Sunday, September 30, 2018

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആവശ്യകതയെന്ത്..??





ലോകമെമ്പാടുമുള്ള ചൂഷിതരായ അധ്വാനവർഗത്തിനെ അഭിസംബോധന ചെയ്യാനും ആഗോള മുതലാളിത്ത- ഉത്പാദനക്രമത്തിനെ എതിർത്ത് ബദൽമാർഗങ്ങൾ ഉയർത്തിപ്പിടിക്കാനും മാർക്സിസ്റ്റുകാർക്ക് ഒരു ഫിലോസഫിയുടെ ആവശ്യം ഉണ്ടോ..? ബുദ്ധിജീവികൾക്ക് വായിച്ചു രസിക്കാമെന്നല്ലാതെ അത്തരം കൊസ്രാക്കൊള്ളികൾ കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം..? വൈരുദ്ധ്യാത്മകഭൗതികവാദം കൊണ്ട് എന്താണ് ഗുണം..? കുറച്ച് പേർക്കെങ്കിലും ഉള്ളൊരു സംശയം ആണിത്..

അടിസ്ഥാനപരമായി വൈരുദ്ധ്യാത്മക ഭൗതികവാദം മുന്നോട്ടുവെക്കുന്ന സംഗതികൾ എന്തൊക്കെയാണ്..? അതിന്റെ സാമൂഹ്യപ്രസക്തി എന്താണ്..? നോക്കാം..

1) പ്രപഞ്ചം യഥാർത്ഥവും ഭൗതികമായ അസ്ഥിത്വമുള്ളതുമാണ്. നാം കാണുന്ന ഈ ലോകം വാസ്തവത്തിൽ ഉള്ളതുതന്നെ. മറ്റൊരാളുടെ ചിന്തയോ ഭാവനയോ അല്ല ഈ ലോകം എന്നർത്ഥം.. മാത്രമല്ല ചിന്തകൾക്കോ,വികാരവിചാരങ്ങൾക്കോ മനസ്സിൽ നടത്തുന്ന ആജ്ഞകൾക്കോ അനുസരിച്ച് ഈ ലോകത്ത് മാറ്റങ്ങൾ വരുത്തുവാനും സാധ്യമല്ല. അതിന് പ്രവർത്തിക്കുക തന്നെ വേണം..
                                          പ്രസക്തി -----എന്താണ് ഈ വാദത്തിന്റെ  പ്രസക്തി..? അദ്വൈതവേദാന്തം പോലുള്ള സിദ്ധാന്തങ്ങൾ അനുസരിച്ച്‌ ലോകം മായയോ, നമ്മുടെ വെറും തോന്നലോ ഒക്കെയാണ്.. അല്ലെങ്കിൽ അയഥാർത്ഥമാണ്.. അങ്ങനെയാണെങ്കിൽ നാം ഇവിടെ നടത്തുന്ന പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും എന്ത് പ്രസക്തി..? എന്തിനാണ് നാം മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയും വിധ്വംസകശക്തികൾക്കെതിരെയും ശബ്‌ദിക്കുന്നത്..? വിശപ്പും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്..? ലോകം വെറും ഒരു തോന്നൽ ആണെങ്കിൽ ഇവിടുത്തെ സർവഅനീതികളും ചൂഷണങ്ങളും വെറും മായയാണെന്ന് സമാധാനിച്ച്‌ വീട്ടിൽ ഇരുന്നാൽ പോരെ..? അയഥാർത്ഥമായ ക്രൂരതകൾക്കും ബലാത്സംഗങ്ങൾക്കും ശിക്ഷ വിധിക്കേണ്ട കാര്യമുണ്ടോ..?

                               ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരു കാര്യം നമുക്ക് വ്യക്തമാവും.. നമുക്ക് ചുറ്റുമുള്ള സമൂഹവും സഹജീവികളും നാം ജീവിക്കുന്ന വ്യവസ്ഥിതി തന്നെയും യഥാർത്ഥമാണ്.. അവരുടെ നിലവിളികളും അവയുടെ കാരണങ്ങളും ഒക്കെ.. ഇത് കാണാനും പ്രതികരിക്കാനും നമുക്ക് കഴിയണമെങ്കിൽ നമ്മൾ ഭൗതികവാദികൾ ആകാതെ തരമില്ല. മൂർത്തമായ സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്യുക എന്ന ലെനിന്റെ പ്രയോഗമാണ് ലോകത്തെ മാറ്റിമറിക്കാൻ ആവശ്യം.. അല്ലാതെ സുഖലോലുപമായ, കഷ്ടപ്പാട് എന്തെന്നറിയാത്ത സമൂഹത്തിലെ ഉന്നതമായ സ്ഥാനങ്ങളിൽ ഇരുന്ന് ധ്യാനം നടത്തി ലോകം വെറും മായയാണെന്ന വാചാടോപങ്ങളല്ല..

                               അത് യുക്തിരഹിതം മാത്രമല്ല.. സർവ അധർമങ്ങളെയും അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അരാജകത്വത്തെയും ന്യായീകരിച്ച് അവയെ നിലനിർത്താൻ പ്രാപ്തമായ ചൂഷകരുടെ തത്വശാസ്ത്രം കൂടിയാണത്.

2) ഭൗതികലോകത്തിൽ നിന്നാണ് ആശയങ്ങളുടെ ജനനം.. തലച്ചോറ് എന്ന ബൗദ്ധികവസ്തുവിൽ നിന്നാണ് ആശയങ്ങളും വികാരങ്ങളും ചിന്തകളും രൂപം കൊള്ളുന്നത്.. തിരിച്ചല്ല.. ആശയങ്ങളോ ചിന്തകളോ തോന്നലുകളോ ഭൗതികവസ്തുക്കൾക്ക് ജന്മം നൽകുന്നില്ല.. ദൈവം എന്നതും മനുഷ്യചിന്തയിൽ വിരിഞ്ഞ ഒരു ഭാവന ആയതിനാൽ അത് ഭൗതിക പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന വാദവും തള്ളപ്പെടുന്നു..
                                            പ്രസക്തി ----- ഭൗതികവാദത്തിന്റെ മറ്റൊരു തത്വം.. ഇത് ഉന്നയിക്കപ്പെടാൻ ഒരു കാരണമുണ്ട്. നമ്മുടെ സമൂഹത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒട്ടനേകം ആശയങ്ങളുണ്ട്.. നല്ലതും ചീത്തയുമായവ.. രാഷ്ട്രീയതാല്പര്യങ്ങൾ മുതൽ വർഗീയചിന്തകൾ വരെ ഇങ്ങനെ ഭൗതികസമൂഹത്തെ പൊതിഞ്ഞിരിക്കുന്ന ആശയങ്ങളുടെ മേൽപ്പുരയിൽ ഉൾപ്പെടുന്നു..

ജാതിമതവർണ വിവേചനസിദ്ധാന്തങ്ങൾ ,സ്ത്രീവിരുദ്ധത, കമ്പോളതാൽപര്യങ്ങൾ, രാഷ്ട്രീയസിദ്ധാന്തങ്ങൾ, കുടുംബവ്യവസ്ഥിതി തുടങ്ങി അനേകം ആശയങ്ങൾ.. ഇവയിൽ പുരോഗമനപരമായതുമുണ്ട്.. പിന്തിരിപ്പൻ വാദങ്ങളുമുണ്ട്.. പിന്തിരിപ്പൻ സിദ്ധാന്തങ്ങളെ ഇല്ലാതാക്കി സമൂഹത്തെ പുരോഗമനത്തിന്റെ നേർവഴിയിലേക്ക് നയിക്കാൻ ഇത്തരം ആശയങ്ങളുടെയെല്ലാം അടിത്തറ നാം ജീവിക്കുന്ന ഭൗതികസമൂഹം തന്നെയാണെന്ന തിരിച്ചറിവ് വേണം..
ഈ ഭൗതിക വ്യവസ്ഥിതിയിൽ നിന്ന് തന്നെയാണ് ഈ ആശയപരിസരങ്ങളും രൂപം കൊണ്ടത് എന്ന ഭൗതികവാദചിന്ത ആ വ്യവസ്ഥിതിയെ തന്നെ പുനഃപരിശോധിക്കാനും വിമർശിക്കാനും നമുക്ക് കറുത്ത പകരും.. മാർക്സിസത്തിനെപ്പോലെ  മുതലാളിത്തത്തിന്റെ ഭൗതികമായ ഉത്പാദന-വിപണി വ്യവസ്ഥിതിയെ ശക്തമായി ആശയപരമായി നേരിടാനും ബദൽമാർഗങ്ങൾ മുന്നോട്ടുവെക്കാനും മറ്റൊരു തത്വശാസ്ത്രത്തിനും കഴിയാത്തത് അതൊരു ഭൗതികദർശനമായതിനാലാണ്..
                                                                                                                                   3) മാറ്റം പ്രപഞ്ചത്തിന്റെ അടിസ്ഥാനനിയമം ആണ്. മാറ്റത്തിന് വിധേയമാകാത്തതായി യാതൊന്നും നിലനിൽക്കുന്നില്ല.. നിലനിൽപ് അഥവാ സ്ഥായീഭാവം എന്നത് വസ്തുക്കൾക്കും പ്രതിഭാസങ്ങൾക്കും ഉണ്ടെങ്കിലും അത് ഒരു നിശ്ചിതകാലം വരെ മാത്രമാണ്.. താത്കാലികവുമാണ്..
                                                  പ്രസക്തി  --- മാറ്റം എന്ന പ്രപഞ്ചസ്വഭാവത്തെ അതിന്റെ അടിസ്ഥാനമായി ഉയർത്തിക്കാട്ടുമ്പോൾ അതിന് സാമൂഹ്യമായ ഒരു പ്രസക്തി കൂടി നാം തിരിച്ചറിയേണ്ടി വരുന്നു.. ഉദാഹരണത്തിന് നിലവിലുള്ള ആഗോളവത്കൃത മുതലാളിത്തം അനശ്വരമാണെന്നും അതിന്റെ നാശം അസംഭവ്യമാണെന്നും മനുഷ്യൻ ഉള്ളിടത്തോളം കാലം മുതലാളിത്തം നിലനിൽക്കുമെന്നും വാദിക്കുന്ന ബൂർഷ്വാപണ്ഡിതർ മാറ്റം എന്ന പ്രപഞ്ചതത്വത്തെ തന്നെയാണ് നിരാകരിക്കുന്നത്..

                               ഇന്ന് നാം കാണുന്ന നവലിബറൽ- ആഗോളവത്കൃത-മുതലാളിത്തം പോലും ഉണ്ടായിട്ട് 30 വര്ഷം ആയിട്ടില്ല.. വ്യവസായവിപ്ലവം മുതൽ നൂറ്റാണ്ടുകളായി അനവധി മാറ്റങ്ങൾക്ക് വിധേയമായാണ് ഇന്ന് ആഗോളവത്കരണത്തിന്റെ ഘട്ടത്തിൽ മുതലാളിത്തം എത്തിനിൽക്കുന്നത്.. കോളനിവൽക്കരണം, സ്വതന്ത്ര കമ്പോളം തുടങ്ങിയ അതിന്റെ പഴയ രൂപങ്ങൾ പോലും മാറി വരുന്നു.. അതുപോലെ തന്നെ ചരിത്രം മുഴുവൻ പരിശോധിച്ചാലും ഇത്തരം തുടർച്ചയായ മാറ്റങ്ങളിലൂടെ മനുഷ്യരാശി കടന്നുവന്നിട്ടുള്ളതായി കാണാം. പ്രാകൃതകമ്മ്യൂണിസം ,അടിമത്തം, ഫ്യുഡലിസം ,മുതലാളിത്തം തുടങ്ങിയ വർഗ്ഗസമൂഹങ്ങളിലൂടെ ഉത്പാദനവ്യവസ്ഥിതിയിലും ഇത്തരം മാറ്റങ്ങൾക്ക് ചരിത്രം വിധേയമായി.
നമ്മുടെ ജീവിതനിലവാരം, സാമൂഹ്യമനഃസ്ഥിതി,സ്ത്രീകളോടുള്ള സമീപനം, രാഷ്ട്രീയമൂല്യങ്ങൾ, ശാസ്ത്രസാങ്കേതികത, തുടങ്ങി അചിന്തനീയമായ മാറ്റങ്ങൾ എവിടെയാണ് ഉണ്ടാകാത്തത്.. ഇത് വിരൽ ചൂണ്ടുന്നത് മുതലാളിത്തവും അതിന്റെ സമസ്ത- സാമൂഹ്യ സ്ഥാപനങ്ങളും നാശങ്ങൾക്കും പുതിയ ലോകങ്ങളുടെ ഉദയങ്ങൾക്കും വിധേയമാകേണ്ടിവരും എന്ന് തന്നെയാണ്..

4) പ്രപഞ്ചത്തിലെ സമസ്തചരാചരങ്ങളിലും വൈരുധ്യങ്ങൾ നിലനിൽക്കുന്നു. ഈ വൈരുധ്യങ്ങൾ തമ്മിൽ സംഘട്ടനവും അതെ സമയം ഒരു തരം ഐക്യവും പ്രവർത്തിക്കുന്നുണ്ട്.. ഐക്യം ആ വ്യവസ്ഥിതിയെ നിലനിർത്തുമ്പോൾ സംഘട്ടനം ആ വ്യവസ്ഥിതിയെ നശിപ്പിച്ച് പുതിയ ഒന്നിന് ജന്മം നൽകുന്നു.. വൈരുധ്യങ്ങൾ  മൂർച്ഛിക്കുമ്പോൾ ആ വ്യവസ്ഥ മാറ്റത്തിന് വിധേയമാകുന്നു.. മാറ്റം എല്ലായിടത്തും സംഭവിക്കുന്ന പ്രപഞ്ച പ്രതിഭാസം ആയതിനാൽ എല്ലായിടങ്ങളിലും അതിനുകാരണമായ വൈരുധ്യങ്ങളും പ്രവർത്തിക്കുന്നു..
                                                 പ്രസക്തി--- മാർക്സിസത്തിന്റെ അടിസ്ഥാനസ്വഭാവം അതിന്റെ മുതലാളിത്ത- കമ്പോളവ്യവസ്ഥിതിയോടുള്ള വിരോധവും കൂടുതൽ പുരോഗമനപരമായ നീതിപൂർണമായ ഒരു പുതിയ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ്.. ഇതിന് മുതലാളിത്തത്തിന്റെ ,നവലിബറൽ ലോകക്രമങ്ങളുടെ നാശം അനിവാര്യമാണ് താനും.. വൈരുധ്യാത്മകത ഇവിടെ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നാൽ, അത് മുതലാളിത്തം ഉൾപ്പെടെയുള്ള നിലവിലെ സാമൂഹ്യക്രമങ്ങളെ അതിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ നമ്മെ സഹായിക്കുന്നു..

                                മുതലാളിത്തത്തിൽ പ്രവർത്തിക്കുകയും അതിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വൈരുധ്യങ്ങൾ നാം തിരിച്ചറിയുമ്പോൾ ആ വ്യവസ്ഥിതിയുടെ നിരന്തര പരിണാമങ്ങളെക്കുറിച്ചും വന്നുചേരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും പകരം ഉണ്ടാവേണ്ട ബദൽ മാർഗങ്ങളെ കുറിച്ചും നാം അവബോധമുള്ളവരാകുന്നു.. ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യങ്ങൾ നേരിടുമ്പോൾ എതിരാളികൾ പോലും മാർക്സിന്റെ മുത്തലാളിത്തനിരീക്ഷണങ്ങൾ വായിച്ചുനോക്കാൻ നിർബന്ധിതമാകുന്നത് അദ്ദേഹം അതിനെ വൈരുധ്യാത്മകതയുടെ വെളിച്ചത്തിൽ പഠിച്ചതുകൊണ്ടാണ്.. ഇതാണ് വൈരുദ്ധ്യാത്മക നിരീക്ഷണത്തിന്റെ പ്രസക്തി.. മുതലാളിത്ത ഉത്പാദനക്രമത്തിൽ മാത്രമല്ല എല്ലാ മേഖലകളിലും നമുക്ക് ഇത്തരത്തിൽ വൈരുധ്യാത്മകതയുടെ വെളിച്ചത്തിൽ നിരീക്ഷണം നടത്താനാവും..



5) അളവിൽ നിന്നും ഗുണത്തിലേക്കുള്ള മാറ്റം..- അതായത് വസ്തുക്കൾക്ക് 2 തരത്തിലുള്ള മാറ്റം സംഭവിക്കാം.. ഒന്ന് അളവിൽ ഉണ്ടാകുന്ന മാറ്റവും രണ്ട് ഗുണപരമായ മാറ്റവും.. അളവിൽ സംഭവിക്കുന്ന മാറ്റം ഒരു നിശ്ചിത ഘട്ടത്തിൽ ആ വ്യവസ്ഥയുടെ ഗുണത്തിനെ തന്നെ മാറ്റിമറിക്കുകയും ആ വസ്തു മറ്റൊന്നായി മാറുകയും ചെയ്യും..ഒരു വസ്തുവിന്റെ നിറം അതിന്റെ ഗുണമാണല്ലോ.. എന്നാൽ ആ വസ്തു പുറത്തുവിടുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ ''അളവാണ്'' നിറം എന്ന ഗുണത്തെ നിർണയിക്കുന്നത്.. തരംഗദൈർഘ്യം അളവിൽ മാറ്റം ഉണ്ടാകുമ്പോൾ നിറം എന്ന ഗുണവും മാറും എന്ന് നാം പഠിച്ചിട്ടുണ്ട്. ഒരു ആറ്റത്തിന്റെ ഗുണം പോലും നിശ്ചയിക്കുന്നത് അതിനുള്ളിലെ പ്രോട്ടോണുകളുടെ എണ്ണം (അളവ്) എന്ന് പറയുന്നത് പോലെ..
                                 
                                                           പ്രസക്തി--- ഒരു മനുഷ്യൻ കൊടിയും പിടിച്ചു മുദ്രാവാക്യം വിളിച്ച് വഴിയിലൂടെ നടന്നുപോയാൽ നമ്മൾ അവനു ഭ്രാന്താണെന്ന് കരുതും. പക്ഷെ  ഒരു 10 പേര് അങ്ങനെ നടന്നുപോയാൽ ഒരു ചെറിയ ജാഥയായി നമുക്ക് അത് അനുഭവപ്പെടും.. 10നു പകരം പതിനായിരമോ പത്ത് ലക്ഷമോ ആണെങ്കിലോ,, അത് രാജ്യത്തെ പിടിച്ചുകുലുക്കാൻ പോന്ന ഒരു വൻപ്രക്ഷോഭമായോ വിപ്ലവമായോ നമുക്ക് കാണാൻ കഴിയും.. ആളുകളുടെ അളവിൽ ഉണ്ടാവുന്ന മാറ്റം ഒരു പ്രതിഭാസത്തെ ഗുണപരമായി ബാധിച്ച് മറ്റൊന്നാക്കി മാറ്റിയതിന് നല്ലൊരു ഉദാഹരണമാണിത്..

                               വൈരുധ്യങ്ങൾ തമ്മിലെ മൂർച്ഛിക്കൽ വ്യവസ്ഥതയുടെ നാശത്തിന് ഇഡാ വരുത്തുന്ന ഒരു ''പക്ഷത്തെ'' വളർത്തുന്നു.. ഈ അളവിലുള്ള വളർച്ച ആ വ്യവസ്ഥിതിയുടെ സ്ഥായിയായ ഗുണങ്ങളെ ഇല്ലാതാക്കി പുതിയൊരു വ്യവസ്ഥിതിക്ക് ജന്മം നൽകുന്നു. ഭരണകൂടത്തിനെതിരായ ജനവികാരം ആദ്യം ദുർബലവും പിന്നീട് അത് അളവിൽ വർധിച്ച് ശക്തവുമാകുമ്പോൾ ആ ഭരണകൂടം തന്നെ അസ്ഥിരമാകുന്നു..

6) നിഷേധത്തിന്റെ നിഷേധം- വൈരുദ്ധ്യാത്മക പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ വ്യവസ്ഥിതിയും മാറ്റങ്ങൾക്ക് വിധേയമാകുന്നു.. പഴയ വസ്തുവിൽ നിന്നുണ്ടാകുന്ന പുതിയത് വീണ്ടും നിലനിൽപ്പ് തുടരുകയും ഒടുവിൽ അതിലെ പുതിയ വൈരുധ്യങ്ങളുടെ സംഘട്ടനഫലമായി നശിച്ച് മറ്റൊരു വ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യും. ഇത്തരം ആവർത്തിച്ചുള്ള മാറ്റങ്ങൾ ആ വ്യവസ്ഥിതിയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കും.. ഇതാണ് നിഷേധത്തിന്റെ നിഷേധം.. നിഷേധം എന്നാൽ ആന്തരിക വൈരുധ്യങ്ങളാൽ വസ്തുവിനുണ്ടാകുന്ന നാശം എന്നർത്ഥം. ഈ നാശം വീണ്ടും ആവർത്തിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥയെക്കാൾ കൂടുതൽ ഉയർന്ന സ്ഥിതിയിൽ പുതിയത് ജന്മം കൊള്ളും.. തെര്മോഡൈനാമിക്സിൽ നമ്മൾ പഠിച്ചിട്ടുണ്ട്- പ്രപഞ്ചത്തിന്റെ എൻട്രോപ്പി ഇപ്പോഴും വർധിക്കും എന്ന നിയമം.. അതുപോലെയാണിത്..
                                         
                                                 പ്രസക്തി--- പിന്തിരിപ്പൻ നിലപാടുകളും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ചപലശക്തികളും സമൂഹത്തിൽ എപ്പോഴും ഉണ്ടാകുമെങ്കിലും ഈ ലോകം ആത്യന്തികമായി പുരോഗമനത്തിന്റെ പാതയിൽ തന്നെ തുടരും എന്ന തത്വം മേൽപറഞ്ഞ നിഷേധസിദ്ധാന്തവുമായി ചേർത്തുവായിക്കാം.. ജാതിമതവർഗീയ ശക്തികൾ സമൂഹത്തിൽ എന്നും ഭിന്നിപ്പ് ഉണ്ടാക്കിയിരുന്നു.. ഇന്നും.. എങ്കിലും ഒരു 100 വർഷം മുമ്പുള്ള സാമൂഹ്യ- സ്ഥിതിവിശേഷത്തിൽ നിന്നും എത്രയോ ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു നാം...

                               അനാചാരങ്ങൾ ഭൂരിപക്ഷം ജനങ്ങളുടെയും ശാപമായി തുടർന്നു. അതിനു വിധേയരായ ജനങ്ങളുടെ അക്ഷമയും അവരുടെ പൊതുബോധവും മറുഭാഗത്ത് ശക്തമായി.. ഇവ തമ്മിലെ സംഘർഷം നവോത്ഥാനത്തിലേക്കും കൂടുതൽ പുരോഗമനപരമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതിയിലേക്കും നമ്മെ നയിച്ചു.. എല്ലായിടത്തും ഈ പുരോഗമന-പ്രവണത കാണാനാവും.. ഇന്നും അന്ധമായ ജാതിമതവികാരങ്ങൾ നിലനിൽക്കുന്നുവെങ്കിലും കാലക്രമേണ അതും സമൂഹത്തിലെ അനിവാര്യമായ വൈരുദ്ധ്യാത്മക സംഘർഷങ്ങളുടെ ഫലമായി ഇല്ലാതായി നാം മുന്നോട്ടു തന്നെ കുതിക്കും..

അനിശ്ചിതത്വം- അദ്വൈതവേദാന്തം മുതൽ ക്വാണ്ടം മെക്കാനിക്സ് വരെ..

നൂറ്റാണ്ടുകൾക്കുമുമ്പ് ശങ്കരാചാര്യർ പറഞ്ഞു.. ബ്രഹ്മം സത്യം.. ജഗത് മിഥ്യ. അതായത് നാം കാണുന്ന ബാഹ്യപ്രപഞ്ചമെല്ലാം മിഥ്യയാണ്. മായയാണ്. സത്യം ഒന്നേയുള്ളൂ ബ്രഹ്മം മാത്രം. ആ ബ്രഹ്മം തന്നെയാണ് സർവതിലും.. നാം പലതായി കാണുന്നതെല്ലാം ഈ ബ്രഹ്മം തന്നെയാണ്.. പ്രപഞ്ചങ്ങൾ തന്നെ മായയാണ്. സർവതിലും ഒന്നുമാത്രം.. ബ്രഹ്മം. ഇതാണ് അദ്വൈതസിദ്ധാന്തം. ഇത്തരം വാദഗതികളെ ആശയവാദം എന്നും പറയാറുണ്ട്. മാർക്സിസം നേരെ മറിച്ച് ഒരു ഭൗതികവാദദർശനമാണ്. അത് പ്രപഞ്ചത്തേ യഥാർത്ഥമായി തന്നെ കാണുന്നു.

