിക്കയെ രോഷം കൊള്ളിച്ചു. എത്രയും വേഗം ക്യൂബയിൽ സ്ഥാപിക്കാനായി അയച്ച മിസൈലുകൾ  തിരിച്ചെടുക്കണമെന്ന് US ഭീഷണി മുഴക്കി. ഇത്അക്ഷരം പ്രതി അനുസരിക്കുകയാണ് സോവിയറ്റ് യൂണിയൻ ചെയ്തത്. ക്യൂബയ്ക്ക് നൽകാമെന്നേറ്റ മിസൈൽ പിൻവലിച്ചത് ക്യൂബയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയനെ 'വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം' എന്നാണ് ചെ ഗുവേര ആക്ഷേപിച്ചത്.

മുഖം നഷ്ടപ്പെട്ട ക്രൂഷ്ചേവിനെ 1964ൽ പാർട്ടി പുറത്താക്കി. ലിയോനിഡ് ബ്രെഷ്നേവ് അധികാരത്തിൽ വന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ (Stagnation) കാലമായിരുന്നു അത്. ആയുധനിർമാണത്തിനും വ്യാപാരത്തിനുമാണ് USSR കൂടുതൽ പ്രാധാന്യം നൽകിയത്. 3ാം ലോകരാജ്യങ്ങൾക്ക് ഏറ്റവുമധികം ആയുധക്കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു റഷ്യ. പൊതുജനക്ഷേമം, അവർക്കായുള്ള ഉപഭോഗച്ചരക്കുത്പാദനം എന്നിവയേക്കാൾ പ്രതിരോധമേഖലയിലാണ് രാജ്യം കൂടുതൽ നിക്ഷേപം നടത്തിയത്. അതിനാൽ ഉപഭോഗച്ചരക്കുകൾക്ക് കൂടുതൽ ക്ഷാമം നേരിട്ടു. സാധനവില സ്ഥിരമായിനിലനിന്നു. മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് വില മാറാൻ അനുവദിച്ചിരുന്നില്ല. അതേസമയം ക്ഷാമവും തുടർന്നു. കയ്യിൽ കാശുണ്ടായാലും വാങ്ങാൻ സാധനമില്ലാത്ത അവസ്ഥ.

മൂലധനത്തിന്റെ കാര്യത്തിൽ രാജ്യം മുന്നിലായിരുന്നെങ്കിലും സാമ്പത്തികവളർച്ച ഇടിഞ്ഞു. ഉത്പാദനക്ഷമതയും ഉത്പാദനവും കുറഞ്ഞതാണ് കാരണം. ഉദ്യോഗസ്ഥമേധാവിത്തം(Bureaucracy) അഥവാ ബ്യൂറോക്രസിയും അഴിമതിയും വർധിച്ചു. യാതൊരു നടപടിയും ഇതിനെതിരെ ഉണ്ടായില്ല.

1970കളിൽ അയഞ്ഞുതുടങ്ങിയ ശീതസമരം സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ ആക്രമണത്തോടെ വീണ്ടും രൂക്ഷമായി. 1979ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി. ചെക്കോസ്ലോവാക്യയിലും ഇതുണ്ടായപ്പോൾ മുതലാളിത്ത ആഗമനത്തെ ചെറുക്കാനെന്നാണ് ബ്രെഷ്നേവ് ന്യായീകരിച്ചത്. പശ്ചിമേഷ്യയിലെ സോവിയറ്റ് സാന്നിധ്യം അമേരിക്കയുടെ ഉറക്കം കെടുത്തി. അവർ ആയുധങ്ങൾ USSRനെതിരെ കോപ്പുകൂട്ടി. അതുവരെ വളരെ ദുർബലമായിരുന്ന ഇസ്ലാമിക- മൗലികവാദത്തെ അമേരിക്ക വളർത്തിയെടുത്തു.

 തീവ്രവാദസംഘടനകളെ കണക്കറ്റ് സഹായിച്ചു. മതമൗലികവാദം ഇതോടെ ഉദയം ചെയ്തു. ഇസ്ലാമിന്റെ ശത്രുവാണ് കമ്മ്യൂണിസം എന്ന വികാരം ഊതിപ്പെരുപ്പിച്ച അമേരിക്ക ഭീകരവാദികളെ സോവിയറ്റ് യൂണിയനെതിരെ തിരിച്ചു. അക്കാലത്ത് USന്റെ വിശ്വസ്തനായ ഒരു ഏജന്റായിരുന്നു പിന്നീട് US തന്നെ കൊന്നുകടലിലെറിഞ്ഞ ഒസാമ ബിൻലാദൻ..!! അമേരിക്ക പാലൂട്ടി വളർത്തിയ ഭീകരത ഇന്ന് അവർക്ക് തന്നേ വിനയാകുന്നു എന്നതാണ് മറ്റൊരു കൗതുകം.

ബ്രെഷ് നേവിനു ശേഷം അധികാരത്തിലെത്തിയവരാരും അധികകാലം പദവിയിലിരുന്നില്ല. എല്ലാവരും തന്നെ വളരെ പ്രായാധിക്യമുള്ളവരും ആയിരുന്നു. ഒടുവിൽ പ്രായം കുറഞ്ഞ മിഖായേൽ ഗോർബച്ചേവ് തന്നെ ജനറൽ സെക്രട്ടറിയായി. സോവിയറ്റ് യൂണിയന്റെ അന്തകനാകാനുള്ള ചരിത്രദൗത്യവുമായി..




No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...