നാം കാണുന്നതെല്ലാം യഥാർത്ഥമല്ലെന്നും അത് നമ്മുടെ ബോധത്തിന്റെ സൃഷ്ടിയാണെന്നും സ്ഥാപിക്കാൻ ഇന്ന് അദ്വൈതവേദാന്തികൾ പോലും ഉയർത്തിക്കാട്ടുന്ന ആധുനികഭൗതികശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. ഹെയ്സൻബർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം നോക്കുക. - 'ദ്രവ്യത്തിന്റെ കണസ്വഭാവം പ്രകടമാകുന്നത് അതിനെ നാം നിരീക്ഷിക്കുമ്പോൾ മാത്രമാണ്. നമുക്ക് ആ വസ്തുവിനെ കുറിച്ച് ബോധമില്ലാത്തിടത്തോളം ദ്രവ്യം പല സാധ്യതകളുടെ ഒരു മിശ്രിതം(തരംഗം) മാത്രമാണ്.' അതായത് സൂക്ഷ്മപ്രപഞ്ചത്തിലേക്കെത്തുന്തോറും നമുക്ക് ദ്രവ്യത്തെ നിരീക്ഷിക്കാൻ പറ്റാതാവുമ്പോൾ അതിന് കണമല്ല, തരംഗരൂപമാവും ഉണ്ടാകുക..

 ഇലക്ട്രോൺ ,ഫോട്ടോൺ പോലുള്ള സൂക്ഷമകണങ്ങളുടെ സ്ഥാനം പോലും നമുക്ക് കണ്ടുപിടിക്കാനാവില്ല. കാരണം അത് തരംഗസ്വഭാവം പ്രകടിപ്പിക്കുന്നു. അതായത് സൂക്ഷ്മപ്രപഞ്ചത്തിൽ സർവതും സാധ്യതാതരംഗങ്ങളാകുന്നു. ഇലക്ട്രോണിന്റെ സ്ഥാനം പോലും ഒരു സാധ്യതയായേ പറയാനാവൂ. സൂക്ഷ്മപ്രപഞ്ചത്തിൽ നാം ഈയൊരു അനിശ്ചിതത്വം നേരിടുമ്പോൾ സ്ഥൂലപ്രപഞ്ചത്തിൽ ( വലിയ പ്രപഞ്ചം- നമുക്ക് അനുഭവവേദ്യമായത്.. ഉദാ: ഭൂമി, സൗരയൂഥം, ഗാലക്സി ) എല്ലാം ആപേക്ഷികതാസിദ്ധാന്തത്തിന്റെ നിശ്ചിതത്വത്തിൽ ഒതുങ്ങുന്നു. നിശ്ചിതത്വവും അനിശ്ചിതത്വവും തമ്മിലെ വൈരുധ്യമാണിത്..

ഇന്ന് മോഡേൺഫിസിക്സ് അന്വേഷിക്കുന്ന വലിയൊരു ചോദ്യം എല്ലാറ്റിന്റെയും തിയറി (Theory of Everything-TOE) ആണ്. പ്രകൃതിയുടെ രണ്ട് വിരുദ്ധഗുണങ്ങളെയാണ് അവർ ഒരുമിപ്പിച്ച് എല്ലാത്തിനെയും വിശദീകരിക്കുന്ന ഒരു തിയറിയുണ്ടാക്കാൻ ശ്രമിക്കുന്നത്. അനിശ്ചിതത്വം, നിശ്ചിതത്വം എന്നിവയാണ് ഈ വൈരുധ്യങ്ങൾ.. പ്രകൃതിയിലെ മൂന്ന് അടിസ്ഥാനബലങ്ങളെയും വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികം അനിശ്ചിതത്വത്തിന്റെ പക്ഷത്ത് സൂക്ഷ്മപ്രപഞ്ചത്തിൽ പ്രാധാന്യമർഹിക്കുന്നു.

മറുഭാഗത്ത് , പ്രപഞ്ചത്തിന്റെ നിശ്ചിതസ്വഭാവത്തെ കുറിക്കുന്ന ആപേക്ഷികതാനിയമങ്ങൾ സ്ഥൂലപ്രപഞ്ചത്തിലാണ് പ്രധാനമാകുന്നത്. പ്രകൃതിയിലെ നാലാം അടിസ്ഥാനബലമായ ഗുരുത്വബലത്തെയാണ് അത് വിശദീകരിക്കുന്നത്. ക്വാണ്ടം ഭൗതികത്തെയും ആപേക്ഷികതാസിദ്ധാന്തത്തെയും ഒരുമിപ്പിക്കാൻ ശാസ്ത്രം പെടാപ്പാടു പെടുന്നതിന് കാരണം ഇവ തമ്മിലെ വൈരുധ്യമാണ്.

അതേസമയം വൈരുധ്യാത്മകഭൗതികവാദം എന്ന തത്വചിന്തയിലൂടെ മാർക്സ് മുന്നോട്ടുവെക്കുന്നത് വൈരുധ്യങ്ങളിൽ അധിഷ്ഠിതമായ പ്രപഞ്ചമാണ്. അനിശ്ചിതത്വത്തെയും നിശ്ചിതത്വത്തെയും മാർക്സിസം പ്രകൃതിയുടെ രണ്ട് മുഖങ്ങളായാണ് കാണുന്നത്. ഇവ രണ്ടും ശരിയാണ്.. പക്ഷേ പരസ്പരവിരുദ്ധവുമാണ്. ശാസ്ത്രത്തിനും ഇനി ഈയൊരു വസ്തുത അംഗീകരിച്ചേ മതിയാവൂ.. ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രം അതിന്  ഒതുങ്ങാനാവില്ല.  പക്ഷേ വൈരുധ്യങ്ങൾ പരസ്പരം വേർതിരിഞ്ഞല്ല പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത് എന്ന മാർക്സിസ്റ്റ് കാഴ്ചപ്പാട് നാം പരിഗണിക്കണം.

 അനിശ്ചിതത്വം- നിശ്ചിതത്വം, തരംഗ -കണികാരൂപങ്ങൾ, തുടങ്ങിയ ഭൗതികപ്രപഞ്ചത്തിന്റെ വിരുദ്ധഗുണങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയിൽ നിന്നും ഒരു പൊതുസിദ്ധാന്തം രൂപീകരിക്കുകയും സാധ്യമാണ്. സ്ട്രിങ് തിയറിയും മറ്റും ആ മേഖലയിലെ ഒരു ചുവടുവെപ്പാണ്. എന്താണ് വൈരുധ്യാത്മകഭൗതികവാദത്തിന് പ്രപഞ്ചവിഷയങ്ങളിൽ കാര്യം എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ.. വൈരുധ്യാത്മകഭൗതികവാദം പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്വമാണ്. അത് അതിന്റെ നിലനിൽപിനും വളർച്ചയ്ക്കും ആധാരമാണ്. പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കുന്ന ഓരോ ശാസ്ത്രചിന്തകനും അവരറിയാതെ കൈകാര്യം ചെയ്യുന്നതുപോലും പ്രപഞ്ചത്തിന്റെ വൈരുധ്യാത്മകമായ രൂപങ്ങളെയാണ്. വൈരുധ്യങ്ങളെയാണ്..

രൂപയുടെ മൂല്യമിടിവ് സൃഷ്ട്ടിക്കുന്ന അനന്തരഫലങ്ങൾ..


ഭാരതത്തിന്റെ കറൻസിയായ രൂപയുടെ മൂല്യം തുടർച്ചയായി താഴുന്നത് പൊതുവെ രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയ്ക്കും ജനങ്ങൾക്ക് തന്നെയും ഗുരുതരമായ ദോഷങ്ങളാണ് വരുത്തിവെക്കുന്നത്. എങ്കിലും ചിലർ അതുകൊണ്ട് ചില ഗുണങ്ങളും ഉണ്ടാകുമെന്ന് അവകാശപ്പെടാറുണ്ട്.. സത്യാവസ്ഥ എന്താണ്? ലളിതമായി പറയാം..

1) രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി ചെലവ് ഗണ്യമായി വർധിക്കും.. കാരണം നാം ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് ഡോളർ ആണല്ലോ പകരമായി നൽകുന്നത്. ഇതിനായി കയ്യിലുള്ള രൂപ Foreign exchangeൽ ഡോളർ ആക്കി മാറ്റുകയാണ് ചെയ്യുക. സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിയുമ്പോൾ ഓരോ ഡോളർ വിദേശ- ചരക്കിനും നാം കൂടുതൽ രൂപ ചെലവാക്കേണ്ടി വരും. അന്ന് ഒരു ഡോളർ ചരക്കിന് 60 രൂപ നൽകിയ സ്ഥാനത്ത് ഇന്ന് 72 രൂപ അതേ ചരക്കിന് നൽകേണ്ടി വരും..

ക്രൂഡ് ഓയിൽ ഇറക്കുമതിയെയും ഇത് ബാധിക്കും. സ്വാഭാവികമായും ഇവിടെയെത്തുന്ന ചരക്കുകളുടെ വിലയും ക്രമാതീതമായി ഉയരുകയും അത് ജനജീവിതത്തെയാകെ സ്തംഭിപ്പിക്കുകയും ചെയ്യും.. പെട്രോൾ വില കൂടാനുള്ള പ്രധാന കാരണം ഇതാണ്.

2) പ്രവാസികൾ അയക്കുന്ന വരുമാനം വർധിക്കും. അതോടൊപ്പം ടൂറിസത്തിൽ നിന്നുള്ള വരുമാനവും. കാരണം ഈ 2 വരുമാനങ്ങളും വിദേശകറൻസിയായാണ് എത്തുന്നത്.. അത് രൂപയായി മാറുമ്പോൾ മൂല്യവും കൂടും. ഉദാ- മുൻപ് ഒരു ഡോളർ ഇവിടെ എത്തുമ്പോൾ നമുക്ക് 65 രൂപ കിട്ടിയ സ്ഥാനത്ത് ഇന്ന് 72 രൂപ ലഭിക്കും എന്ന് സാരം.

പക്ഷെ ഇവിടെ വർധിച്ചുകൊണ്ടിരിക്കുന്ന സാധനവിലകൾ ആ ചെറിയ നേട്ടങ്ങളെ നിഷ്പ്രഭമാക്കും. പ്രവാസികളുടെ കാര്യം പരിഗണിച്ചാലും പ്രശ്നമാണ്. ക്രൂഡ്ഓയിൽവില വർധന മൂലം ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്ന അഭിവൃദ്ധി അവിടെ പണിയെടുക്കുന്ന നമ്മുടെ തൊഴിലാളികൾക്കും നല്ലതാണ്. അവർ അയക്കുന്ന വരുമാനവും കൂടും. പക്ഷെ ഇപ്പോൾ ആ രാജ്യങ്ങളിൽ (GCC) നടക്കുന്ന നികുതിവർധനയും VATഉം പോലുള്ള പരിഷ്കാരങ്ങൾ പ്രവാസികളുടെ വരുമാനം കുറയ്ക്കാനും കൂടാതെ നിതാഖാത് പോലുള്ള തൊഴിൽ- സ്വദേശിവത്കരണങ്ങൾ പ്രവാസികളുടെ ജോലി തന്നെ ഇല്ലാതാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

3) കയറ്റുമതി വർധന- രൂപയുടെ മൂല്യം കുറയുമ്പോൾ കയറ്റുമതി കൂടും എന്നത് ഒരു പൊതുവായ സാമ്പത്തിക-നിയമമാണ്. എങ്ങനെയാണിത്..? പെട്രോളിയം ഉത്പന്നങ്ങൾ, വൈരക്കല്ലുകൾ, ആഭരണങ്ങൾ, മരുന്നുകൾ, ചെറിയ യന്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ വിദേശത്തേക്കയക്കുന്ന പ്രധാനഉത്പന്നങ്ങൾ..

 മുൻപ് 1$= 65 രൂപ ആയിരുന്ന സാഹചര്യം നോക്കാം. അന്ന് വിദേശരാജ്യം ഒരു ഡോളർ നൽകുമ്പോൾ 65 രൂപയുടെ ചരക്കുകൾ നാം കയറ്റുമതി ചെയ്യുമായിരുന്നു.. ഇന്ന് അവർക്ക് ഒരു ഡോളറിന് 73 രൂപയുടെ ഇന്ത്യൻ സാധനങ്ങൾ കിട്ടുന്നു. അത് അവരെ സംബന്ധിച്ച് നല്ല കാര്യമായതിനാൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ അവർ അവരുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും.. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കയറ്റുമതി കൂടും. ഇതാണ് രൂപയുടെ മൂല്യമിടിവിന് ചിലർ നിരത്തുന്ന ന്യായം.
ഇത് സത്യമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഇത് പൂർണമായും ശരിയല്ല. കാരണം നമ്മുടെ കയറ്റുമതിരംഗം ആകെ തകർന്ന മട്ടിലാണ് ഇന്നത്തെ അവസ്ഥ. നോട്ട് നിരോധനം, GST , കയറ്റുമതിവസ്തുക്കൾ നിർമിക്കുന്ന വലിയൊരു വിഭാഗം ചെറുകിട കച്ചവടക്കാരുടെ ദുരവസ്ഥ.. എല്ലാം ഇതിനു കാരണമാണ്. അതിനാൽ കയറ്റുമതി വർധനയ്ക്ക് സാധ്യത ഇല്ല.

4) ഇനി രൂപയുടെ മൂല്യം ഓഹരിവിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.. ഓഹരിവിപണിയെപ്പറ്റി എഴുതിയ മുൻലേഖനങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാവുമല്ലോ.. വിദേശവ്യവസായികളും ബാങ്കുകളുമൊക്കെ നമ്മുടെ രാജ്യത്ത് മൂലധനം നിക്ഷേപിക്കാനെത്തുന്നത് പ്രധാനമായും ഓഹരികളിലും കടപ്പത്രങ്ങളിലുമാണ്.. (വായ്പ വാങ്ങുന്നയാൾ പുറത്തിറക്കുന്ന ഉറപ്പുരേഖകളാണ് കടപ്പത്രങ്ങൾ.. ഇവ സർക്കാർ ഇഷ്യൂ ചെയ്തതോ കമ്പനികൾ ഇഷ്യൂ ചെയ്തതോ ആവാം.)

ഓഹരിവിപണിയുടെ കാര്യം എടുക്കുക.. വിദേശസ്ഥാപനങ്ങൾ അവരുടെ ഡോളർ രൂപയായി മാറ്റുകയും നമ്മുടെ ഓഹരിവിപണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
65 രൂപയുടെ ഓഹരി ഒരു വിദേശി സ്വന്തമാക്കി എന്ന കരുതുക. അന്ന് അതിന്റെ മൂല്യം ഒരു ഡോളർ ആയിരുന്നു. മൂല്യം ഇടിഞ്ഞ് ഒരു ഡോളർ 72 ഇന്ത്യൻ രൂപയാകുമ്പോഴോ..? അയാളുടെ 65 രൂപയുടെ ഓഹരിയുടെ ഡോളർ മൂല്യം ൦.90 ഡോളർ മാത്രമാണ്. അതായത് ഓഹരിയുടെ മൂല്യവും രൂപയോടൊപ്പം താഴ്ന്നു എന്നർത്ഥം. ഇങ്ങനെ തുടരുമ്പോൾ വിദേശമൂലധനം ഇവിടുത്തെ ഓഹരികൾ വ്യാപകമായി വിറ്റഴിച്ച് ഉള്ള കാശും കൊണ്ട് പുറത്തേക്ക് രക്ഷപ്പെടും.. ഓഹരിവില്പന വ്യാപകമാവുന്നതിനാൽ അവയുടെ വിലയും സൂചികകളും ഇടിയും.

ഏപ്രിൽ മുതൽ നമ്മുടെ ഓഹരി-കടപ്പത്ര വിപണിയിൽ നിന്നും 15500 കോടി രൂപയോളം ഓഹരികൾ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്ക്.. ഓഹരി വിറ്റ് ലഭിക്കുന്ന രൂപ ഡോളർ ആക്കിമാറ്റാൻ വിദേശസ്ഥാപനങ്ങൾ തിടുക്കം കൂട്ടുന്നതിനാൽ വീണ്ടും രൂപയുടെ മൂല്യമിടിയും. രൂപയുടെ മൂല്യമിടിവും ഓഹരിയിലെ തകർച്ചയും തുടർച്ചയായി ഇന്ന് കാണപ്പെടുന്നതിന്റെ കാരണം ഇതാണ്..

കഴിയുന്നിടത്തോളം ലളിതമായി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. സംശയങ്ങൾ കമൻറ് ചെയ്യുക..
                                                 

Friday, September 28, 2018

സമൂഹഘടന (The Structure of Society)


ഭൗതികമായ ഒരു അടിത്തറ. അതിനു മുകളിൽ കെട്ടിപ്പടുത്ത ആശയപരമായ ഒരു മേൽപുര. മാർക്സിസം  മനുഷ്യസമൂഹത്തെ നോക്കിക്കാണുന്നതിങ്ങനെയാണ്. ഈ അടിത്തറ-മേൽപുര സിദ്ധാന്തം അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നത് തെറ്റാണ്. 20ാം നൂറ്റാണ്ടിലെ പല മാർക്സിസ്റ്റുകാർക്കും പറ്റിയ പിഴവാണത്.

 ഭൗതികഅടിത്തറയിൽ നിന്നും ആശയപരമായ മേൽപുര ഉണ്ടാകുന്നു. (ഇത് കുറച്ചുകൂടി വ്യക്തമാകാൻ ഭൗതികവാദത്തെ സംബന്ധിച്ച പോസ്റ്റ് കാണുക.
എന്നാൽ ഭൗതികാടിത്തറയ്ക്ക് മാറ്റം സംഭവിച്ചാൽ ഉടനടി ആശയപരമായ മേൽപുരയും മാറിക്കോളും എന്ന ചിന്തയാണ് ഒരു പക്ഷേ പഴയ പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും പിന്തുടർന്നത്. അത് തെറ്റാണെന്ന് ചരിത്‌രം കാണിച്ചുതന്നു.

എന്താണ് ഭൗതികമായ അടിത്തറ..? സമൂഹത്തിലെ ഉത്പാദനശക്തികളും ഉത്പാദകബന്ധങ്ങളും ചേർന്ന അടിത്തറയാണിത്.. ആശയപരമായ മേൽപുര എന്നത് ഈ അടിത്തറയെ നിലനിർത്തുന്ന വിവിധ ആശയങ്ങളും.. മതം, സംസ്കാരം, വിനോദം, രാഷ്ട്രീയം, ഭരണകൂടം, ചിന്താഗതികൾ തുടങ്ങിയ അനേകം ഘടകങ്ങൾ ചേർന്നതാണ് ആശയപരമായ മേൽപുര.

അടിസ്ഥാനപരമായി സമൂഹം എന്താണെന്നും അതിന്റെ സത്ത എന്താണെന്നും ഒരു  കമ്മ്യൂണിസ്റ്റുകാരൻ മനസിലാക്കണമെങ്കിൽ ഈ ഭൗതികാടിത്തറയും ആശയങ്ങളുടെ മേൽപുരയും വേർതിരിച്ച് മനസിലാക്കണം.. ഇവ തമ്മിലെ ബന്ധമെന്താണ്..? ഇവ വിപ്ലവവും തൊഴിലാളിവർഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.. മതം, രാഷ്ട്രീയം, കല, സംസ്കാരം, ശാസ്ത്രം, വിനോദം, ഭരണകൂടം തുടങ്ങിയവയെ കമ്മ്യൂണിസം എങ്ങനെ കൈകാര്യം ചെയ്യുന്നു..? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കണം.. നമ്മുടെ പല വിചാരങ്ങളെയും മാറ്റിമറിക്കാനും മാർക്സിസ്റ്റുകാർക്ക്  ചരിത്രത്തിൽ സംഭവിച്ച, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന പല തെറ്റുകളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാനും ഈ സിദ്ധാന്തം സഹായിക്കും..

സമൂഹത്തിന്റെ ഭൗതികാടിത്തറ..

ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും എന്തെന്ന് മനസിലാക്കാതെ ഭൗതികാടിത്തറയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

ഉത്പാദകശക്തികൾ (ഉത്പാദനോപാധികൾ എന്നും പറയാം), ഉത്പാദനബന്ധങ്ങൾ എന്നിവയാണ് സമൂഹത്തിന്റെ അടിത്തറയായി മാറുന്നത്. ഇതിൽ അടിസ്ഥാനം ഉത്പാദനബന്ധങ്ങൾ തന്നെയാണ്. ഉദാ:- പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനബന്ധങ്ങളല്ല, അടിമത്ത സമൂഹത്തിലുള്ളത്.. അതിൽ നിന്നും വ്യത്യസ്തമായ ഉത്പാദനബന്ധമായിരുന്നു  ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിലേത്. മുതലാളിത്തത്തിലും അങ്ങനെ തന്നെ. ഉത്പാദനബന്ധങ്ങൾ കുറേ കാലം അങ്ങനെ തന്നെ നിലനിൽക്കുകയും ചില പ്രത്യേകഘട്ടങ്ങളിൽ മാത്രം മാറുകയും ചെയ്യുന്നു. അടിമ-ഉടമ എന്ന ഉത്പാദനബന്ധം ജന്മി- കുടിയാൻ , മുതലാളി-തൊഴിലാളി എന്നീ ഉത്പാദനബന്ധങ്ങളിലേക്ക് മാറിയത് ചരിത്രപരമായ ഭൗതികവാദത്തിലൂടെ മാർക്സ് വിശദീകരിക്കുന്നു. (ചരിത്രപരമായ ഭൗതികവാദം സംബന്ധിച്ച ലേഖനങ്ങൾ മുമ്പ് നൽകിയിട്ടുണ്ട്..)

ഉത്പാദകശക്തികൾ ഓരോ നിമിഷവും വളരുന്നതാണെന്ന് പറയാം.കാലം  കഴിയുന്തോറും ശാസ്ത്രസാങ്കേതികവിദ്യയും വിഭവങ്ങളും ഞൊടിയിടയിൽ പുരോഗമിക്കുന്നു. എന്നാൽ ഇതെല്ലാം ഉപയോഗിച്ച് ഉത്പാദനം നടത്താൻ കാരണമായ ഉത്പാദനബന്ധം നൂറ്റാണ്ടുകളായി മാറ്റമില്ലാതെ നിൽക്കുന്നു. (മുതലാളി-തൊഴിലാളി ബന്ധം നൂറ്റാണ്ടുകളായി ഭൂമിയിൽ ഉള്ളതാണല്ലോ..) ഇതാണ് ഉത്പാദനശക്തികളും ഉത്പാദനബന്ധവും തമ്മിലെ വൈരുധ്യം.

ഉത്പാദകശക്തികൾ വളർന്നുവികസിക്കുന്തോറും ഉത്പാദനബന്ധങ്ങൾക്കു തന്നെ ഭീഷണിയായി മാറുന്നു(തുടർന്ന് വിശദീകരിക്കാം ).ഒരു ഘട്ടത്തിൽ വെച്ച് ഈ വൈരുധ്യം മൂർച്ഛിക്കുന്നു. ഉത്പാദനബന്ധം തകർന്നടിയുന്നു. പുതിയ സമൂഹം ഉണ്ടാകുന്നു. ഉത്പാദനബന്ധവും ഉത്പാദകശക്തികളുമാണ് സമൂഹത്തിന്റെ ഭൗതികാടിത്തറ. അത് മാറിയാൽ സമൂഹം തന്നെ മാറുന്നു.

ആശയപരമായ മേൽപുര(Ideological Superstructure)

മുതലാളിത്തസമൂഹം പരിഗണിക്കുക.. പണം മുടക്കുന്ന മുതലാളിയും അധ്വാനിക്കുന്ന തൊഴിലാളിയും തമ്മിലെ ഉത്പാദനബന്ധമാണ് അതിന്റെ അടിസ്ഥാനം. ഈ അടിത്തറയ്ക്കുമുകളിൽ ചില ഘടകങ്ങൾ (ആശയങ്ങൾ) നിലനിൽക്കുന്നു. ഭൂമിക്കുമുകളിൽ കാർമേഘം എന്നതുപോലെയാണത്. കാർമേഘം ഭൂമിയിലെ ജലം ആവിയായി മേലോട്ടുയർന്ന് തണുത്ത് മേഘമായി മാറുന്നതാണ്. അതേ സമയം ആ മേഘത്തിൽ നിന്നുണ്ടാകുന്ന മഴ ഭൂമിയെ നിലനിർത്തുന്നു.

ഇതുപോലെയാണ് ആശയപരമായ മേൽപുരയും. മുതലാളിത്തസമൂഹത്തിൽ ഇത്തരം ചില ആശയങ്ങൾ നിലനിൽക്കുന്നു. ഇവയുടെ ഉത്ഭവം ഈ ഭൗതികസമൂഹത്തിൽ നിന്നു തന്നെയാണ്. അതേ സമയം ഈ ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ നിലനിർത്തുന്നു. സോഷ്യലിസത്തിലേക്കുള്ള വിപ്ലവത്തെ ഇവ തടയുകയോ സാവധാനമാക്കുകയോ ചെയ്യുന്നു..

ആശയപരമായ മേൽപുര(Ideological Superstructure) താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

1)മനോഭാവം
2)മതം
3)കല
4)സംസ്കാരം
5)ശാസ്ത്രം
6)കുടുംബം
7)വിദ്യാഭ്യാസം
8)ദേശീയത
9)ഭരണകൂടം
10)വിനോദം

സമൂഹം മാർക്സിസ്റ്റ് വീക്ഷണത്തിൽ...
Marxian perspective of society...

ചിത്രം കാണുക..
ഉത്പാദനശക്തികളും (ഉപകരണങ്ങൾ, ഫാക്ടറി, യന്ത്രങ്ങൾ, ഭൂമി, അസംസ്കൃതവസ്തുക്കൾ etc) ഉത്പാദനബന്ധങ്ങളും (മൂലധനം കയ്യിലുള്ള മുതലാളിയും അധ്വാനശക്തി കൈവശമുള്ള തൊഴിലാളിയും തമ്മിലെ ബന്ധം) അവ സൃഷ്ടിക്കുന്ന ഭൗതികാടിത്തറയിൽ നിലനിൽക്കുന്ന ആശയ- മേൽപുര ( Ideological Superstructure)യും ചേർന്നതാണ് സമൂഹം..

ഭൗതികവ്യവസ്ഥ ആശയങ്ങളെ രൂപീകരിക്കുന്നു.. ആശയങ്ങൾ വ്യവസ്ഥയെ സംരക്ഷിച്ച് നിലനിർത്തുന്നു..

ഇന്നത്തെ സാഹചര്യത്തിൽ ഇതിങ്ങനെ വ്യക്തമാക്കാം..  മുതലാളിത്തസമ്പദ് വ്യവസ്ഥയാണ് സമൂഹത്തിന്റെ അടിത്തറ..  ഇതിനു പുറമേയുള്ള ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ സംരക്ഷിക്കുന്നു.. മതം, കല, സംസ്കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ ചിത്രത്തിൽ കൊടുക്കുന്ന ഘടകങ്ങൾ മുതലാളിത്തത്തിന്റെ സംരക്ഷകരായി മാറുന്നു.. തുടർന്ന് വിശദീകരിക്കാം..


മുതലാളിയുടെ അധ്വാനം..!


കഠിനപരിശ്രമമുണ്ടെങ്കിൽ എത്ര ഉയരത്തിലും നമുക്കെത്തിച്ചേരാം.. ബിൽഗേറ്റസിനെ പോലെ.. ധിരുഭായ് അംബാനിയെ പോലെ.. സ്റ്റീവ് ജോബ്സിനെ പോലെ.. അധ്വാനിച്ചാൽ നമുക്കും അവരെയൊക്കെ പോലെ ആകാം.. സുഖിക്കാം.. അതേസമയം ഒരാൾ ദാരിദ്യ്രത്തിലേക്കു കൂപ്പുകുത്തുന്നെങ്കിൽ അത് അയാളുടെ തന്നെ കുറ്റമാണ് താനും..
പലരും പറയാറുള്ള തത്വങ്ങളാണിത്..

ശരി.. എന്നാലൊരു ചോദ്യം.. ''അധ്വാന''ത്തിലൂടെ ഉയരങ്ങളിലെത്തിയ കോടീശ്വരന്മാരിൽ എത്ര കർഷകത്തൊഴിലാളികളുണ്ട്..? മരപ്പണിക്കാരുണ്ട്..? കെട്ടിടം തൊഴിലാളികളുണ്ട്..? വീട്ടുവേലക്കാരുണ്ട്..? തൂപ്പുകാരുണ്ട്..? ഫാക്ടറി ജോലിക്കാരുണ്ട്..? ഉത്തരം പൂജ്യം.. അതിനർത്ഥം അവരൊന്നും അധ്വാനിക്കുന്നില്ലെന്നാണോ..? അല്ല..

അപ്പോൾ ഒരു കാര്യം വ്യക്തം.. ''പണം മുടക്കുക.. കമ്പനി സ്ഥാപിക്കുക..'' ഈ ജോലി ചെയ്യുന്നവർ ലോകമറിയുന്ന അതിസമ്പന്നരാകുന്നു.
മറ്റ് ജോലികൾ ചെയ്യുന്നവരെല്ലാം ഉള്ള വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുനീക്കുന്നു. ചിലരെ ദാരിദ്യ്രം വിഴുങ്ങുന്നു.
ചിലർ കടക്കെണിയിലാകുന്നു. ചിലർ ആത്മഹത്യയിലേക്ക് വരെ നയിക്കപ്പെടുന്നു.

ഇതാണ് പ്രശ്നം.. തൊഴിലാളിയേക്കാൾ അവരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നവരാണ് വളരുന്നത്.. അവരുടെ അധ്വാനമാകട്ടെ പണം മുടക്കലാണ്. മുതലാളിവർഗവും  ഉന്നതപദവികൾ വഹിക്കുന്ന വിരലിലെണ്ണാവുന്ന തൊഴിലാളികളും ഒഴികെ മറ്റുള്ളവർ വ്യാപകമായി താഴേക്ക് മാറ്റിനിർത്തപ്പെടുന്നു. തൊഴിലാളിയുടെ മിച്ചമൂല്യം സ്വന്തമാക്കുന്നവൻ പരിശ്രമത്തിന്റെ ഉത്തമോദാഹരണവും കയ്യിൽ പണമില്ലാതെ വെറുംകൈയുമായി വരുന്ന തൊഴിലാളിവർഗം ''കുറ്റവാളി''കളുമായി മാറുന്നു. എന്തൊരു വൈരുധ്യം..!

തൊഴിലില്ലായ്മയുടെ ശാസ്ത്രം..


ഉത്പാദനം എന്നത് സഥിരമൂലധനവും അധ്വാനവും ചേരുന്ന പ്രക്രിയയാണെന്ന് നേരത്തെ വിശദീകരിച്ചു. (സ്ഥിരമൂലധനം എന്നത് മറ്റ് പല അധ്വാനങ്ങളുടെയും ഫലമാണ് താനും). മുതലാളിത്തത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് അധ്വാനത്തെ അപേക്ഷിച്ച് സ്ഥിരമൂലധനത്തിന്റെ വർധനവ്. അതായത് തൊഴിലാളികൾക്ക് വേണ്ടി മുടക്കുന്ന കൂലിയേക്കാൾ അസംസ്കൃതവസ്തുക്കൾ, യന്ത്‌രസാങ്കേതികവിദ്യകൾ തുടങ്ങിയവയ്ക്കായി മുതലാളി കൂടുതൽ മൂലധനം മുടക്കുന്നുവെന്നർത്ഥം. വർധിച്ചുവരുന്ന യന്ത്രവത്കരണവും സാങ്കേതികപുരോഗതിയും തന്നെ ഉദാഹരണം. ഇവ വാസ്തവത്തിൽ തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. അതായത് കൈത്തറിത്തൊഴിലാളി ഒരു മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ മൂല്യം യന്ത്രത്തറിയിലെ തൊഴിലാളി ഒരു മണിക്കൂർ കൊണ്ടുണ്ടാക്കുന്നു. എല്ലാ മേഖലകളിലും ഈ പ്രവണത കാണാം.

ഉത്പാദനശേഷി ഒരു ഭാഗത്ത് കൂടുമ്പോൾ യന്ത്രവത്കരണം തൊഴിലവസരങ്ങൾ കുറയ്ക്കും. തൊഴിലില്ലായ്മ വർധിപ്പിക്കും. 10000 പേർ ചെയ്തിരുന്ന ഭാരിച്ച ജോലികൾ അവരേക്കാൾ വേഗത്തിൽ പരാതികളില്ലാതെ, വിശ്രമമില്ലാതെ ഒരു യന്ത്രം ചെയ്യുന്നു. സ്ഥിരമൂലധനം അസ്ഥിരമൂലധന(അധ്വാനം)ത്തെ അപേക്ഷിച്ച് വർധിക്കുന്നു.

യന്തവത്കരണവും ശാസ്ത്രസാങ്കേതികപുരോഗതിയും അനിവാര്യമാണ്. അത് ഉണ്ടാകുക തന്നെ വേണം. എന്നാൽ മുതലാളിത്തത്തിൽ അത് ഒരു ഭാഗത്ത് പുരോഗതിയും മറുഭാഗത്ത് ദുരിതങ്ങളുമാണ് സമ്മാനിക്കുന്നത്. ഈ വൈരുധ്യം മുതലാളിത്തം ഉള്ളിടത്തോളം കാലം തുടരും.

തൊഴിലില്ലായ്മ മുതലാളിത്തത്തിന് അനുഗ്രഹമോ..?

യന്ത്രവത്കരണവും കുത്തകമുതലാളിത്തവും തൊഴിലവസരങ്ങൾ കുത്തനെ താഴ്ത്തുന്നത് എങ്ങനെയെന്ന് നാം കൂടുതൽ പഠിക്കേണ്ടതുണ്ട്. പക്ഷേ ഇത് മുതലാളിത്തത്തിന് ഗുണകരമാകുന്നതെങ്ങനെ..?

സമൂഹത്തിൽ വർധിച്ചുവരുന്ന തൊഴിലില്ലാത്ത ആളുകൾ (തൊഴിലില്ലാപ്പട എന്നും പറയാം) തൊഴിലുള്ളവർക്ക് ഒരു ഭീഷണിയാകും. എത്ര കുറഞ്ഞ കൂലിക്കായാലും വേണ്ടില്ല, ഉള്ള ജോലി കളയാതെ നോക്കണം എന്ന ചിന്തയും ഉത്കണ്ഠയും തൊഴിലാളികളിലുണ്ടാകും. താൻ ജോലി കളഞ്ഞാൽ അത് ചെയ്യാൻ ആയിരങ്ങൾ സമൂഹത്തിൽ തിങ്ങിഞെരുങ്ങുന്നുവെന്ന സത്യം തൊഴിലാളിവർഗം മനസിലാക്കും. തൊഴില്ലാത്ത ആ വലിയ വിഭാഗത്തെ കരുതൽസേന എന്നുപറയും. കരുതൽസേന കൂടുതലുള്ളിടത്ത് മുതലാളിക്ക് എന്ത് ചൂഷണവും മടികൂടാതെ തൊഴിലാളികളിൽ നടപ്പാക്കാം. കൂലി കുറയ്ക്കാം. ജോലിസമയം കൂട്ടാം. ആനുകൂല്യങ്ങൾ എടുത്തുകളയാം. കാരണം തൊഴിലില്ലായ്മ എന്ന തൊഴിലാളിയുടെ ഭയത്തെ അവർ മുതലെടുക്കുന്നു.

കരുതൽസേന കൂടുതലുള്ളിടത്ത്  തൊഴിലാളികളുടെ ലഭ്യത മുതലാളിക്ക് ഒരു പ്രശ്നമേയല്ലാതാകുന്നു. ജോലി ചെയ്യാൻ ധാരാളം പേർ തിരക്കുകൂട്ടുന്നുണ്ടല്ലോ.. ഇതിലൂടെ തൊഴിലാളിയുടെ വിലപേശൽശക്തിയും കുറയ്ക്കാനാകും. തൊഴിലാളിവർഗത്തിന്റെ സംഘടിതശക്തിയെയും ഇല്ലാതാക്കാം. തൊഴിൽ ഇല്ലാതാകുന്ന സ്ഥിതിയോർത്ത് അവർ എന്തും സഹിക്കാനും ക്ഷമിക്കാനും തയ്യാറാകും. തൊഴിലാളിവർഗത്തെ അടക്കി നിർത്തുന്നതിൽ മുതലാളി വിജയിക്കും.

ചുരുക്കത്തിൽ പെരുകിവരുന്ന തൊഴിലില്ലാപ്പട മുതലാളിക്ക് ഒരനുഗ്രഹം തന്നെ.. തൊഴിലില്ലായ്മ വളരെ കൂടുതലുള്ള രാജ്യങ്ങളിലേക്ക് മുതലാളിവർഗം നിക്ഷേപങ്ങൾ നടത്തുന്നതും ഇതുകൊണ്ടുതന്നെ..

മുതലാളിത്തത്തിലെ 7 വൈരുധ്യങ്ങൾ..

മുതലാളിത്തം തകരുകയും സോഷ്യലിസം രൂപം കൊള്ളണമെന്ന് പറയുകയും ചെയ്യുമ്പോൾ ''അത് നിങ്ങളുടെ ആഗ്രഹം മാത്രമല്ലേ.. മുതലാളിത്തം തകരുമെന്നെന്താണിത്ര ഉറപ്പ്..?'' എന്ന് ബൂർഷ്വാവാദക്കാർ ചോദിക്കും.. ഉത്തരം ഒന്നേയുള്ളൂ.. വൈരുധ്യങ്ങൾ.. മുതലാളിത്തം അനേകം വൈരുധ്യങ്ങൾ നിറഞ്ഞതാണ്.. ഈ വൈരുധ്യങ്ങൾ കാലക്രമേണ വർധിക്കുന്നവയുമാണ്.. അതായത് പരസ്പരം പൊരുത്തപ്പെട്ടു പോകാത്ത ഈ ഘടകങ്ങൾ മുതലാളിത്തത്തിന്റെ നാശത്തിന് വഴി തുറക്കുകയും അതിന്റെ ഉള്ളിൽ നിന്നും പുതിയ വ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യും..

മുതലാളിത്തത്തിന്റെ യഥാർത്ഥ ശത്രു സോഷ്യലിസവും കമ്മ്യൂണിസവുമൊന്നുമല്ല.. അങ്ങനെ ചിന്തിച്ചാൽ അത് തെറ്റാണ്. മറിച്ച് മുതലാളിത്തത്തിന്റെ ശത്‌രു മുതലാളിത്തം തന്നെയാണ്.. അത് സ്വയം വളരുകയും സ്വയം നശിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ്. മുതലാളിത്തം വളരുന്ന അതേ സമയം തന്നെ അതിന്റെ മരണത്തിനു കാരണമായ വൈരുധ്യങ്ങളും വളരുന്നു..

മുതലാളിത്തത്തിന്റെ വളർച്ച എന്നാൽ ഉത്പാദനശക്തികളുടെ വളർച്ചയാണ്.. ഉത്പാദനസാമഗ്രികൾ, സാങ്കേതികവിദ്യകൾ, അറിവുകൾ, യന്ത്രങ്ങൾ ,ശാസ്ത്രം തുടങ്ങിയവയെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ഉത്പാദനശക്തികളാണ്. പക്ഷേ ഉത്പാദനബന്ധം മാറുന്നുണ്ടോ..? ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഇപ്പോഴുമെല്ലാം ഉത്പാദനത്തിന്റെ അടിസ്ഥാനം മുതലാളി- തൊഴിലാളി എന്ന ഉത്പാദനബന്ധം തന്നെയാണ്.. തൊഴിലാളി മിച്ചമൂല്യം സൃഷ്ടിക്കുന്നു. മുതലാളി അത് ലാഭമായി സ്വന്തമാക്കുന്നു. അന്നുമിന്നും ഇങ്ങനെ തന്നെ. ഉത്പാദനശക്തികൾ വളർന്നുവികസിക്കുന്നു. ഉത്പാദനബന്ധങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നു.. വൈരുധ്യാത്മകഭൗതികവാദത്തിന്റെ ഭാഷയിൽ  വളരുന്ന ആന്റി തീസീസും മാറ്റമില്ലാത്ത തീസീസും എന്നർത്ഥം.


മുതലാളിത്തത്തിന്റെ അന്തകൻ അവയിലെ വൈരുധ്യങ്ങൾ തന്നെയാണെന്നും കാലക്രമേണ ഈ വൈരുധ്യങ്ങളുടെ മൂർഛീകരണം ആ വ്യവസ്ഥയെ തന്നെ തകർക്കുമെന്നും മാർക്സ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് ഈ വൈരുധ്യങ്ങൾ എന്നുനോക്കാം.

 1) മുതലാളിത്തത്തിൽ ഉണ്ടാകുന്ന സമ്പത്ത് കോടിക്കണക്കിന് ജനങ്ങളുടെ അധ്വാനഫലമാണ്.. എന്നാൽ ആ സമ്പത്തിന്റെ 90 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് വളരെ കുറച്ചുപേരും.
-വർധിക്കുന്ന ദാരിദ്യ്രവും വർധിക്കുന്ന സമ്പത്തും തമ്മിലെ വൈരുധ്യം..

2) ഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗത്തെ ചൂഷണം ചെയ്ത് ദാരിദ്യ്രത്തിലേക്ക് തള്ളിയിടാതെ മുതലാളിവർഗത്തിന് ലാഭം വർധിപ്പിക്കാനാവില്ല. എന്നാൽ ബഹുജനങ്ങളുടെ വാങ്ങൽ/ ഉപഭോഗശേഷി കുറയുന്നത് മുതലാളിക്ക് ദോഷമാണ് താനും. അയാളുടെ കമ്പനിപ്രൊഡക്റ്റ്സ് ആരും വാങ്ങാതെ കെട്ടിക്കിടക്കുന്നു..
-വർധിക്കുന്ന ലാഭവും കുറഞ്ഞുവരുന്ന വാങ്ങൽശേഷിയും തമ്മിലെ വൈരുധ്യം.

3)ഒരു മൊട്ടുസൂചിയുടെയാണെങ്കിൽ പോലും ഉത്പാദനത്തിലും വിപണനത്തിലും നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. പക്ഷേ ഉത്പാദകശക്തികളുടെ ഉടമസ്ഥത കുറച്ചു വ്യക്തികൾക്കും.
-സാമൂഹ്യമായ ഉത്പാദനവും സ്വകാര്യമായ ഉടമസ്ഥതയും തമ്മിലെ വൈരുധ്യം.

4)ഫാക്ടറിയിൽ ഉത്പാദനം വളരെ ആസൂത്രിതമാണ്. എന്നാൽ സമൂഹത്തെ മൊത്തത്തിലെടുത്താൽ ഉത്പാദനത്തിൽ ആസൂത്രണമല്ല അരാജകത്വമാണ് കാണുന്നത്.
-ആസൂത്രണവും അരാജകത്വവും തമ്മിലെ വൈരുധ്യം.

5)കൂടുതൽ മൂലധനനിക്ഷേപത്തിലൂടെ നടപ്പാക്കുന്ന യന്ത്രവത്കരണവും മറ്റും തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. പക്ഷേ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുന്നു.
-മൂലധനവർധനവും തൊഴിലില്ലായ്മയും തമ്മിലെ വൈരുധ്യം.

6) സ്വതന്ത്രമായ മത്സരവും സംരംഭങ്ങളും പൊടിപൊടിക്കുമ്പോഴും വിപണി ചില കുത്തകകളുടെ കയ്യിലൊതുങ്ങുന്നു.
-സ്വതന്ത്രമത്സരവും കുത്തകമുതലാളിത്തവും തമ്മിലെ വൈരുധ്യം.

7)മുതലാളിയും തൊഴിലാളിയും തമ്മിലെ വർധിച്ച അന്തരം അവരെ രണ്ട് തട്ടുകളിലേക്ക് ,രണ്ട് ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് വേർതിരിക്കുന്നു.  മുതലാളി വ്യവസ്ഥയെ നിലനിർത്താനും തൊഴിലാളി വ്യവസ്ഥയെ അട്ടിമറിക്കാനും ശ്രമിക്കുന്നു..
-മുതലാളിയും തൊഴിലാളിയും തമ്മിലെ വൈരുധ്യം..
   ---ഇൗ വൈരുധ്യമാണ് വർഗസമരം..

താഴെ നിന്നും മേലേക്കുള്ള മാറ്റം.


മാർക്സിന്റെ വൈരുധ്യവാദത്തിൽ  വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന എടുത്തുചാട്ടങ്ങൾ അഥവാ വിപ്ലവങ്ങൾ ഗുണത്തിലെ മാറ്റമായിരിക്കും. വിപ്ലവം എന്നത് എപ്പോഴും താഴെത്തട്ടിൽ നിന്നും കൂടുതൽ ഉയർന്ന അവസ്ഥയിലേക്കുള്ള വ്യവസ്ഥയുടെ മാറ്റമായിരിക്കും.. കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം വാസ്തവത്തിൽ കൂടുതൽ ഉയർന്ന തലത്തിലേക്കുള്ള മാറ്റമായിരുന്നു. വെള്ളം തിളച്ച് ആവിയാകുന്നത് മറ്റൊരു ഉദാഹരണം..

 ലളിതമായ അവസ്ഥയിൽ നിന്നും കൂടുതൽ സങ്കീർണാവസ്ഥയിലേക്കാകും എല്ലാ വിപ്ലവകരമായ മാറ്റങ്ങളും. ഘടനാപരമായി പ്രാകൃതകമ്മ്യൂണിസത്തേക്കാൾ മുകളിലായിരുന്നു അടിമത്തം. അതിനേക്കാൾ സങ്കീർണമായിരുന്നു ഫ്യൂഡലിസവും മുതലാളിത്തവും ഒക്കെ..

സോഷ്യലിസം എന്നതും മുതലാളിത്തവ്യവസ്ഥയേക്കാൾ കൂടുതൽ സങ്കീർണവും ഉയർന്നതുമായിരിക്കും.. സംസ്കാരവും സാമ്പത്തികവും രാഷ്ട്രീയവും ഒക്കെ സോഷ്യലിസത്തിൽ കൂടുതൽ പരിഷ്കൃതമായിരിക്കും. അതായത് വൈരുധ്യങ്ങളുടെ സംഘട്ടനഫലമായ വിപ്ലവങ്ങൾ വ്യവസ്ഥയെ കൂടുതൽ ഉയർന്ന തലത്തിലെത്തിക്കുന്നു.

വളർച്ചയുടെ ത്വരിതപ്പെടൽ..

മനുഷ്യൻ ഉണ്ടായ നാൾ മുതൽ AD1900 വരെയുള്ള നീണ്ട കാലം പരിഗണിക്കുക. തീർച്ചയായും ഒട്ടനവധി പുരോഗതികൾ നാം കൈവരിച്ച കാലഘട്ടം. അതിന്റെയും എത്രയോ മടങ്ങ് കണ്ടുപിടുത്തങ്ങൾ 1900 മുതൽ 2000 വരെയുള്ള 100 വർഷക്കാലം  ഉണ്ടായിരിക്കുന്നു.!( ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും മുതൽ ചാന്ദ്രയാത്ര വരെ..!) 2000 മുതൽ 2017 വരെയുള്ള വെറും തുച്ഛമായ വർഷത്തിനിടയിലും ഉണ്ടായ പുരോഗതി നേരത്തേതിനേക്കാൾ അതിവേഗത്തിലാണെന്നും കാണാം.

ഇതുമാത്രമല്ല ജീവപരിണാമത്തിലും ഈ ഒരു ത്വരിതപ്പെടൽ കാണാം. വ്യവസ്ഥിതി തുടർച്ചായി വളരുകയും മാറുകയും ചെയ്യുന്നതനുസരിച്ച് അവ മാറുന്നതിന്റെ വേഗതയും കൂടുന്നു. പുരോഗമനം കൂടുതൽ പെട്ടെന്നാകുന്നു. വൈരുധ്യാത്മകഭൗതികവാദത്തിലെ ഒരു സവിശേഷതയാണ് വളർച്ചയിലെ ഈ ത്വരിതപ്പെടൽ..

പ്രാകൃതകമ്മ്യൂണിസംഅടിമത്തമായി മാറാൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. അടിമത്തം ഫ്യൂഡലിസത്തിലേക്ക് കടക്കാൻ ഏതാനും ആയിരം വർഷം മാത്രമേ എടുത്തുള്ളൂ. ഫ്യൂഡലിസം മുതലാളിത്തമാകാൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള വിപ്ലവം ഇതിലും വേഗത്തിലായിരിക്കുമെന്ന് കരുതാം..

വളർച്ചയുടെ ത്വരിതപ്പെടൽ എന്നത് സാർവത്രികമായ ഒരു പ്രതിഭാസമല്ലെന്നോർക്കുക.. തുടക്കത്തിൽ ശീഘ്രവും പിന്നീട് സാവധാനമാകുന്നതുമായ പ്രവർത്തനങ്ങളും പ്രപഞ്ചത്തിലുണ്ട്..

ഡാർവിന്റെ പരിണാമസിദ്ധാന്തം..


ജീവന്റെ ഉത്ഭവവും പരിണാമവും ശാസ്ത്രീയമായി  വിശദീകരിച്ചുകൊണ്ട് മതങ്ങളുടെ കെട്ടുകഥകൾക്കുമേൽ ഇടിത്തീ പോലെ വീണ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് മാർക്സിസവുമായി എന്ത് ബന്ധം എന്ന് സംശയം തോന്നാം.. ഒറ്റവാക്യത്തിൽ പറഞ്ഞാൽ ഡാർവിനും മാർക്സും പരിണാമസിദ്ധാന്തം തന്നെയാണ് കെട്ടിപ്പടുത്തത്. ചാൾസ് ഡാർവിൻ ജീവന്റെ പരിണാമത്തിലും മാർക്സ് ജീവികൾ ചേർന്ന സാമൂഹ്യവ്യവസ്ഥയുടെ പരിണാമത്തിലും ശ്രദ്ധയൂന്നി എന്ന് മാത്രം..

ചാൾസ് ഡാർവിൻ 'Origin of Species' പുറത്തിറക്കിയപ്പോൾ അത് ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയ ചിന്തകനായിരുന്നു കാൾ മാർക്സ്. ഇതിലെ ചില നല്ല കാര്യങ്ങളും കുഴപ്പങ്ങളും ചൂണ്ടിക്കാട്ടി മാർക്സ് എംഗൽസിന് കത്തുകളുമയച്ചിരുന്നു.

ഏകകോശജീവിയിൽ നിന്നും ബഹുകോശജീവിയിലേക്കും നട്ടെല്ലുള്ള ജീവികളിലേക്കും സസ്തനിയിലേക്കും മനുഷ്യനിലേക്കുമുള്ള ജീവന്റെ പരിണാമം മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദത്തിനും ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുന്നു. സമൂഹം എന്നത് ജീവികൾ ചേർന്ന കൂട്ടമല്ല, മറിച്ച് അവരും അവർ തമ്മിലെ പരസ്പരബന്ധവും ചേർന്നതാണെന്ന് മാർക്സ് പറഞ്ഞു.

ജീവികളെ പോലെ തന്നെ ഈ പരസ്പരബന്ധവും തുടർച്ചയായി മാറ്റങ്ങൾക്ക് വിധേയമാകുന്നു. മനുഷ്യരുടെ കാര്യത്തിൽ പ്രാകൃതകമ്മ്യൂണിസം ,അടിമത്തം ,ഫ്യൂഡലിസം ,മുതലാളിത്തം  ,സോഷ്യലിസം ,കമ്മ്യൂണിസം എന്നിവ ഈ പരസ്പരബന്ധത്തിന്റെ വിവിധ ഘട്ടങ്ങളാണ്.

പരിണാമസിദ്ധാന്തത്തിലെ കേവലവാദം..

വിപ്ലവം എന്നതാണ് വൈരുധ്യവാദത്തിന്റെ അടിത്തറ. ഓരോ വ്യവസ്ഥയിലെയും 2 വൈരുധ്യങ്ങളിൽ ഒന്നിന്റെ അളവിന് സാവധാനമുള്ള മാറ്റം(വളർച്ച) ഉണ്ടാകുന്നു. ഇത് ഈ വൈരുധ്യങ്ങൾ തമ്മിലെ ശത്രുത വർധിപ്പിച്ച് വിപ്ലവം സൃഷ്ടിക്കുന്നു. കാലങ്ങളായുള്ള സാവധാനവളർച്ചയ്ക്കു ശേഷം പൊടുന്നനെയുള്ള ഒരു കുതിച്ചുചാട്ടം വ്യവസ്ഥയ്ക്ക് സംഭവിക്കുന്നു.

കോടിക്കണക്കിന് വർഷങ്ങളെടുത്ത ജീവന്റെ പരിണാമത്തിന്റെ കാര്യത്തിലും ഇത് ശരിയായിരുന്നു. ലക്ഷക്കണക്കിന് വർഷത്തെ സാവധാനമാറ്റത്തിനുശേഷം ഇടയ്ക്കിടെ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങൾ ജീവികളുടെ ശൃംഖലയെ തന്നെ മാറ്റിമറിച്ചു. എന്നാൽ ഡാർവിൻ ഇങ്ങനെയല്ല പരിണാമത്തെ കണ്ടത്.

പരിണാമം ഒരു തുടർച്ചയായ, സാവധാനമുള്ള, കോടിക്കണക്കിന് വർഷങ്ങളെടുക്കുന്ന ഒരു പ്രക്രിയയാണെന്ന് അദ്ദേഹം അടക്കം പലരും മുന്നോട്ടുവെച്ചു.
കുതിച്ചുചാട്ടങ്ങൾ പരിണാമത്തിലില്ലെന്ന് അവർ കരുതി. വൈരുധ്യങ്ങളുടെ സംഘട്ടനവും തത്ഫലമായ വിപ്ലവകരമായ വഴിത്തിരിവുകളുമല്ല, സാവധാനമുള്ള പരിണാമപ്രക്രിയയ്ക്കാണ് പരിണാമവാദികൾ ഊന്നൽ നൽകിയത്..

പരിണാമസിദ്ധാന്തം -മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ..

പരിണാമം (സാവധാനമുള്ള തുടർച്ചയായ വളർച്ച-Gradual change)) , വിപ്ലവം (വ്യവസ്ഥയുടെ പെട്ടെന്നുള്ള എടുത്തുചാട്ടം- sudden change) എന്നീ രണ്ടുപദങ്ങളെയും പരസ്പരബന്ധം പുലർത്തുന്ന  വൈരുധ്യങ്ങളായാണ് മാർക്സ് കണ്ടത്. ഓരോ സ്പീഷീസും നീണ്ടകാലത്തെ പരിണാമങ്ങൾക്ക് വിധേയമാകുന്നതിനൊപ്പം അവയിലെ വൈരുധ്യങ്ങളുടെ സംഘട്ടനഫലമായി വിപ്ലവങ്ങളും ഉണ്ടാകുന്നു.

 ചുറ്റുപാടുമുള്ള സാഹചര്യങ്ങളും കാലാവസ്ഥയും മാറുന്നതനുസരിച്ച് ജീവിവർഗങ്ങളിൽ പൊടുന്നനെയുണ്ടാകുന്ന വംശനാശങ്ങളും അതിജീവനവും ഉദാഹരണം. ചുറ്റുപാടുകളും ജീവികളുടെ ഘടനയും തമ്മിലെ വൈരുധ്യമാണിതിന് കാരണം. ബാഹ്യസാഹചര്യങ്ങൾ അളവിൽ സാവധാനം മാറുന്നു(Anti thesis).
എന്നാൽ നീണ്ട കാലം ജീവിയുടെ ഘടനയ്ക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നുമില്ല(Thesis). ഇവ രണ്ടും  തമ്മിൽ വൈരുധ്യം മൂർച്ഛിക്കുമ്പോൾ ചില പ്രത്യേകഘട്ടങ്ങളിൽ ജീവികളിലും വിപ്ലവകരമായ മാറ്റമുണ്ടാകുന്നു.

പല ജീവികളുടെയും വംശനാശവും പല തരം ജീവിവർഗങ്ങളുടെ ഉത്ഭവവും ഒക്കെ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉദാഹരണമാണ്. ഉൽക്കാപതനവും വൻകരാവിഭജനവും മുതൽ കാലാവസ്ഥാമാറ്റവും ഇരപിടിയന്മാരും ദേശാടനവും രോഗങ്ങളും വരെ പരിണാമത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളാണ്. വൈരുധ്യാധിഷ്ഠിതമായ പരിണാമസിദ്ധാന്തത്തോട് സമാനമായി മാർക്സിന്റെ ചരിത്രനിയമങ്ങളെയും കാണാവുന്നതേയുള്ളൂ..

ഡാർവിന്റെ പ്രകൃതിനിർദ്ദാരണസിദ്ധാന്തം..

ഡാർവിന്റെ വലിയൊരു സംഭാവനയാണ് പ്രകൃതിനിർദ്ദാരണസിദ്ധാന്തം. അർഹതയുള്ളവൻ അതിജീവിക്കും എന്ന ഈ വാദം പക്ഷേ ചരിത്രത്തിലും ഇന്നുപോലും നന്നായി ദുരുപയോഗം ചെയ്യപ്പെടുന്നു. ചൂഷണങ്ങളെയും സാമ്പത്തികഅസമത്വങ്ങളെയും ദാരിദ്യ്രത്തെയും തൊഴിലില്ലായ്മയെയും ഒക്കെ ന്യായീകരിക്കാൻ ഈ വാചകം പലരും ഉപയോഗിക്കാറുണ്ട്.

പണ്ട് കോളനിവൽക്കരണകാലത്ത് തങ്ങളുടെ ആധിപത്യത്തെ ന്യായീകരിക്കാൻ ബ്രിട്ടീഷുകാരും ഉപയോഗിച്ച ഒരു തത്വമായിരുന്നു ഇതും.. അർഹതയുള്ളവൻ അഥവാ കഴിവുള്ളവൻ വിജയിക്കും. ശക്തിയും സമ്പത്തുമില്ലാത്തവർ പരാജയപ്പെടും. അവരെ കുറിച്ചോർത്ത് ദുഃഖിക്കണ്ട. ദാരിദ്യ്രവും പട്ടിണിയുമൊക്കെ ഈ  പ്രകൃതിനിർദ്ദാരണസിദ്ധാന്തത്തിന്റെ ഫലങ്ങളാണ്. അതൊന്നും ആരെക്കൊണ്ടും മാറ്റാനും പറ്റില്ല.. എത്ര മനോഹരമായ ന്യായീകരണം..!!

എന്നാൽ കഴിവുള്ളവന്  മറ്റുള്ളവരെ നശിപ്പിക്കാം എന്നല്ല, നിലനിൽപിനായുള്ള സമരം എന്നായിരുന്നു ഡാർവിൻ ഇതുകൊണ്ടുദ്ദേശിച്ചത്. വേട്ടക്കാരനായ പുലിയിൽ നിന്നും രക്ഷപ്പെടാൻ മാൻ ശ്രമിക്കുന്നത് നിലനിൽപിനായാണ്. ഇതിൽ നല്ല വേഗമുള്ള മാനുകൾ രക്ഷപ്പെടും. ശക്തിയില്ലാത്തവ പുലിയുടെ ഭക്ഷണമാകും. ഈ പ്രകൃതിനിയമത്തെ തങ്ങളുടെ അധിനിവേശങ്ങൾക്കായി വളച്ചൊടിക്കുകയായിരുന്നു ചൂഷകവർഗം..

സോഷ്യലിസത്തിന്റെ ഉയർച്ച..



മുതലാളിത്തത്തിലെ വൈരുധ്യങ്ങൾ സംഘട്ടനത്തിലൂടെ ആ വ്യവസ്ഥയെ തന്നെ തകർത്തുകൊണ്ട് സോഷ്യലിസം കെട്ടിപ്പടുക്കും എന്നാണ് മാർക്സ് പറഞ്ഞത്. ഓരോ സമൂഹത്തിലും നിലനിന്ന വൈരുധ്യങ്ങൾ നിരവധിയാണ്. ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യമാണ് ഇതിൽ പ്രധാനം. മുതലാളിത്തം തകരില്ല, അത് ശാശ്വതമാണ് തുടങ്ങിയ പിന്തിരിപ്പൻചിന്തകൾക്ക് വിരുദ്ധമാണത്..

പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കും അവിടെ നിന്നും ഫ്യൂഡലിസത്തിലേക്കും അതിൽ നിന്നും മുതലാളിത്തത്തിലേക്കുമുള്ള ചരിത്രത്തിന്റെ പൊടുന്നനെയുള്ള മാറ്റം നേരത്തെ വിശദീകരിച്ചു (Historical Materialism).. ഈ ഓരോ മാറ്റവും എല്ലാ വൻകരകളിലും എല്ലാ കാലത്തും സംഭവിച്ചത് വിപ്ലവങ്ങളിലൂടെയാണ്..

ഉത്പാദനോപാധികൾക്കുമേൽ മുതലാളിക്കുള്ള സ്വകാര്യഅവകാശം തന്നെ അട്ടിമറിച്ചുകൊണ്ട് അവയെല്ലാം സമൂഹത്തിന്റെ കൂട്ടായ ഉടമസ്ഥതയിൽ വരുന്ന ഒരു കാലം ഉണ്ടാകുമെന്നും അതാണ് സോഷ്യലിസമെന്നും മാർക്സ് പറഞ്ഞത് വെറുതെയല്ല.. മുതലാളിത്തത്തിന്റെ വൈരുധ്യാത്മകതയും  സ്വയം നശിക്കാനുള്ള കഴിവും തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ..

വൈരുധ്യാത്മകഭൗതികവാദം എന്തിന്..?



മാർക്സിസത്തിന്റെ പ്രപഞ്ചവീക്ഷണമായ വൈരുധ്യാത്മകഭൗതികവാദം ഒരു ഉപകരണമാണ്. പ്രപഞ്ചത്തെയും അതിന്റെ പ്രതിഭാസങ്ങളെയും നോക്കിക്കാണാനുള്ള ഒരു രീതിയാണത്. അത് സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ പ്രയോഗിക്കുകയാണ് മാർക്സ് ചെയ്തത്. വൈരുധ്യാത്മകഭൗതികവാദത്തിന്റെ ഉപയോഗവും അതുതന്നെ. പ്രധാനമായും ഇന്നത്തെ മുതലാളിത്തവ്യവസ്ഥിതിയെ വിശകലനം ചെയ്യുക. അതിന്റെ അടിസ്ഥാനത്തിൽ അതിന്റെ വരുംകാലസാധ്യതകളെ മുൻകൂട്ടി കാണുക.

എന്നാൽ കമ്മ്യൂണിസത്തെ വിമർശിക്കുന്നവരടക്കമുള്ള  ബൂർഷ്വാസമൂഹങ്ങൾ വെച്ചുപുലർത്തുന്നത് വൈരുധ്യാത്മകരീതിയല്ല.. കേവലമായ ലോകവീക്ഷണമാണ്. കമ്മ്യൂണിസത്തെ പരിഹസിക്കുന്നവന്റെ വീക്ഷണരീതി തന്നെ കുഴപ്പം പിടിച്ചതാണെന്നർത്ഥം. ഇതാണ് കേവലവാദം. ഇത് മാറണം.


വൈരുധ്യാത്മകവാദവും കേവലവാദവും എന്താണെന്ന് നാം മനസിലാക്കണം.. അവയുടെ ലക്ഷണങ്ങൾ മനസിലാക്കണം. വൈരുധ്യാത്മകഭൗതികവാദം തുടക്കം മുതലേ ലേഖനങ്ങളിലൂടെ വിശദീകരിച്ചതാണ്. അതിലേക്ക് ഒന്നു കൂടി തിരിഞ്ഞുനോക്കാതെ നമുക്ക് മാർക്സിസത്തിന്റെ അപാരമായ സാധ്യതകൾ മനസിലാക്കാനാവില്ല.

രൂപയുടെ മൂല്യം കുറയുന്നത് എങ്ങനെ..?? അതിന്റെ ഫലങ്ങൾ എന്തൊക്കെ..? -- a brief explanation


നാം സ്ഥിരം വാർത്തകളിലൂടെ കാണാറുള്ളതാണ് രൂപയുടെ മൂല്യം ഇടിയുന്നു, രൂപ കര കയറുന്നു എന്നൊക്കെയുള്ള ശീർഷകങ്ങൾ.. എന്താണ് ഇതിന്റെ അർത്ഥം..? നോക്കാം..
രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗികകറൻസിയാണ്. നമ്മുടെ രാജ്യം 1990കൾക്ക് ശേഷമുള്ള ഉദാരവത്കരണ നയങ്ങൾക്ക് ശേഷം അന്താരാഷ്ട്രവ്യാപാരവും വിദേശ നിക്ഷേപവും കൂടുതൽ സ്വാതന്ത്രമാക്കുകയുണ്ടായി.. ഇന്ന് മറ്റു ലോകരാജ്യങ്ങളിൽ നിന്ന് നാം ഒട്ടേറെ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നു.. അതുപോലെ തന്നെ കയറ്റുമതിയും.. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ചരക്ക് ക്രൂഡ് ഓയിലും സ്വർണവുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഓയിൽ ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇവിടുത്തെ എണ്ണകമ്പനികൾക്ക് (ഉദാ- IOC ) രൂപയല്ല മറിച്ച് ഡോളർ കൊടുത്താലേ വിദേശത്തുനിന്നും ചരക്കുകൾ ലഭിക്കൂ. ഡോളർ ഒരു ആഗോളകറൻസി ആയി പരിഗണിക്കപ്പെടുന്നതാണ് കാരണം..
എന്നാൽ നമ്മുടെ കമ്പനികളുടെ പക്കൽ രൂപയാണ് ഉള്ളത്.. ഇത് അവർ FOREIGN EXCHANGE RESERVE - അഥവാ വിദേശനാണയ ശേഖരത്തിൽ നിന്നും ഡോളർ ആക്കി മാറ്റുന്നു. ഈ ഡോളർ ഉപയോഗിച്ചാണ് നമ്മുടെ രാജ്യത്തെ കമ്പനികളും മറ്റും വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തുക- അഥവാ ചരക്കുകൾ ഇറക്കുമതി ചെയ്യുക.. അപ്പോൾ ഇറക്കുമതി കൂടിയാൽ എന്ത് സംഭവിക്കും..? നമ്മുടെ വിദേശനാണയശേഖരത്തിൽ നിന്നും കൂടുതൽ ഡോളർ കമ്പനികൾ രൂപയ്ക്ക് പകരമായി മാറ്റിയെടുക്കുന്നു. വിദേശനാണയ ശേഖരത്തിലെ ഡോളറിന്റെ അളവ് കുറഞ്ഞു വരുന്നു.. കൂടുതൽ കമ്പനികൾ രൂപ നൽകി ഡോളർ വാങ്ങാൻ എത്തുന്തോറും ഡോളറിന്റെ ഡിമാൻഡ് വർധിക്കും.. നേരത്തെ ഒരു ഡോളർ കിട്ടാൻ 60 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ എന്ന സ്ഥാനത്ത് ഇപ്പോൾ 65 രൂപ നൽകേണ്ടി വരും. അതായത് ഡോളറിനെതിരായി രൂപയുടെ മൂല്യം കുറഞ്ഞു എന്നർത്ഥം..
ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ വില ഇടിയാൻ കാരണമായി.. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നമ്മുടെ കമ്പനികൾക്ക് കൂടുതൽ ഡോളർ നൽകേണ്ടതായി വരുന്നു. അതായത് ഇന്ത്യയുടെ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതിച്ചെലവ് കൂടുന്നു. ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുമ്പോൾ അതിനെ വ്യാപാരക്കമ്മി എന്നാണ് വിളിക്കുക. ഇറക്കുമതിചെലവിൽ നിന്നും കയറ്റുമതി വരുമാനം കുറയ്ക്കുമ്പോൾ വ്യാപാരക്കമ്മി ലഭിക്കും.. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇറക്കുമതിച്ചെലവും തത്ഫലമായി വ്യാപാരക്കമ്മിയും ഉയരും. വ്യാപാരകമ്മിയോടൊപ്പം ഇന്ത്യ പുറത്തേക്ക് നൽകുന്ന പലിശ-തിരിച്ചടവ് ഉൾപ്പെടെയുള്ള ചെലവുകളും മറ്റു വരവുകളും കൂടി പരിഗണിക്കുമ്പോൾ ഉള്ള രാജ്യത്തിന്റെ മൊത്തം നഷ്ടമാണ് കറണ്ട് അക്കൗണ്ട് കമ്മി എന്ന് പറയുന്നത്. അതായത് അത്രയും ഡോളർ നമ്മുടെ ഡോളർ ശേഖരത്തിൽ നിന്നും പുറത്തേക്ക് പോയി എന്നർത്ഥം.. ഇത് ഡോളറിന്റെ ക്ഷാമത്തിനും അതിന്റെ വില വീണ്ടും കൂടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാവും.. രാജ്യത്തിൻറെ ഇപ്പോഴത്തെ കറണ്ട് അക്കൗണ്ട് കമ്മി= 1580 കോടി ഡോളർ ആണെന്നോർക്കുക..
രൂപയുടെ മൂല്യം ഇടിയുക എന്നത് ഒരു നിസാരസംഭവമായി കാണരുത്.. അങ്ങേയറ്റം ഗുരുതരമായ ഒരു സാമ്പത്തികഭീഷണിയിലേക്കാണ് ഇതിലൂടെ മോഡി സർക്കാർ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 69 രൂപ ആയിരുന്നെങ്കിൽ ഇന്നത് 72.97 എന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. 2018 ജനുവരി മുതൽ നോക്കുകയാണെങ്കിൽ രൂപ 12% വരെ ഇന്ന് നിലം പൊത്തിയിട്ടുണ്ട്. രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്.. ഇത് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നും നാം അറിഞ്ഞിരിക്കണം

Tuesday, September 25, 2018

ഓഹരിവിപണിയും ഓഹരിസൂചികകളും..


ഓഹരിവിപണി എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കഴിഞ്ഞ പോസ്റ്റിൽ വ്യക്തമാക്കി.. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്നത് ഓഹരിവിപണിയാണ്.. പക്ഷെ മനസിലാക്കേണ്ട ഒരു കാര്യം ഓഹരിവിപണിയുടെ വളർച്ച എന്നതിന് രാജ്യത്തിന്റെ യഥാർത്ഥ ഉത്പാദനവളർച്ചയുമായോ ജനങ്ങളുടെ ക്ഷേമവുമായോ എപ്പോഴും ബന്ധം ഉണ്ടാവണമെന്നില്ല എന്നതാണ്.. ഊഹക്കച്ചവടവും ചൂതാട്ടവും കുടിലതന്ത്രങ്ങളും ഒക്കെയാണ് അവിടുത്തെ യഥാർഥ 'മൂലധനം'.. ഓഹരികൾ വാങ്ങുകയും കൂടിയ വിലയ്ക്ക് വിൽക്കുകയും ലാഭം നേടുകയും ചെയ്യുക എന്നതാണ് ലക്‌ഷ്യം.
ഓഹരിയുടെ വില കൂടുന്നത് എന്തുകൊണ്ടാണ്.? ദീർഘകാലയളവിൽ അതിന്റെ കാരണം കമ്പനിയുടെ മികച്ച തോതിലുള്ള വളർച്ചയും വരുമാനവുമാണ്. എന്നാൽ അതോടൊപ്പം തന്നെ ഓഹരികളുടെ ഡിമാന്ഡിന് ഇവിടെ പ്രാധാന്യമുണ്ട്.. ഓഹരികളുടെ ഡിമാൻഡ് വർധിക്കുമ്പോൾ അതിന്റെ വില കൂടുകയും ഡിമാൻഡ് കുറയുമ്പോൾ വിലയും ഇടിയുകയും ചെയ്യുന്നു. ഇത് വിശദമാക്കും മുമ്പ് സെൻസെക്‌സ്, നിഫ്റ്റി എന്നീ സംഗതികളെ കുറിച്ച് സൂചിപ്പിക്കണം. എന്താണിവ?? ലളിതമായി വിശദീകരിക്കാം..

ഇന്ത്യയിലെ സ്റ്റോക്ക് മാർക്കറ്റ് പ്രധാനമായും 2 വിപണികളെ ആണ് ഉൾക്കൊള്ളുന്നത്..

1) BSE -Bombay Stock Exchange - ഇവിടെ 6000ത്തിൽ പരം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും പഴയ ഓഹരിവിപണിയാണിത്..

2) NSE -National Stock Exchange - 1600 കമ്പനികളാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

BSE യുടെ ഓഹരിവില സൂചികയാണ് സെൻസെക്‌സ് എന്നത്.. NSEയിലെ ഓഹരിസൂചികയാണ് നിഫ്റ്റി.. എന്താണിവ?
കമ്പനികളുടെ ഓഹരിവില പല കാരണങ്ങളുടെയും ഫലമായി കൂടിയും കുറഞ്ഞുമിരിക്കും. ഇതിനെയെല്ലാം കൂടി മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു സംഖ്യയാണ് ഈ സൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്.
സെൻസെക്‌സ് മെച്ചപ്പെട്ടു എന്നാൽ അതിനർത്ഥം ബോംബെ സ്റ്റോക്ക് വിപണിയിലെ കമ്പനികളുടെ ഓഹരിവിലകൾ പൊതുവെ വർധിച്ചു എന്നാണ്.. നിഫ്റ്റി ആയാലും അതുപോലെ തന്നെ. സൂചിക ഇടിഞ്ഞു എന്ന് പറഞ്ഞാലോ..? ഓഹരികളുടെ വില താഴോട്ടുപോകുന്നു എന്നാണ് മനസിലാക്കേണ്ടത്.. സ്വാഭാവികമായും ഓഹരികൾ അപ്പോൾ കൈവശം വെച്ചിരിക്കുന്ന ഭാഗ്യദോഷികൾ വിയർക്കാൻ തുടങ്ങും.

ഓഹരിവില ഇടിയാൻ പല കാരണങ്ങളുമാവാം. ഒരു കമ്പനി ഭാവിയിൽ അടച്ചുപൂട്ടാനോ നഷ്ടത്തിൽ ആകാനോ സാധ്യതയുണ്ട് എന്നൊരു ശ്രുതി വിപണിയിൽ പരന്നാലും (അങ്ങനെ സംഭവിക്കണമെന്നില്ല എങ്കിലും!!) അത് ആ കമ്പനിയുടെ ഓഹരിവില ഇടിയാൻ കാരണമാകും.. എങ്ങനെ..? ഓഹരിയുടമകൾ അത് വേഗം ആർക്കെങ്കിലും വിറ്റ് തടിയൂരാൻ ശ്രമിക്കും എന്നതുകൊണ്ട് തന്നെ.. ഭാവിയിൽ ഷെയർ വാല്യൂ പിന്നെയും ഇടിഞ്ഞാൽ താൻ പാപ്പരാവുമെന്ന ഭയത്താൽ ഉടമകൾ വേഗത്തിൽ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ധൃതി കൂട്ടും. വിൽക്കാൻ തയ്യാറായ ഓഹരികളുടെ സപ്ലൈ കൂടുന്നതിനാൽ വീണ്ടും അവയുടെ വില താഴാൻ തുടങ്ങും..

കാര്യങ്ങൾ അവതാളത്തിൽ ആവും മുൻപേ ഉള്ളതെല്ലാം വിറ്റ് രക്ഷപെടാൻ നോക്കുന്ന ഓഹരിയുടമകളെ കരടികൾ എന്ന് സൂചിപ്പിക്കുന്നു.. മാർക്കറ്റിൽ കരടികളുടെ സാന്നിധ്യം കൂടിയാൽ ഓഹരിവിലകളും സൂചികയും ഇടിയുന്നുവെന്നും സംഗതി പ്രശ്നമാണെന്നുമാണ് അർത്ഥം. ഓഹരിവിപണി സംബന്ധിച്ച പത്രവാർത്തകളിൽ ഒരു കരടിയുടെ ചിത്രം കൊടുത്തിരിക്കുന്നതിന്റെ അർത്ഥം ഇതാണ്..

മറ്റൊരു ചിത്രം നാം കണ്ടിട്ടുണ്ടാവുക കാളയുടേതാവും.. അതിന്റെ അർത്ഥം നേരെ വിപരീതമാണ്.. ഓഹരിവിലകൾ ഊതിപ്പെരുപ്പിച്ചും മറ്റും വിലകളും സൂചികയും ഉയരുന്നു. ഓഹരികൾ എല്ലാം ഒന്നിച്ച്‌ വാങ്ങിക്കൂട്ടി കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, അവയുടെ സപ്ലൈ കുറച്ചും മുതലാളിമാർക്ക് വില വർധിപ്പിക്കാനാവും. ഇങ്ങനെ വില കൂടുമ്പോൾ ആളുകൾ വില കൂടിയ ഓഹരികൾ സ്വന്തമാക്കാൻ പായുന്നു. ഓഹരികളുടെ ഡിമാൻഡ് കൂടുകയും അത് വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുകയോ ചെയ്യുന്നു. ഇവരെയാണ് കാളയുടെ ചിത്രം സൂചിപ്പിക്കുന്നത്. ഓഹരിവിപണിയുടെ അഭിവൃദ്ധിയെയാണ് കാള സൂചിപ്പിക്കുന്നത്. അതായത് ഷെയറുകളുടെ വിലയും തത്ഫലമായി സൂചികകളും ഉയരുന്നു എന്നർത്ഥം..

അപ്പോൾ ഇനിമുതൽ ഓഹരിവിപണി സംബന്ധമായ വാർത്തകൾ കാണുമ്പോൾ  അവഗണിച്ചുകളയാതെ നിങ്ങളും ശ്രദ്ധിക്കുമെന്ന് കരുതുന്നു. മനസിലാക്കേണ്ട ഒരു കാര്യം ഓഹരിവിപണിയുടെ അഭിവൃദ്ധിക്ക് യഥാർത്ഥ സാമ്പത്തികവ്യവസ്ഥയുടെ അഭിവൃദ്ധിയുമായി എപ്പോഴും ബന്ധം ഉണ്ടാവണമെന്നില്ല.. ധനമൂലധനത്തിന്റെ രാജ്യാതിർത്തികൾ കടന്നുള്ള ഒഴുക്ക് സ്വതന്ത്രവും ദ്രുതഗതിയിലും ആക്കിയത് സ്റ്റോക്ക്മാർക്കറ്റുകളാണ്. വിലകൾ ഊതിപ്പെരുപ്പിച്ചും ഇടിച്ചുതാഴ്ത്തിയും ഒക്കെയുള്ള ഓഹരിയുടമകളുടെ തന്ത്രങ്ങളും അതിലൂടെ മറ്റ് ഉടമകൾക്കുണ്ടാവുന്ന സംശയങ്ങളും മാനസികമായ ചാഞ്ചല്യങ്ങളും ഒക്കെ വിപണിയെയും ബാധിക്കാം. പക്ഷെ ഇവ അനിയന്ത്രിതമാകുമ്പോൾ അനന്തരഫലങ്ങളും വളരെ ഭീകരമാവുന്നു. അതിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഒന്നുമറിയാത്ത സാധാരണക്കാരാണ്..
                                                       

മുതലാളിത്തത്തിന്റെ ചൂതാട്ടശാല - ഓഹരി വിപണി- മനസിലാക്കേണ്ടതെല്ലാം..


ഇന്നത്തെ ലോകസാമ്പത്തിക വ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ആദ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഓഹരിവിപണിയും അതിന്റെ ചാഞ്ചാട്ടങ്ങളും.. സെൻസെക്‌സ്, നിഫ്റ്റി എന്നൊക്കെ നമ്മൾ നിരന്തരം വാർത്തകളിലും മറ്റും കേൾക്കുന്നതാണ്.. എന്താണിവ എന്ന് നോക്കാം.. മൂലധനം നിക്ഷേപിക്കാതെ ഒരു സംരംഭം തുടങ്ങുക ഏറെക്കുറെ അസാധ്യമാണ്. ഇത് ഒരാൾ നിക്ഷേപിക്കുമ്പോൾ നമ്മൾ അയാളെ ആ കമ്പനിയുടെ ഉടമ എന്ന് വിളിക്കും.. പകരം രണ്ടു പേര് ആണെങ്കിലോ..? പകുതി നിക്ഷേപം ഒരാളും ബാക്കി മറ്റെയാളും എന്ന് സങ്കൽപിച്ചാൽ ഓരോരുത്തരെയും നമുക്ക് Partners എന്ന് വിളിക്കാം.. അതായത് ഒരാൾക്ക് ആ കമ്പനിയുടെ പകുതി ഓഹരി സ്വന്തം എന്നർത്ഥം. ഇതാണ് ഓഹരി എന്ന വാക്ക് കൊണ്ടർത്ഥമാക്കുന്നത്.. മൊത്തം കമ്പനിയുടെ മൂലധനത്തെ അനേകം ഭാഗങ്ങളായി വിഭജിക്കുക.. ഓരോ മൂലധന ഭാഗത്തെയും ഓഹരി എന്നുവിളിക്കാം.രണ്ട് എന്നതിന് പകരം ലക്ഷക്കണക്കിന് ഓഹരികൾ ഒരു കമ്പനിക്ക് സ്വന്തമായി ഉണ്ടാവാം..

ഒരു public limited കമ്പനിക്ക് മാത്രമേ ഓഹരിവിപണിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.. എന്തിനാണിത്..? ഒരു കമ്പനിക്ക് 100 ഓഹരികൾ ഉണ്ട് എന്ന് കരുതുക. അത് ഒരു സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ ഓഹരികൾ ഓരോരുത്തർക്ക് വാങ്ങാൻ കഴിയുന്നു.. ആർക്കു വേണമെങ്കിലും ഓഹരികൾ വില കൊടുത്തുവാങ്ങി ഓഹരിയുടമ ആകാം. അതായത് ഓഹരിയുടമ നിക്ഷേപിക്കുന്ന പണം കമ്പനിയുടെ മൂലധനമായി മാറുന്നു എന്നർത്ഥം. ഇതുകൊണ്ട് ഓഹരിയുടമയ്ക്ക് 2 ഗുണങ്ങൾ പ്രധാനമായും ഉണ്ടാകുന്നു.

1) കമ്പനിയുടെ മാനേജ്മെന്റിൽ നിന്നും ഒരു ലാഭവിഹിതം ഡിവിഡൻറ് എന്ന പേരിൽ ഓഹരിയുടമയ്ക്ക് ലഭിക്കുന്നു.

2) കമ്പനി കൂടുതൽ നല്ല രീതിയിൽ വികസിക്കുകയും അതിന്റെ ലാഭം കൂടുകയും ചെയ്യുന്നതനുസരിച്ച് അതിന്റെ മൊത്തം മൂലധനമൂല്യം കൂടും. സ്വാഭാവികമായും അതിന്റെ ഓരോ ഓഹരിയുടെ മൂല്യവും കൂടും. നേരത്തെ 10 രൂപയുടെ ഓഹരി വാങ്ങിയ ആളുടെ പക്കലുള്ള ഓഹരിയുടെ വില 15 രൂപ ആയി എന്ന് കരുതുക. അയാൾക്ക് അത് മറ്റൊരാൾക്ക് വിൽക്കാം. അയാൾക്ക് 5 രൂപ ലാഭം..വാങ്ങുന്നയാൾ 15 രൂപ നൽകി ഓഹരി വാങ്ങുകയും പുതിയ ഓഹരിയുടമ ആവുകയും ചെയ്യും..

ലളിതമായ ഉദാഹരണങ്ങളാണ് വിശദീകരിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇത് വളരെ സങ്കീർണവും ഇന്നത്തെ കമ്പോളക്രമങ്ങളിൽ വളരെ വലിയ പങ്ക് വഹിക്കുന്നതാണെന്നും മനസിലാക്കുക.. ഒരു കമ്പനിയുടെ ലാഭം ആ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഓഹരിയുടമകൾ സ്വന്തമാക്കുന്നു..
അവർ കമ്പനിയിൽ തൊഴിൽ എടുക്കുന്നില്ല എന്ന് മാത്രമല്ല, കമ്പനി കണ്ടിട്ടുപോലും ഉണ്ടാവണമെന്നില്ല.. ഈ വിരോധാഭാസമാണ് ഓഹരിവിപണിയുടെ കാതൽ. അധ്വാനത്തിനുള്ള പ്രതിഫലമല്ല അത്, മറിച്ച് ഊഹക്കച്ചവടങ്ങളിലൂടെ ലഭിച്ച വിഹിതം മാത്രമാണ്..

ഓഹരിയുടെ വിലകൾ ഓഹരിമാർകെറ്റിൽ നിരന്തരം കൂടിയും കുറഞ്ഞുമിരിക്കും.. ഇത് നിർണയിക്കുന്നത് ഒരുപാട് ഘടകങ്ങൾ ആണ്.. ഓഹരികൾ എല്ലാം വാങ്ങിക്കൂട്ടി ക്ഷാമം സൃഷ്ടിക്കുക, അതിലൂടെ കൃത്രിമമായി ഓഹരികളുടെ വില കൂട്ടുക, ലാഭം മാത്രം ലക്ഷ്യമിട്ട് വാങ്ങുകയും കൂടുതൽ വിലയ്ക്ക് ഓഹരികൾ വിൽക്കുകയും ചെയ്യുക ഇങ്ങനെ അതിന്റെ മൂല്യം ഒരു കുമിള പോലെ വർധിപ്പിക്കുക.. കുമിള എന്ന് വിശേഷിപ്പിക്കാൻ കാരണം അത് വലുതാകുന്തോറും പൊട്ടാനുള്ള സാധ്യതയും കൂടുന്നു എന്നതിനാലാണ്.. നിമിഷങ്ങൾ കൊണ്ട് ഓഹരിവില തകർന്നടിയുമ്പോൾ
അത് വാങ്ങിക്കൂട്ടാൻ കോടികൾ നിക്ഷേപിച്ചവർ പാപ്പരാകുന്നു.. ഇങ്ങനെ ഒരേ സമയം കോടീശ്വരന്മാരെയും അതിലേറെ ഭിക്ഷാടകരെയും സൃഷ്ടിക്കാൻ സ്റ്റോക്ക് മാർക്കറ്റിന് കഴിയുന്നു..

Monday, September 24, 2018

മിച്ചമൂല്യസിദ്ധാന്തം - ചില വിമർശനങ്ങളും മറുപടികളും.

1)അധ്വാനമൊന്നും ചെയ്യുന്നില്ലെങ്കിലും  പണം മുടക്കുന്നവനാണ് മുതലാളി. അതിനാൽ ലാഭവും അയാൾക്കവകാശപ്പെട്ടതാണ്.
            -- ഇത് തെറ്റാണ്. ഉത്പന്നത്തിൽ മുതലാളി മുടക്കുന്ന സ്ഥിരമൂലധനം മാത്രമല്ല, തൊഴിലാളി സൃഷ്ടിക്കുന്ന അധ്വാനവുമുണ്ട്. സ്ഥിരമൂലധനം മുടക്കുമുതലായി മുതലാളിക്ക് തിരികെ കിട്ടും. എന്നാൽ ബാക്കിയുള്ള അധ്വാനത്തിന്റെ വില തൊഴിലാളിക്ക് ലഭിക്കുന്നില്ല. അതിലൊരു പങ്ക് കൂടി മുതലാളി ലാഭമായി സ്വന്തമാക്കുന്നു.
       ഇതിൽ നിന്നും എന്ത് മനസിലാക്കാം..? തൊഴിലാളി അയാളുടെ അധ്വാനത്തിന്റെ വിലയാണ് ചോദിക്കുന്നത്. മുതലാളിയോ അയാൾ മുടക്കിയ പണത്തേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നു. ഇതാണ് ലാഭം. നഗ്നമായ ന്യായീകരിക്കാനാവാത്ത ചൂഷണമാണത്.

2) മുതലാളിയാണ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നത്. അതിനാൽ ലാഭം അയാൾക്കുള്ളതാണ്.
               --- തെറ്റ്. സംഘാടനവും മേൽനോട്ടവും അധ്വാനം തന്നെയാണ്. അതിനുള്ള പ്രതിഫലം മറ്റു തൊഴിലാളികളെ പോലെ സ്ഥിരശമ്പളമായാണ് നേടേണ്ടത്. തുച്ഛവും നിശ്ചിതവുമായ കൂലിയെ അപേക്ഷിച്ച് വളരെ കൂടുതലും വർധിക്കുന്നതുമായ ലാഭത്തിനുള്ള ന്‌യായീകരണമല്ല സംഘാടനം. ഇന്ന് മിക്ക കമ്പനികളുടെയും സംഘാടനവും മറ്റും മുതലാളി നേരിട്ടല്ല ചെയ്യുന്നത്. അയാൾ നിയോഗിക്കുന്ന മാനേജ്മെന്റാണ്.
അപ്പോഴും ലാഭം വെറുതെയിരിക്കുന്ന മുതലാളിക്കു തന്നെ.

3)മുതലാളിയുണ്ടെങ്കിലേ സംരംഭം ഉണ്ടാകൂ. തൊഴിലവസരങ്ങൾ ഉണ്ടാകൂ. തൊഴിലാളികളും ഉണ്ടാകൂ.
            --- തെറ്റ്. സംരംഭം ഉണ്ടാകാൻ ഒരു സ്വകാര്യവ്യക്തിയുടെ ആവശ്യമില്ല. മുതലാളി ഇല്ലെങ്കിലും തൊഴിലാളികളുണ്ടാകും. എന്നാൽ തൊഴിലാളി ഇല്ലെങ്കിൽ മുതലാളിയും അയാളുടെ സംരംഭവും ഇല്ല. തൊഴിലാളി ഉണ്ടെങ്കിലേ അധ്വാനം നടക്കൂ. ഇനി റോബോട്ടുകളെ വെച്ച് ജോലി ചെയ്യിച്ചാലും ലാഭം നേടണമെങ്കിൽ ചരക്ക് വാങ്ങാൻ ശേഷിയുള്ള ഉപഭോക്താക്കൾ വേണം. അതിനവർക്ക് ജോലിയും ശമ്പളവും വേണം. മുതലാളിയില്ലാത്ത വ്യവസ്ഥ സാധ്യമാണ്. എന്നാൽ തൊഴിലാളി ഇല്ലാത്ത സമൂഹം അസംഭവ്യവും..

മിച്ചമൂല്യസിദ്ധാന്തം ഒറ്റനോട്ടത്തിൽ.. (10 പോയിന്റുകൾ)

1)ഏതൊരു ഉത്പന്നവും പ്രത്യക്ഷമായും പരോക്ഷമായും കോടിക്കണക്കിന് മനുഷ്യരുടെ അധ്വാനഫലമാണ്..

2)ഏതൊരു ഉത്പാദനപ്രകിയയ്ക്കും മനുഷ്യന്റെ അധ്വാനവും അത് പ്രയോഗിക്കാൻ സ്ഥാവരജംഗമവസ്തുക്കളായ സ്ഥിരമൂലധനവും വേണം. സ്ഥിരമൂലധനത്തിൽ അധ്വാനം നിക്ഷേപിച്ചാണ് ഉത്പന്നം ഉണ്ടാകുന്നത്..

3)ഉത്പന്നം വിറ്റഴിക്കുന്നതിലൂടെ മുതലാളിക്ക് കിട്ടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനം തന്നെയാണ്. ഇത് മിച്ചമൂല്യം എന്നറിയപ്പെടുന്നു. അധ്വാനവിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് നൽകുന്നു. ഇതാണ് കൂലി. 

4)തൊഴിലാളിയുടെ അധ്വാനത്തിന്റെ ചൂഷണമാണ് മുതലാളിയുടെ ലാഭത്തിന്റെ കാരണം.ഈ ലാഭത്തിലൊരു ഭാഗം പിന്നെയും നിക്ഷേപിച്ച് മൂലധനം കുന്നുകൂടുന്നു.

5)തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മുതലാളി മാത്രമല്ല, കച്ചവടക്കാരനും ബാങ്ക് ഉടമസ്ഥനും ഭൂവുടമയും മറ്റുമടങ്ങുന്ന ബൂർഷ്വാവർഗം പങ്കിട്ടെടുക്കുന്നു. 

6)തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അയാളുടെ അധ്വാനത്തിന്റെയല്ല.. അധ്വാനശക്തിയുടെ വിലയാണ്. അധ്വാനശക്തിയിൽ നിന്നാണ് അതിനേക്കാൾ മൂല്യമുള്ള അധ്വാനം ഉണ്ടാകുന്നത്.

7)ഉത്പാദനോപാധികളുടെ മേലുള്ള മുതലാളിയുടെ ഉടമസ്ഥതയാണ് മിച്ചമൂല്യം സ്വന്തമാക്കാൻ അയാൾക്ക് അധികാരം നൽകുന്നത്.

8)മുതലാളിക്ക് ചരക്ക് കൈമാറ്റത്തിനിടയിൽ ഉണ്ടാകുന്ന നഷ്ടം വാസ്തവത്തിൽ മറ്റൊരു മുതലാളിയുടെ ലാഭമാണ്. ഇതിന് തൊഴിലാളിയുമായി ബന്ധമില്ല. താത്കാലികവുമാണ്. മുതലാളിവർഗത്തെ മൊത്തമെടുത്താൽ ഇങ്ങനെയുണ്ടാകുന്ന ലാഭം പൂജ്യമാണ്.

9)മുതലാളിവർഗത്തിന്റെ ലാഭവും ആസ്തിയും കുതിച്ചുയരാനുള്ള യഥാർത്ഥ കാരണമാണ് മിച്ചമൂല്യം..

10) മിച്ചമൂല്യവും ലാഭവും ഒന്നുതന്നെയാണെങ്കിലും മിച്ചമൂല്യനിരക്കും ലാഭനിരക്കും ഒന്നല്ല. ലാഭനിരക്ക് മിച്ചമൂല്യനിരക്കിനേക്കാൾ കുറവായതിനാൽ മുതലാളി ലാഭനിരക്ക് ഉയർത്തിപ്പിടിക്കുന്നു. ചൂഷണങ്ങൾ മറയ്ക്കപ്പെടുന്നു.

മൂലധനവർധനവ്..

ഓരോ ഉത്പാദനപ്രക്രിയയിലും തൊഴിലാളി സ്ഥിരമൂലധനത്തിനു മേൽ സൃഷ്ടിക്കുന്ന മിച്ചമൂല്യം മുതലാളി ലാഭമായി സ്വന്തമാക്കുന്നതായി നാം കണ്ടു.. ഈ ലാഭം എന്തിനാണ് മുതലാളി വിനിയോഗിക്കുന്നത്..?

1) സ്വന്തം ആവശ്യങ്ങൾക്കും ആഢംബരങ്ങൾക്കും..
2) കൂടുതൽ ഉത്പാദനത്തിന്..

അതായത് ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും മുതലാളി ഉത്പാദനത്തിന് വിനിയോഗിക്കുന്നു.. മൂലധനനിക്ഷേപം വർധിക്കുന്നു.. അതായത് മുമ്പ് 10000 രൂപ നിക്ഷേപിച്ച മുതലാളി ഇന്ന് ഇരുപതിനായിരവും നാളെ അമ്പതിനായിരവും നിക്ഷേപിക്കുന്നു. ഉത്പാദനത്തിന്റെ ഓരോ സൈക്കിളിലും മൂലധനവും പെറ്റുപെരുകുന്നു..

 ഇന്നത്തെ ശതകോടീശ്വരന്മാരായ കോർപറേറ്റുകൾ പലരും അവർ സംരംഭം തുടങ്ങുമ്പോൾ നിക്ഷേപിച്ച മൂലധനത്തേക്കാൾ എത്രയോ മടങ്ങാണ് ഇന്ന് മുടക്കുന്നത്..?!?
അപ്പോൾ ഒരു കാര്യം വ്യക്തം.. തൊഴിലാളിയാണ് മുതലാളിയുടെ ലാഭത്തിന്റെ ഉത്ഭവത്തിന് കാരണം.. ഈ ലാഭമുപയോഗിച്ച് കമ്പനി വളർത്തുമ്പോൾ വാസ്തവത്തിൽ അതാരുടെ വിയർപ്പാണ്..? സംശയമേതുമില്ലാതെ പറയാം.. തൊഴിലാളി തന്നെ. പടുകൂറ്റൻ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെയും അത് നേടുന്ന ലാഭത്തിന്റെയും അടിസ്ഥാനം തൊഴിലാളിയുടെ മിച്ചമൂല്യം തന്നെ..

എന്താണ് ലാഭനിരക്ക് ?

തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം തന്നെയാണ് മുതലാളിയുടെ ലാഭവും. അതായത് മിച്ചമൂല്യവും ലാഭവും വിലയിൽ ഒന്നുതന്നെയാണ്. മിച്ചമൂല്യം=ലാഭം...

എന്നാൽ ലാഭനിരക്കും മിച്ചമൂല്യനിരക്കും ഒരുപോലെയല്ല.. ലാഭനിരക്ക് = ലാഭം/മൊത്തം ചെലവ്.. എന്നാൽ,
മിച്ചമൂല്യനിരക്ക്= മിച്ചമൂല്യം/അധ്വാനശക്തിയുടെ വില(കൂലി)

ഇവിടെ മിച്ചമൂല്യവും ലാഭവും തുല്യമാണ്. എന്നാൽ മൊത്തം ചെലവ് = അസ്ഥിരമൂലധനം(കൂലി) +സ്ഥിരമൂലധനം. 
അധ്വാനശക്തിയുടെ വിലയാണ് കൂലി എന്നും നേരത്തെ കണ്ടതാണ്. അധ്വാനശക്തിയുടെ വിലയേക്കാൾ കൂടുതലാണ് മൊത്തം ചെലവ് എന്നതിനാൽ മിച്ചമൂല്യനിരക്കിനേക്കാൾ കുറവായിരിക്കും ലാഭനിരക്ക്. അതിനാൽ മുതലാളി ലാഭനിരക്കാണ് ഉയർത്തിക്കാട്ടുന്നത്. മിച്ചമൂല്യനിരക്കല്ല. 

മിച്ചമൂല്യനിരക്കിനേക്കാൾ കുറഞ്ഞ സംഖ്യയാണ് ലാഭനിരക്ക് എന്നതിനാൽ ലാഭനിരക്ക് ഉയർത്തിക്കാട്ടുന്നതിലൂടെ ചൂഷണം മറച്ചുപിടിക്കാൻ മുതലാളിത്തത്തിന് കഴിയുന്നു. സ്ഥിരമൂലധനവും അസ്ഥിരമൂലധനവുമൊന്നും മുതലാളിത്തം വകവെക്കുന്നില്ല. അത് മൊത്തം ചെലവ് മാത്രമേ പരിഗണിക്കൂ..

മിച്ചമൂല്യം പങ്കുവെക്കപ്പെടൽ..

പത്തെറിഞ്ഞ് നൂറു കൊയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം.. മുതലാളി മുടക്കുന്ന സ്ഥിരമൂലധനത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുമ്പോഴാണ് അതിനെ ലാഭം എന്നു പറയുന്നത്.. ഈ ലാഭമാകട്ടെ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. ഈ ലാഭം മുതലാളി മാത്രമാണോ സ്വന്തമാക്കുന്നത്..? തീർച്ചയായും അല്ല. മുതലാളിയോടൊപ്പം ബാങ്ക് മുതലാളി, ഭൂവുടമവർഗം, വ്യാപാരമുതലാളി എന്നിവരും ഈ മിച്ചമൂല്യം പങ്കിടുന്നു.വിശദമാക്കാം.

10000 രൂപ സ്ഥിരമൂലധനത്തിൽ  അധ്വാനം നിക്ഷേപിച്ച് ചരക്കുണ്ടാകുന്നു. തൊഴിലാളിക്ക് കൂലിയായി 2000 രൂപ നൽകുന്നു. ചരക്ക് 15000 രൂപയ്ക്ക് വ്യാപാരിക്ക് വിൽക്കുന്നു. 
മുതലാളിയുടെ ലാഭം=3000 രൂപ.

വ്യാപാരി ഇത് 18000 രൂപയ്ക്ക് ഉപഭോക്താവിലെത്തിക്കുന്നു. എങ്കിൽ, ചരക്കിന്റെ മൂല്യം= 18000 രൂപ.
വ്യാപാരിയുടെ ലാഭം=3000 രൂപ.(ചരക്കിന്റെ മൂല്യം ഉപഭോക്താക്കളുടെ മാർക്കറ്റിലാണ് നിർണയിക്കപ്പെടുന്നത്. അതിനാൽ ചരക്കിന്റെ മൂല്യം 15000 അല്ല. 18000 രൂപ)

ചരക്കിലെ അധ്വാനത്തിന്റെ മൂല്യം= ചരക്കിന്റെ മൂല്യം -സ്ഥിരമൂലധനം
=18000- 10000=8000 രൂപ.

തൊഴിലാളിയുടെ അധ്വാനത്തിന്റെ വിലയാണ് ഈ 8000 രൂപ. ഇതിൽ തൊഴിലാളിക്ക് ലഭിച്ചതെത്ര..? 2000രൂപ. 
മിച്ചമൂല്യം= 8000-2000=6000 രൂപ.

മുതലാളിയുടെയും വ്യാപാരിയുടെയും ലാഭം 3000 രൂപ വീതമാണെന്നും മുകളിൽ കാണാം.
ഇതിൽ നിന്നെന്ത് വ്യക്തമാക്കാം..? 6000 രൂപ എന്ന മിച്ചമൂല്യം മുതലാളി മാത്രമല്ല, ഇടനിലക്കാരായ വ്യാപാരിമാരും പങ്കിടുന്നു എന്നു തന്നെ.. തൊഴിലാളിയുടെ അധ്വാനമാണ് പണരൂപത്തിൽ പങ്കുവെക്കപ്പെടുന്നത്..

ഭൂവുടമയും പലിശക്കാരും..

ഭൂമിയും ഉത്പാദനോപാധികളും വാടകയ്ക്ക് നൽകുന്നവരെയാണ് ഭൂവുടമകൾ എന്നു പറയാറ്. ഭൂമിയ്ക്കും കെട്ടിടത്തിനും മറ്റും അവകാശികൾ.. ഇത് മുതലാളിക്ക് ഉത്പാദനാവശ്യങ്ങൾക്ക് വിട്ടുനൽകുകയും വെറുതെയിരുന്ന് വാടക സമ്പാദിക്കുകയും ചെയ്യുന്നു.

പലിശക്കാരൻ അഥവാ ബാങ്ക് മുതലാളി എന്ന വർഗമോ..? അവർ പണമാണ് മുതലാളിക്ക് വിട്ടുനൽകുന്നത്. മുതലിനോടൊപ്പം പലിശയും അവർ ഈടാക്കുന്നു.

 മുതലാളിവർഗത്തിന്റെ വരുമാനം ''ലാഭ''മാണ്. ഈ ലാഭത്തിൽ നിന്നു തന്നെയാണ് ഭൂവുടമയ്ക്കുള്ള വാടകയും ബാങ്ക് മുതലാളിക്ക് പലിശയും  മുതലാളി നൽകുന്നത്.
എന്നാൽ ഈ ലാഭമോ? തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. അതായത്, തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്ത് ലാഭം നേടുന്ന മുതലാളിയിൽ നിന്നും ആ ലാഭത്തിന്റെ പങ്ക് പിടിച്ചുവാങ്ങുന്ന വർഗമായി ഭൂവുടമ- ബാങ്ക് മുതലാളിമാർ മാറുന്നു. മുതലാളിയും വ്യാപാരിയും പലിശക്കാരനും ഭൂവുടമയും ചേർന്ന ബൂർഷ്വാവർഗം തൊഴിലാളിവർഗത്തിന്റെ അധ്വാനത്തിൽ നിന്നുള്ള മിച്ചമൂല്യം പങ്കുവെക്കുന്നു..

ചൂഷണമൂല്യത്തെ ചൂഷണം ചെയ്യുന്നവർ..

സ്ഥിരമൂലധനത്തിനുമേൽ തൊഴിലാളി ചെലുത്തുന്ന അധ്വാനത്തെ ചൂഷണം ചെയ്താണ് മുതലാളി ലാഭം സൃഷ്ടിക്കുന്നത്. ഈ ലാഭത്തിൽ നിന്നാണ് ഭൂവുടമ വാടകയും ബാങ്ക് പലിശയും ഈടാക്കുന്നത്.. മുതലാളിയും ബാങ്ക് മുതലാളിയും ഭൂവുടമവർഗവും മാത്രമല്ല, വ്യാപാരിയും എങ്ങനെ മിച്ചമൂല്യം പങ്കുവെക്കുന്നുവെന്ന് മുൻലേഖനങ്ങളിൽ കണ്ടു. 

മുതലാളിമാരുടെ ലാഭത്തെ ഊറ്റിജീവിക്കുന്ന ഇത്തിൾക്കണ്ണികളെന്നാണ് ലെനിൻ ഭൂവുടമകളെ വിശേഷിപ്പിക്കുന്നത്. കൂടുതലും കാർഷികമുതലാളിമാർക്കാണ് ഈ വാടകഭാരം താങ്ങേണ്ടിവരിക.

 മുതലാളിത്തഉത്പാദനത്തിന് തടസമായി നിൽക്കുന്ന ഈ ഭൂവുടമയുടെ ആധിപത്യം മുതലാളിത്തത്തിനു മുമ്പുള്ള പഴയ ഫ്യൂഡൽ സമൂഹത്തിന്റെ സ്വഭാവമായി കാണാം.. ( ചരിത്രപരമായ ഭൗതികവാദം കാണുക). ഭൂപരിഷ്കരണവും ദേശസാൽക്കരണവും ഭൂമിക്കുമേലുള്ള ഫ്യൂഡൽ ആധിപത്യം അവസാനിപ്പിക്കും.. അത് മുതലാളിത്തത്തിനും ഗുണം ചെയ്യും.

ബാങ്കുകളാകട്ടെ ഇന്ന് മൂലധനകേന്ദ്രീകരണത്തിന് ചുക്കാൻ പിടിക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. ചെറിയ ബാങ്കുകളെ വൻബാങ്കുകൾ വിഴുങ്ങുന്നു. മൂലധനം ഒരു സ്ഥാപനത്തിലേക്ക് മാത്രമായി കുന്നുകൂടുന്നു. വായ്പ നൽകിയും ഓഹരികൾ വാങ്ങിയും കുത്തകബാങ്കുകൾ വലുതാകുന്നു.. ലെനിന്റെ ''സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ അന്തിമഘട്ടം'' എന്ന പുസ്തകത്തിൽ ഇതൊക്കെ വിശദമാക്കുന്നുണ്ട്..

ഉടമസ്ഥാവകാശം എന്ന അധികാരം..

മിച്ചമൂല്‌യം അഥവാ ലാഭം വാസ്തവത്തിൽ മുതലാളിയുടെ സ്വന്തമല്ലെന്നും അത് തൊഴിലാളിയുടെ പ്രയത്നത്തിൽ നിന്നും ചൂഷണം ചെയ്തതാണെന്നും മുൻപേ നൽകിയ വിശദീകരണങ്ങൾ
വ്യക്തമാക്കുന്നു. ഇത് കാണുന്ന ആർക്കും തോന്നുന്ന ഒരു കാര്യം ഇതാവാം.. ലാഭം എന്നത് തൊഴിലാളിയുടെ അധ്വാനമാണെങ്കിൽ, അത് തൊഴിലാളിക്ക് തന്നെ തിരിച്ചുനൽകണമെങ്കിൽ പിന്നെ മുതലാളിക്ക് എന്താണ് വരുമാനം..? നിക്ഷേപിച്ച സ്ഥിരമൂലധനം
അതുപോലെ തന്നെ തിരിച്ചുസ്വന്തമാക്കുകയും അധ്വാനത്തിന്റെ വില തൊഴിലാളികൾക്കും കൊടുത്താൽ പിന്നെ മുതലാളി എങ്ങനെ ജീവിക്കും..?!?

ഇതിന്റെ ഉത്തരം ലളിതമാണ്.. വ്യവസ്ഥ മാറണം.. മുതലാളി- തൊഴിലാളി എന്ന വേർതിരിവില്ലാതെ  എല്ലാവരും അധ്വാനിക്കുകയും അതിലൂടെ ശമ്പളം ലഭിക്കുകയും ബാക്കിവരുന്ന മിച്ചമൂല്യം  സമൂഹത്തിലേക്ക് , തൊഴിലാളികളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്ന
 വ്യവസ്ഥിതി ഉണ്ടാകണം.. മുതലാളിത്തത്തിലും സോഷ്യലിസത്തിലും മിച്ചമൂല്‌യം ഉണ്ടാകും. സോഷ്യലിസത്തിൽ അത് തൊഴിലാളികളിലേക്ക് തന്നെ
തിരിച്ചെത്തുന്നു. മുതലാളിത്തത്തിൽ അത് മുതലാളി ലാഭമെന്ന പേരിട്ട് സ്വന്തമാക്കുന്നു. അതാണ് വ്യത്യാസം.

 എന്തുകൊണ്ടാണ് മുതലാളിക്ക് മിച്ചമൂല്യം (ലാഭം) സ്വന്തമാക്കാൻ കഴിയുന്നത്. കാരണം സ്ഥിരമൂലധനം അല്ലെങ്കിൽ ഉത്പാദനോപാധികൾ മുതലാളിയുടെ ഉടമസ്ഥതയിലായതുകൊണ്ട്.. ഉത്പാദനോപാധികൾ മുതലാളി
കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം മിച്ചമൂല്യം മുതലാളി തന്നെ സ്വന്തമാക്കും. അത് ലാഭമാണെന്ന് കരുതുകയും മുതലാളിയുടെ 'കഴിവിൽ' നിന്നാണ് അതുണ്ടായത് എന്ന് വീമ്പിളക്കുകയും ചെയ്യും..

അധ്വാനശക്തിയും മിച്ചധ്വാനവും

അധ്വാനശക്തി..

തൊഴിലാളിക്ക് നൽകുന്ന കൂലി എന്നത് തൊഴിലാളിയുടെ അധ്വാനത്തിന്റെ തന്നെ വിലയാണെന്നും ആ വിലയ്ക്ക് തൊഴിലാളി അവരുടെ അധ്വാനം മുതലാളിക്ക് വിൽക്കുകയാണെന്നും ഉള്ള വാദം തെറ്റാണ്.. കൂലിയേക്കാൾ കൂടുതൽ അധ്വാനം തൊഴിലാളി ചെയ്യുന്നതിനാലാണ് മുതലാളിക്ക് ലാഭം കിട്ടുന്നത്.. അതാണ് മിച്ചമൂല്യം. 

അധ്വാനത്തിന്റെ ഉത്ഭവം എവിടെ നിന്നാണ്..? സംശയമില്ല, തൊഴിലാളിയിൽ നിന്നുതന്നെ. തൊഴിലാളിക്ക് അധ്വാനിക്കാനുള്ള ശക്തി കൂടി വേണമെന്നുമാത്രം. ഈ അധ്വാനശക്തിയിൽ നിന്നാണ് അധ്വാനം ഉണ്ടാകുന്നത്. മാർക്സ് പറയുന്നതനുസരിച്ച്, മുതലാളി കൂലിയായി നൽകുന്ന സ്ഥിരസംഖ്യ തൊഴിലാളിയുടെ അധ്വാനശക്തിയുടെ വിലയാണ് (അധ്വാനത്തിന്റെയല്ല.)..

100 രൂപ കൂലി ലഭിക്കുന്ന തൊഴിലാളിയുടെ അധ്വാനശക്തിക്ക് 100 രൂപ മൂല്യമുണ്ടെങ്കിലും അതിൽ നിന്നുണ്ടാകുന്ന അധ്വാനത്തിന് നൂറുരൂപയേക്കാൾ മൂല്യമുണ്ട്.. ഈ അധികതുകയാണ് മിച്ചമൂല്യമായി മാറുന്നതും മുതലാളി സ്വന്തമാക്കുന്നതും.. അധ്വാനശക്തിയിൽ നിന്നും അതിനേക്കാൾ മൂല്യമുള്ള അധ്വാനം സൃഷ്ടിക്കാൻ തൊഴിലാളിക്ക് കഴിയുന്നു..

മിച്ചാധ്വാനം

മുതലാളിയുടെ ലാഭം എന്നത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മാത്രമാണ്.. മുതലാളി അതിനെ ലാഭം എന്നു വിളിക്കുമ്പോൾ മാർക്സിസ്റ്റുകാർ അതിനെ ചൂഷണമായും മിച്ചമൂല്യമായും കാണുന്നു.. അതായത് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വിലയുടെ ഒരു ഭാഗം മാത്രമേ അയാൾക്ക് കൂലിയായി കിട്ടുന്നുള്ളൂ.. ശമ്പളത്തേക്കാൾ കൂടുതൽ മൂല്യമുള്ള അധ്വാനം ഓരോ തൊഴിലാളിയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുതലാളിക്ക് ലാഭം നേടാൻ കഴിയുന്നത്.. 

അതായത് തൊഴിലാളിക്ക് ലഭിക്കുന്ന കൂലിയ്ക്ക് തത്തുല്യമായ അധ്വാനം തൊഴിലാളി ചെയ്യുന്നു.. പുറമേ മുതലാളിക്ക് ലാഭം/മിച്ചമൂല്യം കിട്ടാനായുള്ള അധിക -അധ്വാനവും ചെയ്യുന്നു.. കൂലിക്ക് തുല്യമായ അധ്വാനം ആവശ്യാധ്വാനമെന്നും മിച്ചമൂല്യം സൃഷ്ടിക്കാനുള്ള അധ്വാനം മിച്ചാധ്വാനമെന്നും അറിയപ്പെടുന്നു. ഇത് രണ്ടും ചേർന്നതാണ് മൊത്തം  അധ്വാനം.

 മിച്ചാധ്വാനത്തിലൂടെ മുതലാളിക്കുവേണ്ടിയുള്ള ലാഭം സൃഷ്ടിക്കപ്പെടുന്നു.. ഈ അധ്വാനം കൊണ്ട് തൊഴിലാളിക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. കഷ്ടപ്പാടല്ലാതെ..

ഉത്പാദനത്തിലെ നഷ്ടം..

ലാഭനഷ്ടങ്ങൾ..

A ,B എന്നീ രണ്ട് വ്യാപാരികളെ സങ്കൽപിക്കുക.. ഒരു ചരക്ക് Aയിൽ നിന്നും 1000 രൂപയ്ക്ക് B വാങ്ങുന്നു. B ഇത് 900 രൂപയ്ക്ക് ഉപഭോക്താവിന് വിൽക്കുന്നു.  ഇവിടെ A വിറ്റ ചരക്കിന് മാർക്കറ്റിൽ ലഭിച്ച വില 900വും ലഭിച്ച പണത്തിന്റെ മൂല്യം 1000വും ആണല്ലോ.. B വാങ്ങിയ ചരക്കിന്റെ മൂല്യം 900വും കൊടുത്ത പണത്തിന്റെ മൂല്യം 1000വും ആണ്. അതായത് A 100 രൂപ അധികമൂല്യം നേടി. Bയോ..? 100 രൂപ നഷ്ടമായി. എല്ലാ നഷ്ടങ്ങളും ഇതു പോലെ തന്നെയാണ്.. അത് മറ്റൊരു മുതലാളിയുടെ ലാഭമായി മാറുന്നു. മേൽപറഞ്ഞ പ്രശ്നത്തിൽ A, Bയിൽ നിന്ന് 100 രൂപ B അറിയാതെ കവർന്നെടുക്കുന്നതു പോലെയാണ് 900 രൂപ മൂല്യമുള്ള ചരക്ക് A ,Bയ്ക്ക് 1000 രൂപയ്ക്ക് വിൽക്കുന്നത്..

സാധനങ്ങളുടെ വില കൂട്ടിയും കുറച്ചുമുള്ള വ്യാപാരങ്ങൾ ഒരാൾക്ക് നഷ്ടമുണ്ടാക്കിയാലും മറ്റേ വ്യക്തിക്ക് തുല്യമായ ലാഭം തന്നെ ഉണ്ടാക്കും. രണ്ടു പേർക്കും കൂടിയുള്ള ലാഭം പൂജ്യവും (രണ്ടുപേരിൽ ഒരാൾക്കുണ്ടായ അതേ ലാഭം മറ്റേയാൾക്ക് നഷ്ടമായി മാറുന്നതിനാൽ രണ്ടുപേർക്കും കൂടി മൊത്തം ലാഭം പൂജ്യമാണ്). രണ്ടു പേർക്കുപകരം സമൂഹത്തിലെ മുതലാളിവർഗത്തെ മുഴുവൻ എടുത്താലും ഒരുകൂട്ടരുടെ ലാഭം മറ്റേ കൂട്ടരുടെ നഷ്ടവുമായി ചേർന്ന് പൂജ്യമായി മാറും.

പക്ഷേ യഥാർത്ഥത്തിൽ മുതലാളിവർഗത്തിന്റെ ലാഭം പൂജ്യമല്ല.. വളരെ ഉയർന്ന സംഖ്യയാണ്. കാരണം ഈ ലാഭം മുതലാളികൾക്കിടയിലെ കച്ചവടത്തിൽ നിന്നും ഉണ്ടാകുന്നതല്ല. അതിന്റെ ഉത്ഭവം തൊഴിലാളിവർഗമാണ്. തൊഴിലാളിവർഗത്തിന്റെ അധ്വാനം മിച്ചമൂല്യരൂപത്തിൽ മുതലാളിവർഗത്തിലേക്ക് ഒഴുകുന്നു.. തൊഴിലാളിയുടെ മിച്ചമൂല്യം മുതലാളിയുടെ ലാഭമായി മാറുന്നു..

ഉത്പാദനത്തിലെ നഷ്ടം..

A, B എന്നീ രണ്ടു വ്യാപാരികളെ പരിഗണിക്കുക.. Aയിൽ നിന്നും 10000 രൂപയ്ക്ക് ഉത്പാദനോപാധി (സ്ഥിരമൂലധനം ) വാങ്ങിയ B തൊഴിലാളിയെ കൊണ്ട് അധ്വാനിപ്പിച്ച് ഉത്പന്നം ഉണ്ടാക്കുന്നു. 
തൊഴിലാളിയുടെ കൂലി 5000 രൂപ. 
ഉത്പന്ന മൂല്യം(ഉപഭോക്താവിന്റെ പക്കലെത്തുമ്പോഴുള്ള വില. ഇടനിലക്കാരായ വ്യാപാരികൾ നൽകുന്ന വിലയല്ല.) 13000 രൂപ ആണെന്ന് കരുതുക. 
മുതലാളിയുടെ നഷ്ടം= 10000+5000-13000= 2000 രൂപ. 

ഇനി Aയെ പരിഗണിക്കുക. അയാൾ ഉത്പാദനോപാധി വിൽക്കുന്നത് Bയ്ക്കാണ്.. അത് ഉപഭോഗത്തിനല്ല, മറിച്ച് കൂടുതൽ ഉത്പാദനത്തിനാണ്. അതുകൊണ്ട്  ഉത്പാദനോപാധിയുടെ വില 10000 ആണെങ്കിലും യഥാർത്ഥ മൂല്യം 10000 ആകണമെന്ന് യാതൊരു നിർബന്ധവുമില്ല. B നിർമിച്ച ഉത്പന്നവില 13000വും അതിലെ അധ്വാനത്തിന്റെ മൂല്യം 5000+മിച്ചമൂല്യവും ആണ് .മിച്ചമൂല്യം 1000എന്ന് കരുതുക.. അപ്പോൾ അധ്വാനം=6000 രൂപ. 
സ്ഥിരമൂലധനം= ഉത്പന്നവില -അധ്വാനമൂല്യം= 13000-6000= 8000 രൂപ. അതായത് 8000 രൂപ യഥാർത്ഥ മൂല്യം വരുന്ന ഉത്പാദനോപാധികൾ 10000 രൂപയ്ക്ക് വിറ്റ Aയാണ് B യുടെ നഷ്ടത്തിന് ഉത്തരവാദി.

 Aയ്ക്ക് ലാഭം 2000രൂപ. 
Bയ്ക്ക് ഉണ്ടായ നഷ്ടം 2000രൂപ(നേരത്തെ കണ്ടു ).അതായത് 
Aയുടെ ലാഭം=B യുടെ നഷ്ടം.
 മൊത്തം മുതലാളി വർഗത്തിന്റെ ലാഭം =പൂജ്യം. അതേസമയം B നേടിയ മിച്ചമൂല്യം= 1000 രൂപ.

മിച്ചമൂല്യവും ലാഭവും..

മിച്ചമൂല്യം..

ചരക്ക് ഉത്പാദനത്തിനാവശ്യമായ മനുഷ്യാധ്വാനത്തെ അസ്ഥിരമൂലധനമെന്നും മറ്റ് സ്ഥാപനജംഗമവസ്തുക്കളെ സ്ഥിരമൂലധനമെന്നും മാർക്സ് വിളിച്ചു.. സ്ഥിരമൂലധനം എന്നത് ഉത്പാദനോപാധികളുടെ മൂല്യമാണ്.. ഇത് മുടക്കുന്നതാകട്ടെ മുതലാളിയും.. ഈ സ്ഥിരമൂലധനത്തിൽ അധ്വാനം ചെലുത്തുന്നതിനാലാണ് ഉത്പന്നം ഉണ്ടാക്കുന്നത്. ഉത്പന്നത്തിന്റെ മൂല്യം മാർക്കറ്റിൽ വെച്ച് പണമായി ലഭിക്കുന്നു. ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ അധ്വാനത്തിന്റെ മൂല്യം.
അതിനാൽ,

അധ്വാനത്തിന്റെ മൂല്യം= ഉത്പന്നത്തിന്റെ മൂല്യം- സ്ഥിരമൂലധനം.

അതായത്  ഉത്പന്നമൂല്യത്തിൽ നിന്ന് സ്ഥാപനജംഗമവസ്തുക്കളുടെമൂല്യം കുറച്ചുകിട്ടുന്നതാണ് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വില.. 
ഇൗ മൂല്യം സൃഷ്ടിക്കുന്നത് തൊഴിലാളിയാണ്. എന്നാൽ ഇതിൽ ഒരു വിഹിതം മുതലാളി തൊഴിലാളിക്ക് കൂലിയായി നൽകുകയും ബാക്കി ലാഭമായി സ്വന്തമാക്കുകയും ചെയ്യുന്നു.. മുതലാളി സ്വന്തമാക്കുന്ന ഈ ലാഭം എവിടെ നിന്നുണ്ടായി..? തൊഴിലാളിയുടെ അധ്വാനത്തിൽ നിന്ന് തന്നെ.. ഇതിനെ മാർക്സ് മിച്ചമൂല്യം എന്നുവിളിക്കുന്നു.

ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ കൂലി+ മിച്ചമൂല്യം.

മിച്ചമൂല്യവും ലാഭവും..

ഒരു സ്വകാര്യകയർഫാക്ടറി സങ്കൽപിക്കുക.. അവിടെ കയർ ഉത്പാദിപ്പിക്കാൻ എന്തൊക്കെയുണ്ട്..? കെട്ടിടം, ചകിരി, യന്ത്രോപകരണങ്ങൾ തുടങ്ങിയ ഉത്പാദനോപാധികൾ.. ഇവയ്ക്കെല്ലാം കൂടി മുതലാളി 2ലക്ഷം രൂപ അഞ്ച് മാസത്തേക്ക് മുടക്കി എന്നിരിക്കട്ടെ..(തൊഴിലാളികളുടെ കൂലി ഇതിൾ ഉൾപെടുത്തിയിട്ടില്ല) അതായത് സ്ഥിരമൂലധനം=2 ലക്ഷം.
ഈ ഫാക്ടറിയിൽ അഞ്ച് മാസം കൊണ്ട് നിർമിച്ച കയറിന്റെ മൂല്യം  3 ലക്ഷം രൂപയുണ്ടെന്ന് കരുതാം.. അപ്പോൾ അധികം ലഭിച്ച ഒരു ലക്ഷം എന്താണ്..?
 തീർച്ചയായും അധ്വാനത്തിന്റെ വിലയാണത്. അതായത് 2ലക്ഷത്തിന്റെ സ്ഥിരമൂലധനം 3 ലക്ഷത്തിന്റെ ചരക്കായി മാറാൻ കാരണം അധ്വാനമാണെന്നും ആ അധ്വാനത്തിന്റെ വില ഒരു ലക്ഷമാണെന്നും നിഷേധിക്കാനാവാത്ത സത്യമാണ്. 

തൊഴിലാളികൾക്ക്  5 മാസം കൊണ്ട് കൂലി നൽകിയ ഇനത്തിൽ മാത്രം മുതലാളിക്ക് ചെലവായത് 30000 രൂപയാണെന്ന് കരുതുക.. മുതലാളിയുടെ കണക്കുപുസ്തകത്തിൽ മൊത്തം മുടക്കുമുതൽ = സ്ഥിരമൂലധനം+ കൂലി
=200000+ 30000 =230000/-
 മുതലാളിയുടെ കണ്ണിൽ അയാളുടെ ലാഭം= ഉത്പന്നവില- മുടക്കുമുതൽ =300000-230000 =70000/-

ഇവിടെ എന്ത് സംഭവിച്ചു.? തൊഴിലാളിയുടെ ഒരു ലക്ഷം രൂപയുടെ അധ്വാനത്തിൽ 30000 രൂപ അവർക്ക് കൂലിയായി നൽകി. ബാക്കി മുതലാളി ലാഭമായി സ്വന്തമാക്കി.. മുതലാളി ഇതിനെ ലാഭമെന്ന് വിളിക്കുമ്പോൾ മാർക്സിസം ഇതിനെ വിളിക്കുന്നത് മിച്ചമൂല്യം(Surplus) അല്ലെങ്കിൽ ചൂഷണം  എന്നാണ്. മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നതാണെന്ന സത്യം ഈ രണ്ടു കൂട്ടരും ചിന്തിക്കുന്നുമില്ല താനും.. മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം ഇത് അനിവാര്യമായ തിന്മയായി തന്നെ നിലനിൽക്കും..

മിച്ചമൂല്യസിദ്ധാന്തം

മാർക്കറ്റും വിലയും..

ഏതൊരു ഉത്പന്നത്തിന്റെയും വില നിശ്ചയിക്കുന്നത് മാർക്കറ്റിലെ ഡിമാന്റ്, സപ്ലൈ എന്നീ രണ്ട് ഘടകങ്ങളാണ്. ഉത്പന്നത്തിന് ജനങ്ങൾക്കിടയിലെ ഡിമാന്റ് കൂടുമ്പോൾ അതിന്റെ വില കൂടുന്നു. ഡിമാന്റ് കുറയുമ്പോൾ വില കുറയുന്നു. അതുപോലെ ഉത്പന്നത്തിന്റെ സപ്ലൈ വർധിപ്പിക്കുമ്പോൾ അതിന്റെ വില കുറയുകയാണ് ചെയ്യുന്നത്. സപ്ലൈ കുറയുമ്പോൾ ഉള്ളതെങ്കിലും വാങ്ങാൻ ആളുകൾ തിരക്കിടുന്നു. ഇത് ഡിമാന്റ് വർധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യുന്നു.

 ചുരുക്കത്തിൽ എന്ത് മനസിലാക്കാം..? ഡിമാന്റ് ,സപ്ലൈ എന്നീ വൈരുധ്യങ്ങളുടെ പ്രവർത്തനഫലമാണ് ചരക്കിന്റെ വില. ഇതിനു വിരുദ്ധമായി നമ്മൾ ചരക്കിന്റെ വില കൂട്ടിയെന്നിരിക്കട്ടെ. ആളുകൾ വിലക്കുറവുള്ളിടത്തേക്ക് ഒഴുകുകയും വില കൂട്ടാൻ മുതിർന്നവർ കഷ്ടത്തിലാവുകയും ചെയ്യും. അവരും വില പഴയതുപോലെ കുറച്ചുതുടങ്ങും. വില തന്നിഷ്ടപ്രകാരം കുറച്ചാലും ഇത് തന്നെ സ്ഥിതി.
ചുരുക്കത്തിൽ എന്താ മനസിലാക്കാം..? ഒരു ചരക്കിന്റെ വില എന്നത് ഒരു മനുഷ്യന്റെയോ രണ്ടുപേരുടെയോ ഇഷ്ടപ്രകാരം നിശ്ചയിക്കപ്പെടുന്നതല്ല. അത് സ്വയം ബാലൻസ് ചെയ്ത ഒരു നിശ്ചിതസംഖ്യയിൽ എത്തുന്നു. ഇതാണ് അതിന്റെ മൂല്യം. യഥാർത്ഥ വില അതിൽ നിന്നും കൂടിയും കുറഞ്ഞും ഇരിക്കാം.. പക്ഷെ മുഴുവൻ ഉത്പാദകരെയും കണക്കിൽ എടുക്കുമ്പോൾ അത് ശരാശരിവത്കരിച്ച് ചരക്കിന്റെ യഥാർത്ഥ മൂല്യത്തിൽ എത്തിച്ചേരും. 

ഇനി മറ്റൊരു കാര്യം..
A, B എന്നീ രണ്ട് വസ്തുക്കൾ സങ്കൽപിക്കുക.. രണ്ടിനും കൂടി മാർക്കറ്റിലെ വില 100 രൂപയെന്നിരിക്കട്ടെ.. Aയ്ക്ക് മാത്രം വില 50 രൂപയും.. എങ്കിൽ B യുടെ വിലയെത്ര..? തീർച്ചയായും 50തന്നെ.. A എന്നത് മുതലാളി മുടക്കുന്ന സ്ഥിരമൂലധനവും B എന്നത് തൊഴിലാളിയുടെ അധ്വാനവും ആയാലോ..? അപ്പോഴും കണക്കിൽ വ്യത്യാസമൊന്നുമില്ല..
ആർക്കും മനസിലാകുന്ന ഈ യുക്തി തന്നെയാണ് മാർക്സിന്റെ മിച്ചമൂല്യസിദ്ധാന്തത്തിന്റെ അടിസ്ഥാനം..

മിച്ചമൂല്യസിദ്ധാന്തം

മൂലധനം എന്ന മാർക്സിന്റെ വിശ്വവിഖ്യാതഗ്രന്ഥത്തിലെ  അതീവപ്രാധാന്യം അർഹിക്കുന്ന സിദ്ധാന്തമാണ് മിച്ചമൂല്യസിദ്ധാന്തം. ബൂർഷ്വാസിക്കു നേരെ ഉതിർത്ത ആദ്യത്തെ വെടിയുണ്ട എന്നാണ് ഇഎംഎസ്  ദാസ് ക്യാപിറ്റലിനെ വിശേഷിപ്പിക്കുന്നത്..

 മുതലാളിത്തം അടിസ്ഥാനപരമായി ചൂഷണം നിറഞ്ഞതാണെന്നും
 അതിന്റെ പ്രഥമലക്ഷ്യമായ ലാഭം വാസ്തവത്തിൽ ചൂഷണം മാത്രമാണെന്നും അടിവരയിട്ട് തെളിയിക്കുന്ന സിദ്ധാന്തമാണ് മിച്ചമൂല്യസിദ്ധാന്തം (Theory 
of Surplus Value). 

തൊഴിലാളിയുടെ അധ്വാനത്തെ 
ചൂഷണം ചെയ്തല്ലാതെ   മുതലാളിത്തത്തിന് നിലനിൽപില്ലെന്ന് വിളിച്ചുപറഞ്ഞ 
ഈ സിദ്ധാന്തം മുതലാളിത്തസമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നു.

അധ്വാനത്തിന്റെ മൂല്യം..

എങ്ങനെയാണ് ഒരു ഉത്പന്നം ഉണ്ടാകുന്നത്.. അധ്വാനത്തിലൂടെ.. വെറും അധ്വാനം മാത്രം പോര.. അസംസ്കൃതവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, മറ്റ് വസ്തുക്കൾ, ഊർജം (eg- വൈദ്യുതി) തുടങ്ങിയ മറ്റ് ഘടകങ്ങളും വേണം.. അധ്വാനം ഒഴികെയുള്ള ഈ ഉത്പാദന-ഉപാധികളെ സ്ഥിരമൂലധനം എന്ന് വിളിക്കാം.. 

എന്നാൽ ഈ വസ്തുക്കൾ ഉത്പന്നമായി മാറണമെങ്കിൽ എന്തുകൂടി ആവശ്യമാണ്..? സംശയമില്ല.. അധ്വാനം തന്നെ. ഒരു തടിക്കഷ്ണം ശില്പമാകുന്നതും മണ്ണും കല്ലും സിമന്റുമൊക്കെ വീടായി മാറുന്നതും പരുത്തി വസ്ത്രമായി മാറുന്നതും അധ്വാനം ചേരുമ്പോഴാണ്. അതായത്,

ഉത്പന്നം= സ്ഥിരമൂലധനം+ അധ്വാനം.
ഇവിടെ സ്ഥിരമൂലധനം മുതലാളിയുടെ ഉടമസ്ഥതയിലാണ്.. അധ്വാനമാകട്ടെ (അസ്ഥിരമൂലധനം എന്നും പറയാം) തൊഴിലാളിയുടെ ഉടമസ്ഥതയിലാണ്.. മുതലാളി സ്ഥിരമൂലധനം നിക്ഷേപിക്കുന്നു, ഉത്പാദനോപാധികൾ കരസ്ഥമാക്കുന്നു.. തൊഴിലാളിയോ അവന്റെ അധ്വാനം മുതലാളിക്ക് വിൽക്കുന്നു. സ്ഥിരമൂലധനവും അധ്വാനവും ചേർന്ന് ഉത്പാദനം നടക്കുന്നു. ഉത്പന്നം ഉണ്ടാകുന്നു.

മൂല്യത്തിന്റെ അധ്വാനസിദ്ധാന്തം..(Labour theory of value)

അധ്വാനമൂല്യസിദ്ധാന്തം ലളിതമായി വിശദീകരിക്കാം.
ഒരു ഉത്പന്നത്തിന്റെ മൂല്യം എന്നത് ആ ഉത്പന്നം നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..

ഉദാഹരണത്തിന് ഒരു സോപ്പിന്റെ കാര്യമെടുക്കാം. സോപ്പ് നിർമിക്കാൻ അസംസ്കൃതവസ്തുക്കൾ വേണം. യന്ത്രങ്ങൾ വേണം.. ഉപകരണങ്ങൾ വേണം. ഇവയെ സ്ഥിരമൂലധനം എന്ന് വിളിക്കാം. ഇതു കൂടാതെ മനുഷ്യാധ്വാനവും വേണം. മനുഷ്യാധ്വാനം ഒഴികെയുള്ള മറ്റെല്ലാം സ്ഥിരമൂലധനമാണ്. അതായത്,
സോപ്പ്= സ്ഥിരമൂലധനം+ അധ്വാനം.

 എന്നാൽ സ്ഥിരമൂലധനം എങ്ങനെ ഉണ്ടായി..? തീർച്ചയായും അധ്വാനത്തിലൂടെ തന്നെ. ഉദാഃ സോപ്പ് നിർമിക്കുന്ന മെഷീനും ഫാക്ടറിയും മറ്റ് വസ്തുക്കളും ഉണ്ടാക്കിയത് അവയ്ക്കാവശ്യമായ സ്ഥിരമൂലധനത്തോടൊപ്പം അധ്വാനവും ചേർത്താണല്ലോ.. 
സോപ്പുനിർമിക്കുന്ന മെഷീൻ തന്നെ മറ്റു ഫാക്ടറികളിൽ എത്രയോ തൊഴിലാളികളുടെ അധ്വാനം മൂലം ഉണ്ടായതാണ്.! ഈ മെഷീന് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും ഇതുപോലെ അധ്വാനത്തിലൂടെ ഉണ്ടായതാണ്.. ഇങ്ങനെ സോപ്പിന്റെ മൊത്തം ഫ്ലാഷ്ബാക്കിലേക്ക് നോക്കിയാൽ സോപ്പ് എന്ന വസ്തു പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണെന്ന് മനസിലാക്കാം.. ഒരു ഉത്പന്നം നിർമിക്കാനാവശ്യമായ സമൂഹത്തിലെ മുഴുവൻ അധ്വാനത്തെ സാമൂഹ്യാധ്വാനം എന്ന് പറയുന്നു. അധ്വാനമൊഴികെയുള്ള മറ്റ് വസ്തുക്കളും അധ്വാനത്തിലൂടെ തന്നെ ഉണ്ടായതാണ്.

അതിനാൽ അധ്വാനമൂല്യസിദ്ധാന്തമെന്നത് ഇങ്ങനെ ചുരുക്കാം.. ഏതൊരു ഉത്പന്നത്തിന്റെ മൂല്യവും യഥാർത്ഥത്തിൽ അതിനു പിന്നിലെ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..

കാൾ മാർക്സിന്റെ ഏറ്റവും വലിയ സംഭാവനയായ മിച്ചമൂലസിദ്ധാന്തത്തിന്റെ അടിത്തറയാണ് അധ്വാനമൂല്യസിദ്ധാന്തം. ഇത് പ്രസ്താവിച്ചത് മാർക്സല്ല.. മറിച്ച് Father of Economics എന്ന് അറിയപ്പെടുന്ന ആഡം സ്മിത്താണ്. 

ഒരു ഉത്പന്നം എന്നത് സാധനമോ സേവനമോ ആകാം. ഏതായാലും ശരി, അത് മനുഷ്യാധ്വാനം തന്നെയാണ്. അധ്വാനം എന്നത് ഒരു ഭൗതികേതരവസ്തുവാണ്. അതായത് അധ്വാനത്തിന് ഒരിക്കലും സ്വതന്ത്രമായി നിലനിൽക്കാനാവില്ല. അതിനെ കൈവെള്ളയിലോ പാത്രത്തിലോ എടുത്ത് കാണിച്ചുതരാനും ആവില്ല. അത് തൊഴിലാളിയിൽ നിന്നും ഉത്പന്നത്തിലേക്ക് ഉത്പാദനസമയത്ത് പ്രവേശിക്കുകയാണ് ചെയ്യുന്നത്. 

അതായത് ഒരു സോപ്പിൽ സോപ്പുണ്ടാക്കാനുള്ള അധ്വാനം മാത്രമല്ല സോപ്പുണ്ടാക്കാൻ സഹായിക്കുന്ന ഓരോ ഉപകരണങ്ങളും വസ്തുക്കളും ( എന്തിന്, ഒരു ചെറിയ സ്പൂൺ പോലും..!) നിർമിക്കാനാവശ്യമായ അധ്വാനങ്ങളും അടങ്ങിയിരിക്കുന്നു. അറിഞ്ഞും അറിയാതെയും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണ് ഒരു ഉത്പന്നത്തിൽ സന്നിവേശിക്കുന്നത്. അതിനാൽ അധ്വാനത്തിന്റെ ഭൗതികരൂപം തന്നെയാണ് ഓരോ ഉത്പന്നവും..

 അധ്വാനത്തെ നമുക്ക് നേരിട്ട് കാണാനാവില്ലെങ്കിലും നാം കാണുന്ന ഓരോ വസ്തുവും അധ്വാനം തന്നെയാണ്.  ഈ അധ്വാനത്തിന്റെ വില തന്നെയാണ് ആ ഉത്പന്നത്തിന്റെ മൂല്യം. ഉത്പന്നത്തിന്റെ വില എന്നത് ഈ മൂല്യത്തേക്കാൾ കൂടുതലോ കുറവോ ആകാം. എന്നാൽ അത്തരം വ്‌യത്യസ്തനിരക്കുകൾ മാർക്കറ്റിൽ  ശരാശരിവത്ക്കരിക്കപ്പെടുമ്പോൾ ചരക്കിന്റെ മൂല്യം  ലഭിക്കും

തൊഴിലാളിയും തൊഴിലുടമയും..

മനുഷ്യൻ തന്റെ അധ്വാനശക്തി ഒന്നുകൊണ്ടു മാത്രം ജോലി ചെയ്തുകൊണ്ട് പ്രതിഫലം നേടുകയും അതുപയോഗിച്ച് ജീവിതോപാധികൾ( ജീവിക്കാനാവശ്യമായ ഉപാധികൾ ) നേടുകയും ചെയ്യുന്നു.. ഇവരെ തൊഴിലാളി എന്നു പറയാം. അധ്വാനം എന്നത് ശാരീരികമോ മാനസികമോ ആവാം.. എന്നാൽ അധ്വാനം ഒന്നുകൊണ്ടു മാത്രം ഉത്പാദനം നടക്കില്ല.. അതിന്  ഉത്പാദനോപാധികൾ വേണം.. ഉദാ:ഭൂമി, ഫാക്ടറി, കെട്ടിടങ്ങൾ, അസംസ്കൃതവസ്തുക്കൾ, യന്ത്രങ്ങൾ, ഗതാഗതസംവിധാനം തുടങ്ങിയവ.. 

ഒരു കൃഷിക്കാരന് അധ്വാനിക്കാൻ ഭൂമിയും വിത്തും വളവും ജലവും മറ്റ് ഉപാധികളും കൂടിയേ തീരൂ.. ഒരു ടീച്ചർക്ക് പഠിപ്പിക്കാനും കയർ തൊഴിലാളിക്ക് കയറുണ്ടാക്കാനും ആശാരിക്ക് ഫർണീച്ചറുണ്ടാക്കാനും   ഒക്കെ ഇതുപോലെ ഉത്പാദനോപാധികൾ വേണം. 

എന്നാൽ ഈ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം തൊഴിലാളിയുടേതാണോ..? മുതലാളിത്തവ്യവസ്ഥയിൽ അതങ്ങനെയല്ല. തൊഴിലാളിവർഗത്തിന് അധ്വാനം ചെലുത്തി ഉത്പാദനം നടത്താനാവശ്യമായ ഉത്പാദനോപാധികളുടെ ഉടമസ്ഥത മറ്റൊരാളുടേതാകും.. അവരെ സ്വത്തുടമകൾ എന്നു പറയുന്നു.. സ്വത്തുടമയുടെ അനുവാദമുണ്ടെങ്കിലേ തൊഴിലാളിക്ക് അതിൻമേൽ അധ്വാനിക്കാൻ കഴിയൂ.അതിലൂടെ ഇവർക്ക് ശമ്പളം കിട്ടുന്നു.. 

എന്നാൽ അധ്വാനത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രതിഫലം നേടുന്ന വർഗമാണ് സ്വത്തുടമകൾ.. മൂലധനത്തിന് ലാഭമായും ഭൂമിക്കും വീടിനും മറ്റും വാടകയായും വായ്പയ്ക്ക് പലിശയായും ഇവർ പണം നേടുന്നു.. സ്വന്തമായി ഉത്പാദനോപാധികൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇവർക്ക് ലാഭം, വാടക, പലിശ എന്നീ രൂപങ്ങളിൽ വരുമാനം ലഭിക്കുന്നത്.. സ്വത്തുടമകളായ ഇവരെ ബൂർഷ്വാസികൾ എന്നു വിളിക്കാം.. സ്വന്തമായി ഉത്പാദനോപാധികൾ ഇല്ലാത്തവരാകട്ടെ തൊഴിലാളികളാകുന്നു.. അവരുടെ കയ്യിലുള്ളത് അധ്വാനശേഷി മാത്രമാണ് താനും..

Sunday, September 23, 2018

ചരിത്രവും വിപ്ലവങ്ങളും..

എന്താണ് വിപ്ലവം..?

നിലവിലുള്ള സാമൂഹ്യ- സാമ്പത്തിക- സാംസ്കാരികവ്യവസ്ഥകളുടെ പൊടുന്നനെയുള്ള മാറ്റത്തെയാണ് വിപ്ലവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.. അനേകകാലം നിലനിൽക്കുന്ന വ്യവസ്ഥ (System)യ്ക്ക് താരതമ്യേന വളരെ കുറച്ച് കാലയളവ് കൊണ്ട് സംഭവിക്കുന്ന എടുത്തുചാട്ടമാണിത്..

ചരിത്രത്തെക്കുറിച്ചുള്ള മാർക്സിസ്റ്‌റ് വീക്ഷണത്തെയാണ് ചരിത്രപരമായ ഭൗതികവാദം(Historical Materialism) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവ മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ചരിത്രം മുന്നോട്ടു നീങ്ങിയത്. വർഗരഹിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ അനേകം വൈരുധ്യങ്ങൾ നിലനിന്നു.. ഇവ വളർന്ന് മൂർച്ഛിക്കുകയും  വ്യവസ്ഥിതിയെ തന്നെ  അട്ടിമറിച്ചുകൊണ്ട് അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്തു.. അടിമത്തത്തിലെ വൈരുധ്യങ്ങൾ ഫ്യൂഡലിസത്തിലേക്കും തുടർന്ന് മുതലാളിത്തത്തിലേക്കും മാനവരാശിയെ നയിച്ചു.. ഇത് യൂറോപ്പിലെ മാത്രം കഥയല്ല.. മാർക്സ് ജീവിച്ചിരുന്നപ്പോൾ മാത്രം ഉണ്ടായതുമല്ല.. മറിച്ച്  ലോകത്തെമ്പാടും അരങ്ങേറിയ ചരിത്രമാണ്.. മനുഷ്യവംശം ഉണ്ടായതുമുതലുള്ള ചരിത്രം..

 എന്താണ് ഇവിടെയെല്ലാം കണ്ട വൈരുധ്യം..? ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തന്നെ.. അതെങ്ങനെ വർധിച്ചെന്നും മുൻപോസ്റ്റുകളിൽ വിശദീകരിച്ചതാണ്.. വൈരുധ്യങ്ങൾ വിപ്ലവങ്ങൾക്ക് കാരണമായി.. പ്രാകൃതകമ്മ്യൂണിസം വിപ്ലവങ്ങളിലൂടെ (Neolithic Revolution ) അടിമത്തത്തിലേക്ക്.. തുടർന്ന് അടിമത്തവിപ്ലവങ്ങൾ അരങ്ങേറി ഫ്യൂഡലിസ്റ്റ് സമൂഹങ്ങൾ.. പിന്നീട് അതിനെതിരെയും വിപ്ലവങ്ങൾ നടന്നു.. മുതലാളിത്തം സ്ഥാപിതമായി. അത് ലോകമെമ്പാടും ഇന്നും  വ്യാപിക്കുന്നു.. മുതലാളിത്തത്തിലെ ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തൊഴിലാളിവിപ്ലവങ്ങൾക്ക് കാരണമാകും.. ഇത് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയ്ക്ക് തുടക്കം കുറിക്കും..

 സോഷ്യലിസത്തെ കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചും മനസിലാകണമെങ്കിൽ മുതലാളിത്തത്തെ കുറിച്ച് മനസിലാക്കിയേ മതിയാകൂ..

മുതലാളിത്തം എന്ത്..? എന്തിന്..?

ഉത്പാദനോപാധികൾക്കുമേലുള്ള ഭൂപ്രഭുക്കന്മാരുടെ ആധിപത്യത്തെ തകർത്തുകൊണ്ടാണ് ആധുനികബൂർഷ്വാസി 
ഉയർന്നുവന്നതും മുതലാളിത്തം ശക്തമായതും.. സ്വതന്ത്രമായി
 ഉത്പാദനം നടത്താനും സമ്പാദിക്കാനുമുള്ള സ്വാതന്ത്യ്രവും ബൂർഷ്വാസി നേടിയെടുത്തു.
 ഫ്രഞ്ച് വിപ്ലവം പോലുള്ള ചരിത്രസംഭവങ്ങൾ  ഇതിനുദാഹരണമാണ്.. ഇന്ത്യയിൽ മുതലാളിത്തം ശക്തമായത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെയാണ്.. 
ഇന്ന് നാം ജീവിക്കുന്നതും മുതലാളിത്തവും അതിന്റെ ധാർമികതയും അരങ്ങുവാഴുന്ന സമൂഹത്തിൽ തന്നെ.. 

എന്താണ് വാസ്തവത്തിൽ മുതലാളിത്തം(Capitalism)..? മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഉത്പാദനോപാധികളിൽ
 തൊഴിലാളി അധ്വാനം(Hardwork) ചെലുത്തുന്നു.. ഇതിലൂടെ പുതിയ ഉത്പന്നങ്ങൾ ഉണ്ടാകുന്നു.. 
ഇവയിൽ നിന്നും ലഭിക്കുന്ന ലാഭം മുതലാളി സ്വന്തമാക്കുന്നു..  
ഒരു വിഹിതം തൊഴിലാളിക്കും 
നൽകുന്നു.. ഇതുതന്നെയാണ് മുതലാളിത്തം.. കേൾക്കുമ്പോൾ സിംപിളായി തോന്നാം.. മുതലാളിത്തസമൂഹത്തിലെ രണ്ട് വർഗങ്ങൾക്കും( മുതലാളിവർഗവും  തൊഴിലാളിവർഗവും) ഇവിടെ 
പ്രതിഫലം ലഭിക്കുന്നു.. ഒരു 
വർഗത്തിന് ലാഭമായും മറ്റേ വർഗത്തിന് കൂലിയായും.. ഒറ്റനോട്ടത്തിൽ 
അതിനെ എതിർക്കേണ്ട യാതൊരു ആവശ്യവുമില്ല. മുതലാളിയും തൊഴിലാളിയും തമ്മിലെ സഹകരണം ഉണ്ടായിരിക്കുന്നിടത്തോളം 
കാലം അത് തകരുകയുമില്ല..

എന്നാൽ മുതലാളിത്തം നല്ലതാണോ..? അതിൽ വൈരുധ്യങ്ങളില്ലേ..? അതിൽ ചൂഷണവും അസമത്വവും ഇല്ലേ..? ഇതൊന്നും ഇല്ലാതെ ഒരു നല്ല മുതലാളിത്തം സാധ്യമാണോ..? അല്ല എന്നതു തന്നെയാണ് മാർക്സിസം നൽകുന്ന ഉത്തരം.. 
മുതലാളിത്തത്തിലും വർഗസമരം വ്യാപിക്കും.. അതിലും വൈരുധ്യങ്ങൾ തമ്മിൽ സംഘട്ടനം നടത്തും.. അത് മുതലാളിത്തത്തെ നശിപ്പിക്കും.. മുതലാളിയും തൊഴിലാളിയുമെന്ന വേർതിരിവില്ലാത്ത
 (വർഗരഹിതമായ ) ഒരു സമൂഹം രൂപപ്പെടും.. അതാണ് സോഷ്യലിസം..

 സോഷ്യലിസത്തിലൂടെ ലോകം
 വർഗങ്ങളും ഭരണകൂടങ്ങളും രാഷ്ട്രങ്ങളും ചൂഷണങ്ങളുമില്ലാത്ത അവസ്ഥയിലെത്തിച്ചേരും.. 
അവിടെ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കും.. മത്സരിക്കുന്നതിനു പകരം തമ്മിൽ സഹകരിക്കും. തന്റെ 
ലാഭം എന്ന ചിന്ത മാറി സമൂഹത്തിന്റെ നന്മ എന്ന മനോഭാവം ഉണ്ടാകും.. ആ സമത്വസുന്ദരലോകമാണ് 
കമ്മ്യൂണിസം.. 

എങ്കിൽ ഒരു ചോദ്യം.. അതെങ്ങനെ സാധ്യമാകും..??

വർഗസമരവും ചരിത്രപുരോഗതിയും

ചിത്രം കാണുക.. മാർക്സിസ്റ്റ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം അഥവാ ചരിത്രപരമായ ഭൗതികവാദം എന്താണെന്ന് വ്യക്തമാക്കുന്നു ഈ ചിത്രം. മനുഷ്യചരിത്രത്തിലെ ഓരോ ഘട്ടത്തിലും  രണ്ട് വർഗങ്ങൾ രൂപം കൊള്ളും. ഇതിൽ ഒന്ന് മേധാവിവർഗമായി നിലനിന്ന് സമൂഹത്തെ നിയന്ത്രിക്കും(Blue line).. അവരാൽ ചൂഷണം ചെയ്യപ്പെടുന്നവരാണ് രണ്ടാമത്തെ വർഗം(Red line).. മേലാളവർഗം മാറ്റമില്ലാതെ നിലകൊള്ളുമ്പോൾ ചൂഷിതവർഗം ആദ്യം ദുർബലമാണെങ്കിലും ശക്തിയാർജിക്കും.. ഈ രണ്ട് വർഗങ്ങൾ തമ്മിലെ വൈരുധ്യത്തെ വർഗസമരം എന്നു പറയാം. ഒരു ഘട്ടത്തിൽ വെച്ച് ഇവ രണ്ടും തമ്മിലെ സംഘട്ടനം സാമൂഹ്യവ്യവസ്ഥയെ തന്നെ അട്ടിമറിക്കുകയും പുതിയ ഒരു സമൂഹം രൂഷം കൊള്ളുകയും ചെയ്യും..

വർഗങ്ങളില്ലാത്ത പ്രാകൃതകമ്മ്യൂണിസം--> അടിമ(Plebeians)--ഉടമ(Patricians) എന്നിവരായി വേർപെട്ട അടിമത്തം--> ഭൂപ്രഭു(land owner)--നഗരവാസി അല്ലെങ്കിൽ ബൂർഷ്വാസി(Serfs/Bourgeois) എന്നീ വർഗങ്ങളടങ്ങിയ ഫ്യൂഡലിസം--> ബൂർഷ്വാസി-- തൊഴിലാളിവർഗം(Proletariate) എന്ന വർഗവിഭജനം നിലനിൽക്കുന്ന മുതലാളിത്തം എന്നീ വ്യവസ്ഥകളിലൂടെയാണ് കാലം ഇന്നുവരെയെത്തിയത്.. ഓരോ സമൂഹവും തകർന്ന് അടുത്തതിന് രൂപം നൽകുകയായിരുന്നു എന്നു മാത്രം..

ബൂർഷ്വാസിയുടെ ഉദയം..

ചരിത്രം ഫ്യൂഡലിസത്തിലേക്ക്..

ഗ്രീസിലും റോമിലും മറ്റ് യൂറോപ്യൻ ദേശങ്ങളിലും  അടിമത്തം രൂക്ഷമായപ്പോൾ ഭാരതത്തിൽ ഇത് ചാതുർവർണ്യത്തിന്റെ രൂപത്തിലായിരുന്നു നിലനിന്നത്.. വടക്കേ അമേരിക്കയിൽ  സമത്വവും സമാധാനവും നിലനിന്നിരുന്ന ആദിമനിവാസികളെ തകർത്തുകൊണ്ടാണ് കൊളംബസിന്റെ വരവോടെ അടിമത്തം രൂക്ഷമായത്.. പ്രാകൃതകമ്മ്യൂണിസം അടിമത്തത്തിലേക്ക് എന്നതുപോലെ അടിമത്തത്തിലെ വൈരുധ്യങ്ങൾ സമൂഹത്തെ ഫൂഡലിസത്തിലേക്കുനയിച്ചു.. ഫ്രാൻസിലും മറ്റും ഇത് ഭൂപ്രഭുക്കന്മാരുടെയും അവരെ പിന്തുണച്ച പുരോഹിതവർഗത്തിന്റെയും നേതൃത്വത്തിൽ അരങ്ങേറി.. ഇന്ത്യയിലും ഇത് നിലനിന്നിരുന്നു.. വർഷങ്ങളോളം കേരളം ജന്മിത്തമ്പുരാന്റെ ഫ്യൂഡൽവാഴ്ചയ്ക്ക് കീഴിൽ ആയിരുന്നല്ലോ.. ചരിത്രത്തിന്റെ വഴിത്തിരിവായ ഒരു ഘട്ടമായിരുന്നു ഫ്യൂഡലിസം.. 

ഇക്കാലത്തും സാങ്കേതികവിദ്യ വളരെയേറെ ശക്തി പ്രാപിച്ചു.. അടിമത്തം തകർന്നതോടെ മേലാളന്മാർ അവരുടെ  ഭൂമിയുടെ ഒരു ഭാഗം  അടിമകൾക്കും നൽകി.. (അല്ലെങ്കിൽ അടിമകൾ അവ പിടിച്ചെടുത്തു). കാലക്രമേണ ഭൂമിയുടെ കുത്തകാധിപത്യം സ്വന്തമാക്കിയ ഒരു വർഗം ഉയർന്നുവന്നു.. ഇവരായിരുന്നു ഭൂപ്രഭുക്കന്മാർ/ ജന്മികൾ.. ഉത്പാദനത്തിന് ഭൂമിയില്ലാത്തവരാകട്ടെ ഇവരുടെ ഭൂമിയിൽ പാട്ടത്തിന്  പണിയെടുത്തു. സമൂഹത്തിൽ പുതിയ രണ്ട് വർഗങ്ങൾ ഉയർന്നുവന്നു.. ഭൂപ്രഭുവും ബൂർഷ്വാസിയും...

ഉത്പാദനശക്തികളും ഉത്പാദകബന്ധങ്ങളും തമ്മിലെ വർധിച്ചുവരുന്ന വൈരുധ്യമാണല്ലോ ഓരോ സാമൂഹ്യവ്യവസ്ഥിതിയുടെയും നാശത്തിനും പുതിയതൊന്നിന്റെ ഉത്ഭവത്തിനും കാരണം.. എന്തായിരുന്നു ഫ്യൂഡൽ വ്യവസ്ഥിതിയിലെ ഉത്പാദനബന്ധം..? ഭൂപ്രഭുവും ബൂർഷ്വാസിയും തമ്മിലെ ബന്ധമായിരുന്നു അത്..  നമ്മുടെ നാട്ടിൽ നിലനിന്ന ഫ്യൂഡൽ-ജന്മിവാഴ്ച തന്നെയെടുക്കാം. ഭൂമി മുഴുവൻ കുത്തകയായി വെച്ചിരുന്ന ജന്മിക്കു കീഴിൽ കർഷകർ പാട്ടത്തിന്  പണിയെടുത്തു. കാരണം സ്വന്തമായി വിളകൾ ഉത്പാദിപ്പിക്കാൻ കർഷകർക്ക് ഭൂമിയില്ല എന്നത് തന്നെ..

യൂറോപ്പിൽ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു.. ഭൂമി മുഴുവൻ കൈവശപ്പെടുത്തിയ ഭൂപ്രഭുക്കന്മാരുടെ ഭൂമിയിൽ അവരുടെ അനുവാദത്തോടെ പാട്ടത്തിന് കൃഷി ചെയ്യാനോ വ്യവസായം തുടങ്ങാനോ മറ്റുള്ളവർ ആരംഭിച്ചു.. ഭൂമിയിൽ പണിയെടുക്കുകയോ തൊഴിലാളികളെക്കൊണ്ട് പണി എടുപ്പിക്കുകയോ ചെയ്ത് ഇവർ സമ്പന്നരായി.. വ്യവസായികളും കച്ചവടക്കാരും ഉൾപെടുന്ന ഈ ആധുനികവർഗം ബൂർഷ്വാസികൾ എന്നറിയപ്പെട്ടു.. എന്നാൽ ഭൂമി ബൂർഷ്‌വാസിയുടെ സ്വന്തമല്ല.. ഭൂമിയുടെ കുത്തകാവകാശം ഭൂപ്രഭുവിനാണെന്ന് മാത്രം.. 

കാലക്രമേണ ഉത്പാദകശക്തികൾ വികസിച്ചു. ചെറുകൈത്തൊഴിൽശാലകൾ വലിയ ഫാക്ടറികളായി മാറി. ശാസ്ത്രം ,സാങ്കേതികവിദ്യ, ഗതാഗതം തുടങ്ങിയ മേഖലകൾ വൻതോതിൽ വികാസം നേടി. എന്നാൽ ഭൂപ്രഭുക്കന്മാരുടെ ആധിപത്യം ഈ വികാസത്തിന് തടസമായി.. 

ഉത്പാദകശക്തികൾ വികസിക്കണമെങ്കിൽ ഭൂമിയും അസംസ്കൃതവസ്തുക്കളും ബൂർഷ്വാസിക്ക് തടസമില്ലാതെ ലഭിക്കണം.. അതിൽ അവർ ഉത്പാദനം നടത്തുകയും വേണം.. എന്നാൽ ഭൂപ്രഭു/നാടുവാഴിയുടെ സമ്മതമില്ലാതെ ഭൂമിയും മറ്റും ബൂർഷ്വാസിക്ക് ലഭിക്കുകയുമില്ല.. ഭൂപ്രഭുവും ബൂർഷ്വാസിയും തമ്മിലെ ഈ വർഗസമരം ഫ്യൂഡലിസത്തിന് ഭീഷണിയായി മാറി. 

ഭൂപ്രഭു vs ബൂർഷ്വാസി എന്ന ഈ ഉത്പാദനബന്ധം ഉത്പാദകശക്തികളുടെ വളർച്ചയ്ക്ക് തടസമായി.. ഇവ തമ്മിലെ വൈരുധ്യം പുതിയ വിപ്ലവങ്ങൾക്ക് കാരണമായി.. മുതലാളിത്തം സൃഷ്ടിക്കാനുള്ള  ബൂർഷ്വാസിയുടെ വിപ്ലവം..!!

അടിമത്തകാലഘട്ടം--Slavery

സഹകരണത്തിലധിഷ്ഠിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കുള്ള വിപ്ലവം സമൂഹത്തെ കൂടുതൽ പുരോഗമനത്തിലേക്കു നയിച്ചിരുന്നു. കാരണം, ഉത്പാദനോപാധികൾ വമ്പിച്ച തോതിൽ വികസിക്കുകയും ശാസ്ത്രസാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുകയും ചെയ്തു.. പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്യസ്തമായി മിച്ചോത്പന്നങ്ങളും സ്വകാര്യസ്വത്തും രൂപംകൊണ്ടതോടെ മനുഷ്യൻ സമ്പത്തിനായി പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.. കഴിവുള്ളവർ ജയിക്കുകയും തോൽക്കുന്നവർ അടിമകളാകുകയും ചെയ്തു.. സമൂഹത്തിൽ അടിമകൾ(ഭൂരിപക്ഷം) ,ഉടമകൾ(ന്യൂനപക്ഷം) എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടായി..

 അടിമത്തം ആരംഭിക്കുന്ന സമയത്ത് ഈ വേർതിരിവ് അത്ര പ്രകടമായിരുന്നില്ല.. ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ തോൽക്കുന്നവർ അടിമകളായി മാറി.. പിന്നീട് ഉടമവർഗത്തിൽ പെടുന്നവർ തന്നെ പരസ്പരം ആക്രമിച്ചും വെട്ടിപ്പിടിച്ചും മുന്നോട്ടുനീങ്ങി. ഇവരിലും തോൽക്കുന്നവർ  അടിമകളായി മാറി.. അധിനിവേശങ്ങളിലൂടെ അടിമകളുടെ എണ്ണം വർധിച്ചു.. ഉടമകൾ ചുരുങ്ങുകയും  അടിമകൾ മഹാഭൂരിപക്ഷം ആവുകയും ചെയ്തു..

അടിമകളെ സൃഷ്ടിക്കേണ്ടതും അവരുടെ എണ്ണം വർധിപ്പിക്കേണ്ടതും ഉടമവർഗത്തിന്റെ ആവശ്യമായിരുന്നു. എന്നാലേ അവർക്ക് സുഭിക്ഷമായി ജീവിക്കാനുള്ളതെല്ലാം അടിമകൾ അധ്വാനിച്ച് ഉണ്ടാക്കിത്തരുമായിരുന്നുള്ളൂ.. കൃഷിയും മറ്റ് തൊഴിലുകളും വളർന്നത് അടിമകളുടെ ആവശ്യകതയും വർധിപ്പിച്ചു.. കൂടുതൽ അധിനിവേശങ്ങൾ നടക്കുകയും കൂടുതൽ പേരെ ഉടമകൾ 
കീഴ് പ്പെടുത്തുകയും ചെയ്തു.. അടിമവർഗവും ഉടമവർഗവും തമ്മിലെ വർഗസമരം വർധിച്ചുവന്നു..

ഉടമകൾ അധ്വാനിക്കാതെ സുഖമായി ജീവിച്ചു. അവർ അടിമകളെയും വിൽക്കുകയും വാങ്ങുകയും പണിയെടുപ്പിക്കുകയും വേണ്ടിവന്നാൽ കൊല്ലുകയും ചെയ്തു..  
പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്‌യസ്തമായി ഭരണകൂടം എന്ന ആശയം ഉണ്ടായത് അടിമത്തസമൂഹത്തിലാണ്. ഉടമകളുടെ ആധിപത്യം ഉറപ്പിക്കാനും അടിമത്തത്തെ സംരക്ഷിച്ചുകൊണ്ട് എതിർശബ്ദങ്ങളെ അടിച്ചമർത്താനും ഭരണകൂടം ഉടമകളെ സഹായിച്ചു.. രാജാവ്, പട്ടാളം, മന്ത്രി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായി. 

ചുരുക്കത്തിൽ എന്താണ് സംഭവിച്ചത്..? അടിമത്തത്തിൽ 
അടിമ--ഉടമ എന്ന ഉത്പാദനബന്ധം ആയിരക്കണക്കിനു വർഷം അങ്ങനെ നിലനിന്നപ്പോൾ തന്നെ ഉത്പാദനശക്തികൾ ക്രമാതീതമായി വളർന്നുവികസിക്കുകയും  വളരുന്ന ഉത്പാദനശക്തികളും മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം അടിമത്തം എന്ന സിസ്റ്റത്തിനു തന്നെ ഭീഷണിയാവുകയും ചെയ്തു..

അടിമത്തത്തിലെ വൈരുധ്യാത്മകത..

അടിമത്തസമൂഹത്തിൽ അടിമകൾക്കും ഉടമകൾക്കും പുറമേ ചിലർ കൈവേലക്കാരായും ധനികരായും ദരിദ്രരായും പുരോഹിതരായും ഭരണാധികാരികളായും ഒക്കെ മാറി.. ഇങ്ങനെ പല വർഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അടിമകളുടെ എണ്ണം വർധിക്കുകയും ഉടമകളും അടിമകളും തമ്മിലെ വൈരുധ്യവും വർഗസമരവും വർധിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ മറ്റെല്ലാ വർഗങ്ങളും അപ്രസക്തമായി.. ചരിത്രം ഈ രണ്ട് വിഭാഗങ്ങൾ തമ്മിലെ വർഗസമരമായി മാറി..

ഉടമകൾക്ക് ശാരീരികാധ്വാനം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ.. അതിനാൽ അവർക്ക് ധാരാളം ഒഴിവുസമയം കിട്ടുകയും  ശാസ്ത്രവും കലയും സർഗാത്മകതയും ഒക്കെ അതിവേഗത്തിൽ വികസിക്കുകയും ചെയ്തു. പുരാതനഗ്രീസിൽ  അരിസ്റ്റോട്ടിലും പ്ലേറ്റോയും തുടങ്ങിയ പ്രഗത്ഭർ ജന്മം കൊണ്ടെങ്കിൽ ഇവിടെ സുശ്രുതനും കണാദനും ആര്യഭടനും ഒക്കെ ആയിരുന്നു അക്കാലത്തെ ബഹുമുഖപ്രതിഭകൾ.  അടിമത്തകാലത്ത്  കലയും സംസ്കാരവും വളർന്നു.. അടിമകളെ കൊണ്ട് പണിയെടുപ്പിക്കുന്നതിനാൽ മറ്റുള്ളവർക്ക് ജീവിതം ഒഴിവുസമയം നിറഞ്ഞതും സുഖകരവുമായി മാറി.. അവർ ധാരാളം അന്വേഷണങ്ങൾ നടത്തി. ഇതാണ് ഈ ശാസ്ത്ര -സാംസ്കാരിക പുരോഗതിക്കും കാരണം.. ഉത്പാദനശക്തികളും വേഗത്തിൽ വികാസം നേടി.. അടിമത്തം എന്ന സിസ്റ്റം അതിന് സഹായിച്ചു. 

എന്നാൽ അടിമയും ഉടമയും തമ്മിലെ മനുഷ്യത്വത്തിനു നിരക്കാത്ത ഉത്പാദനബന്ധം ഉത്പാദനശക്തികളുടെ വളർച്ചയ്ക്ക് തടസമുണ്ടാക്കി..
ശാസ്ത്രസാങ്കേതികവിദ്യ വളർന്നിട്ടും ഉത്പാദനത്തിന് ഉടമകൾ അടിമകളെ തന്നെ ഉപയോഗിച്ചു.. മൃഗീയമായി ജോലി ചെയ്യാൻ അടിമകൾ ധാരാളം ഉള്ളതിനാൽ ഉത്പാദനശക്തികളുടെ വികാസം തന്നെ അനാവശ്യമായി മാറി.. അവയുടെ വളർച്ച മുരടിച്ചു. വികാസം പ്രാപിച്ച ഉത്പാദനശക്തികളെ ഉപയോഗിച്ചാലോ അടിമകളുടെ ആവശ്യകത വലിയ തോതിൽ കുറയുകയും ചെയ്യും.. അടിമത്തത്തിലും വിള്ളൽ വീഴും. ഇതായിരുന്നു ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം..

 ഇത് പരിധികൾ കടന്നു.. അടിമകളെ മാത്രം ആശ്രയിച്ചുള്ള ഉത്പാദനം അവരുടെ ദുരിതം വർധിപ്പിച്ചു.. അവർ അസംതൃപ്തരായി.. സംഘടിച്ചു.. ലഹളകൾ നടത്തി.. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും ഒടുവിൽ അവർ വിജയിച്ചു.. വിപ്ലവം സാധ്യമായി.. അടിമകൾ സ്വതന്ത്രരായി.. വൈരുധ്യങ്ങൾ തമ്മിലെ സംഘട്ടനം വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു..!! അല്ലെങ്കിൽ ഉത്പാദകശക്തികളിലെ അളവിലെ മാറ്റം ഉത്പാദനബന്ധങ്ങളുടെ ഗുണത്തിലെ മാറ്റമായി മാറി.. (വൈരുധ്യാത്മകഭൗതികവാദം നോക്കുക). അടിമത്തം തകരുകയും തികച്ചും വ്യത്യസ്ഥമായ ഫ്യൂഡലിസം (നാടുവാഴിത്തം) എന്ന പുതിയൊരു സിസ്റ്റം രൂപം കൊള്ളുകയും ചെയ്തു..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...